Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

ആഘാഡി ഭരണത്തിൽ ഷിൻഡേ മോഹിച്ചത് ഉപമുഖ്യമന്ത്രി പദം; സ്വന്തം വകുപ്പിൽ ആദിത്യ താക്കറെ ഇടപെട്ടത് അഭിമാന ക്ഷതമായി; മുഖ്യമന്ത്രിയെ കാണാൻ അപ്പോയ്ന്മെന്റ് വേണമെന്ന അവസ്ഥയും സഹിച്ചില്ല; ഹിന്ദുത്വ അജൻഡ ശിവസേന മയപ്പെടുത്തുന്നതു തിരിച്ചടിയാകുമെന്നും ഭയന്നു; ഉദ്ധവ് താക്കറെയെ പിന്നിൽ നിന്ന് കുത്തി വീഴ്‌ത്താൻ ഷിൻഡേക്ക് പറയാനുള്ള കാരണങ്ങൾ ഇങ്ങനെ

ആഘാഡി ഭരണത്തിൽ ഷിൻഡേ മോഹിച്ചത് ഉപമുഖ്യമന്ത്രി പദം; സ്വന്തം വകുപ്പിൽ ആദിത്യ താക്കറെ ഇടപെട്ടത് അഭിമാന ക്ഷതമായി; മുഖ്യമന്ത്രിയെ കാണാൻ അപ്പോയ്ന്മെന്റ് വേണമെന്ന അവസ്ഥയും സഹിച്ചില്ല; ഹിന്ദുത്വ അജൻഡ ശിവസേന മയപ്പെടുത്തുന്നതു തിരിച്ചടിയാകുമെന്നും ഭയന്നു; ഉദ്ധവ് താക്കറെയെ പിന്നിൽ നിന്ന് കുത്തി വീഴ്‌ത്താൻ ഷിൻഡേക്ക് പറയാനുള്ള കാരണങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്ര ഭരണത്തിൽ പിന്നിൽ നിന്നും കളിച്ച് കടിഞ്ഞാൺ കൈയിലേന്തുക എന്നതായിരുന്നു ബാൽ താക്കറെ എന്ന പകരം വെക്കാനില്ലാത്ത നേതാവ് ചെയ്തിരുന്നത്. എന്നാൽ, കാര്യങ്ങൾ മാറിയപ്പോൾ താക്കറെ കുടുംബത്തിൽ നിന്നും മുഖ്യമന്ത്രിയായി മകൻ ഉദ്ധവ്. എന്നാൽ, മുഖ്യമന്ത്രി പദത്തിലിരുന്നു ഭരണം നിയന്ത്രിച്ച ഉദ്ധവിന് പാർട്ടി കൈയിൽ നിന്നും പോയി. ഏകനാഥ് ഷിൻഡെ എന്ന നേതാവിനും മുകളിലേക്ക് സ്വന്തം മകനെ വളർത്താനുള്ള മോഹങ്ങൾ കൂടിയാണ് ഇപ്പോൾ ആയുധങ്ങളൊന്നും കൈയിൽ ഇല്ലാതെ പടിയിറങ്ങുന്നതിലേക്ക് താക്കറെയെ നിയിച്ചത്. പാർട്ടിയിൽ വലിയ സ്വാധീനമുള്ള ഷിൻഡേയുടെ സ്വാധീനത്തെ കുറച്ചു കണ്ടതാണ് അദ്ദേഹത്തിന് പറ്റിയ പിഴവ്. എന്നാൽ, എല്ലാം കണക്കു കൂട്ടി മുന്നോട്ടു പോയ ഷിൻഡേയാകട്ടെ മഹാ കളിയിലെ മാൻ ഓഫ് ദി മാച്ച് ആകുകയും ചെയ്തു.

വിശ്വാസവോട്ടെടുപ്പിന് സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് ഉദ്ധവ് അധികാരത്തിൽ കടിച്ചു തൂങ്ങാൻ താനില്ലെന്ന് പ്രഖ്യാപിച്ച് ഉദ്ധവിന്റെ രാജി. താക്കറെ കുടുംബത്തിൽനിന്ന് മഹാരാഷ്ട്രയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തി, ഒടുവിൽ സ്വന്തം പാർട്ടി എംഎൽഎമാരുടെ തന്നെ എതിർപ്പിനെ തുടർന്ന് കാലാവധി പൂർത്തിയാക്കാതെ പുറത്തേക്ക് പോകുകയാണ്. ഇതോടെ, രണ്ടര വർഷം മുൻപ്, ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അധികാരം നഷ്ടപ്പെട്ട ഫഡ്‌നാവിസിന്റെ കൈകളിലേക്ക് വീണ്ടും മഹാരാഷ്ട്രയുടെ ഭരണം എത്തുകയും ചെയ്യുന്നു.

പിന്നിൽനിന്നു കുത്തി ശിവ സൈനികർ

കോൺഗ്രസും എൻസിപിയും ഒപ്പം ശിവസേനയും ഈ വിരുദ്ധ താൽപ്പര്യക്കാർ എങ്ങനെ ഒരുമിച്ചു മുന്നോട്ടു പോകുമെന്ന സംശയം പലപ്പോഴും ഉയർന്നതാണ്. വിരുദ്ധ ചേരിയിൽനിന്ന് രൂപം കൊണ്ട സംഘം മൂന്നു മാസം പോലും തികയ്ക്കില്ലെന്നാണ് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ അധികാരത്തിലേറിയപ്പോൾ ബിജെപി ഉൾപ്പൈട എല്ലാവരും വിചാരിച്ചത്. എന്നാൽ രണ്ടര വർഷം സർക്കാർ മുന്നോട്ടു പോയി. അവസാനം എൻസിപിയും കോൺഗ്രസും ഒപ്പം നിന്നപ്പോഴും സ്വന്തം പാർട്ടിയിൽനിന്നുള്ളവർ തന്നെ ഉദ്ധവിനെ പിന്നിൽനിന്നു കുത്തി വീഴ്‌ത്തി.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകൾ ബിജെപി സ്വന്തമാക്കിയതു മുതൽ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ പതനം ഏതാണ്ട് തുടങ്ങിക്കഴിഞ്ഞിരുന്നു. ശിവസേനയ്ക്ക് എളുപ്പം ജയിക്കാവുന്ന സീറ്റുകളായിരുന്നു അവ. തോൽവിയോടെ തന്നെ മഹാസഖ്യം 'ഒറ്റ്' മണത്തു. ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ഉദ്ധവിന്റെ വിശ്വസ്തനും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മുപ്പതോളം എംഎൽഎമാർ അസമിലെ ഗുവാഹത്തിയിലെ റിസോർട്ടിലെത്തി. പിന്നെ കണ്ടത് ബിജെപി പയറ്റി തെളിഞ്ഞ റിസോർട്ടു രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ്.

ഷിൻഡേയുടെ പിണക്കമാണ് വിമത നീക്കത്തിന് കാരണമായത്. 2019ൽ ബിജെപിയുമായി പിണങ്ങിയ ശിവസേന കോൺഗ്രസും എൻസിപിയുമായി അടുത്തപ്പോൾതന്നെ ഷിൻഡെ എതിർത്തെങ്കിലും പാർട്ടി അത് അവഗണിച്ചു. കൂടാതെ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിപദത്തിലേക്കു പോലും പരിഗണിക്കപ്പെട്ട ഷിൻഡെ മഹാ വികാസ് അഘാഡിയിൽ ഉപമുഖ്യമന്ത്രിപദം സ്വപ്നം കണ്ടിരുന്നു. ഇത് ഷ്ടമായതിന് ശേഷം ഷിൻഡേക്ക് പഴയതു പോലെ അധികാരങ്ങളൊന്നും കിട്ടിയതുമില്ല. പലപ്പോഴും ഉദ്ധവ് താക്കറെയെ കാണാൻ പോലും കഴിയാത്ത സ്ഥിതി വന്നതോടെ അതൃപ്തി കൂടി. മന്ത്രിയെന്ന നിലയിൽ ഷിൻഡെ എടുത്ത തീരുമാനങ്ങൾ മുഖ്യമന്ത്രി തിരുത്തിയത് അകൽച്ച വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ തീരുമാനങ്ങൾ എടുക്കരുതെന്നും നിർദേശമുണ്ടായി. ഷിൻഡെയുടെ വകുപ്പിൽ ആദിത്യ താക്കറെ ഇടപെട്ടിരുന്നതും പ്രശ്‌നമായി.

രാജ്യസഭാ, നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പിലും ഷിൻഡെയുടെ അഭിപ്രായങ്ങൾ പാർട്ടി അവഗണിച്ചു. അവയുടെ ഏകോപനച്ചുമതലയിൽ നിന്ന് ഒഴിവാക്കി. ഇതും നിരാശ വർധിപ്പിച്ചു. ശിവസേനാ എംഎൽഎമാർക്കു േവണ്ടത്ര ഫണ്ട് ലഭിക്കുന്നില്ലെന്ന ഷിൻഡെയുടെ പരാതിപോലും മുഖ്യമന്ത്രി അവഗണിച്ചതോടെ നിരാശയായി. ഹിന്ദുത്വ അജൻഡ ശിവസേന മയപ്പെടുത്തുന്നതു പാർട്ടിക്കു തിരിച്ചടിയുണ്ടാക്കുമെന്നും ഷിൻഡെ ഭയന്നു.

വിമതരെ തിരികെ കൊണ്ടുവരാൻ പല ശ്രമങ്ങൾ ഉദ്ധവ് നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഒടുവിൽ വിവാദം വീണ്ടും കോടതിയിലേക്ക്. വിശദമായ വാദത്തിനു ശേഷം വിശ്വാസ വോട്ടെടുപ്പിന് സുപ്രീം കോടതി അനുമതി നൽകിയത് ജൂൺ 29നു രാത്രി ഒൻപതരയോടെ. തൊട്ടുപിന്നാലെ, ശരദ് പവാറിനും സോണിയ ഗാന്ധിക്കും നന്ദി പറഞ്ഞ്, വിശ്വസ്തർ തന്നെ പിന്നിൽനിന്നു കുത്തിയ വേദനയിൽ ഉദ്ധവ് താക്കറെ രാജി പ്രഖ്യപിച്ചു.

കാലം തിരിഞ്ഞു കുത്തുന്നു

2019 ഒക്ടോബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 288 സീറ്റുകളിൽ ബിജെപി-ശിവസേന സഖ്യം 161 സീറ്റും കോൺഗ്രസ്-എൻസിപി സഖ്യം 98 സീറ്റും നേടി. മറ്റുള്ളവർ 29 സീറ്റും നേടി. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കുവയ്ക്കണമെന്നു ശിവസേന ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രിപദം പങ്കിടുന്ന പ്രശ്‌നമില്ലെന്നു ദേവേന്ദ്ര ഫഡ്‌നാവിസ് ഉറച്ചു നിന്നു. തുടർന്ന് ബിജെപിയേയും ശിവസേനയേയും സർക്കാരുണ്ടാക്കാൻ മാറി മാറി ഗവർണർ ക്ഷണിച്ചു. എന്നാൽ ഇരു കൂട്ടരും പിൻവാങ്ങി.

അതിനിടെ, കോൺഗ്രസ്, എൻസിപി പിന്തുണക്കത്തുകൾ ഇല്ലാതെ ശിവസേനാ സംഘം ഗവർണറെ കണ്ടു. സമയം നീട്ടി നൽകാൻ വിസമ്മതിച്ച ഗവർണർ മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ ക്ഷണിച്ചു. പിന്തുണ തെളിയിക്കാൻ എൻസിപിക്കു നൽകിയ സമയം തീരും മുൻപേ രാഷ്ട്രപതിഭരണത്തിനു ഗവർണറുടെ ശുപാർശയെത്തി. കേന്ദ്രമന്ത്രിസഭ ശുപാർശ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി നിയമസഭ മരവിപ്പിച്ചു നിർത്താൻ നിർദ്ദേശം. ഗവർണർ സമയം നൽകിയില്ലെന്നാരോപിച്ചു സുപ്രീം കോടതിയിൽ ശിവസേനയുടെ ഹർജി.

തുടർന്ന് ശിവസേനയുമായി ഉടക്കിയെങ്കിലും എൻസിപിയിൽനിന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എംഎൽഎമാരെ ചാടിച്ച് ഫഡ്‌നാവിസ് അധികാരം പിടിച്ചു. ഫഡ്‌നാവിസിനു കീഴിൽ 3 ദിവസം എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായെങ്കിലും എൻസിപി അംഗങ്ങൾ ഒപ്പം നിൽക്കാത്തതിനാൽ സർക്കാർ വീണു. വിരുദ്ധ നിലപാടുകൾ പുലർത്തുന്ന കോൺഗ്രസും ശിവസേനയും ഒരുമിക്കുമെന്ന് ഫഡ്‌നാവിസും ബിജെപിയും ഒരിക്കലും കരുതിയില്ല. അതിനു ചരടു വലിച്ചതാകട്ടെ എൻസിപി തലവൻ ശരദ് പവാറും. കോൺഗ്രസും ശിവസേനയും എൻസിപിയും ഒരുമിച്ച് മഹാവികാസ് അഘാഡി (എംവിഎ) രൂപീകരിച്ചതോടെ തകർന്നടിഞ്ഞത് വീണ്ടും മഹാരാഷ്ട്ര ഭരണം എന്ന ബിജെപിയുടെ മഹാ സ്വപ്നമാണ്.

സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യം ചേർന്ന യോഗത്തിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. എൻസിപി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീൽ ആണ് ഉദ്ധവിന്റെ പേരു നിർദേശിച്ചത്. അങ്ങനെ താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രി ആകാൻ ഉദ്ധവ് താക്കറെയ്ക്കു നറുക്കു വീണു. ശിവസേന പിറന്ന ശിവാജി പാർക്കിലെ മണ്ണിൽ താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ 2019 നവംബർ 28ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന സ്ഥാപിച്ചും പരിപാലിച്ചും ബാൽ താക്കറെയുടെ ഗർജനം ദിഗന്തങ്ങളെ ഞെട്ടിച്ച കാലത്തുപോലും സാധിക്കാത്ത നേട്ടമാണ് മകൻ ഉദ്ധവിനായി കാലം കാത്തുവച്ചത്.

1960 ജൂലൈ 27നു ബാൽ താക്കറെയുടെയും മീനയുടെയും മൂന്നാമത്തെ കുട്ടിയായി ജനനം. ശാന്ത സ്വഭാവിയായ ബാലനെ മാതൃസഹോദരി കുന്ദ വിളിച്ചിരുന്നതു 'ശ്രവൺബാൽ' എന്ന്. ഉത്തമനായ മകൻ എന്നർഥം. ഉദ്ധവിന്റെ പിതൃസഹോദരൻ ശ്രീകാന്ത് താക്കറെയുടെ ഭാര്യയുമായിരുന്നു കുന്ദ. അവരുടെ മകൻ രാജ് താക്കറെയെപ്പോലെ ഉദ്ധവും ജെജെ സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്നു ബിരുദമെടുത്തു. ഏരിയൽ ഫൊട്ടോഗ്രഫിയിലും വന്യജീവി ഫൊട്ടോഗ്രഫിയിലും ഉദ്ധവ് കേമനാണ്. ഫൊട്ടോഗ്രഫി സംബന്ധിച്ച 2 പുസ്തകങ്ങൾ പേരിലുണ്ട്. രശ്മിയാണു ഭാര്യ. മൂത്ത മകൻ ആദിത്യ എംഎൽഎയും ഉദ്ധവ് മന്ത്രിസഭയിൽ ടൂറിസം മന്ത്രിയുമായിരുന്നു. ഇളയമകൻ തേജസ് പരിസ്ഥിതി പ്രവർത്തകൻ.

ശിവസേന ബിജെപി സർക്കാർ മഹാരാഷ്ട്ര ഭരിക്കുന്ന കാലത്ത് പൊതുചടങ്ങുകളിലെല്ലാം ബാൽ താക്കറെയുടെ സന്തതസഹചാരികളായിരുന്നു രാജും ഉദ്ധവും. രാജ് തന്നെയാണ് ആ നിർദ്ദേശം മുന്നോട്ടു വച്ചത്: ഉദ്ധവിനെ വർക്കിങ് പ്രസിഡന്റ് ആക്കുക. 2003ലായിരുന്നു അത്. പിന്നെ മെല്ലെ പാർട്ടി ചുമതലകൾ അദ്ദേഹം ഏറ്റെടുത്തു. നിർദേശങ്ങളുമായി ബാൽ താക്കറെ പിൻവാങ്ങി. ഉദ്ധവിന്റെ ഉയർച്ചയ്ക്കു വഴി വെട്ടിയ രാജ് പക്ഷേ പിന്നീടു വിമതനായി മഹാരാഷ്ട്ര നവനിർമ്മാൺ സേന രൂപീകരിച്ചതു മറ്റൊരു വഴിത്തിരിവ്. 2012ൽ ഉദ്ധവ് ആൻജിയോപ്ലാസ്റ്റിക്കു വിധേയനായി. അതേവർഷം ബാൽ താക്കറെ വിടവാങ്ങി. അതോടെ, ഉദ്ധവിന്റെയും പതനം പലരും കണക്കുകൂട്ടി.

കേന്ദ്രത്തിൽ മോദി-ഷാ കൂട്ടുകെട്ടു പിടിമുറുക്കിയതോടെ ബിജെപിയിൽന്നു പലപ്പോഴായി വെല്ലുവിളികൾ ഉയരാൻ തുടങ്ങി. 2014ൽ കേന്ദ്ര, സംസ്ഥാന ഭരണത്തിൽ സേനയ്ക്കു പ്രധാന വകുപ്പുകളൊന്നും ലഭിച്ചില്ല. അതൃപ്തി പരസ്യമാക്കാതെ മുന്നോട്ടു നീങ്ങുമ്പോഴാണു മുഖ്യമന്ത്രിപദം പങ്കിടാനാവില്ലെന്ന് 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപി നിലപാട് എടുത്തത്. എന്നാൽ ബിജെപി വെല്ലുവിളിയെ മറികടന്ന് ഉദ്ധവ് മഹാരാഷ്ട്രയുടെ അധികാരസ്ഥാനത്തെത്തുന്നതാണു പിന്നീട് കണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP