Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

അസംതൃപ്ത നായർസമൂഹത്തെ ആകർഷിക്കാൻ സുരേഷ്‌ഗോപിയെ മുൻനിർത്തി സംവരണ പോരാട്ടത്തിന് ബിജെപി ആലോചന; മോഹൻലാലും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷ; ഗുജറാത്തിലെ പട്ടേൽസമരം മാതൃകയാക്കും; സുകുമാരൻനായർ വിരുദ്ധ നായർസംഘടനകളെ ഏകോപിപ്പിക്കാനും നീക്കം

അസംതൃപ്ത നായർസമൂഹത്തെ ആകർഷിക്കാൻ സുരേഷ്‌ഗോപിയെ മുൻനിർത്തി സംവരണ പോരാട്ടത്തിന് ബിജെപി ആലോചന; മോഹൻലാലും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷ; ഗുജറാത്തിലെ പട്ടേൽസമരം മാതൃകയാക്കും; സുകുമാരൻനായർ വിരുദ്ധ നായർസംഘടനകളെ ഏകോപിപ്പിക്കാനും നീക്കം

തിരുവനന്തപുരം:ബിജെപി എസ്എൻഡിപിയോട് അടുത്തതോടെ മാനസികമായി അകന്ന നായർ സമൂഹത്തെ അണി നിരത്താൻ പാർട്ടി കേന്ദ്രനേതൃത്വം കർമപദ്ധതി തയാറാക്കുന്നു. എസ്എൻഡിപിയെയും വെള്ളാപ്പള്ളിയെയും ആകർഷിച്ചതുപോലെ എൻഎസ് എസിനെയും സുകുമാരൻ നായരെയും പാർട്ടിയോട് അടുപ്പിക്കുക എളുപ്പമല്ലെന്ന് ബോധ്യമായതോടെയാണ് പുതിയ ഓപ്പറേഷൻ ആവിഷ്‌കരിക്കപ്പെടുന്നത്. സമസ്ത നായർസമാജം, ഗ്ലോബൽ എൻഎസ്എസ് തുടങ്ങിയ അസംതൃപ്ത നായർ സംഘങ്ങളെ പാർട്ടി ബന്ധുക്കളാക്കുക എന്നതിനപ്പുറം എൻഎസ്എസുമായി ഗാഢബന്ധം പുലർത്തുന്ന പരമ്പരാഗത നായർ സമൂഹത്തെ പ്രത്യേക കർമപരിപാടികൾ വഴി ആകർഷിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഗുജറാത്തിൽ പട്ടേൽ സംവരണസമരത്തിന് കിട്ടിയ സ്വീകാര്യത മാതൃകയാക്കി നായർസംവരണം എന്ന മുദ്രാവാക്യമാണ് ആദ്യഘട്ടത്തിൽ ഉയർത്തുന്നക. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത്തരത്തിലുള്ള മുദ്രാവാക്യവുമായി നായർസമൂഹത്തിലെ പ്രമുഖരെ മുഖ്യധാരയിൽ അണിനിരത്തും.

ആദ്യഘട്ടത്തിൽ രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബിജെപി പരസ്യമായി ഈ മുദ്രാവാക്യത്തിനൊപ്പം നിൽക്കേണ്ട എന്നതാണ് തീരുമാനം. നായർസമൂഹത്തിന്റെ ആവശ്യം എന്ന നിലയിൽ ബിജെപി ബന്ധുക്കളായ പ്രമുഖരെ കൊണ്ട് ഈ ആവശ്യം ഉന്നയിപ്പിക്കുക. പൊതുആവശ്യം എന്ന നിലയിൽ പിന്തുണ കൊടുക്കുക എന്നതാണ് തന്ത്രം. ഈ ആവശ്യവുമായി സുരേഷ്‌ഗോപിയെ നായകസ്ഥാനത്ത് നിർത്തിയാൽ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്. സുരേഷ്‌ഗോപിക്ക് പിന്നാലെ മോഹൻലാൽ അടക്കമുള്ളവരും ഈ മുദ്രാവക്യത്തിന ഒപ്പം നിന്നേക്കും. നേരത്തെ നായർബാങ്ക് എന്ന ആശയം സുരേഷ്‌ഗോപി മുന്നോട്ട് വച്ചപ്പോൾ മോഹൻലാൽ പൂർണപിന്തുണ നൽകിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. സുരേഷ്‌ഗോപി ഒരുകോടി നായർബാങ്കിൽ ഇട്ടാൽ താൻ രണ്ടുകോടിയിടാമെന്ന് മോഹൻലാൽവാഗ്ദാനം ചെയ്യുമെന്നായിരുന്നുഅവകാശ വാദം. ഈ സാഹചര്യത്തിൽ നായന്മാരുടെ ഉന്നമനം എന്ന ലക്ഷ്യത്തോടെ സംവരണ മുദ്രാവാക്യം ഉയർത്തിയാൽ അതിനെയും മോഹൻലാൽ പിന്തുണച്ചേക്കും എന്നതാണ് അമിത് ഷാ ക്യാമ്പിന്റെ പ്രതീക്ഷ. അങ്ങനെ മോഹൻലാലിനെയും പരോക്ഷമായി ബിജെപിക്കൊപ്പം അണിനിരത്താൻ കഴിയുമെന്ന പ്രതീക്ഷയും അമിത് ഷാ ക്യാമ്പിനുണ്ട്.

Stories you may Like

ബിജെപി കൂറ് നേരത്തെ പ്രഖ്യാപിച്ച സുരേഷ്‌ഗോപി കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഗ്ലോബൽ എൻഎസ്എസ് യോഗത്തിൽ സംവരണത്തിന് വേണ്ടി നിരന്തരം ആവശ്യപ്പെട്ട് പരാജിതരായിക്കൊണ്ടിരിക്കുന്ന നായർസമൂഹത്തിന് വേണ്ടി മുന്നിൽ നിന്ന് പോരാടാൻ താൻ തയാറാണെന്നും പ്രഖ്യാപിച്ചിരുന്നു. നായർബാങ്ക് എന്ന സാമ്പത്തിക സമാഹരണ ആശയത്തിനൊപ്പം സംവരണം എന്ന ആശയം കൂടി സുരേഷ്‌ഗോപി പ്രസംഗത്തിലുടനീളം സൂചിപ്പിക്കപ്പെട്ടത്.

പട്ടേൽമാർ ഗുജറാത്തിൽ നടത്തുന്ന സംവരണ സമരത്തെ പരാമർശിച്ച് കേരളത്തിലെ നായന്മാരും ഒരുപോരാട്ടത്തിന് ഇറങ്ങണമെന്ന് സുരേഷ്‌ഗോപി ആഹ്വാനം ചെയ്യുകയും ചെയ്തു. അത്തരം പോരാട്ടത്തിന് ഇറങ്ങുമ്പോൾ തന്നെ സമ്പന്നരായ നായന്മാർ മറ്റുനായന്മാർക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് പരസ്പര സഹായസംഘമായി പ്രവർത്തിക്കണമെന്ന് കൂടി വിശദീകരിച്ചു. എന്തായാലും പിന്നാക്ക സംവരണം വേണ്ട എന്ന സംഘപരിവാർ ആശയം സുരേഷ്‌ഗോപിയുടെ പ്രസംഗത്തിലുട നീളം ഉണ്ടായിരുന്നു.

എൻഎഫ്ഡിസി ചെയർമാൻസ്ഥാനം വാഗ്ദാനം ചെയ്ത് സുരേഷ്‌ഗോപിയെ ചങ്ങനാശ്ശേരിയിലേക്ക് അയച്ചത് എൻഎസ്എസിനെ ബിജെപി പാളയത്തിലേക്ക് ആകർഷിക്കുന്നതിനായുള്ള നിലമൊരുക്കാനാണ്. എന്നാൽ അരുവിക്കര തെരഞ്ഞെടുപ്പ് ദിനത്തിൽ കാണാൻ എത്തിയ സുരേഷ്‌ഗോപിയെ ഇറക്കിവിട്ട് സുകുമാരൻ നായർ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചടിച്ചു. ജന്മദിനത്തിൽ സുകുമാരൻ നായരെ കാണാൻ പോയി എന്ന വാദമുന്നയിച്ച് തൽക്കാലം രക്ഷപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ പരാജിതനായ സുരേഷ്‌ഗോപിയോട് ബിജെപി ദേശീയ നേതൃത്വത്തിന് പിന്നീട് താൽപര്യമില്ലാതായി. ഈ സഹാചര്യത്തിൽ എസ്എൻഡിപി കൂടി വന്നതോടെ നായർബെൽറ്റിനെ ആകർഷിക്കാനുള്ള വഴികൾ തേടാൻ സുരേഷ്‌ഗോപിയോട് മോദിയുമായി അടുത്ത വൃത്തങ്ങൾ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ബിജെപിയോടുള്ള ആത്മാർത്ഥത തെളിയിച്ചാൽ മാത്രമേ ഇനി എൻഎഫ്ഡിസി ചെയർമാൻ അടക്കമുള്ള സ്ഥാനങ്ങൾക്കായുള്ള വാഗ്ദാനത്തിന്മേൽ അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന.

ആർഎസ്എസ് അനുഭാവികളായ സിനിമാപ്രവർക്കരെയും മറ്റുമേഖലകളിലുള്ള പ്രമുഖരായ സംഘടനാ ബന്ധുക്കളെയും അണിനിരത്തിയാണ് ഇപ്പോൾ ഇത്തരമൊരു ഓപ്പറേഷൻ ബിജെപി ആലോചിക്കുന്നത്. ഡൽഹിയിൽ ചേർന്ന ഗ്ലോബൽ എസ്എസ്എസിന്റെ യോഗത്തിൽ സംസാരിച്ചവരെല്ലാം പെരുന്നയിൽ ഇരിക്കുന്ന സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ചുവെന്ന് മാത്രമല്ല, എൻഎസ്എസ്‌ചെയ്യുന്നതിനപ്പുറത്ത് നായന്മാരുടെ പുരോഗതിക്കായി പദ്ധതികൾ നടപ്പാക്കാനുള്ള ആലോചനകൾ കൂടി നടത്തി. നായർബാങ്ക് എന്ന ആശയം മോഹൻലാലിനെ കൂടി മുൻനിർത്തി സുരേഷ്‌ഗോപി മുന്നോട്ട് വച്ചപ്പോൾ മേജർരവി നായർ സമുദായ വികാരം ആവേശത്തോടെ പ്രസംഗത്തിൽ കലർത്തി.

നായർ എന്നത് രാജ്യത്തിന്റെ ഐഡന്റിറ്റിയാണെന്നും നായർ പോരാട്ടത്തിനിറങ്ങിയാൽ അതിന് പിന്നിൽ ഹിന്ദുക്കളൊന്നാകെയിറങ്ങുമെന്നും അതോടെ ഇന്ത്യക്കാർ മുഴുവനായും അണിനിരക്കുമെന്നും മേജർരവി ആഹ്വാനം ചെയ്തു. ചുരുക്കത്തിൽ ബിജെപിയോട് അടുക്കാത്ത നായർസമൂഹത്തെയൊന്നാകെ ആകർഷിക്കാനുള്ള ശ്രമമാണ് ഇവർ പ്രസംഗത്തിലൂടെയും നടത്തിയത്.

സുരേഷ്‌ഗോപി, മേജർരവി എന്നിവരെ കൂടാതെ, പ്രിയദർശൻ, നിർമ്മാതാവ് സുരേഷ്‌കുമാർ തുടങ്ങിയ പ്രമുഖരെല്ലാം സുകുമാരൻ നായർ വിരുദ്ധ നായർ ഓപ്പറേഷനിൽ മുൻനിരയിലുണ്ട്. ഇക്കാര്യത്തിൽ സജീവമായി നടത്തുന്ന പ്രവർത്തനങ്ങൾവിലയിരുത്തി മാത്രമേ എൻഎഫ്ഡിസി ചെയർമാൻസ്ഥാനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രം എടുക്കുകയുള്ളൂ. പാർട്ടിക്ക ഉപയോഗമില്ലാത്ത സാഹചര്യത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം സുരേഷ്‌ഗോപിക്ക് നൽകുന്നതിൽ എന്ത് കാര്യം എന്നാണ് ടീം മോദിയുമായി ബന്ധപ്പെട്ടവർ തന്നെ ചോദിക്കുന്നത്.

എസ്എൻഡിപിയുമായി സഖ്യം പ്രഖ്യാപിച്ചതോടെ നായർവോട്ടുകൾ അകന്നുപോയി എന്നും എൻഎസ് എസ് എന്ന സംഘടനയെ കൂടെ നിർത്തിക്കൊണ്ടുള്ള ഒരു പരിഹാരം ഉടൻ പ്രായോഗികമല്ലെന്നും അമിത് ഷായ്ക്കും ബോധ്യമായിക്കഴിഞ്ഞു. ഇതോടെയാണ് നായർസമൂഹത്തെ പരോക്ഷമായി ആകർഷിക്കാൻ ഉതകുംവിധത്തിൽ സംവരണം എന്ന ആശയം തന്നെ മുന്നോട്ട് വയ്ക്കാൻ ബിജെപി തയാറാകുന്നത്. എന്നാൽ സജീവമായി ഈ ആശയവുമായി കേരളത്തെ ഒരു സമരവേദിയാക്കാൻ സാധിക്കുമോ എന്നും ഈ ആശയത്തിന ഗുജറാത്തിൽ ലഭിച്ചതുപോലെ സ്വീകാര്യത ലഭിക്കുമോ എന്നുമുള്ള കാര്യം കണ്ട് തന്നെ അറിയണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP