Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുലിന്റെ പിന്തുണയിൽ മുഖ്യമന്ത്രി കുപ്പായം സ്വപ്‌നം കണ്ട് കെസി വേണുഗോപാൽ; ലീഗിനേയും എൻ എസ് എസിനേയും മുമ്പിൽ നിർത്തി കേരള നേതാവാകാൻ തരൂർ; വിശ്വപൗരന്റെ മലബാർ പര്യടനം തുടക്കം മാത്രം; പാണക്കാട്ടും കാന്തപുരത്തും എത്തുന്നത് വ്യക്തമായ ലക്ഷ്യത്തിൽ; പെരുന്നയും തിരുവനന്തപുരം എംപിക്കൊപ്പം; കോൺഗ്രസിൽ കളം പിടിക്കാൻ തരൂർ എത്തുമ്പോൾ

രാഹുലിന്റെ പിന്തുണയിൽ മുഖ്യമന്ത്രി കുപ്പായം സ്വപ്‌നം കണ്ട് കെസി വേണുഗോപാൽ; ലീഗിനേയും എൻ എസ് എസിനേയും മുമ്പിൽ നിർത്തി കേരള നേതാവാകാൻ തരൂർ; വിശ്വപൗരന്റെ മലബാർ പര്യടനം തുടക്കം മാത്രം; പാണക്കാട്ടും കാന്തപുരത്തും എത്തുന്നത് വ്യക്തമായ ലക്ഷ്യത്തിൽ; പെരുന്നയും തിരുവനന്തപുരം എംപിക്കൊപ്പം; കോൺഗ്രസിൽ കളം പിടിക്കാൻ തരൂർ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഭാവി മുഖ്യമന്ത്രിയായി ശശി തരൂരിനെ ഉയർത്തിക്കാട്ടാൻ മുസ്ലിം ലീഗിന്റെ തന്ത്രമൊരുക്കൽ. കേരളത്തിൽ ജയിച്ചു കയറാൻ യുഡിഎഫിന് ആഗോള പൗരനായ തരൂരിനെ മുമ്പിൽ നിർത്തുന്നതിലൂടെ കഴിയുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തലയ്ക്കും ജനങ്ങളെ ഒരുമിപ്പിക്കാൻ കഴിയില്ല. കോൺഗ്രസ് ഹൈക്കമാണ്ട് താരമായി ഇറങ്ങാൻ കെസി വേണുഗോപാൽ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ശശി തരൂർ കേരള രാഷ്ട്രീയത്തിൽ ബദൽ നീക്കം നടത്തുന്നത്. ഇതിന് വേണ്ടിയാണ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂർ മത്സരിച്ചതെന്നതാണ് വസ്തുത.

ഗ്രൂപ്പുകൾക്ക് അതീതനായി കേരളത്തിൽ മാറാൻ കഴിയുമെന്ന് ഇതിലൂടെ തരൂർ തെളിയിച്ചു. കെസി വേണുഗോപാലും കോൺഗ്രസ് ഹൈക്കമാണ്ടും എതിർത്തിട്ടും കേരളത്തിൽ നിന്ന് ഭൂരിപക്ഷം വോട്ടുകൾ തരൂർ നേടി. 1000ൽ അധികം വോട്ടുകൾ തരൂരിന് കിട്ടാൻ കാരണം കേരളത്തിലെ പിന്തുണയാണ്. ഇതിനൊപ്പം പാർട്ടി അണികളിലും വികാരമായി മാറി. പൊതു സമൂഹവും തരൂരിനെ പ്രതീക്ഷയോടെ കാണുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് തരൂരിനെ മുന്നിൽ നിർത്താൻ ലീഗ് ശ്രമിക്കുന്നത്. എല്ലാ കോൺഗ്രസുകാരുടേയും നേതാവായി കേരളത്തിൽ തരൂരിന് മാറാൻ കഴിയുമെന്നാണ് പ്രതീക്ഷ. യുഡിഎഫ് രാഷ്ട്രീയത്തിൽ മുസ്ലിംലീഗിനൊപ്പം എൻഎസ് എസും നിർണ്ണായക ശക്തിയാണ്. എൻ എസ് എസും തരൂരിനൊപ്പമാണുള്ളത്. ഈ രണ്ടു ഫാക്ടറുകളും തരൂരിന് വേണ്ടി ഒരുമിക്കുമെന്നാണ് സൂചന.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എം.കെ.രാഘവൻ എംപി ആണ് മലബാർ ജില്ലകളിലെ പര്യടനം ഏകോപിപ്പിക്കുന്നത്. 20ന് രാവിലെ കോഴിക്കോട്ട് എം ടി.വാസുദേവൻ നായരെ സന്ദർശിച്ചാണ് തുടക്കം. അന്നു തന്നെ കെ.പി.ഉണ്ണികൃഷ്ണന്റയും എം വിശ്രേയാംസ് കുമാറിന്റെയും വസതികളിൽ എത്തും. 22ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാരെയും കാണുന്നുണ്ട്. 3 ജില്ലകളിലായി പത്തോളം പൊതുപരിപാടികളിൽ പങ്കെടുക്കും. ഇതിന് ശേഷം തെക്കൻ കേരളത്തിലേക്ക് തരൂരിന്റെ ശ്രദ്ധമാറും. എൻ എസ് എസിന്റെ പ്രധാന സമ്മേളനങ്ങളിൽ ഒന്നിൽ തരൂർ മുഖ്യാതിഥിയാകാനും സാധ്യതയുണ്ട്. ഈ സമ്മേളനത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെ തരൂരിനെ ഭാവി നേതാവായി ഉയർത്തിക്കാട്ടാനും സാധ്യതയുണ്ട്.

ആർഎസ്എസ് പ്രസ്താവനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ നിലപാട് മുസ്ലിം ലീഗ് മയപ്പെടുത്തിയതിനു പിന്നിൽ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കു കരുവാകാൻ നിന്നു കൊടുക്കേണ്ടതില്ലെന്ന വികാരവും ശക്തമാണ്. ഇതിന് പകരം പുതിയൊരു ബദൽ കോൺഗ്രസിലേക്ക് കൊണ്ടു വരാനാണ് നീക്കം. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടുന്നുവെന്ന പ്രതീതി പുറത്തേക്കു നൽകാനും പാർട്ടി ആഗ്രഹിക്കുന്നില്ല. കോൺഗ്രസിലെ പടലപിണക്കങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് തോൽവിക്കു കാരണമായെന്ന വിലയിരുത്തൽ നേരത്തേ ലീഗിനുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഗ്രൂപ്പിന് അതീതനായ തരൂരിന് വേണ്ടി നിലയുറപ്പിക്കാനുള്ള ലീഗ് നീക്കം.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനകൾ മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ശശി തരൂർ എംപി പാണക്കാട് തറവാട്ടിൽ എത്തുന്നത് നിർണ്ണായകമാകുന്നത്. 22ന് പാണക്കാട്ട് എത്തുന്ന തരൂർ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തും. അതേ ദിവസം ഹൈദരലി ശിഹാബ് തങ്ങളുടെ സ്മാരകമായ പെരിന്തൽമണ്ണയിലെ സിവിൽ സർവീസ് അക്കാദമിയിലെ പരിപാടിയിലെ മുഖ്യാതിഥിയും തരൂരാണ്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ മത്സരിച്ചു ചലനം സൃഷ്ടിച്ച തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തുടക്കമാണ് ഈ മലബാർ പര്യടനം. കേരളത്തിൽ യുഡിഎഫ് തിരിച്ചു വരവ് സാധ്യമാക്കാൻ തരൂർ അനിവാര്യമാണെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ചില പ്രധാന പരിപാടികളിൽ പങ്കെടുക്കുന്ന തരൂർ പ്രമുഖരായ വ്യക്തികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ഈ പരിപാടികൾക്കെല്ലാം ലീഗ് നേതൃത്വത്തിന്റെ പിന്തുണയും സഹായവും ഉണ്ടാകും. പരമാവധി ആളുകളെ എത്തിച്ച് തരൂരിന്റെ പരിപാടികൾ വിജയമാക്കും. ബിജെപിയിലോ സിപിഎമ്മിലോ ചേരില്ലെന്നും താൻ കോൺഗ്രസിൽ തന്നെ ഉറച്ചു നിൽക്കുമെന്നും തരൂർ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തരൂരിന്റെ നീക്കം. ഇതിനെ ഹൈക്കമാണ്ട് പിന്തുണയിൽ അട്ടിമറിക്കാൻ കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കൾ ശ്രമിക്കും. എന്നാൽ അതിനെ മുന്നിൽ നിന്ന് പ്രതിരോധിക്കാനാണ് ലീഗ് തീരുമാനം.

തരൂരിന്റെ പാണക്കാട് സന്ദർശനവും ഈ യാത്രയും കോൺഗ്രസ്, യുഡിഎഫ് കേന്ദ്രങ്ങൾ നിരീക്ഷിക്കും. 14 ജില്ലകളിലും പരിപാടികൾക്കു തുടക്കമിടുന്നതിന്റെ ആദ്യപടിയാണ് മലബാർ യാത്ര. ശശി തരൂരിനെ കോൺഗ്രസ് കൂടുതലായി ഉപയോഗിക്കുകയും മുന്നോട്ടു നിർത്തുകയും ചെയ്യണമെന്ന നിലപാടാണ് മുസ്ലിം ലീഗിന് ഉള്ളത്. ഇക്കാര്യം അവർ കോൺഗ്രസ് നേതൃത്വത്തോടു പറയുകയും ചെയ്തിട്ടുണ്ട്. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എംഎൽഎ മുൻകൈ എടുത്ത് സ്ഥാപിച്ച സിവിൽ സർവീസ് അക്കാദമിയിൽ 2 മണിക്കൂർ തരൂർ ചെലവഴിക്കും. അതിനു മുൻപായി രാവിലെ എട്ടരയ്ക്കാണ് പാണക്കാട്ട് എത്തുന്നത്. അതേ ദിവസം തന്നെ മലപ്പുറം ഡിസിസിയിലും തരൂർ എത്തും.

എൻഎസ്എസിന്റെ മന്നം ജയന്തി ആഘോഷത്തിലും ഇത്തവണ മുഖ്യാതിഥിയായി തരൂരിനെ പങ്കെടുപ്പിക്കാനാണ് എൻഎസ് എസ് ആലോചിക്കുന്നത്. തരൂർ രാഷ്ട്രീയത്തിലേക്കു വന്ന ഘട്ടത്തിൽ എൻഎസ്എസിന് ഉണ്ടായ ചില തെറ്റിദ്ധാരണകൾ മാറിയതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്. നേരത്തെ ഡൽഹി നായർ പരമാർശവുമായി എൻ എസ് എസ് തരൂരിനെ ചൊടിപ്പിച്ചിരുന്നു. പിന്നീട് ഇതു മാറി. സുകുമാരൻ നായരുമായി വ്യക്തിബന്ധം കൈവന്നു. ഇതെല്ലാം തരൂരിന് ഗുണമായി മാറും.

ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകൾ അടുപ്പിക്കാനുള്ള തരൂർ മികവാണ് ഇത്തരം സാധ്യതകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു തരൂർ മത്സരിച്ചപ്പോൾ പല പ്രധാന നേതാക്കളും എതിർത്തു. എന്നിട്ടും തരൂരിന് കിട്ടിയ 1072 വോട്ടിൽ 150 ഓളം വോട്ട് കേരളത്തിൽ നിന്നാണെന്ന വിലയിരുത്തലാണ് പിന്നീട് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP