Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

അഴിമതിക്ക് പിന്നിൽ പിണറായിയുടെ മകന്റെ ഭാര്യാ പിതാവെന്ന് ആരോപിച്ചത് വ്യക്തമായ ലക്ഷ്യത്തോടെ; ലോക്‌സഭയിലേക്ക് മത്സരിച്ചില്ലെങ്കിലും പരിവാറുകാരുടെ പ്രിയപ്പെട്ടവളകാൻ രണ്ടും കൽപ്പിച്ച്; എഐ ക്യാമറയിലൂടെ തുടക്കമിടുന്നത് കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷ നേതാവായി വളരാൻ; ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല

അഴിമതിക്ക് പിന്നിൽ പിണറായിയുടെ മകന്റെ ഭാര്യാ പിതാവെന്ന് ആരോപിച്ചത് വ്യക്തമായ ലക്ഷ്യത്തോടെ; ലോക്‌സഭയിലേക്ക് മത്സരിച്ചില്ലെങ്കിലും പരിവാറുകാരുടെ പ്രിയപ്പെട്ടവളകാൻ രണ്ടും കൽപ്പിച്ച്; എഐ ക്യാമറയിലൂടെ തുടക്കമിടുന്നത് കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷ നേതാവായി വളരാൻ; ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളുമായി ബിജെപി ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ എത്തുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശോഭ മത്സരിക്കില്ല. എന്നാൽ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടും വിധം പൊതു സമൂഹത്തിൽ നിറയാനാണ് തീരുമാനം. ബിജെപി സംസ്ഥാന നേതൃത്വത്തിനെ പരസ്യമായി വിമർശിക്കാതെ തന്നെ കുറവുകൾ ചൂണ്ടിക്കാട്ടും. ഇതിന്റെ ഭാഗമാണ് എഐ ക്യമാറയിലെ കടന്നാക്രമണം. കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷ നേതാവായി മാറാനാണ് ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം. സിബിഐയ്ക്ക ശോഭ പരാതിയും നൽകിയിട്ടുണ്ട്.

എഐ ക്യാമറ കരാറിൽ ഉൾപ്പെട്ട പ്രസാഡിയോ ടെക്നോളജീസിന്റെ ഡയറക്റ്റർ രാംജിത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ കിരണിന്റെ ഭാര്യ ദീപയുടെ പിതാവ് പ്രകാശ് ബാബുവിന്റെ ബിനാമി ആണെന്ന് ശോഭ ആരോപിച്ചിരുന്നു. രാംജിത്തിനെ മുന്നിൽ നിർത്തി സർക്കാരിന്റെ പലകരാറുകളും സ്വന്തമാക്കുന്നത് പ്രകാശ് ബാബു ആണെന്നും ശോഭ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷ നേതാക്കൾ ഇദ്ദേഹം പേര് പറയാതിരിക്കുന്നത് സർക്കാരിനെ സഹായിക്കാനാണെന്നും ശോഭ കൂട്ടിച്ചേർത്തു. തീവെട്ടിക്കൊള്ളയാണ് എഐ ഇടപാടിലൂടെ നടന്നതെന്നും അതിനാൽ കേന്ദ്ര ഏജൻസികൾ വിഷയം അന്വേഷിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. ഫലത്തിൽ ഭരണത്തിനൊപ്പം പ്രതിപക്ഷത്തേയും ശോഭ പ്രതിക്കൂട്ടിൽ നിർത്തുന്നു.

എഐ കാമറ വിവാദത്തിൽ പ്രതിപക്ഷ നേതാക്കളെപ്പോലെ ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ബിനാമിയുടെ പേര് മറച്ചുവച്ചതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതായി ദേശാഭിമാനി പോലും വാർത്ത നൽകി. സുരേന്ദ്രന്റെ നിലപാടുതന്നെ വൈസ് പ്രസിഡന്റും ആവർത്തിക്കണമെന്ന് മാധ്യമപ്രവർത്തകർ ശാഠ്യം പിടിക്കരുത്. സംസ്ഥാന വിജിലൻസ് അന്വേഷണത്തിൽ തൃപ്തിയില്ല. കേന്ദ്ര ഏജൻസി അന്വേഷിക്കണം. പരസ്പര സഹായ സഹകരണ മുന്നണിപോലെയാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്, പ്രതിപക്ഷ നേതാവാകട്ടെ ഉപമുഖ്യമന്ത്രിയെപോലെയും. മുഖ്യമന്ത്രിക്ക് ബോൺവിറ്റ നൽകുന്ന പണിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചെയ്യുന്നതെന്നും ശോഭ പറഞ്ഞവെന്ന് ദേശാഭിമാനിയും റി്‌പ്പോർട്ട് ചെയ്യുന്നത്.

ഇതെല്ലാം എഐ ക്യാമറാ വിവാദത്തിൽ ശോഭയുണ്ടാക്കിയ ഇംപാക്ടാണെന്ന് ബിജെപിയിൽ അവരെ അനുകൂലിക്കുന്നവരും വിലയിരുത്തുന്നു. വെറുതെ പത്ര സമ്മേളനം നടത്താതെ കാതലായ വിഷയങ്ങൾ ചർച്ചയാക്കി കൈയടി നേടാനാകും ഇനി ശോഭയുടെ ശ്രമം. ബിജെപിയിൽ വി മുരളീധര പക്ഷം തീർത്തും ശോഭയ്ക്ക് എതിരാണ്. കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം ശോഭാ സുരേന്ദ്രന് കാര്യമായ റോളുകൾ നൽകിയില്ല. ബിജെപിയുടെ കോർ കമ്മറ്റിയിലോ കോർ പ്ലസിലോ പോലും ശോഭയെ ഉൾപ്പെടുത്തിയില്ല. ഇതെല്ലാം ഒഴിവാക്കലാണെന്ന വാദമെത്തി. അപ്പോഴും കരുതലോടെയാണ് ശോഭ പ്രതികരിച്ചത്. എന്നാൽ ഇനി പൊതു വിഷയങ്ങളിൽ ശക്തമായ കടന്നാക്രമണം തന്നെ ശോഭ നടത്തും.

ബിജെപിയിൽ നിന്ന് ശോഭാ സുരേന്ദ്രൻ കോൺഗ്രസിലോ സിപിഎമ്മിലോ ചേരുന്ന വാർത്തകളിൽ പരിവാർ ക്യാമ്പുകളിൽ ചർച്ച നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയെ കടന്നാക്രമിച്ച് കോൺഗ്രസിനേയും പ്രതിപക്ഷ നേതാവിനേയും ശോഭ പരിഹസിക്കുന്നത്. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തിയതു മുതൽ ശോഭ പാർട്ടി പരിപാടികളിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. ഈഴവ-പിന്നാക്ക സമുദായത്തിൽനിന്ന് കുട്ടിയായിരിക്കുമ്പോൾത്തന്നെ പരിവാർപ്രസ്ഥാനങ്ങളിലൂടെ പാർട്ടിയിലേക്കെത്തിയ തന്റെ ട്രാക്ക് റെക്കോഡ് ശോഭ കേന്ദ്രനേതൃത്വത്തിനുമുന്നിൽ എടുത്തുകാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലങ്ങളിൽ പാർട്ടിക്കുണ്ടാക്കിയ മുന്നേറ്റവും എടുത്തുപറയുന്നു. എന്നാൽ കഴക്കൂട്ടത്ത് വോട്ട് കുറഞ്ഞു. ഇതിന് പിന്നിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അട്ടിമറിയായിരുന്നു.

കെ. സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് ഇടപെട്ട് തന്നെ തഴഞ്ഞത് എന്നാണ് ശോഭയുടെ വിലയിരുത്തൽ. പാർട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയിൽവരെ ഉണ്ടായിരുന്ന തന്നെ കോർകമ്മിറ്റിയിൽനിന്ന് ഒഴിവാക്കി 2004-ൽ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്ന പരാതിയും ഉയർത്തി. കഴിഞ്ഞ പുനഃസംഘടനയിൽ അഞ്ചുവർഷം ദേശീയ നിർവാഹക സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന തന്നെ ഏകപക്ഷീയമായി വൈസ് പ്രസിഡന്റായി തരം താഴ്‌ത്തുകയായിരുന്നുവെന്നാണ് ശോഭയുടെ പ്രധാന പരാതി.

ജനറൽ സെക്രട്ടറി പദത്തിൽ നിന്നു തനിക്കൊപ്പം ഒഴിവാക്കിയ എ.എൻ.രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ ആ വേദിയിൽ നിന്നു പുറത്താക്കി. ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് ഒഴിവാക്കിയോയെന്നു ചോദിച്ചപ്പോൾ 'യോഗ്യതയുടെ അടിസ്ഥാനത്തിലാണു ഭാരവാഹികളെ നിശ്ചയിച്ചത്' എന്നാണു സുരേന്ദ്രൻ പ്രതികരിച്ചത്. ഇതെല്ലാം ശോഭയെ വേദനിപ്പിച്ചിരുന്നു.

ബിജെപി. വേദിയിൽ വാക്പോരുമായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രനും ഈയിടെ രംഗത്ത് വന്നിരുന്നു. പണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകൾ ഉണ്ടായിരുന്ന പാർട്ടിയിൽ ഇപ്പോൾ തെരുവിൽ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകളുണ്ടെന്ന് സുരേന്ദ്രൻ ശോഭാ സുരേന്ദ്രനെ വേദിയിലിരുത്തി പറഞ്ഞു. എന്നാൽ, ബിജെപിയിൽ ശോഭയോ സുരേന്ദ്രനോ ഒരു വിഷയമല്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഇതിന് ശേഷമാണ് എഐ ക്യാമറയിലൂടെ പൊതു രംഗത്ത് സജീവമാകാനുള്ള ശോഭയുടെ ശ്രമം.

ടി.വി. ചാനലിൽ സംസാരിക്കാൻ മാത്രമല്ല, തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരും പാലക്കാട്ടും പൊലീസിന്റെ ബാരിക്കേഡുകൾ ചാടിക്കടന്ന് ലക്ഷക്കണക്കിന് സ്ത്രീകൾ സർക്കാരിനെതിരെ സമരം ചെയ്യുന്നത് കേരളത്തിൽ നാം കണ്ടതാണെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. എന്നാൽ, പരിപാടിക്ക് ശേഷം ഇതിനോട് വൈകാരികമായാണ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്. ഒരുപാട് സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഒരൽപ്പം വേദന സഹിച്ചിട്ടാണെങ്കിലും പാർട്ടി പ്രവർത്തകയായി മുന്നോട്ട് പോകും. കസേരകിട്ടിയാലും ഇല്ലെങ്കിലും പ്രവർത്തിക്കും. കൂടുതൽ വിഷമിപ്പിക്കരുതെന്നും അവർ പറഞ്ഞു.

ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ തുറന്നുപറയാനുള്ള തന്റേടം സ്ത്രീക്ക് കഴിവുകേടാണെന്ന് താൻ കരുതുന്നില്ല. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് എന്ന വേദനിപ്പിക്കരുത് എന്നാണ് എനിക്ക് മാധ്യമപ്രവർത്തകരോട് പറയാനുള്ളതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി സംസ്ഥാന നേതൃത്വവും ശോഭാ സുരേന്ദ്രനും തമ്മിലുള്ള ഭിന്നത എളുപ്പം അവസാനിക്കില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP