Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം വിരുദ്ധതയുടെ പേരിൽ ഗവർണർ ആകുമെന്ന് വരെ വാർത്തകൾ പരന്നു; ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ആരും സംശയിച്ചില്ല; ശബരിമല കർമ്മ സമിതിയുടെ മുന്നണി പോരാളിയായി അയ്യപ്പഭക്ത സംഗമത്തിന് നേതൃത്വം നൽകി; എന്നിട്ടും എല്ലാ അവസരങ്ങളും നഷ്ടപ്പെടുത്താൻ മുൻപിൽ നിന്ന പിണറായിക്ക് ഓശാന പാടിയ നമ്പി നാരായണന് പത്മഭൂഷൺ നൽകി; സംഘപരിവാറിനോട് ചേർന്നു നിന്നിട്ടും പത്മ പുരസ്‌ക്കാരത്തിനെതിരെ സെൻകുമാർ ആഞ്ഞടിച്ചത് എന്തുകൊണ്ട്?

സിപിഎം വിരുദ്ധതയുടെ പേരിൽ ഗവർണർ ആകുമെന്ന് വരെ വാർത്തകൾ പരന്നു; ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ആരും സംശയിച്ചില്ല; ശബരിമല കർമ്മ സമിതിയുടെ മുന്നണി പോരാളിയായി അയ്യപ്പഭക്ത സംഗമത്തിന് നേതൃത്വം നൽകി; എന്നിട്ടും എല്ലാ അവസരങ്ങളും നഷ്ടപ്പെടുത്താൻ മുൻപിൽ നിന്ന പിണറായിക്ക് ഓശാന പാടിയ നമ്പി നാരായണന് പത്മഭൂഷൺ നൽകി; സംഘപരിവാറിനോട് ചേർന്നു നിന്നിട്ടും പത്മ പുരസ്‌ക്കാരത്തിനെതിരെ സെൻകുമാർ ആഞ്ഞടിച്ചത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഘപരിവാർ പാളയത്തിലെ പുതിയ മുഖമായിരുന്നു മുൻ ഡിജിപി കൂടിയായ ടി പി സെൻകുമാർ. സിപിഎം വിരുദ്ധതയുടെ പേരിലാണ് അദ്ദേഹം ഈ ലാവണത്തിലേക്ക് സജീവമായി എത്തിയത്. പിണറായി സർക്കാറിൽ നിന്നും അവഹേളനങ്ങൾ നേരിട്ട സാഹചര്യത്തിലാണ് അദ്ദേഹം ബിജെപി പക്ഷത്തേക്ക് നീങ്ങിയത്. അടുത്തിടെ തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പഭക്ത സംഗമത്തിലും പങ്കെടുത്ത് സർക്കാറിനെ കടുത്ത ഭാഷയിലാണ് സെൻകുമാർ വിമർശിച്ചത്. ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർത്ഥിയാക്കുമെന്ന് ആർഎസ്എസ് നേതൃത്വം തീരുമാനിച്ച ഘട്ടത്തിൽ പോലും എത്തിയിരുന്നു. കേന്ദ്രസർക്കാറിൽ പദവികൾ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥനായ സെൻകുമാറിന് തിരിച്ചടിയാകുന്നതാണ് അദ്ദേഹം ഇന്ന് വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളും.

കേന്ദ്രസർക്കാറാണ് നമ്പി നാരായണനെ പത്മഭൂഷൺ പുരസ്‌ക്കാരത്തിന് വേണ്ടി തിരിഞ്ഞെടുത്തത്. ശുപാർശ ചെയ്തതാകട്ടെ ബിജെപിയുട രാജ്യസഭാ എംപി കൂടിയായ രാജീവ് ചന്ദ്രശേഖരനും. ഈ സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള ഇടപെടലാണ് പത്മ കിട്ടാൻ നമ്പി നാരായണന് സഹായകമായതെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ബിജെപിയെ കൂടിയാണ് സെൻകുമാർ വിമർശിച്ചത്. അതിനാൽ തന്നെ ശബരിമല വിഷയത്തിൽ അടക്കം ബിജെപിയെ പിന്തുണച്ചിരുന്ന സെൻകുമാർ കാലുവാരിയെന്ന വികാരത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. നമ്പി നാരായണന് വേണ്ടി രംഗത്തെത്തിയവരിൽ ബിജെപി പ്രവർത്തകരും ഉണ്ടായിരുന്നു.

നേരത്തെ കേന്ദ്രത്തോടുള്ള അടുപ്പം കാരണം ഗവർണർ പദവിയിലേക്ക് മുൻ ഡിജിപി ടിപി സെൻകുമാറിനെ പരിഗണിക്കുന്നു എന്ന വാർത്ത ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അത്തരം വാർത്തകളോട് അന്ന് സെൻകുമാർ കരുതലോടെയാണ് പ്രതികരിച്ചത്. താൻ ഗവർണർ ആകുമോ, അല്ല മറ്റെന്തെങ്കിലും ആകുമോ എന്നത് ഇപ്പോൾ പറയാൻ പറ്റില്ലെന്നാണ് സെൻകുമാർ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. സെൻകുമാറിന് പദവി കിട്ടുന്നത് തടയാൻവേണ്ടിയാണ് ഇത്തരം വാർത്തകൾ വന്നതെന്നും വികാരമുണ്ടായിരുന്നു.

ഇത് സംബന്ധിച്ച് ബിജെപി നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും സെൻകുമാർ കുട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ ക്ഷേത്രങ്ങൾ ഭരിക്കേണ്ടത് അവിശ്വാസികൾ അല്ലെന്നാണ് തന്റെ അഭിപ്രായം എന്ന് പറഞ്ഞ സെൻകുമാർ, ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനു നിയമം കൊണ്ടുവരാൻ അധികാരമുണ്ട്. ദേവസ്വം ബോർഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണമെന്നാണ് സെൻകുമാർ പറഞ്ഞത്.

ക്ഷേത്രങ്ങളും ദേവസ്വം ബോർഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാൻ കേന്ദ്രം നിയമ നിർമ്മാണം നടത്തണം എന്നാവശ്യപ്പെടാനാണു ബിജെപി അധ്യക്ഷൻ അമിത്ഷായെ കണ്ടതെന്നു മുൻ ഡിജിപി ടി.പി.സെൻകുമാർ വ്യക്തമാക്കുകയുണ്ടായി. അമിത്ഷായെ കണ്ടത് മുതൽ സെൻകുമാർ ബിജെപിയോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നിയമനം നൽകണമെന്ന ടി.പി. സെൻകുമാറിന്റെ അപേക്ഷക്ക് വിലങ്ങുതടി ആയത് നമ്പി നാരായൻ നൽകിയ കേസായിരുന്നു. സെൻകുമാർ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചുള്ള പരാതി അദ്ദേഹത്തെ കുരുക്കാൻ ഇടതു സർക്കാർ ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നു കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. സെൻകുമാറിനെ നിയമിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ അധികാരം പരിമിതമാണെന്നും അറിയിച്ചിരുന്നു. ഇതോടെ സെൻകുമാറിന്റെ പ്രതീക്ഷകൾ വൈകി.

അതേസമയം, അദ്ദേഹത്തിന്റെ നിയമനം വൈകിപ്പിക്കുന്നതു സംസ്ഥാന സർക്കാരാണ്. നിയമനം നൽകണമെന്നുള്ള നിർദ്ദേശം കേരള സർക്കാരിൽനിന്നു ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. നിയമനം സർക്കാർ മനഃപൂർവം നിഷേധിക്കുകയാണെന്ന് ആരോപിച്ചു സെൻകുമാർ സമർപ്പിച്ച ഹർജിയിലാണു കേന്ദ്രസർക്കാരിന്റെ വിശദീകരിച്ചത്. ടി.പി. സെൻകുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനു ലഭിച്ച അപേക്ഷയിൽ കേരള സർക്കാർ എതിർപ്പ് അറിയിച്ചിരുന്നു. അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കേസുകളുണ്ടെന്നായിരുന്നു റിപ്പോർട്ടിൽ ഉള്ളത്. ഇതിന്റെ വിശദവിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അയച്ച കത്തിനു സംസ്ഥാന സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ടി.പി. സെൻകുമാറിനെ എതിർകക്ഷിയാക്കി നമ്പി നാരായണൻ നൽകിയ നഷ്ടപരിഹാരക്കേസ് സബ്‌കോടതിയുടെ പരിഗണനയിലാണെന്നു സംസ്ഥാന സർക്കാർ കഴിഞ്ഞ നവംബറിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നമ്പി നാരായണൻ തിരുവനന്തപുരം സബ്‌കോടതിയിൽ നൽകിയ നഷ്ടപരിഹാരക്കേസിൽ സെൻകുമാർ 7ാം എതിർകക്ഷിയാണ്. ചാരക്കേസിൽ പുതിയ തെളിവില്ലാതെ തുടരന്വേഷണം ആവശ്യപ്പെട്ടു സെൻകുമാർ ഉപദ്രവിച്ചെന്ന ആക്ഷേപമാണു നമ്പി നാരായണനുള്ളത്. ഹർജിക്കാരന്റെ തെറ്റായ റിപ്പോർട്ട് മാനിച്ച് മജിസ്‌ട്രേറ്റ് തുടരന്വേഷണം നിർദേശിച്ചെന്നും പത്രങ്ങൾക്കു തെറ്റായ വാർത്തകൾ നൽകി മാനക്കേടുണ്ടാക്കിയെന്നും മറ്റുമാണ് ആക്ഷേപങ്ങൾ. നഷ്ടപരിഹാരക്കേസുമായി നമ്പി നാരായണനു മുന്നോട്ടു പോകാമെന്നു സുപ്രീംകോടതി പറഞ്ഞതു ഗൗരവത്തിലെടുക്കണമെന്നും സർക്കാർ നവംബറിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഈ പ്രശ്‌നങ്ങൾ നിൽക്കുന്നതു കൊണ്ടാണ് സെൻകുമാർ നമ്പി നാരായണനെതിരെ ആഞ്ഞടിച്ചത്. ഇതിലൂടെ ബിജെപി ലക്ഷ്യമിട്ട ഒരു സ്ഥാനാർത്ഥിയുടെ സാധ്യത കൂടി അടഞ്ഞെന്ന വിലയിരുത്തലുമുണ്ട്. സ്ഥാനാർത്ഥിയാകുന്നതിൽ നിന്നും രക്ഷപെടാൻ കൂടിയാണ് സെൻകുമാർ പുരസ്‌ക്കാരം നൽകിയവരെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയതെന്നം വിലയിരുത്തലുകളുണ്ട്. അതേസമയം നമ്പി നാരായണനെതിരായ മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ പരാമർശത്തിൽ മറുപടി പറയേണ്ടത് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയാണെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞതും ബിജെപി പക്ഷത്താണ് അദ്ദേഹമെന്ന് ഓർമ്മപ്പെടുത്തി കൊണ്ടാണ്.

മറിയം റഷീദയോടും ഗോവിന്ദച്ചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണൻ. പത്മഭൂഷൺ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയിലാണ് അപമാനിച്ചത്. ഇത് ഇന്ത്യാ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. ഇതിനെതിരെ പ്രബുദ്ധ കേരളം പ്രതിഷേധിക്കണം. സെൻകുമാറിന്റെ പരാമർശത്തിൽ ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചില്ലെങ്കിൽ കേന്ദ്ര നേതൃത്വമെങ്കിലും പ്രതികരിക്കണമെന്നും ബാലൻ പറഞ്ഞു. ബിജെപിയിൽ പോയതിന് ശേഷമാണ് സെൻകുമാർ ഇങ്ങനെയായതെന്നും ബാലൻ കൂട്ടിച്ചേർത്തു. അതേ സമയം, സെൻകുമാറിന്റെ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP