Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ നന്ന് 150 വർഷം നമ്മളെ ഭരിച്ച ബ്രിട്ടീഷുകാരെ ഏൽപിക്കുന്നതെന്ന് പരിഹസിച്ച ബാൽ താക്കറെയെ മറക്കാം; മാതോശ്രീയിൽ എത്തി വണങ്ങി സ്‌പോർട്‌സും സംഗീതവും ചർച്ച ചെയ്യുന്ന ഫട്‌നാവിസിനെ പോലെയല്ല പവാറും അഹമ്മദ് പട്ടേലും; താജ് ലാൻഡ്‌സിലും ട്രൈഡന്റിലും പവാറിന്റെ സിൽവർ ഓക്കിലും വൈബി ചവാൻ സെന്ററിലും എൻസിപി -കോൺഗ്രസ് ചർച്ചകൾക്കായി ഓടി നടക്കുമ്പോൾ ശിവസേന മേധാവി ഉദ്ധവ് താക്കറെ തിരിച്ചറിയുന്നു കാലം മാറി കഥ മാറി

സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ നന്ന് 150 വർഷം നമ്മളെ ഭരിച്ച ബ്രിട്ടീഷുകാരെ ഏൽപിക്കുന്നതെന്ന് പരിഹസിച്ച ബാൽ താക്കറെയെ മറക്കാം; മാതോശ്രീയിൽ എത്തി വണങ്ങി സ്‌പോർട്‌സും സംഗീതവും ചർച്ച ചെയ്യുന്ന ഫട്‌നാവിസിനെ പോലെയല്ല പവാറും അഹമ്മദ് പട്ടേലും; താജ് ലാൻഡ്‌സിലും ട്രൈഡന്റിലും പവാറിന്റെ സിൽവർ ഓക്കിലും വൈബി ചവാൻ സെന്ററിലും എൻസിപി -കോൺഗ്രസ് ചർച്ചകൾക്കായി  ഓടി നടക്കുമ്പോൾ ശിവസേന മേധാവി ഉദ്ധവ് താക്കറെ തിരിച്ചറിയുന്നു കാലം മാറി കഥ മാറി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മാതോശ്രീയിൽ ഇപ്പോൾ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. പഴയത് പോലെ രാഷ്ടീയ നേതാക്കൾ കാൽ തൊട്ടുവന്ദിക്കാൻ എത്തുന്നില്ല. ബാൽ താക്കറെയുടെ കാലം കഴിഞ്ഞതോടെ പഴയ പ്രതാപം പോയ് മറഞ്ഞിരിക്കുന്നു. ആ പ്രതാപം തിരിച്ചുപിടിക്കാനാണ് പരിശ്രമം. ഭരണം കിട്ടിയില്ലെങ്കിൽ, കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി. ബിജെപി അപ്പാടെ തങ്ങളെ വിഴുങ്ങുമെന്നായപ്പോൾ ആ കൂട്ടുവെട്ടിയിരിക്കുന്നു. കോൺഗ്രസ്-എൻസിപി പാളയത്തിൽ ചേക്കാറാനാണ്..അല്ലങ്കിൽ അവരുമായി സഖ്യത്തിൽ ഏർപ്പെടാനാണ് പുതിയ നീക്കം. ഏതായാലും രാഷ്ട്രീയ അജണ്ട മാത്രമല്ല, പ്രവർത്തന ശൈലിയിലും മാറ്റം വരുത്തുകയാണ്. ബാൽ താക്കറെയെ വണങ്ങാൻ എൽ.കെ.അദ്വാനി, ശരദ് പവാർ, സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്‌ലി, പ്രമോദ് മഹാജൻ, വിലാസ്‌റാവു ദേശ്മുഖ് എന്നിവരെല്ലാം മാതോശ്രീയിൽ എത്തിയിരുന്ന കാലമുണ്ടായിരുന്നു. അത് വെറുതെ സൗഹൃദ സംഭാഷണങ്ങൾക്കാവാം, അല്ലെങ്കിൽ, രാഷ്ട്രീയ ചർച്ചകൾക്കാവാം. 2012 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ, പവാറിനൊപ്പം പ്രണബ് മുഖർജി പിന്തുണ തേടിയെത്തിയ സംഭവവുമുണ്ടായി.

എന്നാൽ, കുറച്ചുനാളുകളായി കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. മാതോശ്രീയിലേക്ക് രാഷ്ട്രീയ നേതാക്കൾ വരുന്നില്ല എന്നല്ല, ഉദ്ധവ് താക്കറെയ്ക്ക് ഇപ്പോൾ നേതാക്കളെ അങ്ങോട്ട് പോയി കാണേണ്ടി വരുന്നുവെന്നതാണ് വ്യത്യാസം. തിങ്കളാഴ്ച, ഉദ്ധവ് താക്കറെ, ബാന്ദ്രയിലെ താജ് ലാൻഡ്‌സ് എൻഡിൽ പോയാണ് കൂടിക്കാഴ്ച നടത്തിയത. എൻസിപി-സേന-കോൺഗ്രസ് ഭരണസഖ്യത്തിന്റെ പൊതുമിനിമം പരിപാടി അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ. സേനയുടെ നല്ല കാലത്ത് ഇതൊരിക്കലും സംഭവിക്കുമായിരുന്നില്ല എന്നതാണ് മാറ്റം എന്നുപറയുന്നത്.

ഇതുകൂടാതെ, സേനയുടെ പ്രതിനിധികൾ അഹമ്മദ് പട്ടേലുമായോ, അമിത്ഷായുമായോ ചർച്ച നടത്താൻ ഡൽഹിക്ക് പറക്കുന്നതും പതിവായിരിക്കുന്നു. ദാദറിലെ സേനാഭവനിൽ നിന്ന് തലസ്ഥാനത്തേക്ക് പറക്കാൻ സേനാ നേതാക്കൾക്ക് ഇന്ന് ഒരുവിമുഖതയുമില്ല. ബുധനാഴ്ച അഹമ്മദ് പട്ടേൽ, അശോക് ചവാൻ എന്നിവരുമായി ഉദ്ധവ് ചർച്ച നടത്തിയത് ട്രൈഡന്റ് ഹോട്ടലിൽ വച്ചാണ്. പവാറിന്റെ വസതിയായ സിൽവർ ഓക്, നരിമാൻ പോയിന്റിലെ വൈബി ചവാൻ സെന്റർ എന്നിവിടങ്ങളിലായിരുന്നു മറ്റു കൂടിക്കാഴ്ചകൾ.

കോൺഗ്രസിന്റെ പിന്തുണ തേടി ഉദ്ധവ് സോണിയ ഗാന്ധിയെ രണ്ടുതവണ ഫോണിൽ വിളിച്ചിരുന്നു. ബാൽതാക്കറെയും സാംനയും സോണിയയുടെ ഇറ്റാലിയൻ പശ്ചാത്തലത്തെ നിരന്തരം പരിഹസിക്കുന്നവരായിരുന്നു. അതൊക്കെ മറന്നാണ് ഇതാദ്യമായി ഉദ്ധവ് സോണിയയെ ഫോണിൽ വിളിച്ചത്. സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ ബ്രിട്ടീഷുകാരെ വീണ്ടും ഭരണം ഏൽപിക്കുന്നതാണ് നന്നെന്നായിരുന്നു പണ്ട് ബാൽ താക്കറെ പരിഹസിച്ചത്. 2017 ൽ മഹരാഷ്ട്രയിലെ കോൺഗ്രസ് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെയും കേന്ദ്രത്തിൽ മന്മോഹൻ സിങ്ങിന്റെയും ഭരണം കാൻസർ പോലെയാണെന്നും അത് തുടച്ചുനീക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു. 2ജി അഴിമതിയുടെ പേരിലും താക്കറെ സോണിയയെയും രാഹുലിനെയും ശക്തമായി വിമർശിച്ചിരുന്നു.

ഏതായാലും, ഇപ്പോൾ, മഹാരാഷ്ട്രയിൽ ഭരണം പിടിക്കാനും മുഖ്യമന്ത്രി സ്ഥാനം നേടാനും കോൺഗ്രസിന്റെയും എൻസിപിയുടെയും വാതിൽപടിക്കൽ കാത്തുകെട്ടികിടക്കണമെന്ന് സേന നേതാക്കൾക്ക് ബോധ്യമുണ്ട്. ഏപ്രിലിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ, അമിത് ഷാ രണ്ടുവട്ടമാണ് മാതോശ്രീയിലെത്തിയത്. എന്നാൽ, സേനയുടെ പിന്തുണ തേടാനാണെങ്കിൽ, പോലും, പവാറോ, അഹമ്മദ് പട്ടേലോ, കാലാ നഗറിൽ കാത്തുനിൽക്കില്ല.

കഴിഞ്ഞ അഞ്ച് വർഷവും എൻഡിഎ സർക്കാരിന്റെ സുഗമമായ നടത്തിപ്പിനായി ദേവേന്ദ്ര ഫട്‌നാവിസ് ഉദ്ധവ് താക്കറെയെ എപ്പോഴും അടുപ്പിച്ച് നിർത്തിയിരുന്നു. എന്നാൽ, പുതിയ കൂട്ടുകാർ കുറെക്കൂടി കടുപ്പക്കാരാണ്. ഫട്‌നാവിസ് പലപ്പോഴും മാതോശ്രീയിലെത്തി ഉദ്ധവുമായി സംസാരിച്ചിരിക്കും. സ്പോർട്സ്, സംഗീതം. പുസ്തകങ്ങൾ അങ്ങനെ എന്തെല്ലാം. എന്നാൽ, പവാറിന് ഈ പരിപാടിയൊന്നുമില്ല. തനി പ്രായോഗിക രാഷ്ട്രീയക്കാരനാണ് പവാർ. ഒരുപരിധിയിൽ കൂടുതൽ പവാർ തന്റെ രാഷ്ട്രീയ സഖ്യകക്ഷികളുമായി അടുപ്പം കാട്ടില്ല. രാഷ്ട്രീയ ചർച്ചകൾ പലപ്പോഴും വളരെ ഔദ്യോഗിക സ്വഭാവമുള്ളതായിരിക്കും. അളന്നുമുറിച്ചുള്ള സംസാരവും ഇടപെടലും മാത്രം. ഏതായാലും ഉദ്ധവ് താക്കറെ ഇതെല്ലാം ശീലിച്ചുവരികയാണ്.

ബാൽ താക്കറെയ്ക്ക് മുമ്പും പിമ്പും എന്നായി മാറിയിരിക്കുന്നു ശിവസേനയുടെ ശക്തിക്ഷയങ്ങൾ. മഹാരാഷ്ട്രയിൽ ബിജെപിയോട് പിണങ്ങി സർക്കാർ രൂപീകരണത്തിൽ നിന്ന് പിന്മാറി നിൽക്കുമ്പോൾ, ഉദ്ധവ് താക്കറെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതും മാതോശ്രീയിലെ ആ പഴയ പടനായകന്റെ വീര്യം.

നിർണായക ഘട്ടത്തിൽ മോദിയെ തുണച്ച താക്കറെ

2002 ലെ ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ മോദിക്ക് എല്ലാ ഭാഗത്ത് നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നു. സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങൾ ഉന്നയിച്ചവർ രാജിക്കായി മുറവിളി കൂട്ടി. പ്രധാനമന്ത്രി വാജ്പേയി രാജധർമം പാലിക്കാൻ മോദിയെ ഉപദേശിച്ചു. ആ വർഷം ഏപ്രലിൽ ഗോവയിൽ ചേരാനിരുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ മോദിക്ക് നിർണായകമാവുകയും ചെയ്തു. വലിയ പതനത്തിലേക്ക് താൻ പോകുമെന്ന് മോദി ഭയന്ന കാലം. ഈ നിർണായക ഘട്ടത്തിൽ ബാൽ താക്കറെ ശിവസേനയുടെ രണ്ട് മുതിർന്ന എംപിമാരായ ചന്ദ്രകാന്ത് ഖൈരെ, മോഹൻ രവാലെ എന്നിവരെ ഗുജറാത്തിലേക്ക് അയച്ച് മോദിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദുഹൃദയ സമ്രാട്ട് അഥവാ ഹിന്ദു ഹൃദയങ്ങളുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന താക്കറെ മോദിയോടുള്ള കൂറ് സംശയമില്ലാതെ വ്യക്തമാക്കി. വാജ്പേയ് സർക്കാരിൽ സഖ്യകക്ഷിയായിരുന്ന ശിവസേനയുടെ പിന്തുണ മോദിക്ക് എത്ര മാത്രം വിലപ്പെട്ടതായിരുന്നുവെന്ന് പിൽക്കാലം തെളിയിച്ചു. ഇപ്പോൾ ഉദ്ധവ് താക്കറെയുടെ കീഴിലുള്ള ശിവസേന, ബിജെപിയോട് പിണങ്ങി മാറുമ്പോൾ മോദി ഓർത്തെടുക്കുന്നതും ബാൽ താക്കറെയുടെ ആ കൈത്താങ്ങാവണം.

ഉദ്ധവിൽ നിന്ന് ആദിത്യ താക്കറെയിലേക്ക്

ബാൽ താക്കറെയുടെ കൊച്ചുമകനും ഉദ്ധവ് താക്കറെയുടെ മകനും യുവസേന അദ്ധ്യക്ഷനുമായ 29 വയസ്സുകാരൻ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയായി വാഴിക്കാനാണ് ശിവസേനയുടെ പ്രയത്നം. ഒരുശിവസേന മുഖ്യമന്ത്രി എന്ന സ്വപ്നം പൂവണിയക്കാൻ ബിജെപിയുമായുള്ള ബന്ധവും അവർ അറുത്തുമാറ്റി. ഇതാദ്യമായാണ് താക്കറെ കുടുംബത്തിൽ നിന്ന് ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. വർളി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ആദിത്യ ജയിച്ചുകയറിയത്. ഉപമുഖ്യമന്ത്രി പദവിയാണ് ബിജെപി വാഗ്ദാനം ചെയ്തതെങ്കിലും ശിവസേന വോട്ടെണ്ണൽ കഴിഞ്ഞതോടെ നിലപാട് മാറ്റി.

യുവാക്കളുടെ ഇടയിൽ തങ്ങളുടെ ചോരുന്ന സ്വാധീനം തിരിച്ചുപിടിക്കാനുള്ള തുറുപ്പ് ചീട്ടാണ് ആദിത്യ. വെസ്റ്റേൺ സ്‌റ്റൈൽ ആഘോഷങ്ങളോട് സേന എന്നും മുഖം തിരിച്ചിരുന്നു. ന്യൂ ഇയർ ആഘോഷം, വാലന്റൈൻസ് ഡേ എന്നിവയിലൊക്കെയുള്ള സേനയുടെ എതിർപ്പ് യുവാക്കളെ അകറ്റിയിരുന്നു. ഇവരെ തിരിച്ചുപിടിക്കാനാണ് ആദിത്യയെ ഇറക്കിയത്. മുംബൈ, താനെ, നവി മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിൽ ന്യൂഇയർ ആഘോഷങ്ങൾക്ക് അനുവാദം ചോദിച്ചുകൊണ്ട് ആദ്യത്യ മുഖ്യമന്ത്രിക്ക് കത്തയച്ചത് പ്രതിച്ഛായ മാറ്റാനുള്ള മന: പൂർവമായ ശ്രമത്തിന്റെ ഭാഗമാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ആദിത്യ. ഏതായാലും ഈ 29 കാരനിലാണ് സേന തങ്ങളുടെ ഭാവി കാണുന്നത്. അതിന് വേണ്ടി ബിജെപിയെ അകറ്റാൻ പോലും അവർ ധൈര്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP