Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുകുമാരൻ നായരും വെള്ളാപ്പള്ളിയും നേർക്കുനേർ; കരുതലോടെ പ്രതികരിച്ച് ബിജെപി; ഹിന്ദും ഐക്യം ചിലരുടെ കള്ളത്തരം ഒളിപ്പിക്കാനെന്ന് എൻഎസ്എസ്; മന്നത്ത് പത്മനാഭനും ആർ ശങ്കറും തമ്മിലുണ്ടായിരുന്ന ഐക്യം കള്ളമായിരുന്നോവെന്ന് വെള്ളാപ്പള്ളി; തദ്ദേശ തെരഞ്ഞെടുപ്പിനിടെ സമുദായ പോരും

സുകുമാരൻ നായരും വെള്ളാപ്പള്ളിയും നേർക്കുനേർ; കരുതലോടെ പ്രതികരിച്ച് ബിജെപി; ഹിന്ദും ഐക്യം ചിലരുടെ കള്ളത്തരം ഒളിപ്പിക്കാനെന്ന് എൻഎസ്എസ്; മന്നത്ത് പത്മനാഭനും ആർ ശങ്കറും തമ്മിലുണ്ടായിരുന്ന ഐക്യം കള്ളമായിരുന്നോവെന്ന് വെള്ളാപ്പള്ളി; തദ്ദേശ തെരഞ്ഞെടുപ്പിനിടെ സമുദായ പോരും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ബിജെപി-എസ്എൻഡിപി കൂട്ടുകെട്ടിനേയും പുതിയ ഹൈന്ദവ പാർട്ടി രൂപീകരണത്തേയും വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇരു കൂട്ടരേയും പേരെടുത്ത് പറയാതെ അതി രൂക്ഷമായ വിമർശനങ്ങളാണ് സുകുമാരൻ നായർ നടത്തിയത്. ചിലരുടെ സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടിയാണ് വിശാല ഹിന്ദു ഐക്യമെന്ന ആശയം പ്രചരിപ്പിക്കുന്നത്. എൻഎസ്എസിനു രാഷ്ട്രീയമില്ലെന്നും സമദൂര നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ നായർ മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ കരയോഗത്തിന്റെ ലേബലിൽ മത്സരിക്കാൻ ആരേയും അനുവദിക്കില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

അതിനിടെ വിശാല ഹിന്ദു ഐക്യത്തിനില്ല എന്നു പറഞ്ഞ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത് വന്നു.. സുകുമാരൻ നായർ കാര്യങ്ങൾ മനസിലാക്കാതെ കാടടച്ച് വെടിവയ്ക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സത്യം മനസിലാക്കുന്‌പോൾ നേരത്തെ പറഞ്ഞത് സുകുമാരൻ നായർക്ക് തിരുത്തേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കള്ളക്കഥകൾ മറച്ചു വയ്ക്കാനാണ് ഹിന്ദു ഐക്യമെന്നാണ് എൻ.എസ്.എസ് പറയുന്നത്. അങ്ങനെ പറയുന്ന സുകുമാരൻ നായർ, ആർശങ്കറും മന്നത്ത് പത്മനാഭനും തമ്മിലുണ്ടായിരുന്ന ഐക്യം കള്ളമാണോയെന്ന് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എന്നാൽ വിവാദത്തോട് കരുതലോടെയായിരുന്നു ബിജെപിയുടെ പ്രതികരണം. എൻഎസ്എസ് ആരേയും പേരെടുത്ത് വിമർശിക്കാത്തിടത്തോളം കാലം പരസ്യവിവാദത്തിനില്ലെന്നായിരുന്നു ബിജെപി വക്താവ് വിവി രാജേഷിന്റെ നിലപാട്.

വിശാല ഹിന്ദു ഐക്യത്തിന്റെ ഭാഗമാകാൻ എൻഎസ്എസിനേയും വെള്ളാപ്പള്ളി ക്ഷണിച്ചിരുന്നു. എന്നാൽ ഈ വിവാദത്തോടെ പരസ്യമായി പ്രതികരിക്കാൻ എൻഎസ്എസ് തയ്യാറായതുമില്ല. അതിനിടെ സുകുമാരൻ നായരെ എതിർക്കുന്ന സമസ്ത നായർ സമാജമെന്ന വിഭാഗം വെള്ളാപ്പള്ളിയ്‌ക്കൊപ്പം സജീവമാവുകയും ചെയ്തു. അതിനിടെ വെള്ളാപ്പള്ളിക്ക് എതിരെ ബെൽ ചിട്‌സും മൈക്രോ ഫിനാൻസും ഉൾപ്പെടെ നിരവധി ആരോപണങ്ങളുമെത്തി. ബിജെപിയിലും രണ്ടഭിപ്രായം ഉണ്ടാവുകയും ചെയ്തു. എൻഎസ്എസുമായുള്ള കൂട്ടാണ് നല്ലതെന്ന അഭിപ്രായമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് സുകുമാരൻ നായർ മനസ്സ് തുറക്കുന്ന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുകളെ ഭയന്നാണ് മിണ്ടാതിരിക്കുന്നതെന്ന വിമർശനങ്ങളെ അപ്രസക്തമാക്കുന്നതാണ് സുകുമാരൻ നായരുടെ പ്രതികരണം.

ഹൈന്ദവ ഐക്യത്തിനു വേണ്ടി ഇപ്പോൾ ചിലർ സംഘടനയുണ്ടാക്കുന്നത് പല കള്ളക്കഥകളും മറച്ചുവെക്കാനാണെന്നും സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടിയാണെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. ഹിന്ദു ഐക്യം ഉണ്ടെങ്കിലേ ഹിന്ദുക്കളുടെ താൽപര്യം സംരക്ഷിക്കാൻ സാധിക്കു എന്നില്ല. ഇപ്പോൾ ചിലർ അതിന് വേണ്ടി നടക്കുന്നതിന്റെ പിന്നിലെ കളി എന്താണന്ന് മനസിലായതുകൊണ്ടാണ് എൻ.എസ്.എസ് അതിൽ പങ്കെടുക്കാത്തത്. വിശാല ഹിന്ദു ഐക്യത്തിൽ പങ്കാളിയായെ പറ്റൂ എന്ന അഭിപ്രായം എൻ.എസ്.എസിനില്ല. എൻ.എസ്.എസിന്റെ അടിസ്ഥാന തത്വങ്ങൾ അതിനനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന്റെ വിജയദശമി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ നാളിന് ശേഷമാണ് രാഷ്ട്രീയം പറഞ്ഞ് പൊതുവേദിയിൽ സുകുമാരൻ നായർ എത്തുന്നത്.

വിശാല ഹിന്ദു ഐക്യത്തിന് പിന്നിൽ സ്ഥാപിത താൽപ്പര്യമാണ്. ഹിന്ദു ഐക്യത്തിൽ ചേർന്നാൽ കുഴപ്പമുണ്ടെന്നും അതുകൊണ്ടാണ് എൻഎസ്എസ് സഹകരിക്കാത്തതെന്നും സുകുമാരൻ നായർ വിശദീകരിച്ചു. ഹിന്ദു ഐക്യത്തിന് എൻ.എസ്.എസ് എതിരാണന്നാണ് ആരോപണം. ഹൈന്ദവന്റെ പൊതു താൽപര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. ഇതൊക്കെ വളരെ മോഹന സുന്ദരമായി പറയാൻ മാത്രമെ പറ്റുകയുള്ളുവെന്നും ഒരു ഹിന്ദു സംഘടനയുണ്ടാക്കി അതിൽ പ്രവർത്തിക്കാൻ എൻ.എസ്.എസ് നയം അനുവദിക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. മതേതരമായ എൻ.എസ്.എസ് ഒരു ഹിന്ദു വകഭേദമാണ്. ഹിന്ദുക്കളുടെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടി എൻ.എസ്.എസ് എല്ലായ്‌പ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു.

എൻ.എസ്.എസ് ശക്തരായത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കൊപ്പം ചേർന്നിട്ടല്ല. എന്നാൽ എൻ.എസ്.എസിന് രാഷ്ട്രീയ നിലപാടുകളുണ്ട്. മതേതരത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയാണ് എൻ.എസ്.എസ് എന്നും നിലകൊണ്ടത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് എൻ.എസ്.എസിന് മമതയില്ല. ഒരു മതത്തോടും എൻ.എസ്.എസിന് എതിർപ്പില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകാൻ എൻ.എസ്.എസ് ഒരിക്കലും തയ്യാറല്ല. പണ്ടൊരിക്കൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി നോക്കിയതാണ്. ഇനി അതിനില്ല. നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും എൻ.എഎസ്.എസ് സമദൂരം പാലിക്കും. വിവിധ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ എൻ.എസ്.എസിലുണ്ട്. അവർക്കാർക്കും മത്സരിക്കുന്നതിന് വിലക്കില്ല. എന്നാൽ എൻ.എസ്.എസ് എന്ന ലേബൽ ഉപയോഗിക്കാൻ പാടില്ല. അദ്ദേഹം വ്യക്തമാക്കി.

എൻ.എസ്.എസ് നിലകൊണ്ടത് മതേതരത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയാണ്. എൻ.എസ്.എസിന്റെ സംഭവനകൾ മറക്കരുത്. ഒരു സമുദായത്തോടോ രാഷ്ട്രീയത്തോടോ ചേർന്നല്ല എൻ.എസ്.എസ് ശക്തി പ്രാപിച്ചത്. എല്ലാക്കാലത്തും സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കുക എന്നത് എൻ.എസ്.എസിന്റെ നയമാണ്. ഒരു പാർട്ടിക്കും എൻ.എസ്.എസ് എതിരല്ല. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. പക്ഷ രാഷ്ട്രീയ നിലപാടുകളുണ്ട്. വിവിധ സർക്കാരുകളെക്കൊണ്ട് എൻ.എസ്.എസിന്റെ നിലപാടുകൾ അംഗീകരിപ്പിക്കാൻ എൻ.എസ്.എസിന് സാധിച്ചിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

സംവരണ പ്രശ്‌നത്തിൽ മാത്രമെ ഇതുവരെ പരിഹാരമുണ്ടാതിരുന്നിട്ടുള്ളു. സംവരണ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്രസർക്കാരിന് മുന്നിൽ എൻ.എസ്.എസ് ഇക്കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സംവരണ പ്രശ്‌നത്തിൽ എൻ.എസ്.എസ് നിലപാടിൽ മാറ്റമില്ല. സംവരണ സംവരണേതര സമുദായങ്ങളിലെ പാവങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ ഇന്നത്തെ വികലമായ സംവരണ നയം പൊളിച്ചെഴുതിയേ പറ്റൂ എന്നാണ് എൻ.എസ്.എസ് നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP