Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഎമ്മിന്റെ ഫിഷറീസ് വകുപ്പ്, കെ എസ് യുവിലൂടെ കെപിസിസി അംഗമായി രാഷ്ട്രീയത്തിൽ നിറഞ്ഞ ഇടതു സ്വതന്ത്രന്; കെ. രാധാകൃഷ്ണനെ വീണ്ടും മുഖ്യമന്ത്രി കണ്ടില്ല; വാസവന് ഇനി സംസ്‌കാരിക-സിനിമാ മേഖലകളുടെ പിടിപ്പത് പണി; വകുപ്പ് വിഭജനത്തിലും നിറയുന്നത് ആ കറുത്ത കിയാ കാർ!

സിപിഎമ്മിന്റെ ഫിഷറീസ് വകുപ്പ്, കെ എസ് യുവിലൂടെ കെപിസിസി അംഗമായി രാഷ്ട്രീയത്തിൽ നിറഞ്ഞ ഇടതു സ്വതന്ത്രന്; കെ. രാധാകൃഷ്ണനെ വീണ്ടും മുഖ്യമന്ത്രി കണ്ടില്ല; വാസവന് ഇനി സംസ്‌കാരിക-സിനിമാ മേഖലകളുടെ പിടിപ്പത് പണി; വകുപ്പ് വിഭജനത്തിലും നിറയുന്നത് ആ കറുത്ത കിയാ കാർ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്തുകൊണ്ട് മുഖ്യമന്ത്രി കിയാ കാർണിവൽ കാർ വാങ്ങി? അതും ഇന്നോവ വാങ്ങി മാസങ്ങൾക്കുള്ളിൽ? ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ് ഇത്. കേരള മന്ത്രിസഭയിൽ ഒരു മന്ത്രി മാത്രമാണ് ഇതിന് മുമ്പ് കിയാ കാർ വാങ്ങിയത്. മുഖ്യമന്ത്രി വീണ്ടും കാർ വാങ്ങി എന്നതിന് അപ്പുറം ചർച്ചകൾ മറ്റെങ്ങും പോയില്ല. അതിന് മുമ്പ് തന്നെ പല വിവാദങ്ങളെത്തി. അതുകൊണ്ട് തന്നെ കിയ വലിയ ചർച്ചയായില്ല. എന്നാൽ കിയ വാങ്ങലോടെ കമ്പനിയുടെ കാർ കച്ചവടം കേരളത്തിൽ കുത്തനെ ഉയർന്നു എന്നതാണ് വാസ്തവം. കേരളത്തിലെ നിരത്തുകളെ കിയ കീഴടക്കുകയാണ്. ഈ കാറിന്റെ കേരളത്തിലെ ഡീലർഷിപ്പ് ഉള്ള വ്യക്തിക്ക് ഉന്ന രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നതാണ് വസ്തുത. മന്ത്രി സ്ഥാനം സജി ചെറിയാൻ രാജിവച്ചു. പകരം ആരും മന്ത്രിയായില്ല. വകുപ്പുകൾ വീതിച്ചു നൽകി.

സാധാരണ സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ മാറ്റി നൽകുന്നത്, സിപിഎമ്മുകാർക്ക് മാത്രമാണ്. പക്ഷേ ഇവിടെ ആ പതിവും മാറി. ഇതിനൊപ്പമാണ് കിയാ കാറും ചർച്ചകൾക്ക് വിഷയമാകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച ചെയ്താണ് തീരുമാനങ്ങൾ. പാർട്ടി സെക്രട്ടറിയേറ്റിൽ എല്ലാം അവതരിപ്പിച്ചു. ആരും എതിർത്തില്ല. അങ്ങനെയാണ് മന്ത്രി ഉടൻ വേണ്ടെന്നും വകുപ്പുകൾ വിഭജിക്കാമെന്നും തീരുമാനം എടുത്തത്. ഇതിൽ കോളടിച്ചത് സെക്രട്ടറിയേറ്റ് അംഗം കൂടിയായ വിഎൻ വാസവനാണ്. ഇനി സാംസ്‌കാരിക മന്ത്രിയാണ് വാസവൻ.

മന്ത്രിസഭയിൽ പാർട്ടി സംവിധാനമനുസരിച്ച് സീനിയർ എംവി ഗോവിന്ദൻ മാസറ്ററാണ്. പിന്നെ കെ രാധാകൃഷ്ണനും. ഇവർക്ക് രണ്ടു പേർക്കും സജി ചെറിയാൻ വപ്പുകൾ കിട്ടിയില്ലെന്നത് ശ്രദ്ധേയമാണ്. ഇതിൽ ഭരണ പരിചയം ഏറെയുള്ള കെ രാധാകൃഷ്ണന് ദേവസ്വവും എസ് സി എസ് ടി വകുപ്പും നൽകിയത് നേരത്തെ ചർച്ചയായിരുന്നു. ഇതിന് അപ്പുറം വ്യവസായമോ ധനകാര്യമോ ആരോഗ്യമോ നോക്കി നടത്താനുള്ള ശേഷിയുള്ള മന്ത്രിയാണ് രാധാകൃഷ്ണൻ. ഈ മന്ത്രിസഭയിലെ കാര്യ പ്രാപ്തിയുള്ള സിപിഎം നേതാവ്. പട്ടികജാതി ഫണ്ട് തട്ടിപ്പു പോലും തടഞ്ഞ നേതാവ്. എന്തുകൊണ്ടും സാസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യാൻ യോഗ്യൻ. എന്നാൽ രാധാകൃഷ്ണനെ കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പ് വാസവന് നൽകി.

പിടിച്ചാൽ പിടിപ്പത് ജോലിയുള്ള വകുപ്പാണ് സഹകരണവും രജിസ്ട്രേഷനും. പലവിധ ആരോപങ്ങൾ ഈ വകുപ്പുകളുമായി ബന്ധപ്പെട്ടുയരുന്നു. മന്ത്രിയുടെ നിതാന്ത ജാഗ്രത വേണ്ട സാഹചര്യം. എന്നിട്ടും വാസവനാണ് സാംസ്‌കാരികം നൽകുന്നത്. സിനിമയും വാസവന്. യുവജനകാര്യം മുഹമ്മദ് റിയാസിന് നൽകി. മന്ത്രിസഭയിലെ യുവാവ് എന്ന നിലയിൽ ഇത് അംഗീകരിക്കാം. എന്നാൽ സിപിഎമ്മുകാരനല്ലാത്ത സ്വതന്ത്രനായി ജയിച്ച മന്ത്രിക്ക് സിപിഎം മന്ത്രി കൈവശം വച്ച ഫിഷറീസ് വകുപ്പ് നൽകിയെന്നതാണ് യഥാർത്ഥ്യം. ഒന്നാം പിണറായി സർക്കാരിൽ മേഴ്സികുട്ടിയമ്മ നോക്കിയ സുപ്രധാന വകുപ്പ്. ഇതിലൂടെ പുതിയ കീഴ് വഴക്കമാണ് മുഖ്യമന്ത്രി സൃഷ്ടിക്കുന്നത്. സാധാരണ സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ കൈമാറേണ്ട സാഹചര്യമുണ്ടെങ്കിൽ അത് പാർട്ടി അംഗങ്ങളിൽ തന്നെ ചുരുക്കും. ഇതാണ് അബ്ദുൾ റഹ്മാന് കിട്ടുന്ന പുതിയ വകുപ്പ് മാറ്റി മറിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫിഷറീസ് വകുപ്പ് പിണറായിക്ക് തലവേദനകൾ പലതു സൃഷ്ടിച്ചിരുന്നു. ഗുരുതരമായ അഴിമതി ആരോപണങ്ങളുണ്ട്. ആഴക്കടൽ കരാറിൽ കഷ്ടിച്ചാണ് അന്ന് അതിജീവിച്ചത്. ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ സർക്കാരിന് വീണ്ടും പ്രശ്നങ്ങളുണ്ടാക്കാനുള്ള പലതും ആ വകുപ്പിലുണ്ട്. ഇതെല്ലം പിണറായിക്ക് അറിയാം. എന്നിട്ടും പ്രധാനപ്പെട്ട വകുപ്പ് വേണ്ടെന്ന് വയ്ക്കുകയാണ് സിപിഎം. മലപ്പുറത്തു നിന്നുള്ള നേതാവിന്റെ കൈയിൽ ഫിഷറീസ് സുരക്ഷിതമാകുമെന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ. ഇതിനൊപ്പം ചില വ്യക്തിപരമായ കാരണങ്ങളും.

മൂന്ന് സുപ്രധാന വകുപ്പുകൾ വീതം വയ്ക്കുമ്പോൾ മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട വി ശിവൻകുട്ടിക്കും വീണാ ജോർജിനും ആർ ബിന്ദുവിനും ഒന്നും കിട്ടുന്നില്ലെന്നതാണ് വസ്തുത. ഫലത്തിൽ ഫിഷറീസ് എന്ന സുപ്രധാന വകുപ്പ് താനൂരിൽ നിന്ന് ജയിച്ച് അബ്ദു റഹ്മാന് കിട്ടുകയാണ്. സ്പോർട്സ്, വഖഫ്, ഹജ്ജ് തീർത്ഥാടനം, പോസ്റ്റുകൾ & ടെലഗ്രാഫുകൾ, റെയിൽവേ എന്നീ വകുപ്പുകൾ നിലവിൽ കൈകാര്യം ചെയ്യുന്നത് അബ്ദു റഹ്മാനാണ്. കെഎസ്‌യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ബാലജന സഖ്യത്തിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായിരുന്നു. തിരൂർ മുനിസിപ്പാലിറ്റി കൗൺസിലർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ & വൈസ് ചെയർമാൻ തിരൂർ മുനിസിപ്പാലിറ്റി, തിരൂർ സാമൂഹ്യ-സാംസ്‌കാരിക സംഘടന ആക്ട് പ്രസിഡന്റ് എന്നീ നിലകളിൽ വിവിധ പദവികൾ വഹിച്ച അദ്ദേഹം കെപിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

2014 -ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച അദ്ദേഹം പൊന്നാനി ലോക്സഭ മണ്ഡലത്തിൽ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. തുടർന്ന് 2016 ൽ ആദ്യമായി താനൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2021 -ൽ രണ്ടാം വട്ടവും അദ്ദേഹം താനൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. കെടി ജലീലിന് പകരം ഇടതു സ്വതന്ത്രനെന്ന പരിവേഷത്തിൽ സിപിഎം മന്ത്രിസഭയിലേക്ക് അബ്ദു റഹ്മാൻ എത്തിയെന്നതാണ് വസ്തുത. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി ജലീലിനെ പോലെ അബ്ദു റഹ്മാനും മാറിയെന്നതാണ് വസ്തുത.

ഫിഷറീസ്, സാംസ്‌കാരികം-സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് നേരത്തെ സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്നത്. ഭരണഘടനയെ സംബന്ധിച്ച പരാമർശത്തിന്റെ പേരിൽ ബുധനാഴ്ചയാണ് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP