Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുണ്ട് മടക്കി ഉടത്ത് മീൻ ചന്തയിൽ; തൂമ്പയെടുത്ത് തൊഴിലുറപ്പുകാർക്കൊപ്പം; ഗർഭിണിയുടെ വയറിൽ തലോടി മാതൃത്വത്തിന്റെ വിളംബരം; തൊപ്പി വച്ച ഇസ്ലാം വിശ്വാസികൾ പോലും മാലയിട്ട് സ്വീകരിക്കും; രാഷ്ട്രീയം അറിയാത്ത കുരുന്നുകളും വീട്ടുകാർ പറയുന്നത് മാത്രം കേട്ട് ശീലിച്ച വനിതകളും ആവേശത്തിൽ; സുരേഷ് ഗോപിക്ക് ലഭിക്കുന്ന ഒരു രക്ഷയുമില്ലാത്ത പിന്തുണ കണ്ട് ഞെട്ടിത്തെരിച്ച് എതിരാളികൾ

മുണ്ട് മടക്കി ഉടത്ത് മീൻ ചന്തയിൽ; തൂമ്പയെടുത്ത് തൊഴിലുറപ്പുകാർക്കൊപ്പം; ഗർഭിണിയുടെ വയറിൽ തലോടി മാതൃത്വത്തിന്റെ വിളംബരം; തൊപ്പി വച്ച ഇസ്ലാം വിശ്വാസികൾ പോലും മാലയിട്ട് സ്വീകരിക്കും; രാഷ്ട്രീയം അറിയാത്ത കുരുന്നുകളും വീട്ടുകാർ പറയുന്നത് മാത്രം കേട്ട് ശീലിച്ച വനിതകളും ആവേശത്തിൽ; സുരേഷ് ഗോപിക്ക് ലഭിക്കുന്ന ഒരു രക്ഷയുമില്ലാത്ത പിന്തുണ കണ്ട് ഞെട്ടിത്തെരിച്ച് എതിരാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഒരു ജനതയുടെ നായകനായാണ് സുരേഷ് ഗോപിയെ ബിജെപി തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ അവതരിപ്പിക്കുന്നത്. തൃശൂരിൽ നിന്ന് തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് വണ്ടി കയറിയപ്പോൾ എത്തിയ അപ്രതീക്ഷിത സ്ഥാനാർത്ഥി. എന്നാൽ അയ്യനെ മുന്നിൽ നിർത്തി തുടങ്ങിയ ഉജ്ജ്വല തുടക്കം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കളക്ടറേറ്റിൽ എത്തിയപ്പോൾ കണ്ട അതേ ആൾക്കൂട്ടം ഇപ്പോഴും താരത്തെ പിന്തുടരുന്നു. തലസ്ഥാനത്തിലൂടെ സൂപ്പർ സ്റ്റാറായി കമ്മീഷണറിലൂടെ ആക്ഷൻ ഹീറോയായ താരം തൃശൂരിനെ കീഴടക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റം. ഇതോടെ പ്രവചനാതീത മണ്ഡലമായി തൃശൂർ മാറുകയാണ്.

ഏറ്റവും സ്വാധീനമുണ്ടാക്കിയ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി മാറി. പത്തനംതിട്ടയിൽ ശബരിമല വികാരമാണ് കെ സുരേന്ദ്രന്റെ പ്രചരണത്തിലെ ആൾക്കൂട്ടത്തിന് പിന്നിലെ കാരണം. എന്നാൽ തൃശൂരിൽ അത്തരം വിഷയങ്ങളൊന്നുമില്ല. സുരേഷ് ഗോപി ഇഫക്ട് മാത്രമാണ് ആളുകളെ അടുപ്പിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിന് കിട്ടുന്ന പിന്തുണയിൽ ഇടത് വലതു മുന്നണികൾ അങ്കലപ്പിലാണ്. സാംസ്‌കാരി തലസ്ഥാനത്തെ അടിയൊഴുക്കുകൾ എങ്ങോട്ട് തിരിയുമെന്ന് അറിയാത്ത വണ്ണം കലുഷിതമാണ് ജനമനസ്സുകൾ. ആർക്കും ഒന്നും പ്രവചിക്കാൻ പോലും ആവുന്നില്ല. ആൾക്കൂട്ടം വോട്ടായി മാറുമെന്ന് പ്രതീക്ഷയിൽ സുരേഷ് ഗോപി അതിവേഗം മുന്നേറുകയാണ്. രണ്ടാഴ്ചയിൽ താഴെയുള്ള പ്രചരണത്തിലൂടെയാണ് തൃശൂരിനെ സുരേഷ് ഗോപി ഇളക്കി മറിച്ചത്. ബിജു മേനോനും പ്രിയാ വാര്യരും വോട്ട് അഭ്യർത്ഥിച്ച് എത്തിയതും വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

മുണ്ട് മടക്കി ഉടത്ത് മീൻ ചന്തയിൽ എത്തി സാധാരണക്കാരനായി വോട്ട് ചോദിക്കുന്ന സൂപ്പർതാരം ഏവർക്കും അത്ഭുതമാണ്. തൂമ്പയെടുത്ത് തൊഴിലുറപ്പുകാർക്കൊപ്പം പണിയെടുത്താണ് വോട്ട് ചോദിക്കൽ. സിനിമാക്കാരന്റെ ഗ്ലാമർ അഴിച്ചു വച്ചുള്ള രാഷ്ട്രീയ നീക്കം. ഗർഭിണിയുടെ വയറിൽ തലോടി മാതൃത്വത്തിന്റെ വിളംബരവും നടത്തുന്നു. വയറിലുള്ള കുഞ്ഞിനെ അനുഗ്രഹീക്കാൻ സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്ന മാതൃഹൃദയവും തൃശൂരിലെ പ്രധാന ചർച്ചയാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും സുരേഷ് ഗോപിയെ ആവേശത്തോടെ വരവേൽക്കുന്നു. എസ് എൻ ഡി പി യോഗത്തിന്റെ പരിപാടിക്ക് കിട്ടിയ സ്വീകരണവും ആവേശം നിറഞ്ഞത്. തൊപ്പി വച്ച ഇസ്ലാം വിശ്വാസികൾ പോലും മാലയിട്ട് സ്വീകരിക്കുകയാണ് താരത്തെ. ഈ അംഗീകാരങ്ങൾ വോട്ടായി മാറിയാൽ താരം ലോക്‌സഭയിൽ എത്തുമെന്ന് ഉറപ്പാണ്.

തൃശൂരിലെ രാഷ്ട്രീയം അറിയാത്ത കുരുന്നുകളും വീട്ടുകാർ പറയുന്നത് മാത്രം കേട്ട് ശീലിച്ച വനിതകളും ഇന്ന് സുരേഷ് ഗോപിയുടെ ആവേശത്തിലാണ്. സുരേഷ് ഗോപിക്ക് ലഭിക്കുന്ന ഒരു രക്ഷയുമില്ലാത്ത പിന്തുണ കണ്ട് ഞെട്ടിത്തെരിച്ച് എതിരാളികളും പുതുതന്ത്രങ്ങൾ ഒരുക്കുകയാണ്. സാധാരണക്കാര്ക്ക് വേണ്ടി എന്നു തൃശ്ശൂരിന്റെ ശബ്ദം ലോകസഭയില് മുഴങ്ങി കേള്ക്കാന്, സാധാരണക്കാരുടെ പ്രതീകമായ ഒരു മനുഷ്യന്റെ ശബ്ദം., സ്‌നേഹത്തിന്റെ കരുതലുമായി നിങ്ങളുടെ സ്വന്തം സുരേഷ് ഗോപി., ഈ പുഞ്ചിരിയിൽ നിങ്ങളുടെ ഹൃദയം നിറയും, മറക്കാൻ കഴിയാതെ ഇന്നും ഓർമ്മയിൽ ആ മുഖം ഇതൊക്കെയാണ് സുരേഷ് ഗോപിക്കായി ബിജെപി ചർച്ചയാക്കുന്ന പ്രധാന മുദ്രാവാക്യങ്ങൾ. ഇതിനൊപ്പിച്ച് പോകുന്നിടത്തെല്ലാം ജനക്കൂട്ടവുമായി അടുക്കാനാണ് സുരേഷ് ഗോപിയുടേയും ശ്രമം.

'ഓർമ്മയുണ്ടോ ഈ മുഖം?' ഇരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്നും മലയാളികളെ ഹരം പിടിപ്പിക്കുന്ന ഭരത്ചന്ദ്രന്റെ മാസ്സ് ഡയലോഗ്. 1994 ഏപ്രിൽ 14 നാണു മലയാളികൾക്ക് പുത്തനനുഭവമായി സൂപ്പർസ്റ്റാർ സുരേഷ്ഗോപിയെ നായകനാക്കി ഷാജി കൈലാസ് -രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ കമ്മീഷണർ എന്ന ബ്ലോക്ക്‌ബസ്റ്റർ സിനിമ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് റിലീസ് ചെയ്തത്. ഇതിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ആൾ കേരള ഭരത് സുരേഷ് ഗോപി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചപ്പോൾ സുരേഷ്ഗോപി അതിനായി വേദിയാക്കിയത് പുല്ലഴിയിലെ സെന്റ്. ജോസഫ് ഹോം ആയിരുന്നു. കാലങ്ങൾക്കിപ്പുറവും ഭരത് ചന്ദ്രൻ എന്ന കഥാപാത്രം ഉയർത്തിയ സത്യസന്ധതയും ധാർമ്മികമൂല്യവും യഥാർത്ഥ ജീവിതത്തിലും സുരേഷ്ഗോപി നിലനിറുത്തുന്നുവെന്നത് മണ്ഡലത്തിലെ ജനങ്ങളിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമവും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഏക സി.പിഐ എംപിയെ സമ്മാനിച്ച മണ്ഡലം തൃശ്ശൂരായിരുന്നു. സി.എൻ ജയദേവൻ മാറി പകരം രാജാജി മാത്യൂ തോമസ് ആണ് ഇത്തവണ കളത്തിൽ. എതിർവശത്ത് ടി.എൻ പ്രതാപനെന്ന കോൺഗ്രസിന്റെ ജനകീയ മുഖം. ഒടുവിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ മണ്ഡലത്തിന് താരപരിവേഷം, ത്രികോണമത്സരത്തിന്റെ ആവേശുമെത്തി. അപ്പോൾ ആരും ഇത്രയും പ്രതീക്ഷിച്ചില്ല. തുടക്കത്തിൽ ആളുകൾ കൂടിയപ്പോൾ അത് താരത്തെ കാണാനുള്ള വെറും ആൾക്കൂട്ടമെന്ന് എതിരാളികൾ വിലയിരുത്തി. എന്നാൽ ദിവസം കഴിയും തോറും അതിശക്തനായ രാഷ്ട്രീയ സ്ഥാനാർത്ഥിയാണ് താനെന്ന് സുരേഷ് ഗോപി തെളിയിച്ചു. കൊലപാതക രാഷ്ട്രീയവും വികസനവും വിശ്വാസവും അതി ശക്തമായി ചർച്ചയാക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്. 12.94 ലക്ഷം വോട്ടർമാരുണ്ട് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ. മൂന്നര ലക്ഷത്തിലധികം വോട്ട് പിടിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിൽ നിന്ന് ഇനിയുമുയരുമെന്നതാണ് ഇടത് പ്രതീക്ഷകളെ നയിക്കുന്നത്.

തൃശൂർ മണ്ഡലത്തിൽ തനിക്ക് വിജയിക്കണമെന്നും അവിടെ താമസിച്ചു കൊണ്ട് താൻ നാടിനെ സേവിക്കുമെന്നും സുരേഷ് ഗോപി പറയുന്നത്. നെറ്റിപ്പട്ടം ചാർത്തി തന്നാൽ ഗുരുവായൂർ കേശവനെ പോലെ പാർലമെന്റിൽ ഉണ്ടാകുമെന്ന് സുരേഷ് ഗോപി പ്രസംഗങ്ങളിൽ എടുത്തു പറയുന്നു. 'എനിക്ക് വേണം തൃശൂർ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാൻ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാൻ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നള്ളിക്കരുത്. നെറ്റിപ്പട്ടം ചാർത്തി തരൂ, കൊമ്പു കുലുക്കി പാർലമെന്റിൽ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂർ കേശവനായി പാർലമെന്റിൽ ഞാനുണ്ടാകും-' സുരേഷ് ഗോപിയുടെ വാക്കുകളെ കൈയടിയോടെയാണ് ജനം ഏറ്റെടുക്കുന്നത്. കെവിൻ, ശ്രീജിത്ത്, അഭിമന്യു അടക്കമുള്ളവരുടെ മരണത്തെ കുറിച്ച് ജനങ്ങൾ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനഹിതമല്ലാത്ത കാര്യങ്ങളാണ് കേരള സർക്കാർ ചെയ്യുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. വല്ലാർപാടം പദ്ധതി സർക്കാരിന്റെ തെറ്റായ തീരുമാനമായിരുന്നെന്നും സുരേഷ് ഗോപി ആരോപിച്ചു. അങ്ങനെ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ചാണ് വോട്ട് തേടൽ. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനമാണ് സുരേഷ് ഗോപി മുമ്പോട്ട് വയ്ക്കുന്നത്. 'ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്,' ഇതെല്ലാം തൃശൂരിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ പ്രസംഗം വൈറലാവുകയും ചെയ്തു. 'എനിക്ക് വേണം തൃശൂർ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാൻ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാൻ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നള്ളിക്കരുത്. നെറ്റിപ്പട്ടം ചാർത്തി തരൂ, കൊമ്പു കുലുക്കി പാർലമെന്റിൽ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂർ കേശവനായി പാർലമെന്റിൽ ഞാനുണ്ടാകും' സുരേഷ് ഗോപി സദസ്സിനോട് പറഞ്ഞു. പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച സുരേഷ് ഗോപി കേരളത്തിലെ സർക്കാർ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നെന്ന് വിമർശിച്ചു. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'ജൂൺമാസത്തിൽ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വർഷമാകാൻ പോകുന്നു.യുപിയിലേക്ക്, വടക്കോട്ട് നോക്കിയിരിക്കുകയാണ്. ഇവിടെ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണ്' സുരേഷ് ഗോപി പറഞ്ഞു.

'അഭിമന്യൂ, കെവിൻ, ശ്രീജിത്ത് അങ്ങനെ എത്രപേർ. ചോദിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. ചോദിക്കുക. ആവിഷ്‌കാര സ്വാതന്ത്ര്യമല്ല. അവകാശ സ്വാതന്ത്ര്യമാണ്. അടിയന്തരാവസ്ഥ ഒന്നും ഇവിടെ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വല്ലാർപാടം പദ്ധതി ഒരു തെറ്റായ തീരുമാനമായിരുന്നു. ഇതിന് പകരം വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിൽ രണ്ടുവർഷം കൊണ്ട് ഇത് യാഥാർത്ഥ്യമായേനെ' സുരേഷ് ഗോപി കുറ്റപ്പെടുത്തി. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ പറയുന്നതിന് പകരം ജീവനോടെ നിലനിൽക്കാനാണ് മോദി തന്നെ പഠിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. '40- 45 വർഷം രാജ്യം ഭരിച്ചിട്ടും അവസാനഗ്രാമത്തിലും വൈദ്യുതി എത്തിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. മോദി സർക്കാരിന് സാധിച്ചു. ഇത് പ്രജാരാജ്യമാണ്. ഒരോ പ്രജയുടെയും മുറി പരിശോധിച്ചാൽ കാണാം വൈവിധ്യം.' അങ്ങനെ പ്രസംഗത്തിലൂടെയും തഴമ്പുള്ള രാഷ്ട്രീയക്കാരന്റെ വൈഭവം കാട്ടുകയാണ് തൃശൂരിൽ സുരേഷ് ഗോപി. ഇതെല്ലാം എതിരാളികളെ ഭയപ്പെടുത്തുകയാണ്.

അതുകൊണ്ട് തന്നെ സാഹചര്യങ്ങൾ സുരേഷ് ഗോപിക്ക് അനുകൂലമാണെന്ന് ബിജെപി വിലയിരുത്തുന്നു. 2014ൽ 1.38 ലക്ഷമായിരുന്ന വോട്ട്‌നില 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2.05ലക്ഷത്തിലെത്തിയതും സുരേഷ്‌ഗോപിയുടെ സാന്നിദ്ധ്യമടക്കമുള്ള പുതിയ സാഹചര്യങ്ങളുമെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം. മൂന്നരലക്ഷത്തിലേക്കെത്തിച്ച് വിജയമുറപ്പാക്കുമെന്നാണവരുടെ അവകാശവാദം. അതേസമയം, സുരേഷ്‌ഗോപി പിടിക്കുന്ന അധിക വോട്ടുകൾ ആർക്ക് നഷ്ടമുണ്ടാക്കുമെന്നത് ആകാംക്ഷയുണർത്തുന്ന ചോദ്യമാണ്. ശബരിമലയടക്കമുള്ള വിഷയങ്ങളുള്ളതുകൊണ്ടുതന്നെ രണ്ടുപക്ഷത്ത് നിന്നും ചോരാമെന്ന കണക്കുകൂട്ടലുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP