Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൽകാശിന് ഗുണമില്ലാത്ത സിപിഎമ്മിനെ ധൈര്യമായി നേരിടുമെന്ന് എസ്എൻഡിപി; പിണറായിയും വെള്ളാപ്പള്ളിയും നേരിട്ട് ഏറ്റുമുട്ടലിന്; സിപിഐ(എം)-എസ്എൻഡിപി പോരാട്ടം തെരുവിലേക്ക് വളരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; എസ്എൻഡിപിക്കാരെ സംരക്ഷിക്കാൻ ആർഎസ്എസും രംഗത്തിറങ്ങും

കാൽകാശിന് ഗുണമില്ലാത്ത സിപിഎമ്മിനെ ധൈര്യമായി നേരിടുമെന്ന് എസ്എൻഡിപി; പിണറായിയും വെള്ളാപ്പള്ളിയും നേരിട്ട് ഏറ്റുമുട്ടലിന്; സിപിഐ(എം)-എസ്എൻഡിപി പോരാട്ടം തെരുവിലേക്ക് വളരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; എസ്എൻഡിപിക്കാരെ സംരക്ഷിക്കാൻ ആർഎസ്എസും രംഗത്തിറങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: എസ് എൻ ഡി പി യോഗത്തിൽ കുരത്ത് തെളിയാച്ചാണ് വെള്ളാപ്പള്ളി നടേശൻ വീണ്ടും ജനറൽ സെക്രട്ടറിയാകുന്നത്. 97 ശതമാനം വോട്ടുകൾ വെള്ളാപ്പള്ളിക്ക് കിട്ടി. അതുകൊണ്ട് തന്നെ യോഗത്തിന്റെ മുഴുവൻ പിന്തുണയും തനിക്കുണ്ടെന്ന് വെള്ളാപ്പള്ളിക്ക് ഇനി ആത്മവിശ്വാസത്തോടെ പറയാം. വിമർശിക്കുന്നവർക്ക് മറുപടിയും നൽകാം. അതു തന്നെയാണ് ഇന്നലെ സംഭവിച്ചത്. എസ് എൻ ഡി പി യൂണിയനെതിരെ വിമർശനവുമായെത്തിയ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗത്തിന് ശക്തമായ ഭാഷയിലാണ് വെള്ളാപ്പള്ളി മറുപടി പറഞ്ഞത്. സിപിഎമ്മുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് തന്നെയാണ് വെള്ളാപ്പള്ളി തയ്യാറെടുക്കുന്നത്. ബിജെപിയുമായി അടുക്കുമെന്ന സൂചനകളും നൽകി. എന്നാൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൃദു സമീപനമാണ് എസ് എൻ ഡി പിയുടെ കാര്യത്തിലെടുത്തതെന്നതും ശ്രദ്ധേയമായി.

അതിനിടെ യുഡിഎഫും ഗൗരവത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. കൊല്ലത്ത് എസ് എൻ ഡി പി യോഗത്തിന്റെ വാർഷിക പൊതു യോഗത്തിലെ സംഭവ വികാസങ്ങളെ പൊലീസ് നിരീക്ഷിച്ചിരുന്നു. സിപിഎമ്മുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കാണ് എസ് എൻ ഡി പി പോകുന്നതെന്ന വിലയിരുത്തലാണ് ഇന്റലിജൻസിനുള്ളത്. ഇത് പല സ്ഥലത്തും സംഘർഷമുണ്ടാക്കുമെന്നും വിലയിരുത്തുന്നു. എസ് എൻ ഡി പി യോഗത്തിന്റെ പരിപാടികൾക്ക് എല്ലാ സംരക്ഷണവും നൽകാൻ ആർഎസ്എസ് തയ്യാറാകും. പ്രാദേശീകമായുള്ള സംഘർഷങ്ങളിലൂടെ എസ് എൻ ഡി പി-സിപിഐ(എം) ബന്ധം കൂടുതൽ വഷളാക്കും. ഇതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി ശ്രമിക്കുമെന്നാണ് മുന്നറിയിപ്പ്. അതായത് വരും ദിനങ്ങളിൽ സംഘർഷങ്ങൾ കൂട്ടുന്ന തരത്തിൽ പ്രസ്താവനാ യുദ്ധം മാറുമെന്നാണ് വിലയിരുത്തൽ.

ഒപ്പം ആളുണ്ടെന്നു കരുതി കമ്യൂണിസ്റ്റ് പാർട്ടിയെ തൊട്ടുകളിക്കരുതെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. പാർട്ടിയെ തൊട്ടുകളിച്ചാൽ അനുഭവിക്കേണ്ടി വരുമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരെടുത്തുപറയാതെ പിണറായി വിജയൻ മുന്നറിയിപ്പു നൽകി. തൊഗാഡിയയെ അവതാരപുരുഷനാക്കി കേരളത്തിൽ കൊണ്ടുവരാനാണു ചിലരുടെ ശ്രമം. ആർഎസ്എസ് മുൻപും ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. എന്നാൽ, അവരുടെ പ്രവർത്തനം അന്നൊന്നും വിലപ്പോയിട്ടില്ല. രാജ്യത്തെ ഭിന്നിപ്പിക്കുന്ന രീതിയിൽ വർഗീയത ശക്തിപ്പെടുത്താനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. കോൺഗ്രസിന് ശക്തിയുള്ള സ്ഥലങ്ങളിലാണ് ബിജെപി ഇപ്പോൾ തഴച്ചുവളരുന്നത്. സിപിഎമ്മിന്റെ സ്വാധീനം തകർക്കാൻ പ്രത്യേക ഇടപെടലുകൾ നടക്കുന്നുണ്ട്. ഇതിൽ ആർഎസ്എസിന് പ്രത്യേക അജൻഡയുണ്ട്. കേരളസമൂഹത്തിനു മുന്നിൽ തൊഗാഡിയയെ അവതാരപുരുഷനാക്കാൻ ശ്രമിച്ചാൽ കേരളസമൂഹം അത് തള്ളിക്കളയുമെന്നായിരുന്നു പിണറായിയുടെ വിമർശനം. ഇതിനാണ് വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത്. ഇതോടെ സിപിഐ(എം)-എസ് എൻ ഡി പി ബന്ധത്തിൽ വ്യക്തമായ വിള്ളൽ വീണു.

എസ്എൻഡിപി യോഗത്തിനു സ്വന്തം വഴിക്കു പോകാൻ അവകാശമുണ്ടെന്നും സമുദായത്തിനു കാൽക്കാശിന്റെ പ്രയോജനം നൽകാത്ത സിപിഎമ്മിനെ പോലെയുള്ളവർ ശിക്ഷിക്കാൻ വന്നാൽ ശക്തമായി പ്രതികരിക്കുമെന്നുമായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്. എസ്എൻഡിപി യോഗത്തെ തകർക്കാൻ പൊന്മാനിന്റെ വേഷത്തിൽ വരുന്ന മാരീചനെ തിരിച്ചറിയാൻ സമുദായത്തിനു കരുത്തുണ്ട്. ബിജെപിയുടെ സ്വകാര്യസ്വത്ത് ആവശ്യപ്പെടാനല്ല അമിത് ഷായെ കണ്ടത്. ആവശ്യങ്ങൾ നേടിയെടുക്കണമെങ്കിൽ അധികാരമുള്ളരെ അങ്ങോട്ടുപോയി കാണണം. സിപിഐ(എം) അധികാരത്തിലിരുന്നപ്പോൾ അവരുടെ നേതാക്കളെയും താൻ അങ്ങോട്ടുപോയി കണ്ടിട്ടുണ്ട്. യോഗം സംഘടിപ്പിച്ച ചടങ്ങുകളിൽ സോണിയ ഗാന്ധിയും എ.ബി. വാജ്‌പേയിയും പങ്കെടുത്തപ്പോൾ ഇല്ലാത്ത പുകിലാണു അമിത് ഷായെയും പ്രവീൺ തൊഗാഡിയെയും കണ്ടപ്പോഴുള്ളതെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു.

മറ്റുള്ളവരിൽ വർഗീയത ആരോപിക്കുന്ന സിപിഎമ്മിലാണ് ഏറ്റവും കൂടുതൽ വർഗീയതയുള്ളത്. ഇവർ ഗുരുവിന്റെ ചിത്രം പത്രത്തിൽ കൊടുക്കാനും ശിവഗിരിയിൽ വരാനും തുടങ്ങിയത് എന്നു മുതലാണെന്ന് എല്ലാവർക്കും അറിയാം. കൃത്യമായ നയവും നയപരിപാടികളും സിപിഎമ്മിനില്ല. പ്രഗത്ഭനായ കമ്യൂണിസ്റ്റുകാരനാണ് വി എസ്. അച്യുതാനന്ദൻ. നിയമസഭയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കാൻ സിപിഐ(എം) നടത്തുന്ന നീക്കങ്ങൾ പാർട്ടിയുടെ ധാർഷ്ട്യത്തിന്റെ അഴവും പരപ്പും വെളിപ്പെടുത്തുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതിന് ശേഷമാണ് എസ്.എൻ.ഡി.പി യോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള പാനലിന് വൻ വിജയം നേടിയത്. ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ആകെ 10,428 പേർ വോട്ട് ചെയ്തതിൽ 8946 വോട്ടാണ് വെള്ളാപ്പള്ളി നടേശന് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എം.എൻ സോമൻ 8892 വോട്ട് നേടി വീണ്ടും വിജയിച്ചു. അരയക്കണ്ടി സന്തോഷ് ദേവസ്വം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി തുഷാർ വെള്ളാപ്പള്ളി എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിന്റെ പരോക്ഷ പിന്തുണയോടെ മത്സരിച്ചവരാണ് വൻ പരായജം ഏറ്റുവാങ്ങിയത്.

ഏതായാലും വരും ദിനങ്ങളിലും എസ് എൻ ഡി പിയെ വിമർശിച്ചാൽ അതേ ഭാഷയിൽ സിപിഎമ്മിന് വെള്ളാപ്പള്ളി മറുപടി നൽകും. അതിനിടെ രൂക്ഷ ഭാഷയിൽ വെള്ളാപ്പള്ളിയെ വിമർശിക്കരുതെന്ന അഭിപ്രായം സിപിഎമ്മിലും ശക്തമാണ്. ആരേയും പിണക്കാതിരുന്നാൽ മാത്രമേ അടുത്ത തെരഞ്ഞെടുപ്പിൽ മുന്നേറ്റം സാധ്യമാകൂ എന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ട് കരുതലോടെയാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഷയത്തിൽ പ്രതികരിച്ചത്. എസ്എൻഡിപിയെ ഒരു കാലത്തും സിപിഐ(എം) അവഗണിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. അവരുടെ ആവശ്യങ്ങൾ സദുദ്ദേശ്യത്തോടെ പരിഗണിക്കാൻ പാർട്ടി തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിനു വിധേയമാകാനുള്ള എസ്എൻഡിപിയുടെ നിലപാട് ആത്മഹത്യാപരമാണ്. മതനിരപേക്ഷ നിലപാടുകൾ മുറുകെ പിടിക്കുന്ന എസ്എൻഡിപിക്ക് ആർഎസ്എസുമായി യോജിച്ചു പോകാനാവില്ലെന്നായിരുന്നു വിശദീകരണം

സിപിഎമ്മിനോടു ശത്രുതാപരമായ നിലപാടല്ല എസ്എൻഡിപി സ്വീകരിക്കേണ്ടത്. കേരളത്തിലുണ്ടായ പല തൊഴിലാളി പ്രശ്‌നങ്ങളിലും മുതലാളികളുടെ ഭാഗത്താണ് എസ്എൻഡിപി നിന്നത്. സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ കാരണവും ഇതാണ്. എസ്എൻഡിപി യോഗത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങൾക്കു കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകിയിട്ടുള്ളതു മറക്കരുത്. വെള്ളാപ്പള്ളി നടേശന് ആരെയും വിമർശിക്കാം. തിരിച്ചു വിമർശിക്കാൻ പാടില്ല എന്നതു തെറ്റായ സമീപനമാണ്. നിലപാടുകൾ തിരുത്താൻ എസ്എൻഡിപി തയാറാവണം. കോൺഗ്രസുകാർ തന്നെ കോൺഗ്രസുകാരെ കൊല്ലുന്ന സ്ഥിതിയാണ് ഇപ്പോൾ. തൃശൂരിൽ ആഭ്യന്തരമന്ത്രിയുടെ ഗ്രൂപ്പുകാർ മുഖ്യമന്ത്രിയുടെ ഗ്രൂപ്പുകാരെ വെട്ടിക്കൊല്ലുന്നു. കോൺഗ്രസിലെ ഗ്രൂപ്പുപോരു കാരണം സർക്കാർ ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണ്. പല വിഷയങ്ങളിലും ആർഎസ്‌പിയിലെ നേതാക്കന്മാർക്കിടയിൽ വിരുദ്ധ നിലപാടുകളാണുള്ളത്. ഏതു നേതാവിന്റെ അഭിപ്രായമാണ് ആർഎസ്‌പിയുടെ നിലപാട് എന്നതു വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP