Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സരിതയുടെ കത്തുകൊള്ളുന്നത് മുഖ്യമന്ത്രിക്ക്; എല്ലാത്തിനും പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരെന്ന തിയറി വീണ്ടും ഉറയ്ക്കുന്നു; വിട്ടുവീഴ്ചയ്ക്കില്ലാത്ത മാണിയെ ഒപ്പം നിർത്തി ജോർജിനെ തള്ളാനുറച്ച് മുഖ്യമന്ത്രി; സോളാർ കത്തിലെ ബാക്കിയുള്ള 21 പേജുകളെ പ്രതിരോധിക്കാൻ തന്ത്രങ്ങളുമായി എ വിഭാഗം

സരിതയുടെ കത്തുകൊള്ളുന്നത് മുഖ്യമന്ത്രിക്ക്; എല്ലാത്തിനും പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരെന്ന തിയറി വീണ്ടും ഉറയ്ക്കുന്നു; വിട്ടുവീഴ്ചയ്ക്കില്ലാത്ത മാണിയെ ഒപ്പം നിർത്തി ജോർജിനെ തള്ളാനുറച്ച് മുഖ്യമന്ത്രി; സോളാർ കത്തിലെ ബാക്കിയുള്ള 21 പേജുകളെ പ്രതിരോധിക്കാൻ തന്ത്രങ്ങളുമായി എ വിഭാഗം

ബി രഘുരാജ്‌

തിരുവനന്തപുരം: ബാർ കോഴയിൽ തുടങ്ങിയ പ്രതിസന്ധി അതെല്ലാം കടന്ന് സരിതയുടെ കത്തിലെത്തുമ്പോൾ വെട്ടിലാകുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിലൂടെ തിരക്കഥയൊരുക്കിയവരുടെ യഥാർത്ഥ ലക്ഷ്യവും വ്യക്തമാണ്. സോളാർ കമ്മീഷനിൽ നിർണ്ണായക മൊഴിയെടുക്കലുകൾ നടക്കുമ്പോഴാണ് സരിതയുടെ കത്തിലെ രണ്ടര പേജ് പുറത്തുവരുന്നത്. സ്വാഭാവികമായും ബാക്കി 21 പേജുകളെ കുറിച്ചുള്ള ചർച്ചകളും സജീവമാകും. മുഖ്യമന്ത്രിയോട് അടുപ്പമുള്ള പലരുടേയും പേര് ഈ കത്തിലുണ്ട്. എല്ലാത്തിനുമുപരി സോളാർ ഇടപാടിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധത്തിലും പരമാർശങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ മാണിയെ കുടുക്കാനെന്ന മട്ടിൽ ചാനലുകളിലെത്തിയ കത്തിന്റെ തലവേദന മുഖ്യമന്ത്രിയെയാണ് കൂടുതൽ ബാധിക്കുക. സരിതയുടെ കത്ത് എന്നത് അഭ്യൂഹം മാത്രമെന്ന് പറഞ്ഞു നടന്ന എ ഗ്രൂപ്പിനും കത്ത് വെല്ലുവിളിയാണ്.

പിസി ജോർജിനെ മാറ്റണമെന്ന കെ എം മാണിയുടെ നിലപാടിനോട് യോജിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ. ചീഫ് വിപ്പ് സ്ഥാനം കേരളാ കോൺഗ്രസ് പാർട്ടിക്ക് നൽകിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ജോർജിന്റെ പ്രതീക്ഷകൾ പൊലിഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാത്രമാണ് ജോർജിനായി രംഗത്തുളത്. ഈ സാഹചര്യത്തിൽ ജോർജിനെ തള്ളിയ മുഖ്യമന്ത്രിയെ വെട്ടിലാക്കുക കൂടി സരിതയുടെ കത്ത് പുറത്തുവിട്ടതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ന് നടക്കുന്ന ചർച്ചകളിൽ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കാനാണ് തന്ത്രം. മുഖ്യമന്ത്രിയുടെ കുടുംബാഗങ്ങളുടെ പേരുകൾ പോലും സരിതയുടെ കത്തിലുണ്ട്. കത്തിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കാനുമാകും. മാണി ഉൾപ്പെടെയുള്ളവർ രാഷ്ട്രീയ ഗൂഡാലോചനയെന്ന് പറഞ്ഞ് ജോസ് കെ മാണിയെ രക്ഷിക്കാൻ ശ്രമിക്കും. ഒരു പക്ഷേ അതിന് കഴിയുകയും ചെയ്യും. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൃത്യമായ ബന്ധങ്ങൾ സരിതാ കേസിൽ പുറത്തുവന്നിട്ടുണ്ട്. അത് സ്ഥിരീകരിക്കാൻ പോന്ന തെളിവായി സരിതയുടെ കത്ത് മാറുമെന്നാണ് സൂചന.

പൊതു സമൂഹത്തിൽ കത്ത് പുറത്ത് വിട്ടത് താനല്ലെന്നാണ് വരുത്തി തീർക്കാനും ജോർജ് ശ്രമിക്കുന്നു. എല്ലാം ബാലകൃഷ്ണ പിള്ളയുടെ തലയിൽ വയ്ക്കുകയാണ് ലക്ഷ്യം. എന്നാൽ ഐ ഗ്രൂപ്പുമായി ചേർന്ന നടക്കുന്ന രാഷ്ട്രീയ ഗൂഡാലോചനയാണ് സരതിയുടെ കത്തിന് പിന്നിലുള്ളതെന്ന് തന്നെയാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജോസ് കെ മാണി പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുന്നത്. ഈ വിഷയത്തിൽ ഇതിനപ്പുറമൊരു പ്രതികരണം കേരളാ കോൺഗ്രസ് നടത്തുകയില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തലവേദനയാണ് ജോർജിനെ സരിതയുടെ കത്തിന്റെ കാര്യത്തിൽ നിലയ്ക്ക് നിർത്തേണ്ടത്. പൊതു സമൂഹത്തിൽ ജോസ് കെ മാണിയെക്കുറിച്ച് ആളുകൾക്ക് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ ജോസ് കെ മാണിക്ക് എതിരായ ആരോപണം ഏശുകയില്ലെന്നാണ് കേരളാ കോൺഗ്രസിന്റെ പക്ഷം. എന്നാൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാർക്ക് എതിരായ പരാമർശങ്ങൾ വന്നാൽ സ്ഥിതിയാകെ മാറുമെന്നും സൂചനയുണ്ട്.

എങ്ങനേയും വലതു പക്ഷത്ത് തുടരുകയെന്നതാണ് പിസി ജോർജിന്റെ നിലപാട്. പുതിയ കത്ത് കൂടി വന്നതോടെ മാണി നിലപാട് കടുപ്പിക്കും. വിഷയത്തിൽ ഇനി ചർച്ചയ്ക്കില്ലെന്ന മാണിയുടെ നിലപാട് ഇതിന്റെ വ്യക്തമായ സൂചനയാണ്. തന്നെ അപമാനിച്ച ജോർജ് ഇനി യുഡിഎഫിൽ വേണ്ടെന്ന് തന്നെയാണ് മാണിയുടെ ഉറച്ച നിലപാട്. ജോസ് കെ മാണിയ്‌ക്കെതിരെ ഉയർത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ നിയമപരമായും രാഷ്ട്രീമായുമുള്ള കരുത്ത് കേരളാ കോൺഗ്രസിനുണ്ട്. അതുകൊണ്ട് ഈ കത്തിന്റെ പേരിൽ ജോർജിന് വിട്ടുവീഴ്ച നൽകേണ്ട. പുകഞ്ഞ കൊള്ളി പുറത്ത് എന്ന നിലപാട് എടുക്കണമെന്നാണ് മാണിയുടെ നിലപാട്. ഈ വിഷയത്തിൽ ഐ ഗ്രൂപ്പ് കടുംപിടിത്തം പിടിക്കുന്നതിന്റെ സാങ്കേതികതയേയും മാണി ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ബാർ കോഴയിൽ കെ എം മാണിക്ക് ഒപ്പമാണ്. പിന്നെയെന്തിനാണ് രമേശ് ചെന്നിത്തല മാത്രം നിർബന്ധം പിടിക്കുന്നതെന്നതാണ് കേരളാ കോൺഗ്രസിന്റെ ചോദ്യം.

അവിടെയാണ് കോൺഗ്രസിനുള്ളിലെ ഗൂഡാലോചന പൊളിയുന്നത്. ഇത് തെളിയിക്കാൻ മാണിക്ക് ആയതാണ് കേരളാ കോൺഗ്രസിന് ലഭിച്ച ഏറ്റവും വലിയ രാഷ്ട്രീയ ആയുധം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മൻ ചാണ്ടിയെ നീക്കാനുള്ള ഗൂഡാലോചനയായിരുന്നു ബാർ കോഴയും വിവാദങ്ങളും. അതിന്റെ തുടർച്ചയായ നീക്കമാണ് സരിതയുടെ കത്തെന്നാണ് കേരളാ കോൺഗ്രസിന്റെ നിലപാട്. അതിന് പിന്നിൽ ആരെല്ലാമാണെന്ന് എല്ലാവർക്കുമറിയാം. കള്ളം പൊളിഞ്ഞപ്പോൾ പുകമറയുണ്ടാക്കി നേട്ടമുണ്ടാക്കാനാണ് ജോർജ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയ്ക്കില്ല. വിവാദങ്ങളും ഭരണവുമെല്ലാം മുഖ്യമന്ത്രിയെ മാത്രം ബാധിക്കുന്നതാണ്. ജോർജിനെതിരെ നടപടി വന്നില്ലെങ്കിൽ മാണിയും ജോസഫും മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന ഉറച്ച നിലപാടിലാണ് ഉമ്മൻ ചാണ്ടി.

മുഖ്യമന്ത്രിക്ക് മുന്നിലുള്ള വെല്ലുവിളി രണ്ടാണ്. മാണിയും കൂട്ടരും പിണങ്ങിയാൽ മന്ത്രിസഭ പ്രതിസന്ധിയിലാകും. ജോർജിനെ കൈവിട്ടാൽ സരിതയുടെ കത്തിന്റെ പൂർണ്ണ രൂപം പുറത്തുവരും. ബാർ കോഴയിൽ മാണിയ്‌ക്കൊപ്പം ഐ ഗ്രൂപ്പ് മന്ത്രിമാരേയും കൂടി പ്രതിസ്ഥാനത്ത് എത്തിച്ചാണ് വിവാദത്തിൽ നിന്ന് ഏതാണ്ട് തലയൂരിയത്. സോളാർ കത്തിൽ ഇപ്പോൾ ഐ ഗ്രൂപ്പിനൊപ്പമുള്ള ആരും ഇല്ലെന്ന് ഉറപ്പാക്കിയാണ് ചെന്നിത്തലയുടെ കരുനീക്കങ്ങൾ. അതിനേയും ഉമ്മൻ ചാണ്ടി വെട്ടിനിരത്തുമെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ നൽകുന്ന വിശദീകരണം. മാണിയെ ഒപ്പം നിറുത്തി തന്നെയാകും ഇതെന്നും അവർ വ്യക്തമാക്കുമ്പോൾ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP