Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുകുമാരൻ നായരെ പരിവാർ പക്ഷത്തേക്ക് വിട്ടുകൊടുക്കാതിരിക്കാൻ 'ഹൈക്കമാണ്ടും'; ശബരിമലയിൽ നിയമനിർമ്മാണത്തിന് അനുകൂലമായി ദേശീയ നേതൃത്വം പ്രതികരിച്ചത് എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കത്തിനൊടുവിൽ; ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും തുണയായത് രാഹലുമായുള്ള കെസി വേണുഗോപാലിന്റെ സൗഹൃദം; യുവതി പ്രവേശനത്തിൽ സിപിഎം-ബിജെപി ഇരട്ടത്താപ്പ് തുറന്നുകാട്ടി വോട്ടുറപ്പിക്കാൻ കോൺഗ്രസ്; മിഷൻ ശബരിമലയിലൂടെ ലക്ഷ്യമിടുന്നത് 18 ലോക്‌സഭാ സീറ്റുകളും

സുകുമാരൻ നായരെ പരിവാർ പക്ഷത്തേക്ക് വിട്ടുകൊടുക്കാതിരിക്കാൻ 'ഹൈക്കമാണ്ടും'; ശബരിമലയിൽ നിയമനിർമ്മാണത്തിന് അനുകൂലമായി ദേശീയ നേതൃത്വം പ്രതികരിച്ചത് എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കത്തിനൊടുവിൽ; ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും തുണയായത് രാഹലുമായുള്ള കെസി വേണുഗോപാലിന്റെ സൗഹൃദം; യുവതി പ്രവേശനത്തിൽ സിപിഎം-ബിജെപി ഇരട്ടത്താപ്പ് തുറന്നുകാട്ടി വോട്ടുറപ്പിക്കാൻ കോൺഗ്രസ്; മിഷൻ ശബരിമലയിലൂടെ ലക്ഷ്യമിടുന്നത് 18 ലോക്‌സഭാ സീറ്റുകളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ശബരിമല വിഷയത്തിൽ ഒടുവിൽ രാഹുൽ ഗാന്ധിക്ക് മനം മാറ്റം. ശബരിമലയിൽ കെപിസിസി നിലപാട് അംഗീകരിച്ചു കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തുവരുമ്പോൾ ആശ്വാസം രമേശ് ചെന്നിത്തലയ്ക്കാണ്. ഇനി എൻ എസ് എസിനെ പിണക്കാതെ മുന്നോട്ട് പോകാൻ ചെന്നിത്തലയ്ക്കാകും. നിയമനിർമ്മാണമെന്ന ആവശ്യം ശക്തമാക്കാനും കഴിയും. ഇതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കേരളത്തിലെ 20ൽ 18 സീറ്റിലും യുഡിഎഫിന് വിജയിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

ആചാര സംരക്ഷണത്തിനു കേന്ദ്രം നിയമം നിർമ്മിക്കണമെന്ന കെപിസിസി ആവശ്യം ഹൈക്കമാൻഡ് ശരിവച്ചത് കേരളത്തിലെ ഐ ഗ്രൂപ്പിന്റെ ഇടപെടലിന്റെ ഫലമാണ്. ഉമ്മൻ ചാണ്ടിയും വിഷയത്തിൽ അനുകൂല നിലപാട് എടുത്തു. കേരളത്തിൽ പരമാവധി ലോക്‌സഭാ സീറ്റിൽ ജയിച്ചു കയറാൻ ഇത് അനിവാപ്.മാണെന്നും വ്യക്തമാക്കി. കെ സി വേണുഗോപാലും രാഹുൽ ഗാന്ധിയുമായുള്ള വ്യക്തിപരമായ അടുപ്പമാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. കോൺഗ്രസിന്റെ ലോക്‌സഭയിലെ ഡപ്യൂട്ടി ചീഫ് വിപ് കെ.സി. വേണുഗോപാൽ നിയമനിർമ്മാണ ആവശ്യം ലോക്‌സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും കേന്ദ്രം അടിയന്തര തീരുമാനം എടുക്കണമെന്നും പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ അറിവും സമ്മതത്തോടെയുമായിരുന്നു ഈ നിലപാട് പ്രഖ്യാപനം. കെസി വേണുഗോപാലാണ് കേരളത്തിലെ സ്ഥിതി ഗതികൾ രാഹുലിനെ മനസ്സിലാക്കിപ്പിച്ചത്. കേരളത്തിലെ രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാണ്. 15ലേറെ സീറ്റുകളിൽ കോൺഗ്രസിന് കേരളത്തിൽ ജയിക്കാവുന്ന സ്ഥിതിയുണ്ട്. എന്നാൽ ശബരിമലയിൽ എൻ എസ് എസിനേയും വിശ്വാസികളേയും പിണക്കിയാൽ അത് തകരും. ഈ സാഹചര്യത്തിൽ ബിജെപിയെ വെട്ടിലാക്കുന്ന തരത്തിൽ നിയമ നിർമ്മാണമെന്ന ആവശ്യം ഉയർത്താനാണ് തീരുമാനം. ഇതാണ് സുർജേവാല പ്രഖ്യാപിച്ചതും.

ബിജെപിയും സിപിഎമ്മും രാഷ്ട്രീയ നേട്ടത്തിനായി ഒത്തുകളിച്ച് സംസ്ഥാനം യുദ്ധക്കളമാക്കുകയാണ്. സമാധാന മാർഗങ്ങളിലൂടെ ആചാരസംരക്ഷണം ഉറപ്പാക്കണം. മുഖ്യമന്ത്രിയുടെയും ആഎസ്എസ് നേതൃത്വത്തിന്റെയും അറിവോടെയാണു സംസ്ഥാനത്തു ബോംബേറ് ഉൾപ്പെടെ വ്യാപക അക്രമങ്ങൾ നടക്കുന്നതെന്നും സുർദേവാല പറഞ്ഞു. നേരത്തെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സോണിയാ ഗാന്ധി എതിർക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കോൺഗ്രസ് എംപിമാരെ ശാസിച്ചുവെന്നും വാർത്ത എത്തി. ഇത് കോൺഗ്രസിനെ വലിയ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ് കെസി വേണുഗോപാൽ ശക്തമായ ഇടപെടൽ നടത്തിയത്.

ലോക്‌സഭയിലും വിശ്വാസികൾക്ക് അനുകൂലമായാണ് വേണുഗോപാൽ ശബരിമല വിഷയം അവതരിപ്പിച്ചത്. നേരത്തെ ശബരിമലയിൽ യുവതികൾ കയറുന്നതിനോടാണ് തനിക്ക് താൽപ്പര്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ പ്രസ്താവന ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചെന്നിത്തലയേയും മറ്റും കളിയാക്കി. ചെന്നിത്തലയും മറ്റും ആർഎസ്എസ് രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കേരള നേതൃത്വത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ഹൈക്കമാണ്ട് തയ്യാറായത്.

ശബരിമല വിഷയത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്നും പൂർണ വ്യക്തതയുണ്ടെന്നും കോൺഗ്രസ് പറയുകയാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് സുർജേവാല നിലപാട് വ്യക്തമാക്കിയത്. നിയമവും ഭരണഘടനയും പരമപ്രധാനമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. എന്നാൽ, അതോടൊപ്പം ജനങ്ങളുടെ വിശ്വാസവും പാരമ്പര്യവും യോജിപ്പിച്ചുകൊണ്ടുപോകണം -സുർജേവാല പറഞ്ഞു. കെപിസിസി. നിലപാടിനെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. സിപിഎം. നയിക്കുന്ന സർക്കാരിന്റെ പരാജയമാണ് സംസ്ഥാനത്ത് ഇത്തരം സ്ഥിതിവിശേഷമുണ്ടാക്കിയത്. പരസ്പരം ബോംബെറിയുന്നത് ആർക്കും അംഗീകരിക്കാനാവില്ല. എത്രയും വേഗം അക്രമങ്ങൾ അവസാനിപ്പിക്കാൻ ജനങ്ങളും രാഷ്ട്രീയപ്പാർട്ടികളും തയ്യാറാവണമെന്നും സുർജേവാല ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഉണ്ടായ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരപരമായ നിലപാടും ആണെന്ന് ഉമ്മൻ ചാണ്ടിയും വിശദീകരിക്കുന്നു. സമാധാനപരമായി പരിഹരിക്കാമായിരുന്ന പ്രശ്നം സങ്കീർണമാക്കിയത് സംസ്ഥാന സർക്കാരാണ്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കടന്നാക്രമിക്കാൻ മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായർ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തുന്നതിന് പകരം വിമർശകരെ ഭീഷണിപ്പെടുത്താനാണ് സിപിഎമ്മും ഗവൺമെന്റും ശ്രമിക്കുന്നത്.

വിമർശനങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും കാണിക്കുന്ന അസഹിഷ്ണുത അവരുടെ ഫാസിസ്റ്റ് പ്രവർത്തന രീതിയുടെ തെളിവാണ്. എന്ത് വിലകൊടുത്തും വിശ്വാസികൾ പോലും അല്ലാത്ത രണ്ട് സ്ത്രീകളെ പിൻവാതിലിലൂടെ ഗൂഢതന്ത്രങ്ങൾ ഉപയോഗിച്ച് സന്നിധാനത്തിൽ എത്തിച്ചതിന്റെ പിന്നിൽ ഗവൺമെന്റിന്റെ പിടിവാശിയും ധിക്കാരവുമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും പോയത് എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയല്ല, മറിച്ച് മുഖ്യമന്ത്രിയും ഗവൺമെന്റും ആണെന്ന് പൊതു സമൂഹത്തിന് തന്നെ ബോധ്യമായ കാര്യമാണ്. രണ്ട് വനിതകൾ ശബരിമലയിൽ ദർശനം നടത്തിയെന്ന് ആദ്യം വെളിപ്പെടുത്തിയ മുഖ്യമന്ത്രി തന്നെ തന്റെ അറിവോടെയല്ല ഇവർ ദർശനം നടത്തിയതെന്ന് പറയുന്നത് ആരുംതന്നെ വിശ്വസിക്കുകയില്ലെന്നും പറഞ്ഞു.

സമുദായാചാര്യനായ മന്നത്തുപത്മനാഭന്റെ കാലം മുതൽ സമുദായ സൗഹാർദത്തിന് വേണ്ടി നിലകൊണ്ട എൻ.എസ്.എസ് വർഗീയത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന കോടിയേരിയുടെ നിലപാട് സ്വന്തം പരാജയം മറച്ചുവെക്കാനുള്ള ഗൂഢതന്ത്രമാണ്. സമാധാനപൂർണമായി ഇത്രയുംകാലം നടന്ന ശബരിമല തീർത്ഥാടനം സംഘർഷ കലുഷിതമാക്കിയതിന്റെയും വർഗീയ ചേരിതിരിവ് ഉണ്ടാക്കിയതിന്റെയും പൂർണമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും മാർക്സിസ്റ്റ് പാർട്ടിക്കുമാണ്. വിവാദങ്ങൾ പരിഹരിക്കാനല്ല ആളിക്കത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളെ എതിർക്കുന്നവരെ എല്ലാം ആർ.എസ്.എസുകാരായി ചിത്രീകരിക്കാനുള്ള സിപിഎം തന്ത്രം കേരളത്തിൽ വിലപോകില്ലെന്നും എൽ.ഡി.എഫ് ഘടക കക്ഷികൾ സമീപകാല സംഭവങ്ങളിൽ പുലർത്തുന്ന നിസംഗതയും നിശബ്ദതയും അവരുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP