Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശരത് പവാറിന് രാഷ്ട്രപതി പദവിയും മകൾക്ക് കേന്ദ്രമന്ത്രി പദവിയും ലഭിക്കുമോ? അത്യപൂർവ്വ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ എൻ സിപിയെ പാട്ടിലാക്കിയത് അധികാര കരുത്തിൽ; എൻസിപി വിമതർക്ക് ബിജെപി ഉന്നതപദവികൾ വാഗ്ദാനം ചെയ്തതായും സൂചന; അമ്മാവനോളം പോന്ന അനന്തിരവൻ ചർച്ചയിൽ ഉറപ്പിച്ചത് ശരത് പവാറിന് പ്രസിഡന്റ് കസേരയോ? മഹാ അട്ടിമറിയിൽ ചർച്ചകൾ പലവിധം

ശരത് പവാറിന് രാഷ്ട്രപതി പദവിയും മകൾക്ക് കേന്ദ്രമന്ത്രി പദവിയും ലഭിക്കുമോ? അത്യപൂർവ്വ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ എൻ സിപിയെ പാട്ടിലാക്കിയത് അധികാര കരുത്തിൽ; എൻസിപി വിമതർക്ക് ബിജെപി ഉന്നതപദവികൾ വാഗ്ദാനം ചെയ്തതായും സൂചന; അമ്മാവനോളം പോന്ന അനന്തിരവൻ ചർച്ചയിൽ ഉറപ്പിച്ചത് ശരത് പവാറിന് പ്രസിഡന്റ് കസേരയോ? മഹാ അട്ടിമറിയിൽ ചർച്ചകൾ പലവിധം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ മഹാ നാടകത്തിൽ ലാഭം ആർക്ക്. ശരത് പവാറിന് ബിജെപി രാഷ്ട്രപതി പദവിയും എൻസിപിക്ക് കേന്ദ്ര മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശരത് പവാറും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ തന്നെ ചില ഓഫറുകൾ പോയെന്നാണ് സൂചന. ശരത് പവാറിന്റെ മകൾ സുപ്രീയാ സുലെ എംപിയാണ്. സുപ്രീയയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ നിർണ്ണായക സ്ഥാനവും ബിജെപി നൽകാൻ സന്നദ്ധരാണ്. മഹാരാഷ്ട്രയിൽ ശിവസേനയെ കൈവിട്ടപ്പോൾ തന്നെ എൻസിപിയെ കൂടെ കൂട്ടാൻ ബിജെപി ശ്രമം തുടങ്ങിയിരുന്നു. അതിന്റെ ക്ലൈമാക്‌സിലാണ് മഹാരാഷ്ട്രയിൽ ഫട്‌നാവീസ് സത്യപ്രതിജ്ഞ ചെയ്തത്.

ഫട്നാവിസുമായി ബിജെപി നേതൃത്വത്തിൽ സർക്കാരുണ്ടാക്കാനുള്ള ചർച്ചകളിൽ അടക്കം ശരത് പവാർ രഹസ്യമായി പങ്കെടുത്തിരുന്നതായിട്ടുള്ള രഹസ്യ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ അതിരഹസ്യ നാടക നീക്കത്തിലൂടെ ബിജെപി സർക്കാർ അധികാരത്തിലേറിയപ്പോൾ ഇതോടപ്പം എൻസിപി പിളർപ്പിലേക്കെന്ന് സൂചനകൾ പുറത്തുവന്നു. പാർട്ടിയിലും കുടുംബത്തിലും പിളർപ്പെന്ന് സുപ്രിയ സുലെ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. മഹാരാഷ്ട്രയിലെ ഭരണം ബിജെപി ഏറ്റെടുത്തത് എൻസിപി വിമതരുടെ പിന്തുണയിലാണെന്നാണ് പ്രചരിക്കുന്നത്. എന്നാൽ സത്യം പുറത്തു വരാൻ കാലങ്ങൾ ഇനിയും വേണ്ടി വരും. പവാറിന് കേന്ദ്ര സർക്കാർ അടുത്ത രാഷ്ട്രപതി സ്ഥാനം നൽകുമോ എന്നതാണ് ഇതിൽ പ്രധാനം. ഇതിന് സാധ്യതയില്ലെന്നും വിലയിരുത്തലുണ്ട്. സർക്കാർ പറയുന്നത് ചെയ്യുന്നവരെ മാത്രമേ കേന്ദ്ര മന്ത്രിയാക്കാറുള്ളൂ. ഈ സാഹചര്യത്തിൽ പവാറിനെ ഒരിക്കലും രാഷ്ട്രപതിയാക്കില്ലെന്നാണ് ഇക്കൂട്ടരുടെ വിശദീകരണം.

അജിത് പവാറിന്റെ രഹസ്യ നീക്കത്തിലൂടെ ശിവസേന-എൻസിപി-കോൺഗ്രസ് മുന്നണികളുടെ അടിത്തറയാണ് തകർന്നത്. അമിത് ഷായുടെ രാഷ്ട്രിയ തന്ത്രങ്ങളാണ് മഹാരാഷ്ട്രയിലെ അത്യപൂർവ്വ നേട്ടത്തിന് പിന്നിൽ ചുക്കാൻ പിടിച്ചതെന്ന് വ്യക്തം. എൻസിപിയുടെ പിന്തുണയിൽ ബിജെപി മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തുമ്പോൾ ശരത് പവാറിന് രാഷ്ട്രപതി പദവികൊടുക്കാമെന്നും മകൾക്ക് കേന്ദ്രമന്ത്രി പദവി കൊടുക്കുമെന്ന വ്യവസ്ഥകൾ ബിജെപിയുമായി രഹസ്യ ചർച്ച നടത്തിയപ്പോൾ തന്നെ നേടിയിരുന്നതായി കോൺഗ്രസ് സംശയിക്കുന്നു. എന്നാൽ ഇത് ബിജെപി അംഗീകരിക്കുന്നില്ല. പവാർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ എന്ന് മാത്രമാണ് ബിജെപി പ്രതികരിക്കുന്നത്. ി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ അജിത് പവാറിന്റെത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും ശരത് പവാർ പറഞ്ഞപ്പോൾ. ഇതോടെ മഹാരാഷ്ട്രയിലെ നാടകീയ രംഗങ്ങൾ പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്.

അജിത് പവാർ എൻസിപിയുടെ പാർലമെന്ററി പാർട്ടി നേതാവാണ്. പാർട്ടിയുടെ കേന്ദ്രം ശരത് പവാർ ആണെങ്കിലും അമ്മാവനോളം പോന്നവൻ തന്നെയാണ് അനന്തിരവനും. കഴിഞ്ഞ ദിവസം രാത്രി വരെ ശിവസേനയും കോൺഗ്രസുമായുള്ള ചർച്ചകൾക്ക് അജിത് പവാർ ആയിരുന്നു പ്രധാനമായും ചുക്കാൻ പിടിച്ചിരുന്നത്. അജിത് പവാറും ശരത് പവാറിന്റെ മകൾ സുപ്രിയാ സുലേയും തമ്മിൽ ഭിന്നതയും ഉണ്ട്. എന്നാൽ പവാറിന്റെ മകളും എൻപിയിലെ മറ്റൊരു ശക്തി കേന്ദ്രവുമായ സുപ്രിയ സൂലെയും ബിജെപിയുമായുള്ള രഹസ്യ ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഫ്ടനാവീസും ശരത് പവാറും തമ്മിലെ ഫോൺ ചർച്ചയും വാർത്തകളിൽ നിറയുന്നത് അതുകൊണ്ടാണ്. ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് വരുത്താൻ ശരത് പവാർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. ഉദ്ദവ് താക്കറേയും മകനേയും പാർട്ടി ആസ്ഥാനത്തേക്ക് സ്വീകരിച്ച് ആനയിച്ചത് ഇതിന് വേണ്ടി കൂടിയാണ്.

മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത് എൻസിപി നേതാവ് ശരദ് പവാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയാണ്. ബിജെപിക്ക് എൻസിപി നൽകിയ അപ്രതീക്ഷിത പിന്തുണ ഏവരെയും ഞെട്ടിപ്പിക്കുന്നതിനൊപ്പം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. മോദി സർക്കാരിൽ ശരത് പവാറിന് കിട്ടിയേക്കാവുന്ന ഉയർന്ന കസേരയാണ് കഥകളിൽ ഏറ്റവും ശ്രദ്ധേയമെന്ന് മുംബൈ മിറർ റിപ്പോർട്ടിൽ പറയുന്നു. രണ്ടു ദിവസം മുമ്പ് 250 ാം രാജ്യസഭാ സമ്മേളനത്തിൽ പാർലമെന്റിലെ നിയമം പാലിക്കുന്ന കാര്യത്തിൽ നരേന്ദ്ര മോദി പവാറിനെയും എൻസിപിയെയും പുകഴ്‌ത്തിയിരുന്നു. മഹാരാഷ്ട്രയിൽ ശിവസേനയും കോൺഗ്രസുമായി ചേർന്ന് എൻസിപി ത്രികക്ഷി സർക്കാർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പൊതു മിനിമം പരിപാടികളുടെ ചർച്ച നടക്കുമ്പോഴായിരുന്നു പവാർ - മോദി കൂടിക്കാഴ്ചയും നടന്നത്.

ഈ ആഴ്ച തന്നെ ഒന്നിലധികം തവണ ശിവസേനയും കോൺഗ്രസുമായി ചേർന്ന് മഹാരാഷ്ട്രയിൽ അടുത്ത സർക്കാർ ഉണ്ടാക്കുമോ എന്ന ചോദ്യം പവാർ നേരിടുകയും ചെയ്തിരുന്നു. ഇതിന് പവാർ രഹസ്യമായി നൽകിയ പല പ്രസ്താവനകളും പുതിയ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ഉത്തരങ്ങൾ തന്നെയായിരുന്നെന്ന് ചൂണ്ടിക്കാട്ടുകയാണ് മാധ്യമങ്ങൾ. മുന്ന് പാർട്ടികൾ ചേർന്ന് സർക്കാരുണ്ടാക്കുമോ എന്ന ചോദ്യം തിങ്കളാഴ്ചയും ശരദ്പവാർ നേരിട്ടിരുന്നു. എന്നാൽ ശിവസേന - ബിജെപി കൂട്ടുകെട്ടും എൻസിപി - കോൺഗ്രസ് കൂട്ടുകെട്ടും തമ്മിൽ ഏറ്റുമുട്ടിയ സാഹചര്യത്തിൽ എങ്ങിനെ ഈ ചോദ്യം ചോദിക്കാൻ കഴിയുന്നെന്നായിരുന്നു മറുപടി. ഈ ആഴ്ച ആദ്യം പവാർ കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ രൂപീകരണമല്ല രാഷ്ട്രീയകാര്യമാണ് ചർച്ച ചെയ്തതെന്നായിരുന്നു വിശദീകരണം.

സംസ്ഥാനത്ത് ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കാൻ പോകുന്നോ എന്ന് രണ്ട് എൻസിപി എംപിമാരും പവാറിനോട് ചോദിച്ചിരുന്നു. മഹാരാഷ്ട്രയിൽ ബിജെപിക്ക് പിന്തുണ നൽകാൻ കേന്ദ്രത്തിലെ മൂന്ന് സുപ്രധാന പദവികൾ എൻസിപിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായി ചില വൃത്തങ്ങൾ നൽകുന്ന സൂചനകളും പുറത്തു വന്നിരുന്നു. നിലവിലെ രാഷ്ട്രപതിയുടെ കാലാവധി 2022 ജൂലൈയിൽ അവസാനിക്കാനിരിക്കെ ആ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും ഇതിൽ പെടുന്നുണ്ട്. രാജ്യത്തെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ശരത് പവാർ പ്രധാനമന്ത്രി പദവിയിൽ പരിഗണിക്കപ്പെടേണ്ടയാളായിരുന്നു. എന്നാൽ ആ ആഗ്രഹം അദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല.

അതിനിടെ അജിത് പവാർ ഏകനായാണ് എൻസിപി വിട്ടതെന്ന് വരുത്താനും ശ്രമമുണ്ട്. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം എൻസിപി നേതാവ് ശരത് പവാറിന്റെ അനുമതിയോടെയെന്ന് വിമർശനവുമായി കോൺഗ്രസ് നേതൃത്വം. പാർട്ടി നേതൃത്വത്തെ പിന്നിൽ നിന്നും കുത്തുകയാണ് പവാർ ചെയ്തത്. രാഷ്ട്രീയത്തിലെ വൻ ചതിയാണ് മഹാരാഷ്ട്രയിൽ നടന്നതെന്നും കോൺഗ്രസ് വിമർശിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യം അറിഞ്ഞില്ലെന്ന് ശരദ് പവാർ പ്രതികരിച്ചു. അജിത് പവാർ എടുത്ത തീരുമാനം പാർട്ടിയുടേതല്ല. അജിത്തിന്റെ വ്യക്തി പരമായ തീരുമാനമാണന്നുമാണ് അദ്ദേഹം അറിയിച്ചത്. ഇതിന് പിന്നാലെ കോൺഗ്രസ് ശരത് പവാറിനെ കടന്നാക്രമിക്കുന്നത് നിർത്തിയിട്ടുണ്ട്. എങ്ങനേയും എംഎൽഎമാരെ ഒപ്പം നിർത്താനാകും ഇനി ശ്രമിക്കുക. വെള്ളിയാഴ്ച് രാത്രിയോടെയാണ് മഹാരാഷ്ട്രയിൽ ബിജെപി- എൻസിപി സർക്കാർ അധികാരത്തിൽ എത്തുന്നത് സംബന്ധിച്ച് തീരുമാനമാകുന്നത്. അമിത്ഷായുടെ നേതൃത്വത്തിലുള്ള ചർച്ചയിലാണ് സർക്കാർ രൂപീകരണം സംബന്ധിച്ച് തീരുമാനമായത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയ്ക്കായി കച്ചമുറുക്കിയിരുന്ന ശിവസേനയ്ക്കാണ് ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയായത്. കോൺഗ്രസ്-എൻസിപി പിന്തുണയോടെ ശിവസേന ത്രികക്ഷി സർക്കാർ രൂപീകരിക്കുന്നതിന്റെ പ്രഖ്യാപനം വരുന്നതിന് തൊട്ടു മുമ്പാണ് മഹാരാഷ്ട്രയിൽ നാടകീയമായ നീക്കം നടന്നത്. അപ്രതീക്ഷിത തീരുമാനത്തെ പടക്കം പൊട്ടിച്ചും ലഡുവിതരണവുമായാണ് മഹാരാഷ്ട്ര ബിജപി പ്രവർത്തകർ സ്വീകരിച്ചത്. ദേവേന്ദ്രഫട്നാവിസ് തന്നെ രണ്ടാം വട്ടവും മുഖ്യമന്ത്രി പദത്തിലെത്തിയതിലെ സന്തോഷം പ്രവർത്തകർ തെരുവുകളിൽ പ്രകടനം നടത്തി ആഘോഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു മാസത്തോളം നീണ്ട കാത്തിരുപ്പുകൾക്ക് ശേഷമാണ് സർക്കാർ അധികാരത്തിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP