Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമിഴ്‌നാട്ടിലോ കർണ്ണാടകയിലോ രാഹുലിനെ ഇറക്കി സാധ്യത വർദ്ധിപ്പിക്കാൻ ആദ്യം നിർദ്ദേശം വച്ചത് സീതാറാം യെച്ചൂരി; ജയസാധ്യത കണക്കിലെടുത്തപ്പോൾ ഏറ്റവും സുരക്ഷിതം വയനാട് ആണെന്ന് തിരിച്ചറിഞ്ഞ രാഹുൽ തീരുമാനം ഉറപ്പിച്ചപ്പോൾ ആദ്യം ഞെട്ടിയത് യെച്ചൂരി; ശരദ് പവാർ വഴിയുള്ള അവസാന നീക്കവും പൊളിഞ്ഞപ്പോൾ രാഹുലിനെതിരെ രംഗത്ത്; മോദിയെ ആണോ രാഹുലിനെ ആണോ പിന്തുണയക്കുന്നതെന്ന് എന്ന ചോദ്യത്തിന് മുമ്പിൽ പകച്ച് സിപിഎം

തമിഴ്‌നാട്ടിലോ കർണ്ണാടകയിലോ രാഹുലിനെ ഇറക്കി സാധ്യത വർദ്ധിപ്പിക്കാൻ ആദ്യം നിർദ്ദേശം വച്ചത് സീതാറാം യെച്ചൂരി; ജയസാധ്യത കണക്കിലെടുത്തപ്പോൾ ഏറ്റവും സുരക്ഷിതം വയനാട് ആണെന്ന് തിരിച്ചറിഞ്ഞ രാഹുൽ തീരുമാനം ഉറപ്പിച്ചപ്പോൾ ആദ്യം ഞെട്ടിയത് യെച്ചൂരി; ശരദ് പവാർ വഴിയുള്ള അവസാന നീക്കവും പൊളിഞ്ഞപ്പോൾ രാഹുലിനെതിരെ രംഗത്ത്; മോദിയെ ആണോ രാഹുലിനെ ആണോ പിന്തുണയക്കുന്നതെന്ന് എന്ന ചോദ്യത്തിന് മുമ്പിൽ പകച്ച് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ എവിടെനിന്നെങ്കിലും മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആദ്യം നിർദ്ദേശിച്ചത് സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്ന് റിപ്പോർട്ട്. എന്നാൽ ഈ ഉപദേശം തിരിച്ചടിച്ചത് സിപിഎമ്മിനെ തന്നെയാണ്. സിപിഎമ്മിന് കേരളത്തിൽ മാത്രമാണ് ഏക പ്രതീക്ഷ. യെച്ചൂരിയുടെ വാക്കുകൾക്ക് ഡൽഹിയിൽ വില കിട്ടണമെങ്കിൽ കേരളത്തിൽ കുറഞ്ഞത് 10 സീറ്റെങ്കിലും കിട്ടണം. ത്രിപുരയും ബംഗാളും കൈവിട്ട സിപിഎമ്മിന് തിരിച്ചടിയാകുവുകയാണ് രാഹുലിന്റ പെുതിയ തീരുമാനം. ദക്ഷിണേന്ത്യയിൽ മത്സരിക്കാനുള്ള യെച്ചൂരിയുടെ തീരുമാനം രാഹുൽ അംഗീകരിച്ച് കേരളത്തിലെ വയനാട്ടിലെത്തുമ്പോൾ സിപിഎം നേരിടുന്നത് വലിയ പ്രതിസന്ധിയെയാണ്.

ദേശീയ പാർട്ടി പദവിക്ക് പോലും വെല്ലുവിളിയാണ് ഉയരുന്നത്. രാഹുലിനെ അതുകൊണ്ട് തന്നെ എതിർക്കാനാകും ഇനി യെച്ചൂരിയുടെ ശ്രമം. ദക്ഷിണേന്ത്യയിൽ എവിടെനിന്നെങ്കിലും മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് യെച്ചൂരി നിർദ്ദേശിച്ചത് ബിജെപി.ക്കെതിരേയുള്ള പോരാട്ടത്തിനിത് ശക്തിപകരുമെന്നതു കൊണ്ടായിരുന്നു. യു.പി.എ.യിലെ മറ്റു ഘടകകക്ഷികളും നിർദ്ദേശത്തെ അനുകൂലിച്ചു. തുടർന്നാണ് കോൺഗ്രസ് നേതൃത്വം ഇത്തരമൊരാലോചന തുടങ്ങിയത്. എന്നാൽ എകെ ആന്റണിയുടെ ഇടപെടലുകൾ രാഹുലിനെ വയനാട്ടിൽ എത്തിച്ചു. കേരളത്തിൽ രാഹുലിന് സുരക്ഷിതത്വം കൂടുതലാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ രാഹുലിന് ഇത്തവണ ജയിക്കാം. എന്നാൽ സീറ്റ് കുത്തകയാക്കി മാറ്റാൻ കഴിയില്ല. എന്നാൽ വയനാട്ടിലെ സീറ്റ് അങ്ങനെയല്ല. അമേഠിയെ വിട്ടൊരു സീറ്റ് സ്വന്തമാക്കാൻ രാഹുൽ ആഗ്രഹിച്ചാൽ എന്നും ജയിക്കാനാകുന്ന ലോക്‌സഭാ സീറ്റാണ് ഇത്. അതുകൊണ്ടായിരുന്നു രാഹുലും വയനാടിനെ പുണർന്നത്.

തമിഴ്‌നാട്ടിൽ മത്സരിക്കണമെന്ന നിർദ്ദേശം ഡി.എം.കെ. നേതാവ് സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ബിജെപി.യെ രാഷ്ട്രീയമായി എതിർക്കുന്നതിന് കർണാടകമാണ് നല്ലതെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയടക്കം അഭിപ്രായപ്പെട്ടത്. വിഭാഗീയതമൂലമുള്ള അനിശ്ചിതത്വമുള്ളതിനാൽ രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കൾ ഈ ഘട്ടത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിത മണ്ഡലമെന്ന നിലയിൽ വയനാടിനെ പരിഗണിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. എകെ ആന്റണിക്കും കെ സി വേണുഗോപാലിനും ഹൈക്കമാണ്ടിലുള്ള സ്വാധീനവും ഇതിന് കാരണമായി. ഇക്കാര്യത്തിൽ മാർച്ച് 23-ന് കേരളനേതൃത്വത്തിന് രാഹുൽ സൂചന നൽകി. ഇതോടെയാണ് കേരളത്തിൽ ആഘോഷം തുടങ്ങിയത്. രാഹുൽ എത്തിയാൽ 20ൽ 20 സീറ്റും ജയിക്കാൻ യുഡിഎഫിന് കഴിയുമെന്നാണ് വിലയിരുത്തൽ. അങ്ങനെയുണ്ടായാൽ അത് സിപിഎമ്മിന്റെ സമ്പൂർണ്ണ നാശത്തിനും കാരണമാകും. ലോക്‌സഭയിലെ അംഗബലം അഞ്ചിൽ താഴെയാകാനും സാധ്യതയുണ്ട്. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തിയും ഇല്ലാതെയാകും.

വയനാടാണ് രാഹുലിന്റെ രണ്ടാം മണ്ഡലമെന്നറിഞ്ഞപ്പോൾ എൻ.സി.പി. നേതാവ് ശരദ് പവാർ മുഖേന അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സീതാറാം യെച്ചൂരി ശ്രമിച്ചു. ദേശീയതലത്തിൽ മതേതര ബദലിന് ശ്രമിക്കുമ്പോൾ വയനാട്ടിൽ ഇടതുസ്ഥാനാർത്ഥിക്കെതിരേ മത്സരിക്കരുതെന്നായിരുന്നു അഭ്യർത്ഥന. എങ്കിലും രാഹുലുമായി ഏറ്റവും അടുപ്പമുള്ള ആളെന്ന നിലയിൽ, കേരളത്തിലെ പ്രചാരണപരിപാടികളിൽ വയനാട്ടിനെ ഉൾപ്പെടുത്താതിരിക്കാനും യെച്ചൂരി ശ്രദ്ധിച്ചു. അങ്ങനെ യെച്ചൂരി എല്ലാ അടവും പയറ്റിയെങ്കിലും രാഹുൽ കേരളത്തിലെത്തി. ഇതോടെ രാഹുലിനെതിരെ ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തുന്നതും ചർച്ചയായി. മോദിയാണോ രാഹുലാണോ മുഖ്യ ശത്രുവെന്ന ചോദ്യം സിപിഎമ്മിനെ വെട്ടിലാക്കുകയാണ്. കേരളത്തിൽ രാഹുലിനെ എതിർത്താൽ പിന്നെ എങ്ങനെ കേന്ദ്രത്തിൽ രാഹുലിനെ പിന്തുണയ്ക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഏതായാലും വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. മതേതര ബദലിന് വേണ്ടി മായാവതിയെ ഉർത്തിക്കാട്ടാനാണ് സിപിഎം ശ്രമം. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ആരും എവിടേയും പോകുമെന്നതിനാൽ നയരൂപീകരണത്തിൽ നിർണ്ണായക ശക്തിയാകാനുള്ള കരുത്ത് സിപിഎമ്മിന് ഉണ്ടാകുമോ എന്നതും സംശയമാണ്.

രാഹുലിന്റെ വയനാടൻ അങ്കത്തിൽ സിപിഎം തകർന്നടിഞ്ഞാൽ പിന്നെ മായാവതിയെ പ്രധാനമന്ത്രിയാക്കുകയെന്ന സ്വപ്‌നമെല്ലാം യെച്ചൂരിയുടെ വെറും ആഗ്രഹമായി മാറും. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാരാണ് അധികാരത്തിൽ വരികയെന്ന് യെച്ചൂരി വ്യക്തമാക്കി കഴിഞ്ഞു. ബിജെപിയെ ഭരണത്തിൽനിന്ന് പുറത്താക്കുകയാണ് ഇടതുപക്ഷത്തിന്റെ പ്രധാനലക്ഷ്യം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് മോദിയും ചെയ്തുകൊണ്ടിരുന്നത്. ജനങ്ങൾക്ക് ഉപകാരമുള്ള ഒന്നും അവർക്ക് ചെയ്യാൻ കഴിഞ്ഞില്ല. കോൺഗ്രസിനെ എന്തിനാണോ അധികാരത്തിൽനിന്ന് പുറത്താക്കിയത് അതേ കൊള്ളരുതായ്മകൾ തന്നെയാണ് ബിജെപി ഭരണത്തിലും ഉണ്ടായിരുന്നത്. മോദി ഭരണം രാജ്യത്തിന്റെ മതനിരപേക്ഷത തകർത്തു. ബഹിരാകാശത്തിൽവരെ ചൗക്കിദാറാണ് എന്നാണ് മോദിയുടെ വാദം. ഇങ്ങനെയൊക്കെ മോദിയെ കടന്നാക്രമിക്കുകായണ് ഈ ഘട്ടത്തിലും യെച്ചൂരി. കരുതലോടെയാണ് രാഹുലിന്റെ വയനാടൻ മത്സരത്തെ സിപിഎം കാണുന്നത്.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് ഈ ഘ്ട്ടത്തിൽ യെച്ചൂരി ചോദിക്കുന്നത്. സോണിയ ഗാന്ധി റായ്ബറേലിയിലും ബെല്ലാരിയിലും മത്സരിച്ചിട്ടുണ്ട്. തെക്കും വടക്കും തമ്മിലാണ് മത്സരം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭയം കൊണ്ടാണോ ഇത്തരത്തിൽ മത്സരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് യെച്ചൂരി പ്രതികരിച്ചു. പ്രധാനപ്പെട്ട കാര്യം എന്താണ്. ബിജെപിയെ അധികാരത്തിൽ നിന്നും ഇല്ലാതാക്കുക. അതിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ രാജ്യം മുഴുവൻ മോദിയെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് എൽഡിഎഫിനെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് ഇത് വിശദീകരിക്കേണ്ടതുണ്ട്. ബിജെപിക്കെതിരെ പരമാവധി വോട്ട് പോൾ ചെയ്യിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ആര് ബിജെപിയെ തകർക്കുന്നു അവർക്കാണ് പിന്തുണ നൽകുക. ഇത് വ്യക്തമായ രാഷ്ട്രീയ നിലപാടാണ്. സഖ്യങ്ങളെല്ലാം തെരഞ്ഞെടുപ്പിനു ശേഷമാണുണ്ടാവുക. 2004 ൽ ഇടതുപക്ഷം 61 സീറ്റ് നേടി. അതിൽ 57 ഉും കോൺഗ്രസിനെ പരാജയപ്പെടുത്തി നേടിയ വിജയമാണ്. എന്നിട്ടും കോൺഗ്രസിന് പിന്തുണ നൽകി. പ്രധാന അജണ്ട വർഗീയത ചെറുക്കുക എന്നത് തന്നെയാണെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് യെച്ചൂരി പറയുന്നു. വർഗീയ, ബിജെപി.വിരുദ്ധ പോരാട്ടമെന്ന് ദേശീയതലത്തിലെ മതേതരപാർട്ടികൾ നിലപാടെടുത്തിട്ടുള്ള സാഹചര്യത്തിൽ ഇവിടെ ഇടതുമുന്നണിക്കെതിരെ രാഹുൽ മത്സരിക്കുമ്പോൾ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ് ആലോചിക്കേണ്ടതാണ്. കേരളത്തിൽ രാഹുൽഗാന്ധിയുടെ സാന്നിധ്യം ഇടതുമുന്നണിയുടെ വിജയത്തിന് ഭീഷണിയാകില്ല. വയനാട്ടിൽ മത്സരിക്കുന്നതിനാൽ രാഹുൽ ഗാന്ധിയുടെ മറ്രൊരു മണ്ഡലമായ അമേഠിയിൽ ബിജെപി.ക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുള്ള സിപിഎം നിലപാടിൽ മാറ്റംവരുത്തില്ല. വയനാട്ടിൽ സിപിഎം ദേശീയ നേതാക്കൾ പ്രചരണം നടത്തണോയെന്നത് സംസ്ഥാന ഇടതുമുന്നണിയാണ് തീരുമാനിക്കേണ്ടതെന്നും യെച്ചൂരി പറയുന്നു. അങ്ങനെ രാഹുലിന്റെ കാര്യത്തിൽ സർവ്വത്ര ആശയക്കുഴപ്പത്തിലാണ് സിപിഎം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP