Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്തു വില കൊടുത്തും മുഖ്യമന്ത്രിയാവുക തന്റെ ശപഥമെന്ന് പ്രഖ്യാപിച്ച് ശശികല; എപ്പോൾ വേണമെങ്കിലും വരാവുന്ന സുപ്രീംകോടതി വിധി എല്ലാ പഴുതും അടക്കുമെന്ന് വിശ്വസിച്ച് പിനീർശെൽവം ക്യാമ്പ്; ചിന്നമ്മയ്ക്ക് പിടികൊടുക്കാതെ കേന്ദ്രനിർദ്ദേശം മാത്രം പരിഗണിച്ച് ഗവർണ്ണർ; തമിഴ്‌നാട്ടിലെ അനിശ്ചിതത്വം തുടരുന്നു

എന്തു വില കൊടുത്തും മുഖ്യമന്ത്രിയാവുക തന്റെ ശപഥമെന്ന് പ്രഖ്യാപിച്ച് ശശികല; എപ്പോൾ വേണമെങ്കിലും വരാവുന്ന സുപ്രീംകോടതി വിധി എല്ലാ പഴുതും അടക്കുമെന്ന് വിശ്വസിച്ച് പിനീർശെൽവം ക്യാമ്പ്; ചിന്നമ്മയ്ക്ക് പിടികൊടുക്കാതെ കേന്ദ്രനിർദ്ദേശം മാത്രം പരിഗണിച്ച് ഗവർണ്ണർ; തമിഴ്‌നാട്ടിലെ അനിശ്ചിതത്വം തുടരുന്നു

 ചെന്നൈ: ആരെന്തു പറഞ്ഞാലും മുഖ്യമന്ത്രിയാകുമെന്ന ഉറച്ച തിരുമാനത്തിലാണ് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല. ജയലളിതയുടെ പിൻഗാമിയാവാൻ തനിക്ക് കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറല്ല. മന്ത്രിസഭ രൂപീകരിച്ച ശേഷം മറീനയിലെ ജയലളിത സ്മാരകത്തിലെത്തി എല്ലാവർക്കുമൊപ്പം ഫോട്ടോയെടുക്കുമെന്നു ശശികല പ്രഖ്യാപിച്ചതും ഇതിന്റെ സൂചന തന്നെയാണ്. അതാണു ശപഥമെന്നും അവർ കൂട്ടിച്ചേർത്തു. മഹാബലിപുരം കൂവത്തൂരിലെ റിസോർട്ടിൽ എംഎൽഎമാരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ശശികലയുടെ വൈകാരിക പ്രതികരണം. സർക്കാർ രൂപീകരിക്കുകയെന്നതാണ് ഒരേയൊരു ലക്ഷ്യം. എടുത്ത തീരുമാനത്തിൽനിന്ന് ഒരിക്കലും മാറില്ല. ആരെയും ഭയപ്പെടില്ല. അടുത്ത നാലര വർഷവും അണ്ണാ ഡിഎംകെ സർക്കാർ തുടരുമെന്നും ശശികല പറഞ്ഞു.

എന്നാൽ പിനീർശെൽവം ക്യാമ്പ് കൂടുതൽ ആത്മവിശ്വാസത്തിലാണ്. ഒ. പനീർസെൽവത്തിന് ഒരു എംപി കൂടി പിന്തുണ പ്രഖ്യാപിച്ചതാണ് ഇതിന് കാരണം. തേനി എംപി പാർഥിപൻ ആണ് പിന്തുണ അറിയിച്ചത്. ഇതോടെ, പനീർസെൽവത്തിനൊപ്പം 11 എംപിമാരായി. അതുകൊണ്ട് തന്നെ എംഎൽഎമാരും കൂട്ടത്തോടെ തന്റെ പക്ഷത്ത് എത്തുമെന്ന് പനീർശെൽവം കരുതുന്നു. ശശികലയുടെ സത്യപ്രതിജ്ഞയ്ക്കു സമയമായില്ലെന്നു കരുതുന്ന ഗവർണർ സി.വിദ്യാസാഗർ റാവുവിലാണ് പനീർശെൽവത്തിന്റെ പ്രതീക്ഷ. ശശികല പ്രതിയായ കേസിൽ വാദം പൂർത്തിയായി എട്ടു മാസം കഴിഞ്ഞപ്പോൾ ഒരാഴ്ചകൂടി കാത്തിരിക്കാൻ പറഞ്ഞ സുപ്രീം കോടതി ഭരണഘടനാപരമായി സവിശേഷമായ സാഹചര്യമാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വിലയിരുത്തലിലാണ് ഗവർണ്ണർ. കേന്ദ്ര നിർദ്ദേശവും ഇത് തന്നെയാണ്. ശശികലയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ കേന്ദ്ര നിർദ്ദേശം മാത്രമാണ് ഗവർണ്ണർ നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ കേസിന്റെ വിധി വരും വരെ ശശികലയെ സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണ്ണർ ക്ഷണിക്കാനിടയില്ല. ഇതോടെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. സുപ്രീംകോടതി വിധി തന്നെയാകും ഇനി നിർണ്ണായകം.

അനധികൃത സ്വത്തു കേസിൽ മുൻ മുഖ്യമന്ത്രി ജയലളിത, ശശികല, വി.എൻ.സുധാകരൻ, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ.അൻപഴകനും നൽകിയ അപ്പീലിൽ കഴിഞ്ഞ ജൂൺ ഏഴിനു സുപ്രീം കോടതിയിൽ വാദം പൂർത്തിയായതാണ്. ഈ ആഴ്ച തന്നെ ശശികലയുടെ കേസിൽ വിധി വരുമെന്നാണ് പനീർശെൽവം ക്യാമ്പിന്റെ പ്രതീക്ഷ. ഇതോടെ ശശികല അഴിക്കുള്ളിലാകുമെന്നും ഭരണം തനിക്ക് പിടിക്കാമെന്നും വിലയിരുത്തുന്നു. ഏതായാലും പാർട്ടിയിൽ പനീർശെൽവത്തിന് പിന്തുണ കൂടുകയാണ്. തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് നട്ടർജി, വേലൂർ എംപി സെങ്കുട്ടുവൻ, പെരുമ്പള്ളൂർ എംപി ആർ.പി. മരുതുരാജ, വില്ലുപുരം എംപി എസ്.രാജേന്ദ്രൻ എന്നിവരാണ് ഏറ്റവും ഒടുവിലായി പനീർസെൽവം ക്യാംപിലെത്തിയ ലോക്‌സഭാംഗങ്ങൾ. രാജ്യസഭാംഗം ആർ.ലക്ഷ്മണനും പനീർസെൽവത്തിനൊപ്പം ചേർന്നിട്ടുണ്ട്. നാമക്കൽ എംപി പി.ആർ. സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാർ, തിരുപ്പൂർ എംപി സത്യഭാമ, തിരുവണ്ണാമലൈ എംപി ആർ.വനറോജ എന്നിവരാണ് പനീർസെൽവത്തിനൊപ്പമുള്ള മറ്റു ലോക്‌സഭാംഗങ്ങൾ. രാജ്യസഭാംഗങ്ങളായ വി. മൈത്രേയൻ, ശശികല പുഷ്പ എന്നിവരും പനീർസെൽവത്തിനൊപ്പമാണ്.

തനിക്കു പിന്തുണ ഉറപ്പാക്കാൻ ശശികല കൂവത്തൂരിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന എംഎൽഎമാരിൽ ഇരുപതോളം പേർ തങ്ങളെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതായാണു സൂചന. നിലവിൽ ഏഴ് എംഎൽഎമാരാണ് പരസ്യമായി പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. എംഎൽഎമാരെ ശശികല തടവിലാക്കിയിരിക്കുകയാണെന്ന് പനീർസെൽവം വിഭാഗം ആരോപിച്ചിരുന്നു. ഡിംഎംകെ സഖ്യത്തിന്റെ പിന്തുണയ്‌ക്കൊപ്പം 11 എംഎൽഎമാർ കൂടി ശശികല ക്യാംപിൽനിന്ന് കൂറുമാറിയാൽ പനീർസെൽവത്തിന് സഭയിൽ വിശ്വാസവോട്ടു നേടാവുന്നതേയുള്ളൂ. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി കൂടിയായ വി.കെ. ശശികലയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രണ്ടു മന്ത്രിമാർക്കു പിന്നാലെ ശശികലയുടെ വിശ്വസ്തൻ സി. പൊന്നയ്യനും പനീർസെൽവത്തിനു പിന്തുണ അറിയിച്ചിരുന്നു. പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് പൊന്നയ്യൻ. വിദ്യാഭ്യാസ മന്ത്രി കെ.പാണ്ഡ്യരാജൻ, ഫിഷറീസ് മന്ത്രി ഡി. ജയകുമാർ എന്നിവരാണ് പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയ മന്ത്രിമാർ. നടൻ ശരത് കുമാറും പനീർസെൽവത്തിനു പിന്തുണയുമായി രംഗത്തെത്തി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ പനീർസെൽവം ശശികലയെ വെല്ലുവിളിച്ചത്. തന്നെ നിർബന്ധിപ്പിച്ചു രാജിവയ്‌പ്പിക്കുകയായിരുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം, ജയലളിതയുടെ ആത്മാവിന്റെ പ്രേരണയാലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും പറഞ്ഞിരുന്നു.

ജീവൻ നൽകിയും പാർട്ടിയെയും സർക്കാരിനെയും സംരക്ഷിക്കും-ശശികല

എന്നാൽ വിട്ടുകൊടുക്കില്ലെന്ന് തന്നെയാണ് ശശികല നൽകുന്ന സൂചന. എന്തുവന്നാലും താൻ മുഖ്യമന്ത്രിയാകുമെന്ന് അവർ പറയുന്നു. വെല്ലുവിളികൾ ഏറെ കണ്ടിട്ടുണ്ടെന്നും അതിനാൽ ഈ പ്രതിസന്ധിയേയും മറികടക്കുമെന്നും അവർ പറയുന്നു.

എംജിആറിന്റെ മരണ ശേഷവും പാർട്ടിക്കുള്ളിൽ ഇങ്ങനെയൊക്കെയുണ്ടായി. അതെല്ലാം തന്ത്രപരമായി നേരിടാൻ ജയലളിതയ്ക്കു കഴിഞ്ഞു. താനും ജയലളിതയും ചെന്നൈ ജയിലും ബെംഗളൂരു ജയിലും കണ്ടിട്ടുണ്ട്. അവിടെനിന്നു തിരിച്ചുവന്ന് അധികാരം പിടിച്ചിട്ടുണ്ട്. അമ്മയ്ക്കു കഴിയുമെങ്കിൽ തനിക്കും കഴിയും. തന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ കത്തുകൾ പ്രചരിക്കുകയാണ്. ഒരു സ്ത്രീക്കു രാഷ്ട്രീയ പ്രവർത്തനം നടത്തുക ഏറെ പ്രയാസമുള്ള കാര്യമാണ്. ജയലളിതയുടെ കാലത്തും ഇതു കണ്ടതാണ്. മുൻപു പാർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചവർ തന്നെയാണ് ഇപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്. തന്റെ ജീവൻ നൽകിയും പാർട്ടിയെയും സർക്കാരിനെയും സംരക്ഷിക്കുമെന്നും ശശികല പറഞ്ഞു.

പാർട്ടി സന്തുഷ്ട കുടുംബമെന്ന പോലെ ഒറ്റക്കെട്ടാണെന്നും കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരെ സന്ദർശിച്ച ശേഷം ശശികല പറഞ്ഞു. അവസാന ശ്വാസംവരെ പാർട്ടിക്കായി നിലകൊള്ളും. എംഎൽഎമാരെ ചിലർ ഭീഷണിപ്പെടുത്തുണ്ട്. പാർട്ടിയുടെ ശത്രുക്കൾ കള്ളം പ്രചരിപ്പിക്കുയാണ്. എംഎൽഎമാർ അവരുടെ ഫോൺ ഉപയോഗിക്കുന്നുണ്ട്. അവർ കുടുംബത്തോടും കുട്ടികളോടും സ്ഥിരമായി സംസാരിക്കുന്നുണ്ടെന്നും ശശികല പറഞ്ഞു. എംഎൽഎമാർ കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് ഇവിടെ കഴിയുന്നത്. ഇത് അവർക്ക് പാർട്ടിയോടുള്ള ആത്മാർഥതയാണ് കാണിക്കുന്നതെന്നും ശശികല പറഞ്ഞു.

കൂവത്തൂരിലെ റിസോർട്ടിൽ എംഎൽഎമാർക്കൊപ്പമായിരുന്നു ശശികല മാദ്ധ്യമങ്ങളെ കണ്ടത്. എല്ലാവരും ഇവിടെ സ്വതന്ത്രരായി ഇരിക്കുകയാണെന്നും, പുറത്തു പോയവർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ശശികല പറഞ്ഞു. എത്ര എംഎൽഎമാർ കൂടെയുണ്ട് എന്ന ചോദ്യത്തിന് എണ്ണി നോക്കിക്കൊളാനായിരുന്നു ശശികലയുടെ മറുപടി. കൽപ്പാക്കത്ത് കഴിഞ്ഞിരുന്ന എംഎൽഎമാരെയും കൂവത്തൂരിലെത്തിച്ചാണ് മണിക്കൂറുകൾ നീണ്ട ചർച്ച അവസാനിച്ചത്. ഇന്നലെയും ശശികല റിസോർട്ടിലെത്തി മൂന്നു മണിക്കൂറോളം എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട വിധിയെക്കുറിച്ച് ചോദിച്ചപ്പോൾ കാത്തിരുന്നു കാണാം എന്നായിരുന്നു ശശികലയുടെ മറുപടി. നിങ്ങൾ 129 എംഎൽഎമാർ ഒരു കടൽ പോലെയാണ്. ഒരു ചെക്ക്ഡാം അതിനിടെ സ്ഥാപിക്കാൻ ആർക്കും സാധിക്കില്ല. ഈ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ആർക്കും സാധിക്കില്ലെന്നും ശശികല എംഎൽഎമാരോട് പറഞ്ഞു.

തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവർണർ സി. വിദ്യാസാഗർ റാവുവിനെതിരെയും ശശികല ആഞ്ഞടിച്ചു. ഗവർണർക്കെതിരെ പ്രതിഷേധിക്കുമെന്നു പറഞ്ഞ അവർ, മന്ത്രിസഭ രൂപീകരിക്കാൻ തന്നെ വിളിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. ഇതിനു പിന്നിൽ ബിജെപിയും ഡിഎംകെയുമാണെന്നും അവർ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നും ശശികല അവകാശപ്പെട്ടു.

20 എംഎൽഎമാർ കൂടി പനീർശെൽവത്തെ പിന്തുണയ്ക്കുന്നുവെന്ന് സൂചന

തങ്ങളെ പുറത്തുവിടണമെന്ന് ശശികല ക്യാംപിലെ ഇരുപതോളം എംഎൽഎമാർ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അതേസമയം, എന്തുവില കൊടുത്തും പനീർസെൽവത്തെ തടയുമെന്ന് ശശികലയോട് ആഭിമുഖ്യം പുലർത്തുന്ന എംഎൽഎമാർ വ്യക്തമാക്കി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ഇപ്പോഴും ഉണ്ടെന്ന നിലപാടിലാണു ശശികല വിഭാഗം.

തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നും എവിടെ വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും റിസോർട്ടിനു പുറത്തെത്തി മാദ്ധ്യമങ്ങളെ കണ്ട ആണ്ടിപ്പെട്ടി എംഎൽഎ ടി. തമിഴ്‌ശെൽവൻ വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണറോ രാഷ്ട്രപതിയോ അവസരം നൽകണം. സർക്കാർ രൂപീകരണത്തിന് അവസരം നൽകാത്ത ഗവർണർ സി.വിദ്യാസാഗർ റാവുവിന്റെ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മണ്ഡലങ്ങളിലേക്കു പോകാൻ എംഎൽഎമാരെ അനുവദിക്കണമെന്നു പനീർസെൽവം ആവശ്യപ്പെട്ടു. ജനങ്ങളോടു ചോദിച്ച് അവർ തീരുമാനമെടുക്കട്ടെ. റിസോർട്ടിൽ അവരെ ബന്ദികളാക്കി വച്ചിരിക്കുകയാണ്. ഒരു എംഎൽഎക്കു നാലാളുകളാണു കാവൽ നിൽക്കുന്നതെന്നു പനീർസെൽവം ആരോപിച്ചു.

ഗവർണർ സി.വിദ്യാസാഗർ റാവു ഇന്നലെയും മൗനം തുടർന്നു. പനീർസെൽവം പക്ഷത്തെ എംപി: വി.മൈത്രേയൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. ശശികലയാകട്ടെ, ഗവർണർക്കു പിറന്നാൾ ആശംസകളുമായി പൂച്ചെണ്ട് കൊടുത്തയച്ചു. പനീർസെൽവവും ഗവർണർക്ക് ആശംസ നേർന്നു. നന്ദി അറിയിച്ച് അദ്ദേഹം മറുപടിയും അയച്ചു.

പനീർസെൽവത്തിന് ഒപ്പമുള്ള എംഎൽഎമാരും എംപിമാരും:

എംഎൽഎമാർ

എസ്‌പി. ഷൺമുഖനാഥൻ (ശ്രീവൈകുണ്ഠം)
കെ. മാണിക്കം (ഷോളവന്താൻ)
വി സി. ആരുക്കുട്ടി (കവുണ്ടംപാളയം)
വനിതാ എംഎൽഎ മനോരഞ്ജിതം (ഉത്തങ്കര)
എ. മനോഹരൻ (വസുദേവനല്ലൂർ)
കെ. പാണ്ഡ്യരാജൻ (വിരുദുനഗർ)
ഡി. ജയകുമാർ

ലോക്‌സഭാംഗങ്ങൾ

പി.ആർ. സുന്ദരം (നാമക്കൽ)
അശോക് കുമാർ (കൃഷ്ണഗിരി)
സത്യഭാമ (തിരുപ്പൂർ)
ജയസിങ് ത്യാഗരാജ് നട്ടർജി (തൂത്തുക്കുടി)
സെങ്കുട്ടുവൻ (വേലൂർ)
ആർ.പി. മരുതുരാജ (പെരുമ്പള്ളൂർ)
ആർ.വനറോജ (തിരുവണ്ണാമലൈ)
എസ്. രാജേന്ദ്രൻ (വില്ലുപുരം)
പാർഥിപൻ (തേനി)

രാജ്യസഭാംഗങ്ങൾ

വി. മൈത്രേയൻ
ശശികല പുഷ്പ
ആർ.ലക്ഷ്മണൻ

 

കേസ് കൊടുക്കണമെന്ന് ശശികലയോട് സുബ്രഹ്മണ്യം സ്വാമി

സർക്കാർ രൂപീകരണം സംബന്ധിച്ച് തമിഴ്‌നാട് ഗവർണറുടെ തീരുമാനം ഇന്നുമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരം കുതിരക്കച്ചവടത്തിനു പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചു കോടതിയിൽ ഹർജി നൽകാവുന്നതാണെന്നാണു സ്വാമി ട്വിറ്ററിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം അദ്ദേഹം ഗവർണർ സി.വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണമെന്നു സ്വാമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ അവർക്കാണെന്ന വസ്തുതയാണു ചൂണ്ടിക്കാട്ടിയത്.

അതേസമയം, സ്വാമി ബിജെപി ദേശീയനിർവാഹക സമിതി അംഗമാണെങ്കിലും പാർട്ടി തമിഴ്‌നാട് ഘടകത്തിന്റെ നിലപാട് ഇതല്ലെന്ന് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.അണ്ണാ ഡിഎംകെ എംഎൽഎമാരെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. തന്നെ നിർബന്ധപൂർവം രാജിവയ്‌പ്പിക്കുകയായിരുന്നുവെന്ന പനീർസെൽവത്തിന്റെ ആരോപണം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ഭാവി സംബന്ധിച്ച കാര്യമായതിനാൽ തീരുമാനമെടുക്കാൻ ഗവർണർ തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നു കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു.

ശശികലയ്ക്ക് കുരുക്കിടാൻ സിബിഐയും

ശശികലയും ബന്ധുക്കളും ഉൾപ്പെടുന്ന കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും പിടിമുറിക്കുന്നു. മദ്രാസ് ഹൈക്കോടതിയിലും സാമ്പത്തികകുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതികളിലുമായി ഇവർക്കെതിരെയുള്ള എട്ടു സാമ്പത്തികത്തട്ടിപ്പുകൾ വേഗത്തിൽ തീർപ്പാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും കോടതികളിൽ ഹർജി നൽകി.

എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി വി.കെ. ശശികല, ശശികലയുടെ ഭർത്താവ് എം. നടരാജൻ, ശശികലയുടെ സഹോദരൻ വി. ദിവാകരൻ, ശശികലയുടെ സഹോദരീപുത്രന്മാരായ ടി.ടി.വി. ദിനകരൻ, വി.എൻ. സുധാകരൻ, ടി.ടി.വി. ഭാസ്‌കരൻ എന്നിവരാണ് കേസുകളിലെ പ്രതികൾ. 1996-നും 2002-നും ഇടയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫെറ നിയമംലംഘിച്ച് ആഡംബരകാർ വിദേശത്തുനിന്ന് ഇറക്കുമതിചെയ്തതിനു നടരാജനെ 2010ൽ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. 1994ൽ യു.കെയിൽ നിന്ന് ലെക്സ് കാർ ഇറക്കുമതി ചെയ്തതിനെത്തുടർന്നാണ് ഫെറ നിയമപ്രകാരം കേസെടുത്തത്. പുതിയ കാർ വ്യാജരേഖകളുണ്ടാക്കി ഉപയോഗിച്ചതിൽ മറ്റു മൂന്നുപേർക്കുകൂടി പങ്കുണ്ടെന്ന് സിബിഐ. കണ്ടെത്തിയിരുന്നു.

ഇതുവഴി നികുതിയിനത്തിൽ ലഭിക്കേണ്ട 1.06 കോടി രൂപ ഖജനാവിന് നഷ്ടപ്പെടുത്തിയെന്ന കുറ്റത്തിനു രണ്ടുവർഷം തടവുശിക്ഷയും വിധിച്ചിരുന്നു. 2010 ഓഗസ്റ്റിൽ നടരാജൻ ഹൈക്കോടതിയിൽ നൽകിയ അപ്പീലിനെത്തുടർന്ന് വിചാരണക്കോടതി വിധി തടഞ്ഞുവച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP