Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തരൂരിനെതിരെ അച്ചടക്ക സമിതിക്ക് കിട്ടിയത് നിരവധി പരാതികൾ; അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിക്കുന്നത് കെസി-വിഡി അനുയായികൾ; ലക്ഷ്യം സംസ്ഥാനത്ത് സജീവമാകാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം എംപിയെ പുറത്താക്കൽ തന്നെ; പാർട്ടിസംവിധാനങ്ങൾക്കും രീതിക്കും വിധേയമായി വേണം പ്രവർത്തിക്കാനെന്ന് ശശി തരൂരിനോട് നിർദ്ദേശിക്കുന്നത് നീക്കങ്ങളുടെ തുടക്കമോ?

തരൂരിനെതിരെ അച്ചടക്ക സമിതിക്ക് കിട്ടിയത് നിരവധി പരാതികൾ; അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിക്കുന്നത് കെസി-വിഡി അനുയായികൾ; ലക്ഷ്യം സംസ്ഥാനത്ത് സജീവമാകാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം എംപിയെ പുറത്താക്കൽ തന്നെ; പാർട്ടിസംവിധാനങ്ങൾക്കും രീതിക്കും വിധേയമായി വേണം പ്രവർത്തിക്കാനെന്ന് ശശി തരൂരിനോട് നിർദ്ദേശിക്കുന്നത് നീക്കങ്ങളുടെ തുടക്കമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കമായെന്ന് സൂചന. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചനകൾ വന്നതോടെ ശശി തരൂരിനെ പൊതു പരിപാടികൾക്ക് ക്ഷണിച്ച് കൂടുതൽപേർ രംഗത്ത് എത്തുന്ന സാഹചര്യത്തിലാണ് ഇത്. പാർട്ടിസംവിധാനങ്ങൾക്കും രീതിക്കും വിധേയമായിവേണം പ്രവർത്തിക്കാനെന്ന് ശശി തരൂരിനോട് കോൺഗ്രസ് നിർദ്ദേശിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന അച്ചടക്കസമിതി ഇതുസംബന്ധിച്ച ശുപാർശ കെപിസിസി. പ്രസിഡന്റിന് നൽകാൻ തീരുമാനിച്ചു. ഫലത്തിൽ തരൂർ അച്ചടക്ക ലംഘനം നടത്തുന്നുവെന്ന പരോക്ഷ കുറ്റപ്പെടുത്തലാണ് ഇതിലുള്ളത്.

ഏതു പരിപാടിക്കുമുള്ള ക്ഷണം പാർട്ടിയുടെ നേതാവെന്ന നിലയിൽ ശശി തരൂരിനു സ്വീകരിക്കാം. അതിൽ പങ്കെടുക്കുകയും ചെയ്യാം. എന്നാൽ, പരിപാടി നടക്കുന്ന ജില്ലയിലെ ഡി.സി.സി. അറിയണം. പാർട്ടിയുടെ വ്യവസ്ഥാപിത രീതിയാണിത്. മുതിർന്ന നേതാക്കളടക്കം ഇതു പാലിക്കാറുണ്ട്. ഇപ്പോൾ തരൂർ നടത്തിയതു പാർട്ടിവിരുദ്ധ പ്രവർത്തനമാണെന്ന അഭിപ്രായം അച്ചടക്കസമിതിക്കില്ല. എന്നാൽ, ബന്ധപ്പെട്ട പാർട്ടിഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തരപ്രവർത്തനമെന്നും വിഭാഗീയ പ്രവർത്തനമെന്നുമുള്ള തെറ്റിദ്ധാരണ നേതാക്കളിൽവരെ സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണു കത്ത് നൽകാൻ അച്ചടക്ക സമിതി തീരുമാനിച്ചത്. യഥാർത്ഥത്തിൽ തരൂരിനെ ക്ഷണിക്കുന്ന പാർട്ടി ഘടകങ്ങളാണ് അതത് നേതൃത്വത്തെ അറിയിക്കേണ്ടത്. കോഴിക്കോട് തരൂരിനെ ക്ഷണിച്ചത് യൂത്തുകോൺഗ്രസാണ്. അവർ എന്തുകൊണ്ടോ ആ പരിപാടി റദ്ദാക്കി. ഈ അച്ചടക്ക ലംഘനത്തിലേക്ക് കാര്യങ്ങൾ എത്തുന്നുമില്ല.

സാധാരണ പരാതി കിട്ടുമ്പോഴാണ് അച്ചടക്ക സമിതി കാര്യങ്ങൾ പരിശോധിക്കുന്നത്. എന്നാൽ കോഴിക്കോട് നിശ്ചയിച്ച പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടും പൊതു സമൂഹത്തിൽ ചർച്ചയുണ്ടായിരുന്നു. എന്നാൽ ഈ വിഷയം അച്ചടക്ക സമിതി പരിഗണിച്ചുമില്ല. നിരവധി പരാതികൾ തരൂരിനെതിരെ കിട്ടിയെന്നാണ് നേതൃത്വം പറയുന്നത്. ഈ പരാതി അയയ്ക്കലിന് പിന്നിൽ ചില നേതാക്കളാണ്. തരൂരിനെ പുറത്താക്കാൻ ആഗ്രഹിക്കുന്നവർ. പൊതു പരിപാടികൾക്കൊപ്പം വ്യക്തിപരമായ കൂടിക്കാഴ്ചകൾക്കുമാണു ക്ഷണം. കോർപറേഷനിലെ നിയമന വിവാദത്തിൽ സമരം നടത്തി ജയിലിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയിലിലെത്തി സന്ദർശിച്ച തരൂർ പാർട്ടി പ്രവർത്തനത്തിൽ കൂടി പങ്കാളിത്തം വഹിക്കാനുള്ള നിശ്ചയത്തിലാണ്. ഇതിനിടെയാണ് അച്ചടക്ക സമിതിയുടെ പുതിയ നിർദ്ദേശം. അതിനിടെ ശശി തരൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു എം.കെ.രാഘവൻ എംപി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനു പരാതി നൽകി.

പാർട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതിയെത്തിയത്. എന്നാൽ, പാർട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം. ഇക്കാര്യം അച്ചടക്ക സമിതിയുടെ നിർദ്ദേശമായി നേതാക്കൾക്കു നൽകും. ഭിന്നിപ്പിൽ നിൽക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയിൽ ബന്ധപ്പെടുകയും ചെയ്യുമെന്നാണ് അവരുടെ വിശദീകരണം. നേരത്തെ ശശി തരൂരിന് എവിടെയും പരിപാടികൾ പങ്കെടുക്കാമെന്നും എന്നാൽ ബന്ധപ്പെട്ട ഡിസിസിയുടെ അനുമതി ആവശ്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വിശദീകരിച്ചിരുന്നു. താൻ അങ്ങനെയാണ് പരിപാടികളിൽ പങ്കെടുക്കാറുള്ളത്. എം.കെ.രാഘവന്റെ പരാതി എഐസിസിക്കു ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു. ഫലത്തിൽ പാർട്ടിയെ അറിയിക്കാതെ പരിപാടിക്ക് പോയാൽ അത് അച്ചടക്ക ലംഘനമാകും.

കെസി വേണുഗോപാലിനേയും വിഡി സതീശനേയും അനുകൂലിക്കുന്നവരാണ് തരൂരിനെതിരെ പരാതിയുമായി എത്തിയതെന്നും സൂചനയുണ്ട്. യഥാർത്ഥത്തിൽ കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടി ഉപേക്ഷിച്ചവരാണ് എല്ലാ വിവാദങ്ങളും സംശയങ്ങളും ഉണ്ടാക്കിയത്. നേതൃത്വത്തെ പരിപാടി അറിയിക്കേണ്ടത് അവരുടെ ബാധ്യതയുമായിരുന്നു. ഇത്തരത്തിലെ ചർച്ച അച്ചടക്ക സമിതിയിൽ നടന്നതുമില്ല. മറിച്ച് തരൂരിനെതിരെയായി ചർച്ച മാറുകയും ചെയ്തു. ഇതിന് പിന്നിൽ തരൂരിനെതിരായ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുണ്ടെന്നാണ് സൂചന.

പൂർവ വിദ്യാർത്ഥി സംഗമത്തിനും ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് പരിപാടിക്കുമായി ഇന്നലെ മുംബൈയിലെത്തിയ തരൂർ ഇന്നു കൊച്ചിക്കു മടങ്ങും. നാളെ കൊച്ചിയിൽ പ്രഫഷനൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന സ്റ്റേറ്റ് കോൺക്ലേവ് നടക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പങ്കെടുക്കുന്ന കോൺക്ലേവിൽ മുഖ്യപ്രഭാഷകനാണു തരൂർ. കൊച്ചിയിൽ ചില പ്രമുഖ വ്യക്തികൾ തരൂരിനെ കാണാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ഇവരുമായി കൂടിക്കാഴ്ച നടത്തും. വി.ഡി.സതീശന്റെ മണ്ഡലമായ പറവൂരിൽ ഒരു ഡെന്റൽ ക്ലിനിക്കിന്റെ ഉദ്ഘാടനവും നിർവഹിക്കും. സതീശന്റെ തടകത്തിലേക്കും തരൂർ എത്തുകയാണ്.

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഡിസംബർ 3നു പാലായിൽ കെ.എം.ചാണ്ടി സ്മാരക പ്രഭാഷണം നിർവഹിക്കും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഉദ്ഘാടകൻ. വൈകിട്ട് ഈരാറ്റുപേട്ടയിൽ ജില്ലാ യൂത്ത് കോൺഗ്രസിന്റെ സമ്മേളനത്തിൽ ഉദ്ഘാടകനാകും. വിവാദമുയർന്നെങ്കിലും തരൂരിനെ പങ്കെടുപ്പിച്ചു പരിപാടിയുമായി മുന്നോട്ടുപോകാൻ ഇന്നലെ ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.

അന്നു രാത്രി കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിനൊപ്പം അത്താഴം. നാലിനു ചങ്ങനാശേരി അതിരൂപതയുടെ യൂത്ത് കോൺക്ലേവിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിനൊപ്പം പങ്കെടുക്കും. പന്തളം കൊട്ടാരത്തിലേക്കും തരൂരിനു ക്ഷണമുണ്ട്. വലിയകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനവും നടത്തും. ജെ.എസ്.അടൂരിന്റെ ബോധിഗ്രാമിന്റെ ചടങ്ങിലും പങ്കെടുത്താണു തിരുവനന്തപുരത്തേക്കുള്ള മടക്കം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP