Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഗ്യാസ് പദ്ധതിയിലെ ഫയൽ പൂഴത്തലും മാലിന്യ സംസ്‌കരണത്തിലെ വീഴ്ചയും ഇടതു പക്ഷം ആരോപണമാക്കിയപ്പോൾ അവസാന നിമിഷം ചതിയൊരുക്കാനെത്തിയത് പെരുമഴ; തുലാവർഷത്തിലും കോട്ട കാത്തത് അമ്പെയ്ത്തുകാരന്റെ കണിശതയുള്ള തിവേളിക്കകത്ത് ജോസഫ് വിനോദ്; ആരോപണങ്ങളേയും പ്രകൃതി ക്ഷോഭത്തിലെ വെല്ലുവിളിയേയും അതിജീവിച്ച് എറണാകുളത്തെ എംഎൽഎയായി ടിജെ വിനോദ്; ഇത് പാർട്ടിക്കുള്ളിൽ നിന്നുള്ള വെല്ലുവിളികളേയും അതിജീവിച്ച വിജയം

ഗ്യാസ് പദ്ധതിയിലെ ഫയൽ പൂഴത്തലും മാലിന്യ സംസ്‌കരണത്തിലെ വീഴ്ചയും ഇടതു പക്ഷം ആരോപണമാക്കിയപ്പോൾ അവസാന നിമിഷം ചതിയൊരുക്കാനെത്തിയത് പെരുമഴ; തുലാവർഷത്തിലും കോട്ട കാത്തത് അമ്പെയ്ത്തുകാരന്റെ കണിശതയുള്ള തിവേളിക്കകത്ത് ജോസഫ് വിനോദ്; ആരോപണങ്ങളേയും പ്രകൃതി ക്ഷോഭത്തിലെ വെല്ലുവിളിയേയും അതിജീവിച്ച് എറണാകുളത്തെ എംഎൽഎയായി ടിജെ വിനോദ്; ഇത് പാർട്ടിക്കുള്ളിൽ നിന്നുള്ള വെല്ലുവിളികളേയും അതിജീവിച്ച വിജയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടിജെ വിനോദ് ഇനി എറണാകുളത്തിന്റെ എംഎൽഎ. രാഷ്ട്രീയത്തിനൊപ്പം കായിക മേഖലയിലും ശ്രദ്ധിക്കുന്ന നേതാവ്. ആർച്ചറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടിവ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ച നേതാവ് അമ്പയ്ത്തുകാരന്റെ കൗശലതയുമായാണ് എറണാകുളത്തിന്റെ മനസ്സ് അമ്പെയ്ത് വീഴ്‌ത്തുന്നത്. കോൺഗ്രസിന്റെ കുത്തക മണ്ഡലമാണ് എറണാകുളമെന്നാണ് വിലയിരുത്തൽ. ഹൈബി ഈഡൻ വലി ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലം. എന്നാൽ കെവി തോമസിനേയും ഡൊമനിക് പ്രസന്റേഷനേയും പോലുള്ള പലരും കണ്ണു വച്ച മണ്ഡലം. ഇവിടെ വിനോദ് ജയിച്ച് കയറുന്നത് പാർട്ടിയിലെ ശത്രുക്കളേയും മഴയുടെ വെല്ലുവിളിയേയും തോൽപ്പിച്ചാണ്. തിവേളിക്കകത്ത് ജോസഫ് വിനോദ് എന്ന ടിജെ വിനോദ് കൊച്ചി കോർപ്പറേഷനിൽ തമ്മനത്ത് നിന്നുള്ള കൗൺസിലറാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഡിസിസി അദ്ധ്യക്ഷ ചുമതല വഹിക്കുന്ന വിനോദ് ഹൈബി ഈഡന്റെ പ്രചരണചുമതലയും നിർവഹിച്ചിരുന്നു.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ടിജെ വിനോദ് വിജയിച്ചുവെന്ന വാർത്ത കൈയടിയോടെ കോൺഗ്രസുകാർ വരവേൽക്കുന്നതും അതുകൊണ്ടാണ്. പോളിങ് ദിവസം കൊച്ചിയിലുണ്ടായ വെള്ളക്കെട്ട് കുറച്ചൊന്നുമല്ല കോൺഗ്രസ് ക്യാമ്പിനെ ആശങ്കയിലാഴ്‌ത്തിയത്. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ടിജെ വിനോദിനെതിരെ ജനരോഷം ഉണ്ടായിരുന്നു. സ്ത്രീകളടക്കം നിരത്തിലറങ്ങി കൊച്ചി ഡെപ്യൂട്ടി മേയർ കൂടിയായ വിനോദിനെ കോളനിയിൽ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. കോൺഗ്രസ് ഭരിക്കുന്ന നഗരത്തിൽ ഓടകൾ വൃത്തിയാക്കി വെള്ളം പോകാൻ സുഗമമായ വഴിയൊരുക്കാത്തത് വെള്ളക്കെട്ടിന് കാരണമായി. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ വോട്ട് ചോർച്ചയുണ്ടാകുമെന്ന് കോൺഗ്രസ് ക്യാമ്പ് ഭയപ്പെട്ടു.

കനത്ത മഴ പോളിങ് ശതമാനത്തെ ബാധിച്ചതുകൊണ്ട് ഭൂരിപക്ഷത്തിൽ ഇടിവ് വന്നു. ഇതും പ്രതിസന്ധിയാകുമെന്ന് കോൺഗ്രസുകാർ പോലും കരുതി. ഇതിനൊപ്പം എറണാകുളത്തിന്റെ പഴയ എംഎൽഎയായ കെവി തോമസിന്റെ മനസ്സിനെ കുറിച്ചും ഭയപ്പാടുണ്ടായിരുന്നു. ഇതെല്ലാം മറികടന്നാണ് വിനോദ് ജയിച്ച് എംഎൽഎയാകുന്നത്. കൊച്ചി ഡെപ്യൂട്ടി മേയറും, പാർട്ടിയുടെ ജില്ലാ നേതാവുമാണ് വിജയിച്ച ടിജെ വിനോദ്. 1982ൽ കളമശ്ശേരി സെന്റ് പോൾസ് കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെയാണ് ടിജെ വിനോദ് പൊതുരംഗത്ത് എത്തുന്നത്. കെഎസ്‌യുവിൽ ചേർന്ന് ഒരു ദശാബ്ദത്തിന് ശേഷം 2002 ൽ കൊച്ചിയുടെ ഡെപ്യൂട്ടി മേയറായി ടിജെ വിനോദ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട് ടിജെ വിനോദ്.

തെരഞ്ഞെടുപ്പ് കാലത്ത് ഗുരുതരമായ ആരോപണങ്ങളാണ് ടി ജെ വിനോദിനെതിരെ എൽഡിഎഫ് ഉയർത്തിയത്. കോർപ്പറേഷന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് മേയറും ഡെപ്യൂട്ടി മേയറായ ടി ജെ വിനോദും ചേർന്ന് അഴിമതി നടത്തുന്നതെന്നായിരുന്നു എൽ ഡി എഫിന്റെ പ്രധാന ആരോപണം. സിറ്റി ഗ്യാസ് പദ്ധതിക്ക് കൗൺസിൽ അംഗീകാരം നൽകിയെങ്കിലും ഡെപ്യൂട്ടി മേയറും, മേയറും ചേർന്ന് ഫയൽ പൂഴ്‌ത്തി. രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതി അഴിമതിയാരോപണത്തിൽ കോർപ്പറേഷനിൽ പരിശോധന നടന്നു. മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിൽ വീഴ്‌ച്ച സംഭവിച്ചു. ഇത്തരത്തിൽ പൊതുതാൽപ്പര്യത്തിന് വിരുദ്ധമായി വ്യക്തി താൽപ്പര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരാളെ നിയമസഭയിലേക്ക് അയക്കണൊ എന്നതും ചർച്ചയാക്കി. ഇതും എറണാകുളം തള്ളിക്കളഞ്ഞു.

യുഡിഎഫ് കോട്ടയാണ് എറണാകുളം. രണ്ട് തവണ മാത്രമാണ് എറണാകുളത്ത് ചെങ്കൊടി പാറിയിട്ടുള്ളു. 1987ലും, 1998 ലും. അന്ന് എംക സാനുവും, സെബാസ്റ്റ്യൻ പോളുമായിരുന്നു എൽഡിഎഫിനെ വിജയത്തിലേക്ക് എത്തിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎ ആയിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ 1.7 ലക്ഷം വോട്ടുകൾക്കാണ് വിജയിച്ചത്. മികച്ച നേതാവും ശക്തനായ പാർലമെന്റേറിയനുമായ സിപിഐഎം സ്ഥാനാർത്ഥി പി രാജീവ് വിജയിക്കുമെന്ന് ഒരു വിഭാഗം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വൻ ഭൂരിപക്ഷത്തോടെയാണ് ഹൈബി വിജയിച്ചുകയറിയത്. 4,91,263 വോട്ടുകളാണ് ഹൈബിക്ക് ലഭിച്ചത്.

2016ൽ നിയമസഭയിൽ 21,949 വോട്ടുകൾക്കാണ് ഹൈബി സിപിഐഎം സ്ഥാനാർത്ഥിയായ എം അനിൽ കുമാറിനെ തോൽപ്പിച്ചത്. 2011 ഹൈബി ഈഡനെ തകർക്കാൻ മുമ്പ് എറണാകുളത്ത് നിന്നും വിജയിച്ചിട്ടുള്ള സെബാസ്റ്റ്യൻ പോളിനെ കളത്തിലിറക്കിയെങ്കിലും അന്നും 59,919 വോട്ടുകളുമായി ഹൈബി ഈഡൻ വിജയിച്ചിരുന്നു. ഇന്ന് 2019 ലെ ഉപതെരഞ്ഞെടുപ്പിലും ഈ ട്രെൻഡ് പിന്തുടർന്ന് ടിജെ വിനോദ് എറണാകുളത്ത് വിജയിച്ചിരിക്കുകയാണ്. വിജയം എറണാകുളത്തെ ജനാവലിക്കും യുഡിഎഫ് പ്രവർത്തകർക്കും സമർപ്പിക്കുന്നതായി ടിജെ വിനോദ് പ്രതികരിച്ചു. യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളക്കെട്ട് തനിക്കുള്ള വോട്ട് കുറയാൻ കാരണമായെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മനു റോയി പ്രതികരിച്ചു. സി.ജി രാജഗോപാലായിരുന്നു ബിജെപി സ്ഥാനാർത്ഥി.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലുമുണ്ടായിരുന്ന ഭൂരിപക്ഷത്തിൽ നിന്നും ഗണ്യമായ കുറവാണ് ഇത്തവണ യുഡിഎഫിനുണ്ടായത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും അമ്പത് ശതമാനത്തിലേറെ വോട്ട് യു.ഡി.എഫിനായിരുന്നു. കനത്ത മഴയും വെള്ളക്കെട്ടും കാരണം പോളിങ് നിലയിൽ ഗണ്യമായ കുറവുണ്ടായിരുന്നു എറണാകുളത്ത് യു.ഡി.എഫ് കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു. 57.89 % പോളിങ് മാത്രമായിരുന്നു ഇവിടെ ലഭിച്ചത്. 71.60% പോളിങ് നടന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 21,949 വോട്ടായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ ലീഡ്. 73.29% പോളിങ് നടന്ന കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഹൈബി 31,178 വോട്ടാണ് എറണാകുളത്തു നിന്നും നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP