Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കോൺഗ്രസിന് ഒരു 'ക്രൗഡ് പുള്ളറുടെ' അഭാവം വരുത്തി; ഒരേ സമയം ന്യൂനപക്ഷ - ഭൂരിപക്ഷ സമുദായങ്ങളുടെ പ്രിയങ്കരൻ എന്നത് തരൂരിന് പ്ലസ് പോയിന്റ്; അപ്രതീക്ഷിത നീക്കത്തിൽ അടിപതറി ഒരേപക്ഷത്തായി ആർ.സിയും കെ.സിയും വി.ഡിയും; എ ഗ്രൂപ്പിനൊപ്പം മുന്നണിയുടെ ക്രൗഡ് പുള്ളറെ തേടി ലീഗും നോക്കുന്നത് തരൂരിലേക്ക്; തരൂരിസം യുഡിഎഫിന് പിടിവള്ളിയാകുമോ?

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കോൺഗ്രസിന് ഒരു 'ക്രൗഡ് പുള്ളറുടെ' അഭാവം വരുത്തി; ഒരേ സമയം ന്യൂനപക്ഷ - ഭൂരിപക്ഷ സമുദായങ്ങളുടെ പ്രിയങ്കരൻ എന്നത് തരൂരിന് പ്ലസ് പോയിന്റ്; അപ്രതീക്ഷിത നീക്കത്തിൽ അടിപതറി ഒരേപക്ഷത്തായി ആർ.സിയും കെ.സിയും വി.ഡിയും; എ ഗ്രൂപ്പിനൊപ്പം മുന്നണിയുടെ ക്രൗഡ് പുള്ളറെ തേടി ലീഗും നോക്കുന്നത് തരൂരിലേക്ക്; തരൂരിസം യുഡിഎഫിന് പിടിവള്ളിയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കാൻ ഇറങ്ങിയപ്പോൾ സൈബർ ലോകത്തു നിന്നും അകമഴിഞ്ഞ പിന്തുണയാണ് തരൂരിന് ലഭിച്ചത്. ഇങ്ങനെ തരൂരിനെ പിന്തുണച്ചവരുടെ കൂട്ടത്തിൽ സിപിഎം അനുയായികളും നല്ലൊരു ശതമാനം ഉണ്ടായിരുന്നു. കോൺഗ്രസ് നന്നാവണം എന്ന ആഗ്രഹത്തോടെയാണ് ഒരു വിഭാഗം നേതാക്കൾ തരൂരിനെ പിന്തുണച്ചത് എങ്കിൽ സിപിഎമ്മുകാർ സൈബറിടത്തിൽ പിന്തുണച്ചത് മറ്റൊരു ഉദ്ദേശ്യം വച്ചായിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കളാരും തരൂരിനെ പിന്തുണയ്ക്കുന്നില്ലെന്ന് വരുത്തി തീർത്ത് തരൂരിന്റെ പ്രഭാവത്തിന്റെ ഗുണമെടുക്കാം എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാൽ, ഇപ്പോൾ കളി മാറിയിരിക്കുന്നു.

തരൂർ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് കേരളത്തിൽ സജീവമാകാൻ ഒരുങ്ങിയതോടെ ഇടതു സൈബറിടങ്ങൾ നിശബ്ധമാണ്. തരൂർ കേരളത്തിൽ വരേണ്ട നേതാവാണെന്ന് പറയുന്ന പോസ്റ്റുകൾ എങ്ങും കാണാനില്ല. ഇതിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. കേരളത്തിൽ യുഡിഎഫിനെ രരക്ഷപെടാത്താൻ കെൽപ്പുള്ള നേതാവാണ് തരൂർ എന്നതു തന്നെയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പു നേതാക്കളെ പോലെ സിപിഎമ്മും തങ്ങളുടെ എതിരാളിയെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒരു മാസം മുമ്പ് തങ്ങൾ സൈബറിടത്തിൽ പുകഴ്‌ത്തിവിട്ടതെല്ലാം ബൂമറാംഗായി തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്ന ബോധ്യം സിപിഎമ്മിനും ഉണ്ടായിരിക്കുന്നു എന്ന് വ്യക്തം. ഇതോടെ യുഡിഎഫിന് പിടിവിള്ളിയായി തരൂരിസം മാറുമോ എന്നതാണ് ഇനി അറിയേണ്ടത്.

കോൺഗ്രസിന്റെ മുൻനിരയിൽ ഇറങ്ങിക്കളിക്കാൻ തരൂർ രംഗത്തുവന്നപ്പോൾ കോൺഗ്രസിനെ ഗ്രൂപ്പു സമവായങ്ങളും മാറി മറിയുന്ന അവസ്ഥയാണ്. തരൂരിനെ തടയാൻ ആരാണ് ശ്രമിച്ചത് എന്ന ചോദ്യത്തിന് ഉത്തരം തേടാൻ പോലും പാർട്ടിക്ക് താൽപ്പര്യമില്ല. അതെല്ലാം ഹൈക്കമാൻഡ് വരെ പിടിയുള്ള ഉന്നതരാണെന്ന ബോധ്യം കേരളത്തിലെ സാധാരണ അണികൾക്ക് പോലും വന്നു കഴിഞ്ഞു. തരൂരിനോടുള്ള വിലക്കിന് പിന്നിൽ ഐ ഗ്രൂപ്പിലെ പ്രധാനികളെയാണ് കെ.മുരളീധരൻ ഉന്നംവയ്ക്കുന്നത്. ഗ്രൂപ്പിലെ തന്റെ സ്ഥാനം വീണ്ടെടുക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. അതേസമയം കെ.സുധാകരന്റെ പിന്തുണയും എ ഗ്രൂപ്പിന്റെ മാനസിക പിന്തുണയും കൂടി ലഭിക്കുന്നതോടെ തരൂർ കൂടുതൽ കരുത്താർജ്ജിക്കുകയാണ്.

മുഖ്യമന്ത്രിപദം തന്നെ ലക്ഷ്യമിട്ട് ശശി തരൂർ സന്നാഹമത്സരത്തിന് ഇറങ്ങിയതാണെന്ന സംശയം കോൺഗ്രസിൽ ശത്രുക്കളെ പോലും ഒന്നിപ്പിക്കുകയാണ്. മുഖ്യമന്ത്രി മോഹവുമായി കളത്തിലുള്ള നേതാക്കളിൽ ഇപ്പോഴും മുന്നിൽ ചെന്നിത്തലും കെ സി വേണുഗോപാലുമാണ്. വി ഡി സതീശനും പ്രതീക്ഷക്ക് കുറവൊന്നുമില്ല. തങ്ങളുടെ മാമ്പഴം കൊത്താൻ വരുന്ന കാക്കയെന്ന പോലെയാണ് ഇപ്പോൾ ഈ മൂന്ന് നേതാക്കളുടെയും ചിന്ത. ഇതാണ് അവരെ ഒന്നിപ്പിക്കുന്ന ഘടകവും. പ്രവർത്തകരുടെ വികാരവും ഒഴുക്കും തിരിച്ചറിഞ്ഞ് കെ.സുധാകരനും തരൂരിനൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ തരൂരിന്റെ പരിപാടിയിൽ പങ്കെടുത്തത് ഇതിന്റെ തെളിവാണ്.

നിലപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും എ ഗ്രൂപ്പിന്റെ മാനസിക പിന്തുണ തരൂരിനുണ്ട്. നേതാവില്ലാതിരിക്കുന്ന എ ഗ്രൂപ്പിനെ പിന്തുണക്കാൻ കെൽപ്പുള്ള നേതാവായി തരൂർ മാറുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഉമ്മൻ ചാണ്ടിയുടെ മാനസിക പിന്തുണ തരൂരിന് തന്നെയാണ്. തരൂരിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന വികാരം പാർട്ടിക്കുള്ളിൽ മാത്രമല്ല, മുന്നണിക്കുള്ളിലുമുണ്ട്. ഇക്കാര്യത്തിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികളും തരൂരിനെ പിന്തുണക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന ഉമ്മൻ ചാണ്ടിക്ക് പകരം ഒരു ക്രൗഡ്പുള്ളറായ നേതാവിനെ മുന്നണിക്ക് ആവശ്യമുണ്ട്. ആ അന്വേഷണമാണ് തരൂരിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.

എല്ലാവർക്കും സ്വീകാര്യൻ എന്ന വിശേഷണമാണ് തരൂരിന്റെ ബാങ്ക് ബാലൻസ്. യുവനിരയെ ഒപ്പം നിർത്തി താഴെത്തട്ടിൽ സ്വാധീനം ശക്തിപ്പെടുത്തി ഘടകക്ഷികളുടെയും സമുദായ സംഘടനകളുടെയും പിന്തുണ ഉറപ്പിച്ച് മുന്നേറുകയാണ് തരൂർ. ഒരേ സമയം എല്ലാ സമുദായങ്ങൾക്കും പ്രിയങ്കരനാണ് തരൂർ. സി പി എമ്മിലെയും ബിജെപിയിലെയും പല നേതാക്കളും ശരിക്കും ആൾക്കാരെ കയ്യിലെടുക്കാൻ കഴിവുള്ളവരാണ്. അവരുടെ പ്രസംഗം കേൾക്കാൻ ജനങ്ങൾ ഒഴുകിയെത്തും. എന്നാൽ അങ്ങനെയുള്ള നേതാക്കൾ സംസ്ഥാന കോൺഗ്രസിൽ ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് വ്യക്തമായതാണ്. എന്നാൽ തരൂർ ശരിക്കും ക്രൗഡ് പുള്ളറാണ്. പ്രത്യേകിച്ചും യുവജനങ്ങളുടെ കാര്യത്തിൽ. വികസനത്തിന് അനുകൂലമാണ് അദ്ദേഹം എന്നതുതന്നെയാണ് ഇതിന് കാരണം. കോൺഗ്രസിൽ പൊതുവെ കാണപ്പെടാത്ത ഒരു ഗുണമാണിത്. ചില വിഷയങ്ങളിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് അതീതമായി നിലപാടുകൾ എടുക്കുന്നതും സോഷ്യൽ മീഡിയയിലെ ശക്തമായ ഇടപെടലുകളുമൊക്കെ യുവജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് സ്വീകാര്യത കൂട്ടി.പാർട്ടിയിലെ ഒരു ഗ്രൂപ്പിന്റെയും പ്രതിനിധി അല്ല എന്നതും തരൂരിന്റെ പ്ലസ് പോയിന്റാണ്.

കേരളത്തിലെ മുന്നാക്കക്കാരും പിന്നാക്കക്കാരും കോൺഗ്രസിനെ കൈവിട്ട അവസ്ഥയാണിപ്പോൾ. അടുത്തിടെ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രതിപക്ഷ നേതാവ് വി ഡി സതീശനെക്കുറിച്ച് പറഞ്ഞതുതന്നെയാണ് ഇതിന് ഉദാഹരണം. എന്നാൽ ശശി തരൂരിനോട് മുന്നാക്കക്കാർക്കും പിന്നാക്കക്കാർക്കും ഒരുപോലെ താൽപ്പര്യമുണ്ട്. ഭാവിയിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിച്ചാൽ പാർട്ടി അധികാരത്തിലെത്താനുള്ള ഒരു പ്രധാന കാരണം ഈ സ്വീകാര്യതയായിരിക്കും എന്നതുതന്നെയാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളോടും അദ്ദേഹത്തിന് നല്ല അടുപ്പമാണ്.ഇടയ്ക്ക് തരൂർ ബിജെപിയിലേക്ക് പോകുമെന്ന് പ്രചാരണമുണ്ടായിരുന്നു. കാലുമാറിയെങ്കിൽ ഒട്ടും ചെറുതല്ലാത്ത സ്ഥാനവും അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാത്തവർ പോലും ബിജെപി പാളയത്തിലെത്തിയപ്പോഴും തരൂർ കോൺഗ്രസിൽ തന്നെ ഉറച്ചുനിന്നു.

മരണം വരെ കോൺഗ്രസുകാരനായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതെല്ലാം സംഘി വിരുദ്ധനെന്ന പ്രതീതി ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ തരൂരിനായി. അതുപാേലെ വോട്ടുറപ്പിക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. കെട്ടിയിറക്കപ്പെട്ടവൻ എന്ന ലേബലോടെ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചപ്പോഴുൾപ്പടെ ഈ കഴിവ് വ്യക്തമായതാണ്. അതേസമയം തരൂരിന് മുന്നിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്നും ഉറപ്പാണ്. ഹൈക്കമാൻഡിൽ ഇപ്പോൾ ഏറ്റവും പിടിയുള്ള നേതാവ് കെ സി വേണുഗോപാലാണ്. നേരത്തേ സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്ന അദ്ദേഹം പിന്നീടാണ് ദേശീയ രംഗത്തേക്ക് ചുവടുമാറിയത്. ഇപ്പോൾ രാഹുൽ, സോണിയ, പ്രിയങ്ക തുടങ്ങി കോൺഗ്രസിലെഉന്നത നേതൃത്വവുമായി വേണുഗോപാലിന് വളരെ അടുത്ത ബന്ധമാണുള്ളത്. ഇതെല്ലാം സമർത്ഥമായി ഉപയോഗിച്ച് അദ്ദേഹം കേരളത്തിലെ കോൺഗ്രസിന്റെ ചുക്കാൻ പിടിക്കാൻ ശ്രമിക്കും എന്നാണ് പാർട്ടിയിലെ ചിലർ കരുതുന്നത്.

സുധാകരന്റെ സംഘപരിവാർ അനുകൂല പരാമർശങ്ങളിൽ ഇടഞ്ഞ ലീഗ് നേതാക്കളെ തണുപ്പിക്കാൻ പ്രതിപക്ഷ നേതാവിനെപ്പോലും മറികടന്ന് വേണുഗോപാൽ ഇടപെട്ടതും ഇത് മുന്നിൽ കണ്ടാണെന്നാണ് അവർ പറയുന്നത്. അതുപോലെ ഗവർണർക്കെതിരെ സി പി എമ്മും സർക്കാരും ശക്തമായ നിലപാടുക്കുമ്പോൾ ഗവർണറെ പിന്തുണയ്ക്കുന്ന രീതിയാണ് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്. എന്നാൽ ഗവർണറെ വിമർശിക്കുന്നതിൽ കെ സി ഒരു പിശുക്കും കാട്ടിയില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ കെ സി വേണുഗോപാൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും എന്ന രീതിയിൽ പ്രചാരണങ്ങളുണ്ടായിരുന്നു. പക്ഷേ, കോൺഗ്രസ് എട്ടുനിലയിൽ പൊട്ടിയതോടെ അതിനുള്ള അവസരം ലഭിച്ചില്ല. ഇനി ദേശീയ രാഷ്ട്രീയത്തിൽ നിന്നിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് വ്യക്തമായതോടെയാണ് കെ സി സംസ്ഥാനത്തേക്ക് കണ്ണെറിഞ്ഞുതുടങ്ങിയിട്ടുണ്ട്. കെ സിയുടെ ഈ ഇടപെടലാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP