Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്രത്തിൽ ആദ്യമായി എൻ എസ് എസ് നേതൃത്വത്തിന് സ്വാധീനം രൂപപ്പെടുമ്പോൾ എങ്ങനെ മുതലാക്കാൻ സാധിക്കുമെന്ന് തലപുകഞ്ഞ് ബിജെപി; പരസ്യ പിന്തുണ ഇല്ലെന്നറിയിച്ചെങ്കിലും തിരുവനന്തപുരത്തിന്റെ കാര്യത്തിൽ പുനർവിചന്തനത്തിന് വഴി തുറന്ന് സുകുമാരൻ നായർ; പിന്തുണ ഉറപ്പിക്കാൻ കോൺഗ്രസും; എൻ എസ് എസ് സ്വാധീനം അളക്കാൻ സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി സിപിഎം; ബ്രാൻഡ് വാല്യൂ ഉയർന്ന എൻ എസ് എസിന്റേയും സുകുരമാൻ നായരുടേയും പിന്നാലെ വട്ടം കൂടി എല്ലാ പാർട്ടികളും

ചരിത്രത്തിൽ ആദ്യമായി എൻ എസ് എസ് നേതൃത്വത്തിന് സ്വാധീനം രൂപപ്പെടുമ്പോൾ എങ്ങനെ മുതലാക്കാൻ സാധിക്കുമെന്ന് തലപുകഞ്ഞ് ബിജെപി; പരസ്യ പിന്തുണ ഇല്ലെന്നറിയിച്ചെങ്കിലും തിരുവനന്തപുരത്തിന്റെ കാര്യത്തിൽ പുനർവിചന്തനത്തിന് വഴി തുറന്ന് സുകുമാരൻ നായർ; പിന്തുണ ഉറപ്പിക്കാൻ കോൺഗ്രസും; എൻ എസ് എസ് സ്വാധീനം അളക്കാൻ സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി സിപിഎം; ബ്രാൻഡ് വാല്യൂ ഉയർന്ന എൻ എസ് എസിന്റേയും സുകുരമാൻ നായരുടേയും പിന്നാലെ വട്ടം കൂടി എല്ലാ പാർട്ടികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2000 ഡിസംബർ അവസാനം അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയ് കുമരകത്ത് എത്തിയത് എൻ എസ് എസിന്റെ മനസ്സ് ബിജെപിക്ക് അനുകൂലമാക്കാനായിരുന്നു. എന്നാൽ അന്നത്തെ എൻ എസ് എസ് ജനറൽ സെക്രട്ടറി പി കെ നാരായണപ്പണിക്കർ അതിന് സമ്മതം മൂളിയില്ല. വാജ്പേയി ഒരാഴ്ചക്കാലം കുമരകത്ത് വിശ്രമിച്ച് ഡൽഹിക്ക് മടങ്ങി. എൻ എസ് എസിന്റെ പ്രസിദ്ധമായ സമദൂരസിദ്ധാന്തം പുതിയ തലത്തിലേക്ക് എത്തിച്ചത് ഈ സംഭവമായിരുന്നു. എന്നാൽ ശബരിമലയിലെ യുവതി പ്രവേശന വിധി എല്ലാം മാറ്റി മറിച്ചു. നാരായണ പണിക്കരുടെ പിൻഗാമിയായ ജി സുകുമാരൻ നായർ ശബരിമലയിൽ പ്രക്ഷോഭത്തിന് സമുദായാംഗങ്ങളോട് ആഹ്വാനം ചെയ്തു. അത് ഏറ്റെടുത്ത് സമുദായ അംഗങ്ങൾ തെരുവിലെത്തിയപ്പോൾ എൻ എസ് എസിന് പുതിയ കരുത്തും ആവേശവും കിട്ടി. മീശ നോവൽ നിരോധനത്തിലൂടെ മാതൃഭൂമിയെ പോലും വിറപ്പിച്ച സുകുമാരൻ നായർ ശബരിമല പ്രക്ഷോഭത്തിലൂടെ കൂടുതൽ കരുത്തനായി. സമുദായ അംഗങ്ങൾ കുറ്റം പറഞ്ഞിരുന്ന നേതാവ് ഏവരും അംഗീകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് മാറി. മുമ്പൊരിക്കലും എൻ എസ് എസിന് തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താനായിരുന്നില്ല. സമുദായ അംഗങ്ങളും നേതൃത്വവും തമ്മിലെ അകലമായിരുന്നു ഇതിന് കാരണം. എന്നാൽ ശബരിമലയോടെ കാര്യങ്ങൾ മാറി. സുകുമാരൻ നായർ പറയുന്നിടത്ത് വോട്ട് ചെയ്യാൻ സമൂദായ അംഗങ്ങൾ തയ്യാറാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും സിപിഎമ്മും സുകുമാരൻ നായരുടെ മനസ്സ് അനുകൂലമാക്കാൻ ഏങ്ങനേയും ശ്രമിക്കുന്നത്.

ശബരിമലയിലെ വിധിയിലൂടെ ഏറ്റവും അധികം ബ്രാൻഡ് വാല്യു ഉയർന്നത് എൻ എസ് എസിന്റേതാണ്. എസ് എൻ ഡി പിക്കും വെള്ളാപ്പള്ളി നടേശനും കൃത്യമായ നിലപാട് എടുക്കാനായില്ല. പിണറായി സർക്കാരിന്റെ നവോത്ഥാന മതിലിനെ വെള്ളാപ്പള്ളി പിന്തുണച്ചു. എന്നാൽ ശബരിമലയിൽ യുവതികളെ കയറ്റുന്നതിനെ എതിർക്കുകയും ചെയ്തു. എന്നാൽ നവോത്ഥാന മതിലിന് പിന്നാലെ പിണറായി സർക്കാർ യുവതികളെ സന്നിധാനത്ത് എത്തിച്ചു. അപ്പോഴും രണ്ട് നിലപാടാണ് വെള്ളാപ്പള്ളി എടുത്തത്. ഭക്തർക്കൊപ്പം നിന്ന സുകുമാരൻ നായരെ പരിഹസിക്കുകയും ചെയ്തു. എസ് എൻ ഡി പിയുടെ രാഷ്ട്രീയ സംവിധാനമായ ബിഡിജെഎസിനും ശബരിമലയിൽ അടിതെറ്റി. ഒറ്റ നിലപാടുമായി നിന്ന സുകുമാരൻ നായർ നേതാവായി മാറുകയും ചെയ്തു. ഇത് എൻ എസ് എസ് അണികളിലും പ്രതിഫലമുണ്ടാക്കി. രാഷ്ട്രീയമായി ഒരുമിക്കേണ്ടതിന്റെ ആവശ്യം എൻ എസ് എസ് സമുദായ അംഗങ്ങളെ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് സുകുമാരൻ നായരുടെ മനസ്സ് പിടിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. കോൺഗ്രസും ബിജെപിയും ഇതിനായി മത്സരിക്കുമ്പോൾ നിശബ്ദതയിലൂടെ എല്ലാം അനുകൂലമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എൻ എസ് എസിന്റെ സ്വാധീനം അറിയാൻ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ശ്രമിക്കുന്നതും ഭരണകക്ഷിയെ നയിക്കുന്ന സിപിഎമ്മിന് വേണ്ടിയാണ്.

ശബരിമല വിഷയത്തിൽ സർക്കാരുമായി ഇടഞ്ഞ എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള വഴി കണ്ടെത്താൻ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനം. ഇടതുമുന്നണിയെ ബാധിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാനുള്ള വിഷയങ്ങളുടെ കൂട്ടത്തിലാണ് എൻ.എസ്.എസും ഉള്ളത്. എൻ.എസ്.എസിന് നായർ വോട്ടുകളിൽ എത്രത്തോളം സ്വാധീനം ഉണ്ടെന്ന് കണ്ടെത്തണം. നല്ല സ്വാധീനമുണ്ടെങ്കിൽ അത് ഇടതുമുന്നണിക്ക് അനുകൂലമാക്കാൻ എന്തുതന്ത്രം സ്വീകരിക്കണം, ഓരോ പ്രദേശത്തും എൻ.എസ്.എസിന്റെ ഏതൊക്കെ നേതാക്കൾക്കാണ് സ്വാധീനം, ഇവരിൽ ആരെയൊക്കെ സ്വാധീനിക്കാൻ കഴിയും, എൻ.എസ്.എസിന്റെ വനിതാസമാജം നേതാക്കളിൽ ആരെയൊക്കെ സ്വാധീനിക്കാനാവും, പ്രാദേശിക എൻ.എസ്.എസ്. നേതാക്കളെ സ്വാധീനിക്കുന്നതിലൂടെ ഇടതുമുന്നണിക്ക് വോട്ടുകൾ വർധിപ്പിക്കാൻ കഴിയുമോ തുടങ്ങിയവയാണ് അന്വേഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമുള്ള വിവരങ്ങളാണ് എത്രയും വേഗം രഹസ്യാന്വേഷണ വിഭാഗം സമർപ്പിക്കേണ്ടത്. ബിജെപിയുമായി എൻ എസ് എസ് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇതെല്ലാം. കെസി വേണുഗോപാൽ കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയായതോടെ യുഡിഎഫും പ്രതീക്ഷയിലാണ്. സുകുമാരൻ നായരുടെ അതിവിശ്വസ്തനായ വേണുഗോപാൽ എൻ എസ് എസ് വോട്ടുകൾ കോൺഗ്രസിലെത്തിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

ബിജെപിയോടും ആർ എസ് എസിനോടും എൻ എസ് എസ് നേതൃത്വത്തിന് ഒരു അകലം ഏക്കാലത്തുമുണ്ടായിരുന്നു. ആർഎസ്എസ് തങ്ങളെ വിഴുങ്ങിയാലോ എന്നാവാം ഭയം. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി ബന്ധങ്ങളിൽ മാറ്റം വരുത്തി. വിധിക്കെതിരെ നാമജപഘോഷയാത്രയുമായി എൻ എസ് എസ് തെരുവിലിറങ്ങിയപ്പോൾ അതിലെ സുവർണാവസരം ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള കണ്ടു. പരിവാറുകാരുടെ പ്രതിഷേധത്തിനും എൻ എസ് എസുകാരെത്തി. അയ്യപ്പ ജ്യോതിയിലും അയ്യപ്പ സംഗമത്തിലും ആയിരങ്ങളെയാണ് എൻ എസ് എസ് എത്തിച്ചത്. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൻ എസ് എസ് സഹായം ബിജെപിയും പരിവാറും പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം ലോക്‌സഭയിൽ ജയിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ഇവിടെ ജയം നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് എൻ എസ് എസ്. അതുകൊണ്ട് തന്നെ തിരുവനന്തുപരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കി എൻ എസ് എസ് വോട്ടുകൾ അനുകൂലമാക്കാനാണ് ബിജെപിയുടെ ശ്രമം. ശബരിമല സമരനായകനെന്ന മിസോറാം ഗവർണ്ണറുടെ പ്രതിച്ഛായയാകും ബിജെപി ഇതിനായി ഉപയോഗിക്കുക. ലക്ഷ്യം എൻ എസ് എസ് വോട്ടുകളാണ്. പക്ഷേ സുകുമാരൻ നായർ കുമ്മനത്തെ അനുകൂലിച്ച് എത്തേണ്ടതു മുണ്ട്. ഇത് അത്ര എളുപ്പമാകില്ലെന്ന് ബിജെപിക്കും അറിയാം.

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശശി തരൂർ ബിജെപിയുടെ മനക്കോട്ട തിരുവനന്തപുരത്ത് തകർത്തുടച്ചുകളഞ്ഞു. 3,26,725 വോട്ടു നേടിയ തരൂർ ഒരുലക്ഷം വോട്ടിനാണ് സിപിഐ നേതാവ് പി. രാമചന്ദ്രൻ നായരെ തോൽപ്പിച്ചത്. ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് 84,084 വോട്ടുമായി മൂന്നാം സ്ഥാനത്തുമെത്തി. 2014 ലാവട്ടെ, ശശി തരൂരിന്റെ ഭൂരിപക്ഷം 15,000 വോട്ടായി കുറഞ്ഞു. ബിജെപി സ്ഥാനാർത്ഥി ഒ. രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. സിപിഐയിലെ ഡോ. ബെന്നറ്റ് ഏബ്രഹാം മൂന്നാം സ്ഥാനത്തും. തരൂരിന് 2,97,806 വോട്ടും രാജഗോപാലിന് 2,82,336 വോട്ടും ബെന്നറ്റ് ഏബ്രഹാമിന് 2,48,941 വോട്ടും കിട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ നേമത്തുനിന്നു വിജയിക്കുകയും ചെയ്തു.ബിജെപിക്ക് വലിയ വിജയ പ്രതീക്ഷ നൽകുന്ന മണ്ഡലം തന്നെയാണ് തിരുവനന്തപുരം. 2014ലെ 15000 എന്ന ഭൂരിപക്ഷം മറികടക്കാൻ എൻ എസ് എസിന്റെ പിന്തുണ നിർണ്ണായകമാണ്. സുകുമാരൻ നായർ മനസ്സ് വച്ചാൽ വിജയിക്കാമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.

പെരുന്നയിൽനിന്നുള്ള രാഷ്ട്രീയസൂചനകൾ വിരൽചൂണ്ടുന്നത് ബിജെപിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തൽ. പൊതുവായ ഒരു രാഷ്ട്രീയ പിന്തുണ തരാനാവില്ലെന്ന് എൻ എസ് എസ് നേതൃത്വം ബിജെപിയോടു പറയും. പകരം ഒന്നോ രണ്ടോ സീറ്റുകൾ നിർദ്ദേശിക്കാൻ എൻ എസ് എസ് ആവശ്യപ്പെടും. അവിടെ ബിജെപി സ്ഥാനാർത്ഥിക്കുവേണ്ടി എൻ എസ് എസ് ശ്രദ്ധ കേന്ദ്രീകരിക്കും. മറ്റ് മണ്ഡലങ്ങളിൽ ശബരിമലയിൽ വിശ്വാസികളെ ഹനിച്ച പിണറായി സർക്കാരിനെതിരേയും പ്രയോഗിക്കും. അതായത് തിരുവനന്തപുരത്ത് ബിജെപിയെ എൻ എസ് എസ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. കൃത്യമായ ലക്ഷ്യംവെച്ച് ഒന്നോ രണ്ടോ മണ്ഡലത്തിൽ ബിജെപിക്ക് കൃത്യമായ പിന്തുണ കൊടുത്താൽ ഒന്നിലെങ്കിലും ഫലം കാണാമെന്നാണ് മനക്കണക്ക്. ഒരു സീറ്റിലെങ്കിലും ബിജെപി സ്ഥാനാർത്ഥി ജയിച്ചാൽ മുഴുവൻ ക്രെഡിറ്റും എൻ എസ് എസിനു കിട്ടുകയും ചെയ്യും. ഇതിനാണ് നീക്കമെന്നാണ് വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് ബിജെപി മനസ്സിൽ മോഹങ്ങൾ നെയ്യുന്നതും. തിരുവനന്തപുരം ഒഴികെയുള്ള എല്ലായിടത്തും കോൺഗ്രസും സഹായം പ്രതീക്ഷിക്കുന്നു. സർവ്വേ നടത്തുന്നുണ്ടെങ്കിലും ശബരിമലയിലെ വാദിപ്രതിവാദങ്ങളോട് സിപിഎമ്മുമായി എൻ എസ് എസ് ഏറെ അകന്നു കഴിഞ്ഞു. അതിനാൽ സിപിഎമ്മിന് സുകുമാരൻ നായർക്ക് താൽപ്പര്യമുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തിയാൽ മാത്രമേ എൻ എസ് എസ് പിന്തുണ കിട്ടൂവെന്ന അവസ്ഥയാണുള്ളത്. ഇതിനും സിപിഎം ശ്രമിക്കും. കോട്ടയത്തും കൊല്ലത്തും എൻ എസ് എസ് പിന്തുണയുള്ളവരെയാകും മത്സരിപ്പിക്കുക.

നാരായണ പണിക്കരിൽ നിന്ന് സമുദായത്തിന്റെ നേതൃത്വം സുകുമാരൻ നായർ ഏറ്റെടുക്കുമ്പോൾ വിവാദ പുരുഷനായിരുന്നു സുകുമാരൻ നായർ. സമുദായ അംഗങ്ങൾ തന്നെ പലവിധ സംശയങ്ങൾ ഉയർത്തി. അദ്ദേഹത്തിന്റെ അർഹത പോലും ചോദ്യം ചെയ്തു. സർക്കാരുകളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന വെള്ളാപ്പള്ളി നടേശനുമായി സുകുമാരൻ നായരെ താരതമ്യം ചെയ്തു. അപ്പോഴും സമുദായത്തിലെ നേതൃപിന്തുണയുടെ മികവിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിയായി സുകുമാരൻ നായർ മുമ്പോട്ട് പോയി. എന്നാൽ ശബരിമല വിഷയത്തിലൂടെ എൻ എസ് എസിന്റെ യഥാർത്ഥ നേതാവായി സുകുമാരൻ നായരും മാറുകയായിരുന്നു. ആചാര വിഷയങ്ങളിൽ ഭക്തർക്കൊപ്പം നിൽക്കുന്ന സുകുമാരൻ നായർ ചതിച്ചവർക്ക് പണി കൊടുക്കാനുള്ള തന്ത്രമൊരുക്കയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരായ വികാരം ആളിക്കത്തിക്കാനാണ് എൻ എസ് എസ് നീക്കംമെന്നാണ് വിലയിരുത്തൽ. വിശ്വാസികളെ ഒപ്പം നിർത്തിയാണ് എൻ എസ് എസിന്റെ നേതാവായുള്ള സുകുമാരൻ നായരുടെ മാറ്റം. മാതൃഭൂമിയിൽ മീശ നോവലിൽ ഹിന്ദു വിരുദ്ധ പരാമർശങ്ങളുണ്ടായപ്പോഴാണ് അതിശക്തായ ഇടപെടൽ സുകുമാരൻ നായർ നടത്തിയത്. മാതൃഭൂമിയെ പോലും ഞെട്ടിക്കുന്ന തരത്തിൽ പത്രം ബഹിഷ്‌കരിക്കാൻ സുകുമാരൻ നായർ ആഹ്വാനം ചെയ്തു. ഇതിനെ മാതൃഭൂമി പോലും കാര്യമായെടുത്തില്ല. എന്നാൽ കരയോഗത്തിലൂടെ നായർ സ്ത്രീകളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി മീശയ്ക്കെതിരായ വികാരം കത്തിച്ചു. വലിയ നഷ്ടമാണ് മാതൃഭൂമിക്കുണ്ടായത്. വലിയ തോതിൽ സർക്കുലേഷൻ കുറഞ്ഞു. ഭീമ പോലും പരസ്യം നൽകൽ നിർത്തി. ഇതോടെയാണ് സുകുമാരൻ നായർ സ്വാധീന ശേഷിയുള്ള സമുദായ നേതാവായി മാറിയത് കേരള രാഷ്ട്രീയം തിരിച്ചറിഞ്ഞത്. ശബരിമലയിൽ പ്രക്ഷോഭത്തിന് കാരണവും സുകുമാരൻ നായരുടെ നിലപാടായിരുന്നു.

ശബരിമല യുവതി പ്രവേശനത്തെ ആർ എസ് എസും ബിജെപിയും കോൺഗ്രസും തുടക്കത്തിൽ അനുകൂലിച്ചു. എന്നാൽ പ്രതിഷേധത്തിനള്ള എൻ എസ് എസിന്റേയും പന്തളം കൊട്ടാരത്തിന്റേയും ആവശ്യം ഭക്തർ ഏറ്റെടുത്തു. നാമജപ പ്രതിഷേധം ആളിക്കത്തി. ഇതോടെയാണ് ആർഎസ്എസ് നിലപാട് മാറ്റിയത്. ബിജെപി പ്രത്യക്ഷ സമരത്തിനും ഇറങ്ങി. ഇതോടെ എൻ എസ് എസും പരിവാറും അടുക്കുകയും ചെയ്തു. അയ്യപ്പജ്യോതിയിലും അയ്യപ്പ ഭക്ത സംഗമത്തിലും ആളുകൾ ഒഴുകിയെത്തി. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് സുകുമാരൻ നായരുടെ പിന്തുണയായിരുന്നു. ഇത് തിരുവനന്തപുരത്ത് വോട്ടായി മാറുമെന്ന് പ്രതീക്ഷയിലാണ് ബിജെപി. കേരളത്തിൽ ഉടനീളം വോട്ട് ഉയർത്താൻ സാഹചര്യമൊരുക്കുമെന്നും വിലയിരുത്തി. എന്നാൽ തിരുവനന്തപുരത്തിന് പുറത്ത് ബിജെപിക്ക് വലിയ തോതിൽ വോട്ടുയർന്നാൽ അത് സിപിഎമ്മിന് വിജയമൊരുക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് ബിജെപിക്ക് വിജയ സാധ്യതയില്ലാത്ത തിരുവനന്തപുരത്തിന് പുറത്ത് കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് എൻ എസ് എസ് ആലോചന നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രൂക്ഷ വിമർശനത്തിന് അതേ നാണയത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തിരിച്ചടി നൽകിയതോടെ ഇഴ ചേരാനാവാത്ത വിധം അകൽച്ച പ്രകടമായി. നേതൃത്വം പറയുന്നത് അണികൾ കേൾക്കില്ലെന്ന് സുകുമാരൻ നായരെ കുത്തി ഇടതു മുന്നണി കൺവീനർ ഏ.വിജയരാഘവൻ പറഞ്ഞത് ഇടതുമുന്നണിയോട് എൻ.എസ്.എസ് തിരിഞ്ഞതിന്റെ സാക്ഷ്യപത്രവുമായി.

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ആദ്യാവസാനം ഉറച്ചു നിന്നത് ബിജെപി അനുകൂല നിലപാടായി വ്യാഖ്യാനിക്കുമ്പോഴും എൻ.എസ്.എസിന് ഏറെ താത്പര്യമുള്ള കെ.സി.വേണുഗോപാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ എത്തിയത് നിർണ്ണായകമായി. സമദൂരം ഉപേക്ഷിച്ചെന്ന് മനസിലാക്കിയാണ് നിഴൽ യുദ്ധം നടത്താതെ രാഷ്ടീയ നിലപാട് വ്യക്തമാക്കണമെന്ന കോടിയേരിയുടെ പ്രസ്താവന. ഇതിനോട് സുകുമാരൻ നായർ പ്രതികരിച്ചില്ല. എന്നാൽ തെരഞ്ഞെടുപ്പിൽ എല്ലാം മനസ്സിലാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP