Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയുടെ വഴിയെ ആണോ കേരളവും? സിൽവർ ലൈൻ ഒരു സുപ്രഭാതത്തിൽ വന്ന പദ്ധതി ആണെന്നു നിഷ്‌കളങ്കമായി പറയുന്നതെങ്ങനെ ? ബുദ്ധിജീവി കേന്ദ്രങ്ങൾ പണിത കെണിയിൽ പിണറായി വീണോ? ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം വിരൽ ചൂണ്ടുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയുടെ കാണാച്ചരടുകൾ

ചൈനയുടെ വഴിയെ ആണോ കേരളവും? സിൽവർ ലൈൻ ഒരു സുപ്രഭാതത്തിൽ വന്ന പദ്ധതി ആണെന്നു നിഷ്‌കളങ്കമായി പറയുന്നതെങ്ങനെ ? ബുദ്ധിജീവി കേന്ദ്രങ്ങൾ പണിത കെണിയിൽ പിണറായി വീണോ?  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം വിരൽ ചൂണ്ടുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയുടെ കാണാച്ചരടുകൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

കവൻട്രി : കമ്യൂണിസ്റ്റ്ചൈനയുടെ വഴിയേ പോകാനുള്ള അമിതാവേശമാണോ കമ്യൂണിസ്റ്റ്കേരളത്തിൽ സിൽവർ ലൈൻ എന്ന അതിവേഗ ചിന്തയ്ക്കു കാരണം ? റിയൽ എസ്റ്റേറ്റ് ലോബി പിടി മുറുക്കിയ ചൈനീസ് കമ്യൂണിസ്റ്റ്പാർട്ടിയുടെയും സർക്കാരിന്റെയും ചുവട് പിടിച്ചാണ് കേരളത്തിൽ സിൽവർ ലൈൻ ചിന്ത വേരുപിടിക്കുന്നത് എന്ന് ഇടതു വശം ചേർന്നു തന്നെ നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് അടക്കം പറയുമ്പോൾ അതിനെ വെറും രാഷ്ട്രീയ ആരോപണവുമായി എഴുതി തള്ളാനും കഴിയില്ല. ഇതിനൊപ്പം മുൻ പിണറായി സർക്കാരിൽ മുമ്പനായിരുന്ന ഇടതു ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നയാൾ അടക്കം ചേർന്ന ഒരു ഗൂഢപദ്ധതിയായും സിൽവർ ലൈനിനെ കാണുന്നവരും കുറവല്ല .

കാരണം തീർത്തും വിനാശകരമായ പദ്ധതി കേരളത്തിൽ ഒരിക്കലും നടപ്പാക്കാനാവില്ലെന്നു ഉറപ്പുള്ള കേന്ദ്രങ്ങൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിപ്പിച്ചു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതും സർക്കാർ അധികാരത്തിൽ വന്നതോടെ മാസ്റ്റർ പീസ് പദ്ധതിയാക്കി അവതരിപ്പിച്ചതും. ഒരർത്ഥത്തിൽ ബുദ്ധികേന്ദ്രങ്ങൾ പണിത കെണിയിൽ പിണറായി വിജയൻ വീഴുക ആയിരുന്നെന്നും അണിയറ സംസാരം സജീവമാണ്.

നടക്കാത്ത പദ്ധതി അവതരിപ്പിച്ചും അഴിമതി ആരോപണം ഉയരുമ്പോൾ ലാവ്ലിൻ അഴിമതിയുടെ മറ പിടിച്ചു അതും മുഖ്യമന്ത്രിയിൽ തന്നെ എത്തിക്കോളും എന്ന തല്പര കക്ഷികളുടെ ചിന്തയും അടക്കമുള്ള രാഷ്ട്രീയ അടിയൊഴുക്കുകളും സിൽവർ ലൈനിൽ വേണ്ടുവോളം കാണാം എന്നതിനു ഉൾപ്രേരകമായി മാറുകയാണ് ഇപ്പോൾ പുറത്തു വന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ട്. തുടക്കം മുതൽ ശാസ്ത്ര സാഹിത്യ പരിഷത് പദ്ധതിയെ എതിർക്കുക ആണെങ്കിലും പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എതിർപ്പുയരുമ്പോൾ അതിനു ആധികാരികത കൂടുകയാണ് .

സിൽവർ ലൈൻ വെറും രാഷ്ട്രീയ ആയുധമോ ?

ശാസ്ത്ര സാഹിത്യ പരിഷത്തിൽ ഇടതു ബുദ്ധികേന്ദ്രങ്ങൾക്കുള്ള മേൽക്കൈ കൂടി ചേർത്ത് വായിക്കുമ്പോളാണ് സിൽവർ ലൈൻ ഒരു പദ്ധതി എന്നതിനപ്പുറം രാഷ്ട്രീയ ആയുധം മാത്രമായിരുന്നു എന്ന് വക്തമാകുന്നത്. മുതലാളിത്ത, കമ്പോള ചേരുവകൾ നന്നായി പാർട്ടിയിൽ ചേരുന്നത് വഴി പലപ്പോഴും ഉത്തരം മുട്ടിപോകുന്ന സാഹചര്യം ഉണ്ടാകുമെന്ന തിരിച്ചറിവും സിൽവർ ലൈനിൽ തെളിഞ്ഞു നിൽപ്പുണ്ട്. ചൈനയിലെ പോലെ സ്വേച്ഛാധിപത്യവും അധികാരവും കേരളത്തിൽ ഇല്ലെന്നതിനാൽ, കമ്യുണിസ്റ്റ് ആചാരങ്ങളോട് തീർത്തും എതിരെ പായുന്ന സിൽവർ ലൈൻ ഒരടി മുന്നോട്ടു നീങ്ങില്ലെന്നും ഉറപ്പുള്ളവർ തന്നെയാണ് പദ്ധതിയെ രണ്ടാം പിണറായി സർക്കാരിന്റെ മാസ്റ്റർ പീസാക്കാൻ ചരട് വലികൾ നടത്തിയതെന്നും പരിഷത് പഠനത്തിന്റെ പിന്നാമ്പുറത്തിൽ തെളിഞ്ഞു നിൽപ്പുണ്ട് . ഗൂഢാലോചന എന്നതിനേക്കാളുപരി പാർട്ടിയിലും സർക്കാരിലും സർവ്വാധികാര്യക്കാരൻ ആയി മാറിയ പിണറായി വിജയനുള്ള ഉഗ്രൻ രാഷ്ട്രീയ പാര എന്ന നിലയിലും സിൽവർ ലൈനിനെ കാണാതിരിക്കാനാകില്ല എന്നുകൂടിയാണ് ശാസ്ത്ര സാഹിത്യ പരിഷത് പഠനം ഓർമ്മിപ്പിക്കുന്നത് .

പരിഷത് പറയുന്നത് മൂന്നു പ്രധാന കാരണങ്ങ

പരിഷത് നടത്തിയ പഠനത്തിൽ മൂന്നു പ്രധാന കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. പദ്ധതിക്ക് വേണ്ടി വീട് നഷ്ടമാകുന്നവരുടെ കാര്യത്തിലാണ് പരിഷത് പഠനം പ്രധാനമായും ആശങ്ക കണ്ടെത്തിയതും ഊന്നൽ നൽകിയതും. ഇത് ശരി വയ്ക്കുന്ന തരത്തിലാണ് പദ്ധതിയുടെ സാമൂഹ്യ ആഘാത പഠന വേളയിൽ നടന്ന അതിരടയാളക്കല്ല് വിവാദവും സംഘർഷവും തെളിയിക്കുന്നത്. പുരുഷന്മാരേക്കാൾ വീറോടെ പൊരുതാൻ സ്ത്രീകൾ അണിനിരന്നത് ബംഗാളിൽ നടന്ന നന്ദിഗ്രാം പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കും വിധത്തിലാണ്. ബംഗാളിൽ സിപിഎം അടിത്തറ തകർന്നു തുടങ്ങിയതും നന്ദിഗ്രാം പ്രക്ഷഭത്തോടെ ആയിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ളവർ സിൽവർ ലൈനിനു വേണ്ടി സംസാരിക്കാൻ പരസ്യമായി രംഗത്ത് വരാതിരുന്നതിനുള്ള കാരണവും. പാർട്ടി കോൺഗ്രസിന് മുന്നോടിയായി യെച്ചൂരിയെക്കൊണ്ട് പരസ്യ പിന്തുണ ഉറപ്പിക്കാൻ കേരളത്തിലെ സിപിഎം രാജ്യസഭാ എംപിമാർ നടത്തിയ സമ്മർദ്ദമൊക്കെ വെറുതെയായതു യെച്ചൂരിയുടെ രാഷ്ട്രീയ തന്ത്രജ്ഞത കൊണ്ടുകൂടിയാണ്. യെച്ചൂരി പരസ്യ പിന്തുണ നൽകുമെന്ന കേരള ഘടകത്തിന്റെ അമിത പ്രതീക്ഷ പോലും അദ്ദേഹത്തിൽ സ്വാധീനവും ആയില്ല .

പരിഷത് പഠനത്തിലെ രണ്ടാമത്തെ കാര്യം പദ്ധതി വരേണ്യ വർഗത്തിന് വേണ്ടിയുള്ളതു എന്നായിരുന്നു . ഉയർന്ന യാത്ര നിരക്കിൽ സഞ്ചരിക്കാൻ പ്രാപ്തിയുള്ളവരും കേവലം 700 പേർക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്നതുമായ ഒരു യാത്ര മാർഗത്തിനായി ഇത്രയും വലിയ പരിസ്ഥിതി കയ്യേറ്റം അനുവദിക്കാനാകില്ല എന്നാണ് പരിഷത് പഠനം ഊന്നൽ നൽകിയത്. കേരളം മധ്യ വർഗ സമ്പന്നരുടെ നാടാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർ പറയുന്ന നവ ലിബറൽ സിദ്ധാന്തത്തിന്റെ ചാപിള്ള ആയി മാത്രമേ സിൽവർ ലൈൻ പോലുള്ള പരിഷ്‌കാര പദ്ധതികളെ കാണാനാകൂ എന്നതാണ് പരിഷത് പറയാതെ പറഞ്ഞു വയ്ക്കുന്ന രണ്ടാമത്തെ കാര്യം .

പഠനത്തിൽ ശ്രദ്ധ നൽകിയ മൂന്നാമത്തെ കാര്യമാണ് ചൈനീസ് പാർട്ടിയിലും സർക്കാരിലും പിടിമുറുക്കിയ റിയൽ എസ്റ്റേറ്റ് ലോബി മറ്റൊരു വിധത്തിൽ കേരളത്തിലും ചേക്കേറുകയാണ് എന്ന ഭയം പങ്കു വയ്ക്കുന്നതിലൂടെ വക്തമാക്കുന്നത്. ചൈനയിലെ ഉന്നത പാർട്ടി നേതാക്കൾ തന്നെ പങ്കാളികളായ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് നൽകിയ വൻ തുകയുടെ ലോണുകൾ തിരിച്ചു കിട്ടാതായതോടെ വായ്പ നൽകിയ ബാങ്കുകൾ നിലയില്ലാക്കയത്തിൽ ആയിരിക്കുകയാണെന്ന റിപോർട്ടുകൾ ഞെട്ടലോടെയാണ് ലോകം കേട്ടത്. ചൈനയുടെ മുന്നോട്ടുള്ള കുതിപ്പിന് കിതപ്പ് നല്കാൻ ഈ സംഭവ വികാസങ്ങൾ കാരണമായിരിക്കുകയാണ് എന്ന റിപ്പോർട്ടുകളും ചൈനീസ് ഉരുക്കു മറ ഭേദിച്ചു പുറത്തു വരുകയാണ്. ചൈനീസ് വളർച്ചയിൽ ഭ്രമിച്ചു പോയ കേരളത്തിലെ ഏതെങ്കിലും ഇടതു ബുദ്ധി കേന്ദ്രത്തിന്റെ കൈവിട്ടുപോയ തീരുമാനമാണോ സിൽവർ ലൈനിൽ എത്തി നിൽക്കുന്നത് എന്ന് പോലും പരിഷത് പങ്കുവയ്ക്കുന്ന ആശങ്കയോടൊപ്പം കൂട്ടിവായിക്കപ്പെടണം .

ഇനിയെന്ത് ? ചൈനീസ് വസന്തം കേരളത്തിലേക്കോ ?

ഈ ചോദ്യമാണ് ഇനിയും കേരളം കാത്തിരിക്കുന്നത്. അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നത് നിർത്തി വച്ചത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുൻ നിർത്തിയാണെങ്കിലും പദ്ധതിയിൽ നിന്നും സർക്കാരിന്റെ പിന്നോട്ടിറക്കമായി ഇതിനെ വ്യാഖ്യാനിക്കുവാനും കാരണം ഏറെയാണ്. ഇതുവരെ പദ്ധതിക്ക് എതിരെ ഉണ്ടായ എതിർപ്പ് പ്രതിപക്ഷ വിജയമായി സിപിഎം പോലും കരുതുന്നില്ല. സോഷ്യൽ മീഡിയയിലും മറ്റും പാർട്ടി അനുഭാവികൾ ശക്തമായ ചെറുത്ത് നില്പിനു ശ്രമിക്കുന്നുണ്ടെങ്കിലും പദ്ധതി അവതരിപ്പിച്ചത് വഴി പാർട്ടിക്ക് ഉണ്ടായ നഷ്ടം നേട്ടത്തേക്കാൾ ഏറെ മുന്നിലായിരിക്കുകയാണ് എന്നും തിരിച്ചറിയുന്നവരാണ് യഥാർത്ഥ പാർട്ടി അനുഭാവികൾ. എന്നാൽ പരസ്യമായ എതിർപ്പ് ഉയർത്തിയാൽ കുലംകുത്തി ആയി മാറുമോ എന്ന ഭീതിയിൽ അനുഭാവം പ്രകടിപ്പിക്കുന്നവരും ഏറെയാണ്.

പദ്ധതിയെ കുറിച്ച് വിശദീകരിക്കുവാൻ വീട് കയറിയ പ്രവർത്തകർ നേരിട്ട ചോദ്യങ്ങൾ അത്തരത്തിൽ കടുപ്പമുള്ളവ ആയിരുന്നു എന്നതും താത്കാലികമായി പിന്നോക്കം നില്ക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുകയാകാം. മാത്രമല്ല ഒരു പടി കൂടി കടന്നു പരിഷത് തീവ്ര നിലപാടുകാരുടെ കേന്ദ്രമായി മാറിയെന്നും സംഘടനക്ക് ശാസ്ത്രീയ ബോധം ഇല്ലെന്നും വരെയാണ് സിപിഎം ജില്ലാ സെക്രട്ടറി നാസറിനെപ്പോലുള്ളവരുടെ നിലപാട്. മുൻ മന്ത്രി തോമസ് ഐസക്കിന്റെ നാട്ടിൽ നിന്നും ഇത്രയും കനത്ത ശബ്ദത്തിൽ സിൽവർ ലൈൻ അനുകൂല നിലപാട് വരുന്നതിന്റെ രാഷ്ട്രീയ കാണാച്ചരടുകൾ കൗതുകം ഉണർത്തുന്നതാണ് .

പരിഷത് പറയുന്നത് പോലെ സിൽവർ ലൈൻ വ്യവസായ വാണിജ്യ റിയൽ എസ്റ്റേറ്റ് പദ്ധതി ആണെങ്കിൽ സിപിഎമ്മിന്റെ പുതുകാല ചിന്തക്ക് നന്നേ ഇണങ്ങുന്നതാണ് പദ്ധതി എന്നതും തർക്കമില്ലാത്ത കാര്യം. കാരണം കോർപറേറ്റ് പ്രസ്ഥാനം എന്ന് എതിരാളികൾ പറയുമ്പോൾ അതിനെ അപ്പാടെ എതിർക്കാനൊന്നും ഇപ്പോൾ സിപിഎം സമയം കളയുന്നില്ല എന്നതും ശ്രദ്ധേയം. ഊരാളുങ്കൽ സൊസൈറ്റിയെ പോലും ഹൈടെക് ആക്കി മാറ്റാൻ സാധിച്ചെങ്കിൽ അതിൽ സിപിഎമ്മിന്റെ കോർപറേറ്റ് പാടവം തന്നെയാണ് തെളിയുന്നതും. ഇതിൽ എതിരാളികൾ കുശുമ്പാണ് കാണുന്നതെങ്കിൽ പരിഷത്തിനെ പോലുള്ളവർ അപകടമാണ് മണക്കുന്നത്. സിൽവർ ലൈൻ നാടിനു വേണ്ടിയാണു എന്ന് പറയുമ്പോൾ അനുബന്ധമായി വരുന്ന വാണിജ്യ - റിയൽ എസ്റ്റേറ്റ് ലോബികൾ ഓരോ സിൽവർ ലൈൻ സ്‌റേഷനുകളുമായി ബന്ധപ്പെട്ട ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് TOD ആയി കെ റെയിലിനെ മാറ്റും എന്നാണ് തൃശൂർ ജില്ലാ സമ്മേളനത്തിൽ പരിഷത് അവതരിപ്പിച്ച റിപ്പോർട്ട് പറയുന്നത്. ആയിരം പേരെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിന്റെ പൂർണ റിപ്പോർട്ട് എറണാകുളത്തു അടുത്ത മാസം നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ചർച്ച ചെയ്യുക .

പരിഷത് ഭയപ്പെടുന്നത് പോലെയുള്ള പദ്ധതിയായി സിൽവർ ലൈൻ മാറിയാൽ അതിനെ കേരളത്തിലെത്തുന്ന ചൈനീസ് വസന്തം എന്നും പറയേണ്ടി വരും. രാജ്യത്തിന്റെ സമ്പത്ത് നല്ല നിലയിൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് വഴി തിരിച്ചു വിട്ടാണ് ചൈന വളർന്നത്. അതിവേഗ റെയിലുകളും ഹൈവേ കോറിഡോറുകളും കൂറ്റൻ മലയിടുക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വമ്പൻ പാലങ്ങളും ഒക്കെയായി രണ്ടു പതിറ്റാണ്ടു കൊണ്ട് സമ്പത്തിന്റെ നല്ല പങ്കും അടിസ്ഥാന വികസന മേഖലയിൽ എത്തിച്ച ചൈനയെ കണ്ടു ലോകം അന്തം വിട്ടെങ്കിലും ഈ പ്രോജക്ടുകൾക്കു വായ്പ നൽകിയ ബാങ്കുകൾ കണ്ണും തള്ളി നിൽക്കുകയാണ് .

പാർട്ടിയും റിയൽ എസ്റ്റേറ്റ് ലോബിയും ഒന്നായി മാറുമ്പോൾ

കൂറ്റൻ റിയൽ എസ്റ്റേറ്റ് കമ്പനികളിലും കേന്ദ്ര ബാങ്ക് തലപ്പത്തും ഒക്കെ ചൈനീസ് കമ്യുണിസ്‌റ് പാർട്ടിയുടെയും സർക്കാരിന്റെയും ഉന്നത നേതാക്കളും ബന്ധുക്കളും ആണ് ഉണ്ടായിരുന്നത് എന്ന വിവരം പുറത്താകുന്നത് ചൈനയിലെ ഏറ്റവും വലിയ പ്രോപ്പർട്ടീസ് കമ്പനിയായ എവർ ഗ്രാൻഡെ തകരുന്നു എന്ന വാർത്ത വന്നപ്പോൾ മാത്രമാണ്. കമ്പനി 30000 കോടി ഡോളറിന്റെ ( 21 ലക്ഷം കോടി രൂപ ) ബാധ്യതയുമായി പാപ്പരാകാൻ കാത്തുനിൽക്കുകയാണ് എന്നത് ലോകം കേൾക്കുന്നത് അമ്പരപ്പോടെയാണ്. കമ്പനി ചെയർമാനും ചൈനയിലെ സൂപ്പർ മുതലാളിയുമായ ഷൂ ജിയാൻ രാജി വച്ച് കഴിഞ്ഞു. എവർ ഗ്രാൻഡെയുടെ പദ്ധതികളിൽ പണം നിക്ഷേപിച്ച 12 ലക്ഷം പേരുടെ കാര്യവും ഇതോടെ ഏകദേശം തീരുമാനമായിക്കഴിഞ്ഞു.

എന്നാൽ പാർട്ടിയിലെ ഉന്നത നേതാക്കളുടെ അനുഗ്രഹം വേണ്ടുവോളം നേടിയെടുത്താണ് എവർ ഗ്രാൻഡെ വളർന്നതെന്നു അറിയാവുന്നവർ ഈ തകർച്ച പോലും പാർട്ടി നെതൃത്വം ആസൂത്രണം ചെയ്തത് ആണെന്ന് വിശ്വസിക്കാനും മടിക്കുന്നില്ല. ചൈനീസ് മുൻ പ്രധാനമന്ത്രി വെൻ ജിയാബോയുടെ അടുത്ത ബന്ധുവും ചൈനീസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസാസിലെ അംഗത്വവും എല്ലാം പരിധിയില്ലാത്ത വായ്പക്കായി എവർ ഗ്രാൻഡ് തലവൻ ഷൂ ജിയാണെ സഹായിച്ചു എന്നാണ് ആരോപണം. അതിനാൽ തന്നെ എവർ ഗ്രാൻഡെ ചോദ്യം ചെയ്യപ്പെടും എന്നും ആരും നൂറു ശതമാനം കരുതുന്നുമില്ല. കാര്യങ്ങൾ ഇങ്ങനെ ബിസിനസും പാർട്ടിയുമായി അവിയൽ പരുവത്തിൽ കൂടിക്കുഴഞ്ഞു കിടക്കുമ്പോൾ എന്തുകൊണ്ട് അതിനൊരു കേരള മോഡൽ ആയിക്കൂടാ എന്ന ചിന്തയും സിൽവർ ലൈൻ എന്ന ഒരിക്കലും നടക്കാത്ത പദ്ധതിയുടെ പിന്നാമ്പുറങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരിക്കാം. പണമുള്ള പാർട്ടിയെ തൊടാൻ ആർക്കും കഴിയില്ല എന്ന ലളിത ചിന്തയിൽ ഉയർന്നതാണ് സിൽവർ ലൈനെങ്കിൽ അതിനെ കുറ്റം പറയാൻ പാർട്ടി കൂറുള്ളവർക്കു പ്രയാസമാകും .

അഥവാ മുഖ്യമന്ത്രിക്കൊരു കിടിലൻ പണിയിരിക്കട്ടെ എന്നാരുടെയെങ്കിലും കോർണർ കിക്കാണെങ്കിൽ അത് കറങ്ങി തിരിഞ്ഞു പാർട്ടി ഗോൾ വലയിൽ തന്നെ സെൽഫ് ഗോൾ അടിച്ചു കയറുമോ എന്നും കാത്തിരുന്നു കാണാം. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിനും തൃക്കാക്കരയിൽ വോട്ടെണ്ണുന്നതിനും ഇടയിൽ വെറും ഏഴു ദിവസത്തെ ഇടവേള മാത്രമാണുള്ളത്. തൃക്കാക്കര ഫലം എന്തായാലും പരിഷത് സമ്മേളനത്തിൽ സിൽവർ ലൈനിനെ വലിച്ചു കെട്ടുന്ന പഠന റിപ്പോർട്ട് ആകും അവതരിപ്പിക്കപ്പെടുക എന്നും സംശയം കൂടാതെ ഉറപ്പിക്കാം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP