Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ മോദിയെത്തി ആവേശം വിതറി; ജനക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ ശോഭാ സുരേന്ദ്രൻ; പാലക്കാട് കോട്ട പിടിക്കാനുള്ള പോരിൽ ബിജെപി ഒരു പടി മുമ്പിൽ

ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ മോദിയെത്തി ആവേശം വിതറി; ജനക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ ശോഭാ സുരേന്ദ്രൻ; പാലക്കാട് കോട്ട പിടിക്കാനുള്ള പോരിൽ ബിജെപി ഒരു പടി മുമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി തിരുവനന്തപുരത്താകുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മോദി തെരഞ്ഞെടുത്തത് പാലക്കാടായിരുന്നു. ആ ദിവസം കേരളത്തിൽ മറ്റൊരിടത്തും പ്രസംഗിച്ചതുമില്ല. അതുകൊണ്ട് തന്നെ സംസ്ഥാന തലത്തിൽ തന്നെ മോദിയുടെ വരവ് ശ്രദ്ധിക്കപ്പെട്ടു. പാലക്കാടിന് മോദി നൽകുന്ന താൽപ്പര്യവും പരിഗണനയുമാണ് ഈ തെരഞ്ഞെടുപ്പിന് പിന്നിലെന്നാണ് പാലക്കാട്ടെ ബിജെപിക്കാർ പറയുന്നത്. ഇതോടെ ശക്തമായ ത്രികോണ ചൂടിൽ പൊരിയുന്ന പാലക്കാട് ശോഭാ സുരേന്ദ്രൻ തികഞ്ഞ വിജയപ്രതീക്ഷയിലുമാണ്. മറുനാടൻ നടത്തിയ സർവ്വേയിൽ പാലക്കാട് ശോഭാ സുരേന്ദ്രനാണ് മുൻതൂക്കമെന്നായിരുന്നു പ്രവചനം. മോദിയുടെ വരവോടെ വിജയ സാധ്യത കൂടുതൽ സജീവമായെന്നും ശോഭാ സുരേന്ദ്രൻ വിലയിരുത്തുന്നു.

കേരളത്തിൽ ബിജെപി അധികാരത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്. ആദ്യമായി നഗരസഭയിൽ ബിജെപി വെന്നിക്കൊടി പാറിച്ചത് പാലക്കാട് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലാണ്. അതുകൊണ്ടാണ് പാലക്കാടിനെ മോദി ആദ്യ റാലിക്കായി തെരഞ്ഞെടുത്തത്. ശോഭാ സുരേന്ദ്രനെന്ന വനിതാ നേതാവിനേയും പ്രതീക്ഷയോടൊണ് മോദി കാണുന്നത്. മോദിയുടേയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടേയും പ്രത്യേക താൽപ്പര്യമാണ് ശോഭാ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാ്ക്കിയതും. പാലക്കാട് ശോഭായായിരിക്കണം സ്ഥാനർത്ഥിയെന്ന് ഇരുവരും ഉറപ്പിച്ചു. എന്നാൽ ജില്ലാ നേതൃത്വത്തിലെ ചിലർ കലാപക്കൊടി ഉയർത്തി. ഇത്തരക്കാർക്ക് മറുപടി നൽകാൻ കൂടിയാണ് പാലക്കാട് മോദി എത്തിയതെന്ന് കരുതിയവരും ഉണ്ട്. ഒത്തൊരുമയോടെ ശോഭാ സുരേന്ദ്രന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന നിർദ്ദേശം പാലക്കാട്ടെ നേതാക്കൾക്ക് നൽകാൻ സംസ്ഥാന നേതൃത്വത്തിന് മോദി നൽകിയിട്ടുമുണ്ട്.

Stories you may Like

കേന്ദ്ര ഇന്റലിജൻസിന്റെ അഭിപ്രായത്തിലും പാലക്കാട് ബിജെപിക്ക് നല്ല സാധ്യതയാണ്. കോൺഗ്രസിനായി സിറ്റിങ് എംഎൽഎ ഷാഫി പറമ്പിലും സിപിഎമ്മിനായി എൻഎൻ കൃഷ്ണദാസും മത്സരിക്കുന്നു. അതുകൊണ്ട് തന്നെ ഇരുപാർട്ടികളും പരസ്പരം വോട്ട് വച്ചുമാറില്ല. ഈ രാഷ്ട്രീയ സാഹചര്യം ശോഭയ്ക്ക് വിജയമൊരുക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട്ടെ തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ മുന്നേറ്റം കൂടി കണക്കിലെടുത്താണ് ദേശീയ നേതൃത്വം ഇത്തരമൊരു വിലയിരുത്തലിൽ എത്തിയത്. ബിജെപിയും മോദിയും ജയമാഗ്രഹിക്കുന്ന മണ്ഡലങ്ങളിലാണ് മോദിയുടെ റാലികളെന്ന് ബിജെപി നേതൃത്വം സമ്മതിക്കുന്നുമുണ്ട്. ഈ പട്ടികയിലെ ആദ്യ പേരായി പാലക്കാട് മാറുമ്പോൾ പ്രവർത്തകർക്ക് ആവേശം ഇരട്ടിക്കുകയാണെന്ന് ശോഭാ സുരേന്ദ്രനും പറയുന്നു.

വേനൽ ചൂടിന്റെ കാഠിന്യം ശക്തമാണ് പാലക്കാട്. ഉരുകിത്തിളയ്ക്കുന്ന മേടച്ചൂടിലും മോദിയെ കാണാൻ പതിനായിരങ്ങൾ കോട്ട മൈതാനത്ത് എത്തി. മോദിയുടെ സാന്നിധ്യം പാലക്കാടൻ ജനതയെ ആഹൽദാരവങ്ങളിൽ ആറാടിച്ചു. മോദി വന്നിറങ്ങിയപ്പോൾ ഭാരത് മാതാ കീ ജയ് വിളികളാൽ നഗരം മുഖരിതമാക്കി. പ്രസംഗവേദിക്കു മുമ്പിലെ പന്തലിൽ ഒരുക്കിയ അരലക്ഷത്തോളം ഇരിപ്പിടങ്ങളിലും അതിലിലിരട്ടിയോളം പേർ മൈതാനത്തുമായി കാത്തുനിൽക്കുമ്പോൾ അവരെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. ജില്ലയിലെ മുഴുവൻ എൻഡിഎ സ്ഥാനാർത്ഥികളും വേദിയിൽ സന്നിഹിതരായിരുന്നു. പക്ഷേ താരമായി മോദി ഉയർത്തിക്കാട്ടിയത് ശോഭാ സുരേന്ദ്രനെയാണ്. പ്രസംഗത്തിൽ പലപ്പോഴും ശോഭാ സുരേന്ദ്രന്റെ പേര് പ്രധാനമന്ത്രി പരാമർശിച്ചു. ഇതെല്ലാം ജയസാധ്യത ഉയർത്തുന്നതായി ശോഭാ സുരേന്ദ്രനും വിലയിരുത്തുന്നു.

ഒന്നേമുക്കാൽലക്ഷത്തോളം വോട്ടർമാർ ഉള്ള മണ്ഡലത്തിൽ പകുതിയോളം വോട്ടർമാർ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലാണ്. കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകൾകൂടി ഉൾപ്പെട്ട മണ്ഡലത്തിൽ നഗരവാസികൾക്കൊപ്പം ഗ്രാമീണ ജനതയ്ക്കും മണ്ഡലത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ മുഖ്യപങ്കുവഹിക്കാനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 7403 വോട്ടിനാണ് യുഡി എഫിലെ ഷാഫി പറമ്പിൽ വിജയിച്ചത്. എന്നാൽ അതിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എണ്ണായിരം വോട്ടിന് യുഡിഎഫ് പിന്നിലായി. ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 22,317 വോട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 25,892 വോട്ടും നേടി മുന്നേറി. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ നഗരസഭയും മൂന്നുപഞ്ചായത്തുകളിലുമായി 37235 വോട്ട് നേടി കൂടുതൽ കരുത്ത് തെളിയിച്ചു. ഇതാണ് ശോഭാ സുരേന്ദ്രന് വിജയപ്രതീക്ഷ നൽകുന്ന പ്രധാന ഘടകം

മോദിയുടെ വരവും പ്രസംഗവും പാലക്കാടിനോടുള്ള താൽപ്പര്യമാകും ഇനിയുള്ള ദിനങ്ങളിൽ ബിജെപി പ്രചരണത്തിൽ നിറയ്ക്കുക. പാലക്കാടിന്റെ സമഗ്രവികസനം ഉറപ്പാക്കാൻ മോദിയുടെ സ്വന്തം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വോട്ട് തേടി ഇറങ്ങാനാണ് ബിജെപിയുടെ തീരുമാനം. ആർഎസ്എസിന്റെ പൂർണ്ണ പിന്തുണയും ഉറപ്പാക്കും. മോദി പ്രസംഗിച്ച മണ്ഡലമാകുന്നതുകൊണ്ട് തന്നെ ശോഭ കെടുന്നതെന്നും പാലക്കാട് സംഭവിക്കരുതെന്ന നിർദ്ദേശം ആർഎസ്എസും നൽകുന്നു. ഇതോടെ കൂടുതൽ ഒരുമയോടുള്ള പ്രവർത്തനം സംഘപരിവാർ സംഘടനകൾ പാലക്കാട് കാഴ്ച വയ്ക്കുമെന്നാണ് സൂചന.

കേരളത്തിൽ ആകെ അഞ്ച് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്ന മോദി, മെയ് എട്ട്, 11 തീയതികളിലും കേരളത്തിലെത്തും. മെയ് എട്ടിന് മൂന്ന് പരിപാടികളാണുള്ളത്. രാവിലെ 9.30ന് കാസർകോട് മുനിസിപ്പൽ മൈതാനത്തും ഉച്ചയ്ക്ക് 12.45ന് കുട്ടനാട് എടത്വ ലൂർദ്ദ് മാതാ സ്‌കൂൾ ഗ്രൗണ്ടിലും വൈകീട്ട് 6.40ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് സമ്മേളനങ്ങൾ നടക്കും. മെയ് 11ന് വൈകീട്ട് 7.35ന് തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി നടക്കുക. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മയെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കുമെന്നും സൂചനയുണ്ട്.

11ന് തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പുറാലിക്ക് എത്തുമ്പോഴായിരിക്കും സന്ദർശനമെന്നാണ് സൂചന. സംഭവത്തിൽ കേന്ദ്രം കേരള സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP