Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത് ഷായുടേത് വെള്ളാപ്പള്ളിയെ കൊതിപ്പിച്ച് രാജഗോപാലിനെ മുമ്പിൽ നിർത്താനുള്ള നീക്കം; നേമത്ത് വീണ്ടും മത്സരിക്കുന്ന രാജഗോപാൽ തന്നെയാകും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മുഖം; മുന്നണി കരുത്ത് കാട്ടിയാൽ തുഷാറിന് കേന്ദ്രത്തിൽ പദവി ഉറപ്പ്; മുന്നോക്ക വോട്ടുകൾ നഷ്ടമാകാതിരിക്കാൻ കരുതലോടെ ബിജെപി ദേശീയ അധ്യക്ഷൻ

അമിത് ഷായുടേത് വെള്ളാപ്പള്ളിയെ കൊതിപ്പിച്ച് രാജഗോപാലിനെ മുമ്പിൽ നിർത്താനുള്ള നീക്കം; നേമത്ത് വീണ്ടും മത്സരിക്കുന്ന രാജഗോപാൽ തന്നെയാകും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മുഖം; മുന്നണി കരുത്ത് കാട്ടിയാൽ തുഷാറിന് കേന്ദ്രത്തിൽ പദവി ഉറപ്പ്; മുന്നോക്ക വോട്ടുകൾ നഷ്ടമാകാതിരിക്കാൻ കരുതലോടെ ബിജെപി ദേശീയ അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തുപുരം: രാഷ്ട്രീയ കരുനീക്കങ്ങളിൽ അമിത് ഷായ്ക്ക് പിഴച്ച്ത ഡൽഹിയിൽ മാത്രമാണ്. കിരൺ ബേദിയെ മുൻനിർത്തിയുള്ള ഈ നീക്കം അമ്പേ പൊളിഞ്ഞു. അതുകെണ്ട് തന്നെ കേരളത്തിലെ കളികളിൽ ശ്രദ്ധാപൂർവ്വമാണ് അമിത് ഷായുടെ നീക്കം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉയർത്തിക്കാട്ടുമെന്ന വാദം തെറ്റാണെന്ന് ബിജെപി സംസ്ഥാന നേതാക്കൾക്ക് അമിത് ഷാ സൂചന നൽകി. രാഷ്ട്രീയ തൊട്ടുകൂടായ്മയാണ് കേരളത്തിൽ ബിജെപി നേരിടുന്നു പ്രധാന പ്രതിസന്ധി. വെള്ളാപ്പള്ളി നടേശനിലൂടെ അത് മാറ്റിയെടുക്കാനാണ് നീക്കം. തദ്ദേശത്തിൽ ഇതുവിജയിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിലും മുൻതൂക്കം നേടാൻ കഴിയും. അതിനുള്ള തന്ത്രങ്ങളിൽ വെള്ളാപ്പള്ളിയെ മുന്നിൽ നിർത്താനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടേണ്ടി വന്നാൽ അക്കാര്യം അപ്പോൾ ചർച്ചകളിലൂടെ തീരുമാനിക്കും.

രണ്ടു പതിറ്റാണ്ടായി വിമതശബ്ദം പോലും കേൾപ്പിക്കാതെ അടക്കി ഭരിച്ചിരുന്ന എസ്എൻഡിപിയുടെ ഭരണം വെള്ളാപ്പള്ളി കുടുംബത്തിന് കൈമോശം സംഭവിക്കുമോ എന്ന ആശങ്കയും സജീവമാണ്. മകൻ തുഷാർ വെള്ളാപ്പള്ളിക്ക് കിരീടം കൈമാറാൻ നടത്തിയ ഒരുക്കങ്ങളെ പോലും രണ്ട് കയ്യും നീട്ടി അനുകൂലിച്ചവരിൽ പലരും വെള്ളാപ്പള്ളിയും മകനും ബിജെപിയുമായി ചേർന്നു അധികാരം കൈക്കലാക്കാൻ നടത്തുന്ന ശ്രമത്തിന് എതിരഭിപ്രായം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കലാപത്തിന് ശക്തിപകരാൻ എല്ലാ വഴികളും നോക്കി സിപിഎമ്മും സജീവമാണ്. കാലാകാലങ്ങളിൽ വെള്ളാപ്പള്ളി പുറത്താക്കിയവർ ഒരുമിച്ചു ചേർന്ന് വെള്ളാപ്പള്ളിക്കെതിരെ സംയുക്ത കലഹത്തിനുള്ള ശ്രമം ആരംഭിച്ചതായാണ് സൂചന. വി എസിനെ രംഗത്തിറക്കി വെള്ളാപ്പള്ളിക്കെതിരെ സാധാരണക്കാരായ ഇടയിൽ വികാരം വളർത്താൻ ഒരു പരിധി വരെ സിപിഐ(എം) വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തെ കുറിച്ച് അമിത് ഷായെ ബിജെപി സംസ്ഥാന നേതൃത്വവും അറിയിച്ചു കഴിഞ്ഞു.

വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയാൽ പരമ്പരാഗത നായർ വോട്ടുകൾ കോൺഗ്രസിന്റെ പെട്ടിയിലേക്ക് പോകും. എൻഎസ്എസ് ഒരു പിന്തുണയും ഒരിടത്തും നൽകില്ല. ഈ സാഹചര്യത്തെ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകും. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയെ ഒപ്പം നിർത്തി ബദൽ നേതൃത്വമാണ് ബിജെപി ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമ്ന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടേണ്ടി വന്നാൽ ഒ രാജഗോപാൽ തന്നെയാണ് മികച്ചത്. നേമത്ത് വീണ്ടും രാജഗോപാൽ നിയമസഭയിലേക്ക് ജനവിധി തേടും. കഴിഞ്ഞ തവണത്തെ നേരിയ മാർജിനിലെ തോൽവി ഇനി ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ബിജെപിയുടെ തലമുതിർന്ന, അംഗീകാരം ഏറെയുള്ള രാജഗോപാൽ തന്നെയാകണം പ്രചരണത്തെ നിയക്കേണ്ടത്. കേരളത്തിലുടനീളം രാജഗോപാലിന് ജനപിന്തുണയുണ്ട്. ഇത് വോട്ടായി മാറും. ഇതിലൂടെ നായർ സമുദായത്തേയും പിടിച്ചു നിർത്താം. വെള്ളാപ്പള്ളിയിക്കും അഴിമിതി വിരുദ്ധ, വികസന പ്രതിച്ഛായയുള്ള രാജഗോപാലിനെ തള്ളിപ്പറയാൻ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

അഴിമതി വിരുദ്ധ-വികസന പ്രതിച്ഛായയാണ് രാജഗോപാലിനുള്ളത്. തരംഗമൊന്നുമില്ലാത്താപ്പോൾ പോലും എവിടേയും വോട്ടുകൾ സ്വന്തം നിലയിൽ പെട്ടിയിലാക്കാൻ രാജഗോപാലിന് കഴിയും. നെയ്യാറ്റിൻകര, അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പോലും ഇത് തെളിഞ്ഞതാണ്. ഈ സാഹചര്യത്തിൽ കേരളീയ മനസ്സിനെ ഒപ്പം കൂട്ടാൻ രാജഗോപാൽ തന്നെയാണ് മികച്ചത്. വെള്ളാപ്പള്ളിക്ക സമുദായ നേതാവെന്ന നിലയിൽ ഉയർത്തുന്നതിൽ അപ്പുറത്തേക്കൊരു വികാരം രാജഗോപാലിന്റെ പേരിലൂടെ ഉയർത്താൻ കഴിയും. അതിലെല്ലാം ഉപരി രാജഗോപാലിനെ മറന്ന് വെള്ളാപ്പള്ളിയിലേക്ക് ചർച്ചകളെത്തിച്ചാൽ ഇടത്-വലത് പക്ഷങ്ങൾ അതുയർത്തി ബിജെപിയെ കടന്നാക്രമിക്കും. എന്നാൽ രാജഗോപാലിനെ പോലൊരു രാഷ്ട്രീയ വ്യക്തിത്വം മുന്നിൽ നിന്നാൽ എതിർപ്പുകളെല്ലാം അപ്രസക്തമാകും. കേരളത്തിൽ വികസനത്തിലൂന്നിയ സംശുദ്ധ ഭരണത്തിന് നേതൃത്വം നൽകാൻ രാജഗോപാൽ എന്ന മുദ്രാവാക്യം തന്നെയാവണം ഉയർത്തേണ്ടതെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിലെ ഉന്നതരുടെ നിലപാട്.

സിപിഎമ്മുമായി ഏറെ അകന്ന വെള്ളാപ്പള്ളിയോട് കോൺഗ്രസിനും താൽപ്പര്യമില്ല. ഈ സാഹചര്യത്തിൽ ബിജെപി മാത്രമേ വെള്ളാപ്പള്ളിക്ക് കൈകൊടുക്കൂ. അതു പോലെ തന്നെ ബിജെപിയുമായി ചേർന്നു പ്രവർത്തിക്കാനുള്ള നീക്കം സംഘടനയിലെ പല പ്രവർത്തകർക്കും അതൃപ്തിയുളവാക്കുന്നതാണ്. എസ്എൻഡിപി എന്ന സംഘടനയോടു ചേർന്നു നിൽക്കുമ്പോഴും ഇടതു വലതു മുന്നണികളിലെ പാർട്ടികളുമായി യോജിച്ചു പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്. ഇവർക്കാർക്കും വെള്ളാപ്പള്ളിയുടെ ഡൽഹി യാത്രയോടും ബിജെപി പ്രേമത്തോടും യോജിപ്പില്ല. ഒരു പാർട്ടിയുണ്ടാക്കിയാൽ അതിലൂടെ ബിജെപിയോട് അടുക്കാനുള്ള നീക്കങ്ങളാകും വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നു സൂചന ലഭിച്ചതോടെ മാനസികമായി പലരും അകന്നുവെന്നാണു പ്രവർത്തകരിൽ പലരുടെയും അഭിപ്രായങ്ങളിൽ നിന്നു വ്യക്തമാകുന്നത്. ഈ സാഹചര്യമെല്ലാം ഉയർത്തിയാണ് വെള്ളാപ്പള്ളിയെ ഉയർത്തിക്കാട്ടുന്നതിനെതിരെ ബിജെപിയുടെ സംസ്ഥാന നേതൃത്വം അമിത് ഷായിൽ സമ്മർദ്ദം ചെലുത്തുന്നത്.

ഈ സാഹചര്യത്തിൽ കേരളാ മോഡലിൽ ചെറിയ തന്ത്രപരമായ മാറ്റത്തിനും അമിത് ഷാ തയ്യാറായേക്കും. കേന്ദ്രമന്ത്രിയോ ഗവർണ്ണ പദവിയോ ആണ് രാഷ്ട്രീയ സഹകരണത്തിന് എസ്എൻഡിപി ആദ്യം മുന്നോട്ട് വച്ച ഉപാധി. എന്നാൽ അമിത് ഷാ അതിന് വഴങ്ങിയിരുന്നില്ല. രാജഗോപാലിനെ മുൻനിർത്തിയുള്ള നീക്കത്തിനായി എസ്എൻഡിപിയുടെ ഈ ആഗ്രഹം സാധിച്ചു നിൽകും. കേരളത്തിൽ നിർണ്ണായക സ്വാധീനമായി വളർന്നാൽ തുഷാറിന് കേന്ദ്ര മന്ത്രിസ്ഥാനം അമിത്ഷാ ഉറപ്പു നൽകും. എസഎൻഡിപിയുമായുള്ള അടുത്ത ഘട്ട ചർച്ചയിൽ ഇക്കാര്യത്തിൽ വ്യക്തമായ സൂചന നൽകും. ഏതായാലും കേരളത്തിലെ രാഷ്ട്രീയ തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ വെള്ളാപ്പള്ളിയിലൂടെ ബിജെപിക്ക് കഴിഞ്ഞുവെന്നാണ് അമിത് ഷായുടെ നിലപാട്. ഇനി കൂടുതൽ ശക്തികൾ ബിജെപിയുമായി അടുക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

രാഷ്ട്രീയപ്പാർട്ടി രൂപീകരണത്തിനുവേണ്ടിയുള്ള ചർച്ചകൾ ഇതിനോടകം തന്നെ പൊട്ടിത്തെറി ഉണ്ടാക്കിയതായാണു പ്രവർത്തകരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. അച്ഛനും മകനും കൂടി എല്ലാം കൈയടക്കി വയ്ക്കുന്നതിൽ എതിർപ്പുണ്ടെങ്കിലും പരസ്യമായി ഇതു പ്രകടമാക്കാത്ത പ്രവർത്തകർ പോലും ബിജെപി സഖ്യമുണ്ടാക്കുന്നതിൽ എതിർപ്പുമായി എത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിയെ മുൻ നിർത്തി ബിജെപി നടത്തുന്ന രാഷ്ട്രീയനീക്കത്തിനെതിരേയാണ് യോഗത്തിൽ കടുത്ത പ്രതിഷേധം ഉയരുന്നത്. പരസ്യ പ്രതിഷേധത്തിലേക്ക് ഇതുവരെ കാര്യങ്ങൾ എത്തിയിട്ടില്ലെങ്കിലും ഉടൻ തന്നെ ആ സ്ഥിതിവിശേഷം ഉണ്ടാകുമെന്നു തന്നെയാണു വിവരം. ബിജെപിയിലും ഇക്കാര്യത്തിൽ മുറുമുറുപ്പുകൾ ഉണ്ടെന്നു നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. പാർട്ടിയെ ചിട്ടപ്പെടുത്തി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു സജ്ജമാക്കുന്നതിനിടെ ഈ നീക്കം ദോഷമുണ്ടാക്കുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

എസ്.എൻ.ഡി.പി. ബന്ധം എൻ.എസ്.എസ്. അടക്കമുള്ള സമുദായ സംഘടനകളെ ബിജെപിയിൽനിന്ന് അകറ്റുമെന്നും ദേശീയ പാർട്ടിയായ ബിജെപി. കേരളത്തിൽ ഒരു സമുദായ പാർട്ടിയായി അധഃപതിക്കുമെന്നും ഇവർ ആരോപിക്കുന്നു. ഇത്തരമൊരു പ്രതിസന്ധി ആദ്യമായി ബിജെപിയെ ബാധിക്കുന്നുവെന്നതും തിരിച്ചടിയാണ്. മലമ്പുഴയിൽ വി എസ്. അച്യുതാനന്ദന്റെ വിജയത്തിലും അരുവിക്കരയിൽ യു.ഡി.എഫിന്റെ നേട്ടത്തിലും എസ്.എൻ.ഡി.പിക്കു വലിയ പങ്കുണ്ടെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ അവകാശവാദം. ഒരു തെരഞ്ഞെടുപ്പിൽ വി എസ് തോറ്റതു തങ്ങൾ കൈവിട്ടിട്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം അവകാശവാദങ്ങളിൽ വാസ്തവമില്ലെന്നാണു എസ്എൻഡിപി യോഗം ജനക്കാര്യങ്ങളിലൊന്നും വാസ്തവമില്ലെന്നും അത്രത്തോളം ഉന്നയിച്ചിരുന്നു.

തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്ക് എസ്.എൻ.ഡി.പിയുടെ വോട്ട് ഉപയോഗിച്ച് വിജയിക്കാൻ കഴിയും. എന്നാൽ, എസ്.എൻ.ഡി.പിയുടെ സ്ഥാനാർത്ഥികൾക്ക് വിജയസാധ്യത ഉറപ്പിക്കാനുമാകില്ല എന്നതാണു വാസ്തവം. അതേസമയം, എസ്.എൻ.ഡി.പിയിൽ പിളർപ്പുണ്ടാകില്ല എന്ന പ്രതീക്ഷയാണു വെള്ളാപ്പള്ളി നടേശൻ പറയുന്നത്. സിപിഎമ്മും കോൺഗ്രസും സർവനാശത്തിലേക്കു പൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബിജെപിയുമായി സഹകരിക്കുന്നതിന്റെ പേരിൽ എസ്.എൻ.ഡി.പി. യോഗത്തിൽ പിളർപ്പുണ്ടാകില്ലെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്നതു തന്നെ യോഗത്തിൽ ഭിന്നത ഉണ്ടായിട്ടുണ്ടെന്നതിന്റെ സൂചനയാണ് നൽകുന്നതെന്നും വിവരമുണ്ട്.

സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും തളർച്ചയാണു കേരളത്തിൽ ബിജെപിയെ വളർത്തുന്നതെന്നു വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. യോഗത്തെ തളർത്താനോ തകർക്കാനോ ആർക്കും കഴിയില്ല. വിമർശനം എസ്.എൻ.ഡി.പിയുടെ കരുത്താണ്. എസ്.എൻ.ഡി.പി. യോഗം ഇന്ന് അജയ്യശക്തിയാണ്. രാഷ്ട്രീയമായി മോഹഭംഗം സംഭവിച്ചവർ പലതും പറയും. അതു കാര്യമാക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞു. അതിനിടെ, ബിജെപിയും എസ്.എൻ.ഡി.പിയും തമ്മിൽ ഇഴയടുപ്പമെന്നാണു ബിജെപി സംസ്ഥാന നേതാവ് വി മുരളീധരൻ പറയുന്നത്. എന്നാൽ ഉള്ളിലെ പ്രതിസന്ധികൾ നിലനിൽക്കവെയാണ് ഇക്കാര്യങ്ങളിൽ പരസ്യഅഭിപ്രായം പറയുന്നതെന്നതാണു വാസ്തവമെന്നു പ്രവർത്തകർ തന്നെ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.

അതിനിടെ, എസ്എൻഡിപിയുമായുള്ള സഹകരണത്തിനു പുറമെ ക്രൈസ്തവ വോട്ടുകൾ കൂടി നേടാനുള്ള നീക്കം നടത്തുകയാണു ബിജെപിയും. പി സി തോമസിനെയും പി സി ജോർജിനെയും ഒപ്പം നിർത്തി മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ വോട്ടുകൾ കൂടി വശത്താക്കാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്. ഇസ്ലാമിക വളർച്ചയെ നേരിടാൻ ഹിന്ദുവും ക്രിസ്ത്യാനിയും ഒന്നിച്ചു നിൽക്കണമെന്ന വാദം ശക്തമാക്കാൻ കർശന നിർദ്ദേശം ബിജെപി പ്രാദേശിക നേതാക്കൾക്കു ലഭിച്ചു കഴിഞ്ഞു. ഇനിമുതൽ ക്രൈസ്തവരെ പരമാവധി പ്രകോപിപ്പിക്കാതെ വേണം കാര്യങ്ങൾ നീക്കാൻ എന്നാണു നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP