Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലീഗ് കോട്ടകൾ തകർത്ത തദ്ദേശത്തിലെ ജനവിധി തുണയായത് 'സാമ്പാർ മുന്നണി'ക്ക്; 2006 ആവർത്തിച്ചതോടെ മലപ്പുറത്തു കാലിടറി മുസ്ലിം ലീഗ്; യുഡിഎഫ് സംവിധാനവും തകർച്ചയിൽ

ലീഗ് കോട്ടകൾ തകർത്ത തദ്ദേശത്തിലെ ജനവിധി തുണയായത് 'സാമ്പാർ മുന്നണി'ക്ക്; 2006 ആവർത്തിച്ചതോടെ മലപ്പുറത്തു കാലിടറി മുസ്ലിം ലീഗ്; യുഡിഎഫ് സംവിധാനവും തകർച്ചയിൽ

എം പി റാഫി

മലപ്പുറം: തദ്ദേശത്തിലെ ജനവിധി 'സാമ്പാർ മുന്നണി'കൾക്കായിരുന്നു മലപ്പുറത്ത് തുണയായത്. ലീഗ് കോട്ടകളിൽ വീണ്ടും 2006 ആവർത്തിച്ചതോടെ മുസ്ലിംലീഗിന്റെ കാലിടറുന്ന കാഴ്ചയായിരുന്നു കണ്ടത്.

ജില്ലയിൽ കഴിഞ്ഞ നാലര വർഷം കൊണ്ട് സർക്കാരും എംഎ‍ൽഎമാരും മികച്ച വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയെങ്കിലും ജനം കൈവിടുന്ന സ്ഥിതിയായിരുന്നു. അടിപതറാതെ കൂടെ നിന്ന പാർട്ടി കോട്ടകൾ ലീഗിന് ആശ്വാസം പകർന്നെങ്കിലും ലീഗിൽ നിന്നുള്ള അസംതൃപ്തരുടെ കൂട്ടവും മുന്നണിയിൽ നിന്നും കോൺഗ്രസിന്റെ ഇടച്ചിലും ലീഗിന് വെല്ലുവിളി സൃഷ്ടിക്കുകയായിരുന്നു.

മൊത്തം കണക്കുകൾ പരിശോധിക്കുമ്പോൾ ലീഗിന്റെ ഗ്രാഫ് വലിയ തോതിൽ താഴോട്ട് പോയിരുന്നില്ല. എന്നാൽ യു.ഡി.എഫ് സംവിധാനം തകരുന്ന കാഴ്ചയായിരുന്നു. ആകെയുള്ള 32 ജില്ലാ പഞ്ചായത്ത് ഡിവിനുകളിൽ 27 ഉം മുസ്ലിം ലീഗ് നിലനിർത്തി. മലപ്പുറത്ത് ഒരു നഗരസഭയിൽ മാത്രമായിരുന്നു കഴിഞ്ഞ തവണ യു.ഡി.എഫിന് ഭരണം നഷ്ടമായിരുന്നത്. എന്നാൽ ഇത്തവണ 12 നഗരസഭകളിൽ ഏഴ് മാത്രമായിരുന്നു യു.ഡി.എഫ് നിലനിർത്തിയത്. മലപ്പുറം, നിലമ്പൂർ, മഞ്ചേരി, കോട്ടക്കൽ, തിരൂരങ്ങാടി, വളാഞ്ചേരി, താനൂർ എന്നീ നഗരസഭയിലായിരുന്നു യു.ഡി.എഫ് വിജയം.

എന്നാൽ ലീഗിന് അധികം നഗരസഭകളും നഷ്ടമായത് 'സാമ്പാർ മുന്നണി' കളുടെ കടന്നു വരവായിരുന്നു. ലീഗിൽ നിന്നും ഇടഞ്ഞു നിന്നവരും കോൺഗ്രസുകാരും മറ്റു ചെറു പാർട്ടികളും സംഘടനകളുമെല്ലാം ഉൾക്കൊള്ളുന്നതാണ് സാമ്പാർ മുന്നണി. എന്നാൽ ലീഗ് ഈ മുന്നണികളെ കാര്യമായ രീതിയിൽ ഗൗരവത്തിലെടുത്തിരുന്നില്ല.

മുൻവർഷങ്ങളിലെ പോലെ വിജയം സുനിശ്ചിതമാക്കിയ ലീഗിന് 'സാമ്പാർ' തിളച്ചു മറിഞ്ഞത് പലയിടത്തും പൊള്ളലേൽപ്പിക്കുന്ന അനുഭവമായി. പെരിന്തൽമണ്ണ എൽ.ഡി.എഫ് നിലനിർത്തുകയും പൊന്നാനി, കൊണ്ടോട്ടി, തിരൂർ, പരപ്പനങ്ങാടി നഗരസഭകളിൽ സാമ്പാർ മുന്നണികളുടെ വിജയവുമായിരുന്നു. കൊണ്ടോട്ടിയിലും പരപ്പനങ്ങാടിയിലും ലീഗിനെതിരെ രൂപം കൊണ്ട മതേതര വികസന മുന്നണികളായിരുന്നു വൻ നേട്ടമുണ്ടാക്കിയത്.

എന്നാൽ തിരൂരിൽ മുൻ കെപിസിസി അംഗവും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും ഇടത് സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള ടി.ഡി.എഫ്(തിരൂർ ഡവലപ്പ്‌മെന്റ് ഫോറം)നായിരുന്നു വിജയം.

ഏഴ് പഞ്ചായത്തുകളിൽ മാത്രമായിരുന്നു കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് മുൻതൂക്കമുണ്ടായിരുന്നത്. എന്നാൽ ഇത്തവണ 94 ഗ്രാമ പഞ്ചായത്തുകളിൽ 24 എണ്ണം ഇടതുമുന്നണിയും അഞ്ചിടത്ത് 'സാമ്പാർ മുന്നണി'യും അധികാരത്തിലെത്തി. 'സാമ്പാർ മുന്നണി' ലീഗിന് ഏൽക്കില്ലെന്ന് പറഞ്ഞ് പരിഹസിച്ച ലീഗ് നേതാക്കൾക്ക് തിരിച്ചടിയായിരിക്കുകയാണ് സാമ്പാർ കൊണ്ടുള്ള ഈ വിജയം.

പല തദ്ദേശ സ്താപനങ്ങളിൽ ഭരണം ലീഗിൽ നിന്നും പിടിക്കുന്നതിനും ചിലയിടത്ത് നിർണായക ശക്തിയാകാനും ഈ മുന്നണികൾക്ക് സാധിച്ചു. ഏതായിരുന്നാലും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഈ മുന്നണികളെ വിശേഷിപ്പിച്ച സാമ്പാർ മുന്നണി എന്ന പേര് മലപ്പുറത്ത് തരംഗമായിരിക്കുകയാണ്.

വാഴക്കാട്, മാറാക്കര, ചേലേമ്പ്ര പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇനി 'സാമ്പാർ' മന്നണി ഭരിക്കും. കോൺഗ്രസും സിപിഎമ്മും ചെറുപാർട്ടികളും ഒരുമിച്ച് ലീഗിനെ നേരിട്ട വാഴക്കാട് 19ൽ 11 സീറ്റ് വികസന മുന്നണി പിടിച്ചത്. മാറാക്കരയിലും ലീഗിനെതിരെ കോൺഗ്രസും സിപിഎമ്മും രൂപം കൊടുത്ത ജനകീയ മുന്നണിക്ക് 11 സീറ്റുകളോടെ ഭരണം ലഭിച്ചു. എന്നാൽ ചേലേമ്പ്രയിൽ യു.ഡി.എഫിൽ നിന്നുള്ള വിമതരും സിപിഎമ്മം ചേർന്നതാണ് ജനകീയ മുന്നണികൾ. ആതാവനാട്ട് സിപിഎമ്മും ലീഗിലെ ഒരു വിഭാഗവും ചേർന്നുണ്ടാക്കിയ ജനകീയ മുന്നണി പത്ത് സീറ്റ് നേടി ഭരണത്തിലെത്തി. എന്നാൽ കാലങ്ങളായി ലീഗ് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിരുന്ന പൊന്മുണ്ടം പഞ്ചായത്തിൽ ജനകീയമുന്നണിക്ക് ചലനമുണ്ടാക്കാൻ പറ്റിയില്ല. അതേസമയം ചെറിയമുണ്ടത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചു. ഈ തെരഞ്ഞെടുപ്പിൽ സാമ്പാർ മലപ്പുറത്ത് തരംഗമായിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിൽ രണ്ടു വോട്ടുകൾക്ക് 'സാമ്പാർ' വേവാതെ പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP