Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിനെ ബിജെപി കാണുന്നത് ഇരുതല മൂർച്ചയുള്ള വാളിനെ പോലെ; അനുകൂലിക്കാനോ എതിർക്കാനോ കഴിയില്ലെന്ന തിരിച്ചറിവിൽ കേന്ദ്ര സർക്കാർ; ആചാര സംരക്ഷണത്തിന് വേണ്ടത് ഭരണഘടനാ ഭേദഗതിയെന്ന് ശശി തരൂർ; നിയമം കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാൻ ഭരണഘടനയുടെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തണമെന്ന വിദഗ്ധരും; ശബരിമലയിലെ യുവതി പ്രവേശന വിധി അസാധുവാക്കാൻ കേന്ദ്ര സർക്കാർ കനിഞ്ഞേ മതിയാകൂ; പ്രതീക്ഷയോടെ വിശ്വാസികളും

പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിനെ ബിജെപി കാണുന്നത് ഇരുതല മൂർച്ചയുള്ള വാളിനെ പോലെ; അനുകൂലിക്കാനോ എതിർക്കാനോ കഴിയില്ലെന്ന തിരിച്ചറിവിൽ കേന്ദ്ര സർക്കാർ; ആചാര സംരക്ഷണത്തിന് വേണ്ടത് ഭരണഘടനാ ഭേദഗതിയെന്ന് ശശി തരൂർ; നിയമം കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാൻ ഭരണഘടനയുടെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തണമെന്ന വിദഗ്ധരും; ശബരിമലയിലെ യുവതി പ്രവേശന വിധി അസാധുവാക്കാൻ കേന്ദ്ര സർക്കാർ കനിഞ്ഞേ മതിയാകൂ; പ്രതീക്ഷയോടെ വിശ്വാസികളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാ ഭേദഗതി വേണമെന്ന് ശശി തരൂർ എംപി. സ്വകാര്യ ബിൽ നിലനിൽക്കണമെങ്കിൽ ഭരണഘടനാഭേദഗതി വേണമെന്നാണ് തരൂരിന്റെ നിലപാട്. ബിജെപിക്ക് കേരളത്തിൽ ഇടപെടാൻ അവസരം നൽകില്ലെന്നും തരൂർ വിശദീകരിച്ചു. എൻ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ നാളെ ലോക്‌സഭ പരിഗണിക്കുന്നുണ്ട്. തന്ത്രപരമായ നീക്കമാണ് ഇക്കാര്യത്തിൽ പ്രേമചന്ദ്രൻ നടത്തിയത്. ഇത് ബിജെപിയെ വെട്ടിലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വേണ്ടത് ഭരണഘടനാ ഭേദഗതിയാണെന്ന് തരൂർ വിശദീകരിക്കുന്നത്. പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിനെ കോൺഗ്രസും പിന്തുണയ്ക്കുമെന്നാണ് സൂചന. പ്രേമചന്ദ്രൻ നൽകിയ സ്വകാര്യ ബില്ലിന് നാളെ അവതരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ബിൽ ചർച്ചയ്ക്കെടുക്കാൻ തുടർ നടപടിക്രമങ്ങൾ അനുകൂലമാകണം. ജൂൺ 25ന് സഭയുടെ പരിഗണനയിലുള്ള ചുരുങ്ങിയത് 32 ബില്ലുകൾ നറുക്കിട്ട് അതിൽ പ്രഥമ പരിഗണന ലഭിക്കുന്ന മൂന്നെണ്ണമാണ് ചർച്ചയ്ക്കെടുക്കുക. ജൂലായ് 12നാണ് ചർച്ചയ്ക്കായി പരിഗണിക്കേണ്ടത്.

പ്രേമചന്ദ്രന്റെ ബില്ലിന് അവതരണാനുമതി ലഭിച്ചത് ബിജെപിയെയും പ്രതിരോധത്തിലാക്കി. ബില്ലിലെ വ്യവസ്ഥകളെ നയപരമായി കേന്ദ്രസർക്കാരിനോ ബിജെപിക്കോ എതിർക്കാനാവില്ല. ലോക്‌സഭയിൽ ബില്ലിനെ എതിർക്കുമ്പോൾ ശബരിമല ആചാര സംരക്ഷണം സംബന്ധിച്ചു നിയമനിർമ്മാണം നടത്തുമോ എന്നു സർക്കാരിനു വ്യക്തമാക്കേണ്ടി വരും. ഇതാണ് പ്രേമചന്ദ്രന്റെ ഇരുതലമൂലിയുള്ള ആയുധം. ശബരിമലയിൽ ഒളിച്ചു കളിക്കാൻ ബിജെപിക്കായില്ല. അത് തുടർന്നാൽ ബിജെപി ശബരിമലയെ രാഷ്ട്രീയ ഇടപെടലിനുള്ള സുവർണ്ണാവസരമായി മാത്രമാണ് കണ്ടതെന്ന വാദം സജീവമാകും. രാഷ്ട്രീയ നേട്ടത്തിനുള്ള അവസരം എന്ന നിലയ്ക്കാണു പാർട്ടി വിഷയത്തെ കൈകാര്യം ചെയ്തതെന്നു കേരളത്തിലെ തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്നു വിമർശനമുയർന്നിരുന്നു. അതിനിടെ ബില്ലിനെ കുമ്മനം രാജശേഖരൻ സ്വാഗതം ചെയ്യുകയും ചെയ്തു.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബർ 28ന് സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. കോടതി വിധി നിലവിലുള്ളതിനാൽ പാർലമെന്റിന് നിയമനിർമ്മാണം സാധ്യമാണോയെന്ന് ലോക്‌സഭാ സെക്രട്ടറി ജനറൽ സംശയമുന്നയിച്ചിരുന്നു. തുടർന്ന്, നിയമ മന്ത്രാലയം പരിശോധിച്ചശേഷമാണ് ബില്ലിന് അവതരണാനുമതി നൽകിയത്. ഈ ബില്ലിനെ ബിജെപിയും പിന്തുണയ്ക്കുമെന്നാണ് പുറത്തു വരുന്ന സൂചന. അതിനിടെ വിശ്വാസികൾ പ്രതീക്ഷയിലാണ്. ശബരിമലയിൽ ഇനി കേന്ദ്ര സർക്കാരിന് നിലപാട് വ്യക്തമാക്കേണ്ടി വരുമെന്ന് വിശ്വാസികൾ കരുതുന്നു. പന്തളം കൊട്ടാരവും എൻ എസ് എസും പ്രേമചന്ദ്രന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

2018 സെപ്റ്റംബർ 28-നുള്ളസുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കും പ്രശ്‌നങ്ങൾക്കും ശാശ്വതപരിഹാരമായി നിയമനിർമ്മാണം തന്നെയാണ് അഭികാമ്യമെന്ന ചർച്ചയാണ് പ്രേമചന്ദ്രൻ സജീവമാക്കുന്നത്. ഏതുകോടതിയുടെ വിധിയുണ്ടെങ്കിലും ശബരിമലക്ഷേത്രത്തിൽ 2018 സെപ്റ്റംബർ ഒന്നിന് നിലവിലുണ്ടായിരുന്ന മതപരമായ ആചാരാനുഷ്ഠാനങ്ങൾ അതേപടി സംരക്ഷിക്കപ്പെടണമെന്നാണ് സ്വകാര്യ ബില്ലിലെ സുപ്രധാന വ്യവസ്ഥ. നിയമം പ്രാബല്യത്തിൽവരുമ്പോൾ ശബരിമല മതാചാരങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ നിലനിൽക്കുന്ന എല്ലാ വ്യവഹാരങ്ങളും സ്വമേധയാ ഇല്ലാതാവുന്നു എന്ന വകുപ്പും നിർദിഷ്ട സ്വകാര്യബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൗലികാവകാശലംഘനങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി മറ്റൊരു നിയമനിർമ്മാണത്തിലൂടെ മറികടക്കുക ഒരു ലഘുനിയമനിർമ്മാണത്തിലൂടെ സാധ്യമാവുകയില്ല. ശബരിമലവിധിയുടെ അടിസ്ഥാനം ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യത എന്ന മൗലികാവകാശമാണ്. ഭരണഘടനാകോടതികളുടെ നീതിന്യായ ഇടപെടൽ ഇല്ലാതാക്കുന്ന വ്യവസ്ഥകളും പ്രേമചന്ദ്രന്റെ സ്വകാര്യബില്ലിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്നു.

ഒരു നിയമത്തെയോ ചട്ടത്തെയോ ഭരണഘടനയുടെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തിയാൽ മൗലികാവകാശങ്ങളുടെ ലംഘനമെന്ന കാരണത്താൽ ആ നിയമം കോടതിയിൽ ചോദ്യംചെയ്യപ്പെടാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നത് ശ്രദ്ധേയമായ സവിശേഷതയാണ്. പ്രേമചന്ദ്രന്റെ സ്വകാര്യബിൽ സമഗ്രമായി ഇരുസഭയും ചർച്ചചെയ്ത് ന്യൂനതകൾ പരിഹരിച്ച് പാസാക്കി ഭരണഘടനയുടെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തിയാൽ ഭരണഘടനാ കോടതികളുടെ ഇടപെടൽ ഒഴിവാക്കാൻ കഴിയും. അല്ലെങ്കിൽ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ പരിരക്ഷിക്കുന്നതിനുള്ള ഒരു നിയമം സംസ്ഥാനനിയമസഭ പാസാക്കി, കേന്ദ്രസർക്കാരിന്റെ പിൻബലത്തോടെ ഭരണഘടനാഭേദഗതി വരുത്തി ആ നിയമത്തെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ നിലനിൽക്കൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുല്യത എന്ന മൗലികാവകാശത്തിന്റെമാത്രം ലംഘനം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഇപ്പോഴുണ്ടായിരിക്കുന്ന സുപ്രീംകോടതിയുടെ ശബരിമലവിധി. ഏതായാലും സമഗ്രമായ ഒരു ഭരണഘടനാഭേദഗതിക്കും നിയമനിർമ്മാണത്തിനും പ്രേമചന്ദ്രന്റെ സ്വകാര്യബിൽ പ്രേരകമാകുമെന്നാണ് വിലയിരുത്തൽ.

ബില്ലവതരണത്തിനുള്ള അനുമതി തേടിക്കൊണ്ടുള്ള പ്രമേയം അംഗം അവതരിപ്പിക്കുമ്പോൾ സാധാരണ എതിർക്കാറില്ല. എന്നാൽ, സ്വവർഗരതി നിയമവിധേയമാക്കുന്നതിനായി 2015-ൽ ശശി തരൂർ അവതരിപ്പിച്ച ബില്ലിന് സഭ വോട്ടെടുപ്പിലൂടെ അവതരണാനുമതി നിഷേധിച്ചപ്പോഴുള്ള ഒറ്റപ്പെട്ട സംഭവങ്ങളും നേരത്തേ ഉണ്ടായിട്ടുണ്ട്. ബിൽ ചർച്ചയ്‌ക്കെടുത്താൽ ചർച്ചയുടെ അവസാനം സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം ബിൽ അംഗത്തിന് പിൻവലിക്കുകയോ അല്ലെങ്കിൽ അത് പാസാക്കുന്നതിനായി വോെട്ടടുപ്പോ ആവശ്യപ്പെടാം. പ്രേമചന്ദ്രന്റെ ബില്ലിൽ കേന്ദ്രം എന്ത് നിലപാട് എടുക്കുമെന്നതാണ് പ്രധാനം. ഭരണഘടനാ ഭേദഗതി നടത്താമെന്ന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ സ്വയം ബിൽ അവതരിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് ഇതുവരെ ബിജെപി ഉറപ്പു നൽകിയിട്ടില്ലെന്നു സ്വകാര്യ ബില്ലിന് അനുമതി തേടിയ എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. സുപ്രീം കോടതിയിൽ സമഗ്രമായി അവതരിപ്പിക്കാൻ ശ്രമം നടത്തുമെന്നാണു പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നത്. സുപ്രീം കോടതി വിധി വന്നശേഷം ഈ വിഷയത്തിൽ കേന്ദ്രസർക്കാരോ ബിജെപിയോ ഒന്നും ചെയ്തിട്ടില്ല. ആർഎസ്എസ് ആദ്യം വിധിയെ സ്വാഗതം ചെയ്യുകയും പിന്നീടു ജനവികാരം എതിരാണെന്നു കണ്ടപ്പോൾ നിലപാടു മാറ്റുകയുമായിരുന്നു. മുത്തലാഖ് വിഷയത്തിൽ 3 തവണ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിട്ടുണ്ട്. ആ താൽപര്യം ഈ വിഷയത്തിൽ കാണിച്ചിട്ടില്ല.

സുപ്രീം കോടതി വിധികൾക്കെതിരെ എത്രയോ നിയമ നിർമ്മാണങ്ങൾ പാർലമെന്റ് നടത്തിയിട്ടുണ്ടെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിൽ യുഡിഎഫിന്റേത് ആദ്യം മുതലേ സുതാര്യമായ നിലപാടാണ്. 2021 ൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം കൊണ്ടുവരും എന്നു വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് എന്തു കൊണ്ട് റിവ്യൂ പെറ്റീഷൻ നൽകിയില്ലെന്നതു ചിന്തനീയമാണെന്നു പ്രേമചന്ദ്രൻ പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള സ്വകാര്യ ബിൽ കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെടുന്നുണ്ട്. ആചാരാനുഷ്ഠാന സംരക്ഷണത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരമാണെന്നും സർക്കാർ ബിൽ ഏറ്റെടുത്ത് കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP