Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലക്കാട്ടും കോഴിക്കോടും എഴുതി തള്ളിയതിന് പിന്നാലെ തിരുവനന്തപുരത്തും ശശി തരൂർ വിരോധം തീർത്ത് വിവിധ കോൺഗ്രസ് ഗ്രൂപ്പുകൾ; തെരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ പൊട്ടിത്തെറിച്ച് ശശി തരൂർ; വഴക്ക് പുറത്തറിയാതിരിക്കാൻ ചെന്നിത്തല തന്നെ തിരുവനന്തപുരത്തെ ചുമതല ഏറ്റെടുത്ത് രംഗത്ത്; കുമ്മനവുമായി നേർക്കുനേർ പോരാടുന്ന തിരുവനന്തപുരത്ത് അവസാന നിമിഷം വ്യക്തമാകുന്നത് കോൺഗ്രസിന്റെ ദൗർബല്യങ്ങൾ; ആടി നിൽക്കുന്ന ഓരോ വോട്ടും ഇറപ്പാക്കി ബിജെപിയുടെ തന്ത്രപരമായ മുന്നേറ്റം

പാലക്കാട്ടും കോഴിക്കോടും എഴുതി തള്ളിയതിന് പിന്നാലെ തിരുവനന്തപുരത്തും ശശി തരൂർ വിരോധം തീർത്ത് വിവിധ കോൺഗ്രസ് ഗ്രൂപ്പുകൾ; തെരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ പൊട്ടിത്തെറിച്ച് ശശി തരൂർ; വഴക്ക് പുറത്തറിയാതിരിക്കാൻ ചെന്നിത്തല തന്നെ തിരുവനന്തപുരത്തെ ചുമതല ഏറ്റെടുത്ത് രംഗത്ത്; കുമ്മനവുമായി നേർക്കുനേർ പോരാടുന്ന തിരുവനന്തപുരത്ത് അവസാന നിമിഷം വ്യക്തമാകുന്നത് കോൺഗ്രസിന്റെ ദൗർബല്യങ്ങൾ; ആടി നിൽക്കുന്ന ഓരോ വോട്ടും ഇറപ്പാക്കി ബിജെപിയുടെ തന്ത്രപരമായ മുന്നേറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്. ത്രികോണ പോരിന് ഇടതു പക്ഷത്തിന് പോലും കഴിയുന്നില്ലെന്നാണ് പുറത്തു വരുന്ന തെരഞ്ഞെടുപ്പ് സർവ്വേകൾ വ്യക്തമാകുന്നത്. അത്തരത്തിലൊരു മണ്ഡലത്തിലാണ് കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങൾ. ഗ്രൂപ്പുകൾക്ക് അതീതനാണ് ശശി തരൂർ. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ സ്വന്തം സ്ഥാനാർത്ഥി. വിശ്വപൗരനമെന്ന മുഖവുമായി തിരുവനന്തപുരത്ത് രണ്ട് തവണ ജയിച്ച ശശി തരൂരിനെ കാലുവാരൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇത് ബോധ്യമായതോടെ ശശി തരൂരിന് വേണ്ടി കോൺഗ്രസ് ഹൈക്കമാണ് ഇടപെട്ടു. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണ മേൽനോട്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുക്കും.

രണ്ടു ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി ചെന്നിത്തല ചർച്ച നടത്തും. ശശി തരൂരിന്റെ പരാതിയെത്തുടർന്നാണ് നടപടി. നേതാക്കൾ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നായിരുന്നു തരൂരിന്റെ പരാതി. ഇക്കാര്യത്തിലുള്ള അതൃപ്തി തരൂർ ഹൈക്കമാൻഡിനേയും കെപിസിസി നേതൃത്വത്തേയും അറിയിച്ചു. എന്നാൽ പരാതി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ചിലയിടങ്ങളിൽ ചിലർ പോരായ്മകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതു പാർട്ടി പരിഹരിക്കുമെന്നും തരൂർ പറഞ്ഞു. ഏതായാലും തരൂരിന്റെ പരിഭവം പറച്ചിലിനെ ഗൗരവത്തോടെയാണ് കോൺഗ്രസ് ഹൈക്കമാണ്ട് കാണുന്നത്. രാഹുൽ ഗാന്ധി തന്നെ പ്രശ്‌നത്തിൽ നേരിട്ട് ഇടപെട്ടു. എഐസിസിയുടെ നിരീക്ഷകരും തിരുവനന്തപുരത്ത് എത്തി. പ്രചരണത്തിലെ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യവും ഇടപെടലും അവർ രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്.

തിരുവനന്തപുരത്തിനു പുറമെ പാലക്കാട്, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രചാരണരംഗത്ത് പാർട്ടിയിൽ നിന്നു വേണ്ടത്ര സഹകരണമില്ലെന്നു കെപിസിസിയോടു പരാതിപ്പെട്ടതായി സൂചനയുണ്ട്. എന്നാൽ ഇവരുടെ പരാതി ഹൈക്കമാണ്ടിന് മുന്നിലെത്തിയിട്ടില്ല. .20 ലോക്‌സഭാ സീറ്റിൽ 20ലും ജയിക്കുകയെന്നതാണ് കെപിസിസിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ പാലക്കാട് ജയസാധ്യത കുറവാണ്. കോഴിക്കോട് എംകെ രാഘവനാണ് സിറ്റിങ് എംപി. എന്നാൽ രാഘവനെതിരെ കോഴ ആരോപണം ചർച്ചയായതോടെ കോഴിക്കാട് കാര്യങ്ങൾ കൈവിട്ടു പോയി. ഇതോടെ പ്രവർത്തകരിൽ ആവേശവും കുറഞ്ഞു. എന്നാൽ തിരുവനന്തപുരത്ത് ശശി തരൂരിനാണ് കൂടുതൽ സാധ്യത സർവ്വേകളും പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് കുമ്മനത്തിലൂടെ ബിജെപിയും ജയപ്രതീക്ഷ നിലനിർത്തുന്നു. ശക്തി കേന്ദ്രങ്ങളിൽ മികച്ച മുന്നേറ്റമാണ് അവർ കാഴ്ച വയ്ക്കുന്നത്. ഇതിനിടെയാണ് ശശി തരൂരിനെതിരെ കോൺഗ്രസുകാർ രംഗത്ത് വരുന്നത്.

ഇതിനിടെ, തിരുവനന്തപുരത്തെ പ്രചാരണത്തിന്റെ പേരിൽ തനിക്കെതിരെ ചിലർ സമൂഹമാധ്യങ്ങളിൽ അനാവശ്യകാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി കാണിച്ച് വി എസ്. ശിവകുമാർ എംഎൽഎ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി. തരൂരിന്റെ ആരോപണങ്ങൾ ശിവകുമാറിനെ ലക്ഷ്യമിട്ടാണെന്ന് സൂചനകളുണ്ടായിരുന്നു. പാർട്ടി വിട്ടെന്ന് പ്രഖ്യാപിച്ച കല്ലിയൂർ മുരളി തന്നെ ഇക്കാര്യം ആരോപിച്ചിരുന്നു. ശിവകുമാറിനും തമ്പാനൂർ രവിക്കും എതിരെയായിരുന്നു ആരോപണം. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് തമ്പാനൂർ രവി. തിരുവനന്തപുരത്തെ ഐ ഗ്രൂപ്പിലെ പ്രധാനിയാണ് ശിവകുമാർ. കഴിഞ്ഞ തവണ ശശി തരൂരിന് കെ മുരളീധരന്റെ ഉറച്ച പിന്തുണ ലഭിച്ചിരുന്നു. വട്ടിയൂർകാവ് എംഎൽഎയായ മുരളീധരൻ വടകരയിൽ മത്സരത്തിന് പോയതോടെയാണ് തരൂരിന് മികച്ചൊരു പ്രചാരകനെ നഷ്ടമായത്. ഇതിനൊപ്പമാണ് എയും ഐയും മത്സരിച്ചുള്ള പാലം വലിയും.

ശക്തമായ ത്രികോണ മത്സരമായതു കൊണ്ട് തന്നെ ഓരോ വോട്ടും നിർണ്ണായകമാണ്. ശബരിമല ചർച്ചയാകുമ്പോൾ തിരുവനന്തപുരത്തെ ഏറ്റവും അധികം സ്വാധീനിക്കുക ഈ വിഷയമാണ്. കുമ്മനത്തിന്റെ ശബരിമല സമരനായകൻ എന്ന പ്രതിച്ഛായയും ബിജെപിക്ക് വോട്ട് നേടികൊടുക്കുന്ന ഘടകമാണ്. എൻ എസ് എസ് പിന്തുണയും ബിജെപിക്കാണെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് കോൺഗ്രസിലെ പടല പിണക്കങ്ങൾ തരൂരിന് വെല്ലുവിളിയാകുന്നത്. ശിവകുമാറിനോട് ഹൈക്കമാണ്ട് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന തമ്പാനൂർ സതീഷാണ് പ്രചരണത്തിലെ മന്ദത ആദ്യം ചർച്ചയാക്കിയത്. ഇതോടെയാണ് കല്ലിയൂർ മുരളിയും ആരോപണവുമായി രംഗത്ത് എത്തിയത്. തരൂർ തോറ്റാൽ ഡിസിസി പിരിച്ചുവിടുമെന്ന മുല്ലപ്പള്ളിയുടെ ഭീഷണിയും നേതാക്കൾ തള്ളി.

തനിക്കെതിരെ വന്ന കോഴവാഗ്ദാന ആരോപണം എതിർക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായില്ലെന്നാണ് എം കെ രാഘവന്റെ പരാതി. കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് രാഘവൻ ആരോപണം ഉന്നയിച്ചത്. തനിക്ക് വയനാട് മണ്ഡലത്തിലാണ് ചുമതലയെന്നുപറഞ്ഞ് എൻ സുബ്രഹ്മണ്യൻ പരാതി തള്ളി. പാലക്കാട് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ തങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് എ ഗ്രൂപ്പാണ് ആക്ഷേപം ഉയർത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ വ്യാഴാഴ്ച പാലക്കാടെത്തി ചർച്ച നടത്തിയെങ്കിലും എ വിഭാഗം ആരോപണത്തിൽ ഉറച്ചുനിന്നു. ഇതിനിടെയാണ് തിരുവനന്തപുരത്ത് കാര്യങ്ങൾ സങ്കീർണ്ണമായത്. മുല്ലപ്പള്ളിയെ തരൂരിന്റെ പ്രചരണത്തിലെ പോരായ്മകൾ എഐസിസി തന്നെ നേരിട്ട് അറിയിച്ചു.

തിരുവനന്തപുരത്ത് പ്രധാന നേതാക്കൾ പ്രചാരണരംഗത്തുനിന്ന് പിൻവലിഞ്ഞതായി ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീശ് ആണ് കെപിസിസിക്ക് പരാതി നൽകിയത്. വി എസ് ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിക്ക് വോട്ടുമറിക്കാൻ കുതികാൽ വെട്ടുകയാണെന്നാണ് പരാതി. തരൂർ പ്രചാരണത്തിൽ പിന്നിലായതിൽ തനിക്ക് പങ്കില്ലെന്നാണ് ശിവകുമാർ പറയുന്നത്. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ശിവകുമാറിനെ ആർഎസ്എസ് സഹായിച്ചതിന് പ്രത്യുപകാരമായി ഇപ്പോൾ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് എതിർവിഭാഗം ആരോപിക്കുന്നു. എന്നാൽ തിരുവനന്തപുരത്ത് തന്നെ തോൽപ്പിച്ചാൻ ശ്രീശാന്തിന് വേണ്ടി വോട്ട് പിടിച്ചത് ആരെന്ന് എല്ലാവർക്കും അറിയാമെന്ന് ശിവകുമാറും പറയുന്നു. ഇതോടെ തമ്മിലടിക്ക് പുതിയ തലവും എത്തി. ഈ സാഹചര്യത്തിലാണ് ചെന്നിത്തല നേരിട്ട് തിരുവനന്തപുരത്തെ കാര്യങ്ങൾ ഏറ്റെടുക്കുന്നത്. എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മനസ്സ് കൂടി തിരിച്ചറിഞ്ഞാണ് ഇത്. സ്വന്തം വീടിന്റെ മതിലിൽ തരൂരിന്റെ പ്രചരണത്തിനായി വരച്ചു ചേർത്ത കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചു ചേർത്താണ് ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിയായിരുന്ന കല്ലിയൂർ മുരളി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇനി കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഡിസിസി പുനഃസംഘടനയിൽ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂർ മുരളിയുടെ പാർട്ടി മാറ്റത്തിന് പിന്നിലെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ മറുപടി. മുരളിയുടെ പാർട്ടിമാറ്റത്തിന് തരൂരിന്റെ പ്രചാരണവുമായി ബന്ധമില്ലെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. ഇയാളെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും പറയുന്നു. അപ്പോഴും തരൂരിന്റെ പ്രചരണത്തിലെ മെല്ലപ്പോക്ക് വിവാദം നിഷേധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. നേമം, വട്ടീയൂർക്കാവ് ഉൾപ്പടേയുള്ള മേഖലകളിൽ വലിയ അട്ടിമറി സാധ്യതകൾ നടക്കുന്നതായി ബോധ്യപ്പെട്ടതോടെ കർശന നടപടികളുമായി മുതിർന്ന കോൺഗ്രസ് നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ശശി തരൂർ തോറ്റാൽ കർശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കൾക്ക് കെപിസിസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നഗരത്തിലെ നാല് മണ്ഡലത്തിലും തരൂർ പിന്നിലായിരുന്നു. നേമത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും കഴക്കൂട്ടത്തും ഉണ്ടായ തിരിച്ചടിയെ പാറശ്ശാലയിലെ മികച്ച ലീഡിലൂടെയാണ് തരൂർ മറികടന്നത്.

ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിലെ തരൂരിന്റെ പ്രചരണത്തിലെ മെല്ലെപ്പോക്കും അടിയൊഴുക്കുകളുടെയും സൂചന വ്യക്തമായതോടെയാണ് വിഷയത്തിൽ നേതൃത്വത്തിന്റെ അടിയന്തര ഇടപെടലുണ്ടായത്. മണ്ഡലത്തിന്റെ പലയിടത്തും സ്‌ക്വാഡുപ്രവർത്തനം പോലും ഇതുവരെ നടത്തിയിട്ടില്ല, നോട്ടീസ് വിതരണം പൂർത്തിയായില്ല, വാഹനപര്യടനത്തിൽ ഏകോപനമില്ല, സ്വീകര ചടങ്ങുകൾ പ്രവർത്തകരുടെ പങ്കാളിത്വം വേണ്ടത്രയില്ല തുടങ്ങി നിരവധി പരാതികളാണ് ഉയരുന്നത്. പ്രാദേശിക നേതാക്കൾ പ്രചാരണം ഉഷാറാക്കിയില്ലെങ്കിൽ സ്വന്തം നിലക്ക് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ രംഗത്തിറക്കാി പ്രചാരണം നടത്താൻ വരെ തരൂർ ക്യാമ്പ് ആലോചിച്ചിരുന്നു. ഇതിനിടെയാണ് ഹൈക്കമാണ്ട് ഇടപെട്ടത്.

ഇതോടെ ചെന്നിത്തല തന്നെ പ്രചരണം നേരിട്ട് ഏറ്റെടുക്കുകയാണ്. ശശിതരൂരിനെ തോൽപ്പിച്ച് കുമ്മനം രാജശേഖരന്റെ വിജയമുറപ്പിക്കാനായി കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നുവെന്നാണ് മണ്ഡലത്തിലെ ഇടതുമുന്നണി ആരോപിക്കുന്നത്. ഇതിന്റെ തെളിവാണ് സതീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റെന്നും ഇടത് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ തിളച്ചു മറിയുകയാണ് തിരുവനന്തപുരം. ഇതിന്റെ നേട്ടം തങ്ങൾക്ക് കിട്ടുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP