Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെള്ളാപ്പള്ളിയുടെ ഗവർണർ സ്ഥാനവും തുഷാറിന്റെ മന്ത്രിമോഹവും നടക്കില്ലെന്നു സംസ്ഥാന നേതാക്കൾ സൂചന നൽകി; മോഹഭംഗം വന്ന എസ്എൻഡിപി നേതാക്കൾ ബിജെപിക്കെതിരെ: പാളിയതു കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം

വെള്ളാപ്പള്ളിയുടെ ഗവർണർ സ്ഥാനവും തുഷാറിന്റെ മന്ത്രിമോഹവും നടക്കില്ലെന്നു സംസ്ഥാന നേതാക്കൾ സൂചന നൽകി; മോഹഭംഗം വന്ന എസ്എൻഡിപി നേതാക്കൾ ബിജെപിക്കെതിരെ: പാളിയതു കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊടി വച്ച കാറിൽ പറക്കാനുള്ള വെള്ളാപ്പള്ളിയുടെയും മകന്റെയും മോഹം നടക്കില്ലേ? രാജ്യവ്യാപകമായി മോദി അനുകൂല തരംഗം ഉണ്ടായപ്പോൾ ആ കലക്കവെള്ളത്തിൽ നിന്നു മീൻ പിടിക്കാൻ ശ്രമിച്ച അച്ഛനും മകനും സ്വപ്നങ്ങൾ പൊളിഞ്ഞ അവസ്ഥയിൽ ആണിപ്പോൾ.

ഈഴവ വോട്ടർമാർ സിപിഎമ്മിനെ വിട്ടു ബിജെപിയിലേക്ക് ഒഴുകുന്നതായി തിരിച്ചറിഞ്ഞതോടെയാണു അത് തങ്ങൾക്ക് അനുകൂലമായി മുതലാക്കാൻ ശ്രമിച്ച് അച്ഛനും മകനും രംഗത്ത് ഇറങ്ങിയത്. അതിന്റെ ഭാഗമായി ഡൽഹിയിൽ പോയി ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും ബിജെപി നേതൃത്വം ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല എന്നതാണ് ഇരുവർക്കും ആശങ്ക ഉണ്ടാക്കുന്നത്. ഇതിന്റെ ഭാഗമായാണു കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളിയിൽ നിന്നു ബിജെപിക്കെതിരെ പ്രസ്താവന വന്നത്.

'ഒടുവിൽ പവനായി ശവമായി' എന്ന സിനിമാ ഡയലോഗു പോലെയായി എസ്എൻഡിപി നേതാവിന്റെയും മകന്റെയും കാര്യം എന്നാണു രാഷ്ട്രീയ രംഗത്തെ ഇപ്പോഴത്തെ അടക്കം പറച്ചിൽ. നടത്തിയ നീക്കങ്ങളെല്ലാം വെള്ളത്തിൽ വരച്ച വെറും വരമാത്രം ആയിപ്പോയെന്നു തന്നെയാണു പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.

തന്റെ ഗവർണർ സ്ഥാനവും മകൻ തുഷാർ വെള്ളാപ്പള്ളിയുടെ എംപി സ്ഥാനവുമൊക്കെ മോഹിച്ചു ബിജെപി കേന്ദ്ര നേതാക്കളെ സന്ദർശിച്ചു മടങ്ങിയ വെള്ളാപ്പള്ളിക്ക് നിരവധി പ്രതീക്ഷകളാണു മനസിൽ ഉണ്ടായിരുന്നത്. എന്നാൽ, സംസ്ഥാന ബിജെപി നേതൃത്വം വെള്ളാപ്പള്ളിയുടെ മോഹങ്ങളൊന്നും നടക്കില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ്. ബിജെപിയുമായുള്ള സഖ്യചർച്ചകൾക്കായി വെള്ളാപ്പള്ളിയും മകനും ഡൽഹിയിൽ എത്തിയത് ഏറെ ചർച്ചയായിരുന്നു. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളിയുടെ ഗവർണർ പദവിയും തുഷാറിന്റെ രാജ്യസഭ എംപി സ്ഥാനവുമൊക്കെ ചർച്ചയായിരുന്നുവെങ്കിലും തിരികെ നാട്ടിലെത്തിയപ്പോൾ സംസ്ഥാന നേതാക്കളുടെ എതിർ നിലപാടു വന്നതോടെ എല്ലാം തകരാറിലാകുകയായിരുന്നു. പാർട്ടി രൂപീകരിച്ചു മുന്നണിയായി നിൽക്കാൻ വരെ ആലോചിച്ച വെള്ളാപ്പള്ളിക്കും കൂട്ടർക്കും കാര്യങ്ങൾ ഇപ്പോൾ അത്ര പന്തിയല്ല.

വേണമെങ്കിൽ ഒരു മെമ്പർ സ്ഥാനമോ മറ്റോ തന്നേക്കാം എന്ന നിലപാടിലാണു ബിജെപി നേതാക്കൾ. ഇതോടെ മോഹഭംഗം ബാധിച്ച വെള്ളാപ്പള്ളിയും സംഘവും ബിജെപിക്കെതിരെ രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ്.

ഇതിന്റെ ഭാഗമായാണു കഴിഞ്ഞ ദിവസം കൊല്ലത്തു നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപിയെ തുഷാർ വെള്ളാപ്പള്ളി പരസ്യമായി തള്ളിപ്പറയുകയും ചെയ്തത്. ബിജെപിയുമായി എസ്.എൻ.ഡി.പി യോഗത്തിന് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനോടാണ് യോഗം എക്കാലത്തും അടുപ്പം കാണിച്ചിരുന്നതെന്നുമാണു തുഷാർ വെള്ളാപ്പള്ളി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം ആരുടെയും പിന്നിൽ നിൽക്കുന്ന സംഘടനയല്ല. എസ്.എൻ.ഡി.പി യോഗത്തിനു മുന്നിൽ ബിജെപി ഒന്നുമല്ല. ബിജെപിയെക്കാൾ എത്രയോ വലിയ പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. ബിജെപിയുമായി സഹകരിക്കുന്നുണ്ടെങ്കിൽ അത് തുറന്നു പറയുന്നതിൽ പ്രശ്‌നമില്ല. ഇപ്പോൾ എന്തായാലും അത്തരത്തിൽ ഒരു സഹകരണമില്ല. സമുദായ താത്പര്യം സംരക്ഷിക്കുന്ന ആരുമായും സഹകരിക്കുമെന്നും തുഷാർ മാദ്ധ്യമങ്ങളോടു വ്യക്തമാക്കി.

ബിജെപിയൊന്നും ഒന്നുമല്ലെന്നും പിന്നാക്ക ജനവിഭാഗങ്ങൾ സംസ്ഥാനത്തെ ബദൽ രാഷ്ട്രീയശക്തിയാകണമെന്നുമാണു തുഷാറിന്റെ അഭിപ്രായം. യോഗം യൂത്ത് മൂവ്‌മെന്റ് കൊല്ലം, തിരുവനന്തപുരം യൂണിയൻ പ്രവർത്തകരുടെ സംയുക്തയോഗത്തിലും ഇത്തരത്തിലായിരുന്നു തുഷാറിന്റെ പ്രസ്താവന. സമുദായനീതിയിൽ അധിഷ്ഠിതമായ സാമൂഹ്യനീതിയാണ് യാഥാർത്ഥ്യമാകേണ്ടത്. അധികാരത്തിനായി രാഷ്ട്രീയക്കാർ ആദർശം ബലികഴിക്കുകയാണ്. ശ്രീനാരായണഗുരുവിന്റെ മഹദ്‌വചനങ്ങളെ വളച്ചൊടിച്ച് ജാതിസംഘടനയെന്ന് മുദ്രകുത്തി ഈഴവസമുദായത്തെ തകർക്കാനും തളർത്താനും ഗൂഢശ്രമം നടക്കുന്നുവെന്നും തുഷാർ പറഞ്ഞു.

സിപിഎമ്മിനോടാണ് എന്നും അനുഭാവമെന്നു പറയുന്നതിലൂടെ ബിജെപി അധ്യായം അടഞ്ഞെന്നും ഇനി അങ്ങോട്ടില്ലെന്നുമുള്ള തരത്തിലാണ് വ്യാഖ്യാനങ്ങൾ. നേരത്തെ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ പരസ്യമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഒരു നിലനിൽപ്പിനായെങ്കിലും ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും താങ്ങുവേണം എന്തിനെങ്കിലും എന്ന അവസ്ഥയിൽ ആയിരിക്കുകയാണ് എസ്എൻഡിപി എന്നാണു രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. താത്കാലിക ലാഭത്തിനു വേണ്ടി ആർഎസ്എസിനെ പ്രീണിപ്പിക്കുന്നത് നല്ലതിനല്ല, ഭവിഷ്യത്ത് എന്തെന്ന് വെള്ളാപ്പള്ളി വൈകാതെ മനസിലാക്കുമെന്നാണു പിണറായി വിമർശിച്ചത്.

വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാടുകൾ എതിർത്തു മുന്നേറുന്ന സിപിഎമ്മിനു ശിവഗിരി മഠത്തിന്റെയും പിന്തുണ ലഭിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എസ്എൻഡിപി യൂണിയനിൽ വെള്ളാപ്പള്ളി നടേശന്റെ സർവ്വാധിപത്യത്തെ തകർക്കാനാണു ഒരു വിഭാഗം ശ്രമിക്കുന്നതും. ബിജെപിയുമായുള്ള വെള്ളാപ്പള്ളിയുടെ കൂട്ടുകെട്ട് ചർച്ചയായതോടെയാണു സിപിഐ(എം) എതിർപ്പുമായി രംഗത്തെത്തിയത്. എല്ലാ ഈഴവരെയും ബിജെപിയുമായി കൂട്ടിക്കെട്ടേണ്ട എന്ന നിലപാടാണു സിപിഎമ്മിന്. അതിനാൽ എസ്.എൻ.ഡി.പി. യോഗം തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിക്കെതിരെ മറ്റൊരു പാനൽ മത്സരിക്കാനുള്ള നീക്കത്തിന് സർവവിധ പിന്തുണയും നൽകി. ശിവഗിരിമഠം ധർമസംഘം ട്രസ്റ്റിന്റെ പിന്തുണയും എതിർ പാനലിനുണ്ടെന്നു യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ ഗോപിനാഥൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP