Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1996ൽ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാത്ത ഇഎംഎസിന്റെ ചരിത്ര മണ്ടത്തരം സിപിഎമ്മിനെ കേരളത്തിലേക്ക് ചുരുക്കി; മോദിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് കരുത്തനെ വേണ്ട 2022ൽ തരൂരിനെ തടയാൻ മുന്നിൽ നിൽക്കുന്നത് മലയാളിയായ എകെ; മറ്റൊരു മുൻ കേരള മുഖ്യമന്ത്രിയുടെ ഈഗോ കോൺഗ്രസിനുള്ള അവസാന ആണിയാകുമോ? മകന് പോലും മനസ്സിലാകാത്ത അച്ഛനായി ആന്റണി മാറുമ്പോൾ

1996ൽ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാത്ത ഇഎംഎസിന്റെ ചരിത്ര മണ്ടത്തരം സിപിഎമ്മിനെ കേരളത്തിലേക്ക് ചുരുക്കി; മോദിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് കരുത്തനെ വേണ്ട 2022ൽ തരൂരിനെ തടയാൻ മുന്നിൽ നിൽക്കുന്നത് മലയാളിയായ എകെ; മറ്റൊരു മുൻ കേരള മുഖ്യമന്ത്രിയുടെ ഈഗോ കോൺഗ്രസിനുള്ള അവസാന ആണിയാകുമോ? മകന് പോലും മനസ്സിലാകാത്ത അച്ഛനായി ആന്റണി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 1996ൽ പ്രധാനമന്ത്രി പദത്തിന് തൊട്ടടുത്ത് എത്തിയതായിരുന്നു അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു. പക്ഷേ പാർട്ടി അതിന് അനുവാദം നൽകിയില്ല. പ്രത്യയ ശാസ്ത്ര കടുംപിടിത്തവുമായി സിപിഎം അതു വേണ്ടെന്ന് വച്ചു. ഇഎംഎസിന്റെ നിലപാടായിരുന്നു നിർണ്ണായകമായത്. പിന്നീട് ചരിത്ര പരമായ മണ്ടത്തരമെന്ന് സിപിഎം തന്നെ അതിനെ വിലയിരുത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ഇംഎംഎസ്. സിപിഎം ജനറൽ സെക്രട്ടറിയും. തനിക്ക് കിട്ടാത്ത പദവി ബസുവിന് കിട്ടരുതെന്ന ഇഎംഎസിന്റെ ഇഗോയായിരുന്നു ആ തീരുമാനത്തിന് കാരണമെന്നും വിലിയുരത്തലെത്തി. ഏതായാലും ആ തീരുമാനം സിപിഎമ്മിനെ കേരളത്തിൽ മാത്രമൊതുങ്ങുന്ന പാർട്ടിയാക്കി മാറ്റി. ബംഗാളിലും ത്രിപുരയിലും അടക്കം സിപിഎം തകർന്നു. 2022ൽ കോൺഗ്രസിലെ കേരളാ നേതാവും ഒരു തീരുമാനം എടുക്കുകയാണ്. അത് എകെ ആന്റണിയാണ്. ശശി തരൂർ കോൺഗ്രസ് അധ്യക്ഷനാകരുതെന്ന ഉദ്ദേശത്തോടെ മല്ലികാർജ്ജുന ഖാർഖെയെ ഉയർത്തിക്കാട്ടുകയാണ് ആന്റണി.

അതിനിർണ്ണായക ഘട്ടത്തിലൂടെയാണ് കോൺഗ്രസ് പോകുന്നത്. അടിമുടി അഴിച്ചു പണി വേണ്ട സമയം. അതിന് ആഗോള കാഴചപാടുള്ള നേതാവാണ് ആവശ്യവും. ഇത് കോൺഗ്രസിൽ എല്ലാവർക്കും അറിയാം. എന്നാൽ നെഹ്റു കുടുംബത്തെ ആരും ധിക്കരിക്കില്ല. ശശി തരൂരിനോട് ആ കുടുംബത്തിന് എതിർപ്പുമില്ല. എന്നാൽ തരൂർ അധ്യക്ഷനായാൽ പണി കിട്ടുമോ എന്ന് ഭയക്കുന്ന ചില നേതാക്കൾ തരൂരിന് ഹൈക്കമാണ്ട് പിന്തുണയില്ലെന്ന് വരുത്താൻ പല കളികളും കളിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചു. അവിടെ സച്ചിൻ പൈലറ്റും ഗെലോട്ടും അടിമൂത്തു. ഗെലോട്ട് പിന്മാറുകയും ചെയ്തു. ഇതോടെ കോൺഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി ചിന്തയിലായി. തരൂരിനെതിരെ സ്ഥാനാർത്ഥി വരില്ലെന്നും പ്രചരണം വന്നു. ഇതോടെ തിരുവനന്തപുരത്ത് നിന്നുള്ള ആന്റണി ഡൽഹിയിൽ എത്തി. ഡൽഹി കോടതിയിൽ അഴിമതി കേസിൽ മൊഴി നൽകാനെത്തിയ ആന്റണി സോണിയയെ സ്വാധീനിച്ചു. അങ്ങനെ ഖാർഖെ സ്ഥാനാർത്ഥിയായി. ഇതോടെ കോൺഗ്രസിന് ഉണർവ്വു കൊടുക്കാൻ തരൂരിന് ജയിക്കണമെങ്കിൽ ഹൈക്കമാണ്ടിനെ തോൽപ്പിക്കേണ്ട അവസ്ഥ വന്നു.

ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച് കേരളത്തിലെത്തിയ ആന്റണി രണ്ടു ദിവസം ഡൽഹിയിൽ തങ്ങിയാണ് ഖാർഖെയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്.ആനന്ദ് ശർമ്മയേയും മുകൾ വാസ്നിക്കിനേയും ആന്റണി അടുപ്പിച്ചു. കോൺഗ്രസിലെ പാരമ്പര്യവാദികൾ ഒരുമിച്ച് നിൽക്കണമെന്ന സന്ദേശം നൽകി. ഇതെല്ലാം പൊതു വികാരമാക്കി മാറ്റി. അങ്ങനെ ഹൈക്കമാണ്ടിനോട് ചേർന്ന് നിൽക്കുന്നവരുടെ എല്ലാം പിന്തുണയുണ്ടെന്ന് ഉറപ്പിക്കും വിധം ഖാർഖെ പത്രിക നൽകി. ഹൈക്കമാണ്ടിന്റെ സ്ഥാനാർത്ഥിയായി ഖാർഖെ വരുന്നത്. അതുകൊണ്ട് തന്നെ ശക്തമായ മത്സരത്തെ തരൂരിന് അതിജീവിക്കേണ്ടി വരും. അമ്പതിലേറെ പേരെ കൊണ്ട് നാമനിർദ്ദേശ പത്രികയിൽ ഒപ്പിടിക്കാൻ തരൂരിനായി. മത്സരം കടുത്തതാകുമെന്ന സൂചനയാണ് തരൂർ നൽകുന്നത്. പത്ത് ഇന പ്രകടന പത്രിക പ്രസിദ്ധീകരിച്ച് തരൂർ പ്രചരണത്തിന് തുടക്കമിട്ടു. ആ പ്രചരണ പത്രിക നടപ്പിലായാൽ പോലും കോൺഗ്രസ് രക്ഷപ്പെടുമെന്നതാണ് വസ്തുത. ഇത് നടക്കില്ലെന്ന് ഉറപ്പിക്കാൻ ആന്റണി തന്നെ മുമ്പിലുണ്ടാകും. ഖാർഖെയുടെ പ്രചരണത്തിന്റെ ചുക്കാനും ആന്റണിക്കാകും.

അങ്ങനെ 1996ൽ പ്രധാനമന്ത്രിയാകുന്നതിൽ നിന്നും ബസുവിനെ തടഞ്ഞ ഇഎംഎസിനെ പോലെ 2022ൽ ആന്റണി മാറുകയാണ്. തനിക്ക് കിട്ടാത്തതൊന്നും മറ്റൊരു മലയാളി നേടരുതെന്ന മനസ്സാണ് ആന്റണിയും പ്രതിഫലിപ്പിക്കുന്നതെന്ന ചർച്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. എഐസിസിയിലേക്ക് വോട്ട് ചെയ്യേണ്ടവരിൽ ബഹു ഭൂരിപക്ഷവും സോണിയാ ഗാന്ധിയുടെ നേതൃത്വം നാമനിർദ്ദേശം ചെയ്തതാണ്. അതുകൊണ്ടു തന്നെ ഖാർഖെയ്ക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നു. എന്നാൽ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് തരൂരും പ്രചരണത്തിൽ നിറയും. ഹൈക്കമാണ്ട് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ലെങ്കിൽ തരൂർ അനായാസ വിജയം നേടുമായിരുന്നു. ഇതാണ് ആന്റണി തടയുന്നത്. സോണിയയും രാഹുലും പ്രിയങ്കയും പരസ്യ പ്രതികരണങ്ങൾ ആർക്കു വേണ്ടി നടത്തുകയും ചെയ്യില്ല. എന്നാൽ ആന്റണിയും കൂട്ടരും ഖാർഖെയെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കി മാറ്റുകയും ചെയ്യും. ജി 23 കൂട്ടായ്മയിലെ നേതാക്കളും ഖാർഖയെ പിന്തുണച്ചുവെന്നതാണ് മറ്റൊരു നാടകീയത.

ദ്വിഗ് വിജയ് സിങ്ങിന്റെ പിന്മാറ്റവും ഖാർഗെയുടെ രംഗപ്രവേശവുമെല്ലാം ആന്റണിയുടെ തിരക്കഥയായിരുന്നു. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുന ഖാർഗെയും ശശി തരൂരും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി 23 സംഘത്തിൽ നിന്ന് അവസാന നിമിഷം ആരും പത്രിക നൽകിയില്ലെങ്കിൽ ഖാർഗെ അല്ലെങ്കിൽ തരൂർ രണ്ടിലൊരാൾ അധ്യക്ഷനാകുമെന്ന് ഉറപ്പ്. ജി 23യിൽ തരൂർ പുറത്തേക്ക് പോവുകയും ചെയ്യുന്നു. പത്രിക സമർപ്പിക്കാനുള്ള സമയം പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തരൂരിനെതിരേയുള്ള സ്ഥാനാർത്ഥിത്വത്തിൽ വീണ്ടും ട്വിസ്റ്റുണ്ടായത്. ജി 23 നേതാക്കളെ കൊണ്ടും ഖാർഖെയുടെ പത്രികയിൽ ഒപ്പിടിപ്പിച്ചത് ആന്റണിയുടെ ബുദ്ധിയാണ്. മുകുൾ വാസ്നിക്കിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്ന ചർച്ച ഉയർത്തിയാണ് ജി 23യെ ഹൈക്കമാണ്ടുമായി ആന്റണി അടുപ്പിച്ചത്. ഇതോടെ ജി 23 കൂട്ടായ്മയും ഇല്ലാതെയായി. ആനന്ദ് ശർമ്മയും ഖാർഖയ്ക്കൊപ്പം പത്രിക നൽകാനെത്തി.

രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയെ തുടർന്ന് മത്സര രംഗത്ത് നിന്ന് അശോക് ഗെലോട്ട് പിൻവാങ്ങിയപ്പോൾ, ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി എന്ന നിലയിൽ മുതിർന്ന നേതാവ് ദിഗ്വ് വിജയ് സിങ്ങ് മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. നാമനിർദ്ദേശ പത്രിക കൈപ്പറ്റിയ ശേഷം മത്സരിക്കുമെന്ന കാര്യം ദ്വിഗിവിജയ് സിങ് പറയുകയും ചെയ്തു. അവസാന നിമിഷമാണ് അതിൽ വീണ്ടും മാറ്റമുണ്ടായിരിക്കുന്നത്. ദിഗ്‌വിജയ് സിങ്ങിന് പകരം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ അവസാനം നിശ്ചയിച്ചു. ഖാർഗെയുടെ പത്രികയിൽ എ.കെ ആന്റണിയടക്കമുള്ള ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവർ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന പരിവേഷമാണ് ഖാർഗേയ്ക്ക് ലഭിക്കുന്നത്. എന്നാൽ എകെ ആന്റണിയുടെ മകൻ ഉൾപ്പെടെയുള്ളവർ തരൂരിനൊപ്പമാണ്. കേരളത്തിലെ യുവനേതാക്കളും പരസ്യമായി പിന്തുണയ്ക്കുന്നു. ഇത് ഹൈക്കമാണ്ടിനെ ഞെട്ടിച്ചിട്ടുണ്ട്.

ഔദ്യോഗിക സ്ഥാനാർത്ഥിയുണ്ടാവില്ലെന്നും ആർക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവർക്ക് വോട്ട് നൽകുമെന്നായിരുന്നു കേരള നേതാക്കളടക്കം വ്യക്തമാക്കിയത്. പത്രികയിൽ ആന്റണി ഒപ്പിട്ടതും ഇതിന് വേണ്ടിയാണ്. നെഹ്‌റു കുടുംബത്തിനോട് കൂറുള്ള ഓരോരുത്തരും ഖാർഖെയ്ക്ക് വോട്ട് ചെയ്യണമെന്ന സന്ദേശമാണ് ആന്റണി ഇതിലൂടെ നൽകുന്നത്. തരൂർ ജയിക്കില്ലെന്ന പ്രതീതി സൃഷ്ടിക്കാൻ ജി 23യെ ഒപ്പം കൂട്ടിയതോടെ ഹൈക്കമാണ്ട് ഗ്രൂപ്പിനായി. ഇതിനുള്ള കരുക്കൾ നീക്കിയതും തന്ത്രങ്ങൾ ഒരുക്കിയതും എകെ ആന്റണിയാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇതിനെല്ലാം പിന്നിൽ. ആന്റണി എത്തിയില്ലെങ്കിൽ പഴിയെല്ലാം തനിക്ക് കേൾക്കേണ്ടി വരുമെന്ന് കെസി തിരിച്ചറിഞ്ഞു. ഇതോടെ ജി 23 ഗ്രൂപ്പിലും സ്വാധീനം ചെലുത്താൻ പ്രാപ്തിയുള്ള ആന്റണിയെ ഡൽഹി ഓപ്പറേഷന് ഇറക്കുകയായിരുന്നു. ഖാർഖെയുടെ പത്രികയിൽ ആന്റണി ഒപ്പു വച്ചതോടെ ഹൈക്കമാണ്ട് പിന്തുണ തരൂരിന് ഇല്ലെന്ന സന്ദേശം നൽകാനുമായി. ഇതെല്ലാം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.

ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർത്ഥി എന്ന പരിവേഷം ഖർഖെയ്ക്കു മുൻതൂക്കം നൽകുന്നു. അതേസമയം, 80 വയസ്സുള്ളയാളെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയുടെ ഭാവി നോക്കാതെയാണെന്ന ആക്ഷേപവുമുയർന്നു. തരൂരിനു പ്രായം 66. വ്യാഴാഴ്ച രാത്രി വൈകി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലാണ് ഖർഖെയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. എ.കെ.ആന്റണി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുടെ അഭിപ്രായം സോണിയ തേടി. ഖർഖെയുടെ പത്രികകളിലൊന്നിൽ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് ആന്റണിയാണ്. സ്ഥാനാർത്ഥിയാകുമെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ച മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ പിന്മാറി.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും വിധേയനുമെന്ന മേൽവിലാസമാണു ഖാർഖെയ്ക്കു തുണയായത്. രാജസ്ഥാൻ മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിനു വിട്ടുകൊടുക്കാതെ ഹൈക്കമാൻഡിനെ വെല്ലുവിളിച്ച അശോക് ഗെലോട്ട്, ഖർഗെയുടെ പത്രികാ സമർപ്പണ വേളയിൽ പിന്തുണയുമായെത്തി. സച്ചിൻ പങ്കെടുത്തില്ല. 24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത്. ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഏറ്റവുമൊടുവിൽ പ്രസിഡന്റായ സീതാറാം കേസരി 1998 ൽ പടിയിറങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP