Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫിലെ അത്ഭുതക്കുട്ടിയായി വി കെ ശ്രീകണ്ഠൻ! എവിടെ തോറ്റാലും പാലക്കാട് തോൽക്കില്ലെന്ന് അവകാശപ്പെട്ട ഇടതു കോട്ടയെ ഇടിച്ചുനിരത്തി കോൺഗ്രസിന്റെ പോരാളി; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റ് നേതാക്കൾ സജീവമാകാതിരുന്നിട്ടും ഒറ്റക്ക് പൊരുതി നേടിയ മിടുമിടുക്കൻ; ശ്രീകണ്ഠൻ ജനമനസ്സിലേക്ക് ഇറങ്ങിയത് കർഷക രോഷത്തെ ആയുധമാക്കിയും മരിച്ച വ്യാവസായിക പാർക്കുകളെ വീണ്ടെടുത്തും; സി.പിഎമ്മിന്റെ വിപ്ലവസിംഹം എം.വി രാജേഷിനെ കണ്ടംവഴി ഓടിച്ച വി.കെയാണ് താരം

യുഡിഎഫിലെ അത്ഭുതക്കുട്ടിയായി വി കെ ശ്രീകണ്ഠൻ! എവിടെ തോറ്റാലും പാലക്കാട് തോൽക്കില്ലെന്ന് അവകാശപ്പെട്ട ഇടതു കോട്ടയെ ഇടിച്ചുനിരത്തി കോൺഗ്രസിന്റെ പോരാളി; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റ് നേതാക്കൾ സജീവമാകാതിരുന്നിട്ടും ഒറ്റക്ക് പൊരുതി നേടിയ മിടുമിടുക്കൻ; ശ്രീകണ്ഠൻ ജനമനസ്സിലേക്ക് ഇറങ്ങിയത് കർഷക രോഷത്തെ ആയുധമാക്കിയും മരിച്ച വ്യാവസായിക പാർക്കുകളെ വീണ്ടെടുത്തും; സി.പിഎമ്മിന്റെ വിപ്ലവസിംഹം എം.വി രാജേഷിനെ കണ്ടംവഴി ഓടിച്ച വി.കെയാണ് താരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ എവിടയൊക്കെ സിപിഐ.എം പരാജയപ്പെട്ടാലും സുനിശ്ചിത വിജയം അവകാശപ്പട്ട മണ്ണാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎമ്മിന്റെ ഉരുക്ക്‌കോട്ടയായ പാലക്കാടൻ മണ്ണിൽ വിപ്ലവ പാർട്ടിയുടെ യുവ പോരാളി എം.ബി രാജേഷിനെ കളത്തിലിറക്കിയപ്പോൾ ചില്ലറയൊന്നുമല്ലായിരുന്നു പാർട്ടിയുടെ ആത്മവിശ്വാസം. എം.ബി രാജേഷ് എന്ന മികച്ച് പ്രാസംഗികനെ, മികച്ച നിയമസഭാ സാമാജികനെ മൂന്നാംതവണയും കളത്തിലറങ്ങിയപ്പോൾ ഒട്ടും നിരാശയോ പാരാജയഭീതിയോ എൽ.ഡി.എഫ് കോട്ടയിലുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ പാലക്കാട്ട് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയും ഉണ്ടായിരുന്നു. ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചില നേതാക്കൾ സജീവമായില്ല, ഫണ്ട് ഉണ്ടായിരുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നതോടെ എം ബ രാജേഷിന്റെ വിജയം അനായാസമാണെന്ന സൂചന ലഭിച്ചു. എല്ലാ എക്സിറ്റ്പോളുകളും പ്രവചിച്ചത് രാജേഷിന്റെ വിജയമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നയോടെ സിപിഎം കണ്ണുതണ്ണിയിരിക്കയാണ്.

ഇന്ന് പോളിങ് ബൂത്തിൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ പാർട്ടിയുടെ ഈ ആത്മവിശ്വാസം എല്ലാം കെട്ടടങ്ങിയിരിക്കുകയാണ്. എകെ.ജി മുതൽ നായനാർ വരെ ചെങ്കൊടി പാറിച്ച പാലക്കാട് നിറഞ്ഞ പുഞ്ചിരി ആയുധവും വികസനം ആശയവുമാക്കിയാണ് വി.കെ ശ്രീകണ്ഠൻ എന്ന കോൺഗ്രസ് പോരാളി വോട്ടുപിടിക്കാനിറങ്ങിയത്. അദ്ദേഹത്തിന്റെ ആ ചുവടുവയ്‌പ്പിന് പോളിങ് ബൂത്തിൽ പ്രതിഫലനവും ഉണ്ടായിരിക്കുന്നു.

പാലക്കാട് ഡി.സി.സിയുടെ അമരക്കാരാനായി ഇരിക്കുമ്പോഴാണ് ഈ അപ്രതീക്ഷിത ഭാഗ്യം വി.കെയിലേക്ക് കടന്നെത്തുന്നത്. 57 മുതൽ 2014 വരെ നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മൂന്ന് തവണ മാത്രമാണ് യു.ഡി.എഫിന് പാലക്കാടൻ മണ്ണിൽ അട്ടിമറി വിജയം ഉറപ്പിക്കാൻ സാധിച്ചത്. അടുപ്പിച്ച് രണ്ട് തവണ മൃഗീയഭൂരിപക്ഷം കിട്ടിയ ആത്മവിശ്വസത്തിലാണ് എം.ബി രാജേഷും ഇടത് ചേരിയും പ്രചരണ പ്രവർത്തനങ്ങൾ നടത്തിയത് എങ്കിലും വികസനം ഏശാത്ത പാലക്കാടിന് വി.കെ മുന്നോട്ട് വെച്ചത് പാലക്കാടിന്റെ വാ്യാവസായിക വിപ്ലവമായിരുന്നു. 67ൽ ഇ.കെ നയനാരും 71ൽ എ കെ ഗോപാലനും പിന്നീട് നാലു തവണ എൻ.എൻ കൃഷ്ണദാസും വിജയിച്ച് കയറിയ പാലക്കാടൻ മണ്ണിൽ മൂന്നാം തവണയാണ് എം ബി രാജേഷ് അങ്കത്തിനൊരുങ്ങിയത്.

15 സ്ഥാനാർത്ഥികൾ കളത്തിൽ അരയും തലയും മുറുക്കി ഇറങ്ങിയ അങ്കത്തിൽ സി.പിഎം എന്ന് അഭിപ്രായ സർവേഫലങ്ങൾ പോലും ആവർത്തിച്ച് പറഞ്ഞപ്പോൾ ഈ സർവേ കളെ തള്ളിയാണ് വി.കെ ശ്രീകണ്ഠന്റെ കുതിപ്പ് തുടരുന്നത്. 137402 വോട്ട് സിറ്റിങ് എംപി കൂടിയായ എം.ബി രാജേഷ് നേടിയപ്പോൾ ഇദ്ദേഹത്തേക്കാൾ 29,378 വോട്ടിന്റെ ലീഡിൽ 166780 വോട്ടുകളുമായിട്ടാണ് വി.കെ ശ്രീകണ്ഠൻ കുതിപ്പ് തുടരുന്നത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറും ഏഴായിരത്ത്ിന് മുകളിൽ വോട്ടുകൾ പിടിച്ച് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണ ബിജെപി ഏകദേശം വിജയ പ്രതീക്ഷ ഉറപ്പിച്ച മണ്ഡലമായ പാലക്കാട് ഇത്തവണ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടാൻ കാരണമെന്നതും വി.കെ ശ്രീകണ്ഠൻ എന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വ്യക്തി പ്രഭാവം തന്നെയാണ്.

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക ഉയർന്നു കണ്ടപ്പോൾ മുതൽ ഷാഫി പറമ്പിലിന്റെ മുഖമായിരുന്നു പാലക്കാട് കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നത്. എന്നാൽ അവസാന നിമിഷമാണ് സീറ്റ് വി.കെ ശ്രീകണ്ഠനിലേക്ക് അടുത്തെത്തിയത്. പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും കെപിസിസി സെക്രട്ടറിയുമായ വികെ ശ്രീകണ്ഠൻ മികവ് കാട്ടിയത് പ്രചരണ തന്ത്രത്തിലായിരുന്നു. പാലക്കാടൻ കർഷകരുടെ പ്രശഅനങ്ങളിലേക്ക് വിരൽ ചൂണ്ടിയും പാലക്കാട്ടെ മാസലബാർ സിമന്റ് ഉൾപ്പടെയുള്ള വ്യാവസായിക ഗ്രാമഘങ്ങളിലേക്ക് കടന്നെത്തി അവരുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞുമായിരുന്നു വി.കെയുടെ ചുവടുവയ്‌പ്പ്. ഇതോടെ ഇടത് പാളയത്തിൽ പ്രചരണസമയം മുതലെ ചെറിയ ആശങ്കയും രൂപപ്പെട്ടിരുന്നു.

അസാധാരണ വ്യക്തിപ്രഭാവവും പ്രവർത്തനമികവും തന്നെയാണ് വി.കെ ശ്രീകണ്ഠനെന്ന സ്ഥാനാർത്ഥിയുടെ വരവിൽ ഇടത് ചേരിയിൽ ആശങ്ക സൃഷ്ടിച്ചത്. കെപിസിസി സെക്രട്ടറി എന്നതിലുപരി കേരളത്തിന് പുറത്തും കോൺഗ്രസ് പ്രവർത്തനത്തിൽ വേരുന്നിയുള്ള ശൈലിയാണ് വി.കെ ശ്രീകണ്ഠനെ കരുത്തനാക്കുന്നത്. പാലക്കാടൻ മണ്ണിൽ ജനിച്ചുവളർന്ന കോൺഗ്രസ് നേതാവ് എന്ന പ്രത്യേകതയും വി.കെയ്ക്ക് കൈമുതലായിരുന്നു.

ഷൊർണ്ണൂരിൽ കൃഷ്ണനിവാസിൽ എം കൊച്ചുകൃഷ്ണൻ നായരുടേയും കാർത്യായനി അമ്മയുടേയും മകനായി 1978ൽ ജനിച്ച വി .കെ ശ്രീകണ്ഠൻ കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടുവഴ്പ് നടത്തുന്നത്. ഷോർണൂർ സർക്കാർ ഹൈസ്‌കൂളിൽ കെ.എസ് യു യൂണിറ്റ് പ്രസിഡന്റായി തുടക്കം, പിന്നീട് കെ.എസ്.യു താലൂക്ക് സെക്രട്ടറി, കേരള വിദ്യാർത്ഥി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ഷോർണൂർ മുൻസിപ്പാലിറ്റി മുൻസിപ്പൽ കൗൺസിലർ തുടങ്ങി തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രഥമിക കടമ്പയിൽ എ ഗ്രേഡ് വാങ്ങി കൂട്ടി. 2003ൽ യൂത്ത് കോൺഗ്രസ് ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗം എന്നിങ്ങനെ വി.കെ ശോഭിക്കുകയും ചെയ്തു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരനായതോടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയം. 'ജയ് ഹോ' ജില്ലാ പദയാത്ര ദേശീയ നേതൃത്വത്തിന്റെയുൾപ്പെടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. വൈ.എസ് രാജശേഖര റെഡ്ഡിക്കൊപ്പം പദയാത്ര നടത്തിയ അദ്ദേഹത്തിന്റെ പ്രവർത്തന മികവും മറ്റു കോൺഗ്രസ് നേതാക്കളിൽ നിന്നും വി.കെ എസിനെ വേറിട്ട് നിർത്തി. പാലക്കാട്ട് ശ്രീകണ്ഠൻ നടത്തിയ ജയ് ഹോ പദയാത്രയിലൂടെ നിരവധി ആളുകളെ കോൺഗ്രസിന്റെ കുടക്കീഴിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതും വിജയമായിരുന്നു.

1993ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2012 മുതൽ കെപിസിസി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിലാണ്. 2000 മുതൽ ഷൊർണൂർ മുനിസിപ്പാലിയിറ്റിയിലെ കോൺഗ്രസ് അംഗം. 2005, 2010, 2015 വർഷങ്ങളിൽ തുടർച്ചയായി ഷൊർണൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു.

നിലവിൽ ഷൊർണൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ൽ ഒറ്റപ്പാലത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു.ചേലക്കര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള മുൻ വനിതാ കമ്മിഷൻ അംഗം കൂടിയായ നെന്മാറ എൻ.എസ്.എസ് കോളജ് അദ്ധ്യാപികയായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP