Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുത്ത കെജ്രിവാൾ വിരോധിയായ ഷീലാ ദീക്ഷിത്ത് സമ്മതം മൂളിയിട്ടും ഒടുവിൽ സഖ്യശ്രമം പൊളിഞ്ഞത് റോബർട് വാദ്രയുടെ ഇടപെടൽ മൂലം; പ്രിയങ്കയുടെ ഭർത്താവിന്റെ അഴിമതി തുറന്നു കാട്ടിയതിനുള്ള വിരോധം മൂലം പ്രധാനമന്ത്രിയാകാൻ കച്ചകെട്ടിയറങ്ങിയ രാഹുലിന്റെ അളിയൻ ബിജെപിക്ക് സമ്മാനിക്കുന്നത് ഏഴ് സീറ്റുകൾ; ഒരു അളിയൻ മതി കുലം മുടിക്കാൻ എന്ന വിമർശനവുമായി സോഷ്യൽ മീഡിയ

കടുത്ത കെജ്രിവാൾ വിരോധിയായ ഷീലാ ദീക്ഷിത്ത് സമ്മതം മൂളിയിട്ടും ഒടുവിൽ സഖ്യശ്രമം പൊളിഞ്ഞത് റോബർട് വാദ്രയുടെ ഇടപെടൽ മൂലം; പ്രിയങ്കയുടെ ഭർത്താവിന്റെ അഴിമതി തുറന്നു കാട്ടിയതിനുള്ള വിരോധം മൂലം പ്രധാനമന്ത്രിയാകാൻ കച്ചകെട്ടിയറങ്ങിയ രാഹുലിന്റെ അളിയൻ ബിജെപിക്ക് സമ്മാനിക്കുന്നത് ഏഴ് സീറ്റുകൾ; ഒരു അളിയൻ മതി കുലം മുടിക്കാൻ എന്ന വിമർശനവുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദിക്കെതിരായ പോരാട്ടത്തിൽ ഓരോ സീറ്റും നിർണ്ണായകമാണ്. ഇതിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നു. ഡൽഹിയിൽ ഏഴിൽ ഏഴ് സീറ്റും ബിജെപിക്ക് നഷ്ടമാക്കുക. ഒപ്പം അവിടെ നിന്ന് പരമാവധി നേടുകയായിരുന്നു രാഹുലിന്റെ ലക്ഷ്യം. ഡൽഹിയിൽ കോൺഗ്രസിന്റെ അടിത്തറ തകർത്താണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയോട് മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന് താൽപ്പര്യവുമില്ല. എന്നിട്ടും രാഹുലിന്റെ മനസ്സ് തിരിച്ചറിഞ്ഞ് കെജ്രിവാളുമായി സീറ്റ് പങ്കിടാൻ ഷീലാ ദീക്ഷിത്തും തയ്യാറായി. എന്നിട്ടും ആ നീക്കം പൊളിച്ചു. കോൺഗ്രസ് ഡൽഹി ഘടകത്തിന്റെ എതിർപ്പ് അതിരൂക്ഷമായതോടെയായിരുന്നു ഇത്. ഷീലാ ദീ്ക്ഷിത് വഴങ്ങിയിട്ടും സഖ്യ തന്ത്രം പൊളിച്ചതിന് പിന്നിൽ റോബർട്ട് വാദ്രയാണെന്നാണ് പുതിയ റിപ്പോർട്ട്. രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ വാദ്രയ്ക്ക് താൽപ്പര്യമില്ലാത്തതാണ് ഇതിന് കാരണം. ഇതോടെ ഡൽഹിയിൽ ഏഴിൽ ഏഴിലും ജയിക്കാൻ ബിജെപിക്ക് അവസരവും ഒരുങ്ങുകയാണ്.

മോദി വിരുദ്ധ വോട്ടുകൾ ഒരുമിച്ചാലെ ഉത്തരേന്ത്യയിൽ ബിജെപിയെ പിടിച്ചു കെട്ടാനാകൂ. ബീഹാറിൽ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഇത് തെളിയിച്ചതാണ്. പിന്നീട് നിതീഷ് ബിജെപി പാളയത്തിൽ എത്തിയെന്നത് മറ്റൊരു വസ്തുത. യുപിയിൽ എതിർപ്പുകളെല്ലാം മറന്ന് മായവതിയും അഖിലേഷ് യാദവും ഒരുമിച്ചതും ബിജെപിയെ തറപറ്റിക്കാൻ. അങ്ങനെ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴാണ് ഡൽഹിയിലെ അട്ടിമറി. കോൺഗ്രസും ആംആദ്മിയും ഒരുമിച്ചാൽ ഏഴ് സീറ്റിലും ബിജെപിക്ക് വോട്ട് കുറയുമായിരുന്നു. ഇത് ബിജെപിയുടെ പരാജയത്തിനും കാരണമാകുമായിരുന്നു. ഏഴിൽ മൂന്ന് മൂന്ന് സീറ്റ് വീതം ആംആദ്മിയും കോൺഗ്രസും മത്സരിക്കും. ഒരു സീറ്റിൽ സർവ്വ സമ്മതനായ സ്വതന്ത്രൻ ഇതായിരുന്നു രാഹുലും കെജ്രിവാളും തമ്മിലുണ്ടാക്കിയ ഫോർമുല. ഇത് ഷീലാ ദീക്ഷിത്തും അംഗീകരിച്ചു. അപ്പോഴാണ് പാരയുമായി റോബർട്ട് വാദ്ര എത്തിയത്. ഡൽഹി കോൺഗ്രസിലെ വിശ്വസ്തരെ ഉപയോഗിച്ച് കരുക്കൾ നീക്കി. ഇതോടെ ആംആദ്മിക്കെതിരെ കോൺഗ്രസിൽ വികാരം ആളിക്കത്തി. അങ്ങനെ രാഹുലിന്റെ ഡൽഹി സഖ്യ പ്രതീക്ഷ പൊളിഞ്ഞു.

ഉത്തർപ്രദേശിൽ അതിനിർണ്ണായക പദവിയിൽ വാദ്രയുടെ അടുപ്പക്കാരനെ ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി നിയോഗിച്ചിരുന്നു. എന്നാൽ ഇയാൾ അഴിമതികേസിൽ പ്രതിയാണെന്ന് കണ്ടെത്തി രാഹുൽ പുറത്താക്കി. ഉത്തർപ്രദേശിൽ ഇടപെടാനുള്ള വാദ്രയുടെ കളിയറിഞ്ഞായിരുന്നു രാഹുലിന്റെ നീക്കം. വിവിധ അഴിമതി കേസുകളിൽ പ്രതിയായ വാദ്ര കോൺഗ്രസുമായി അടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരമാവധി ശ്രദ്ധിച്ചു. പ്രിയങ്കാ ഗാന്ധിക്കും ചില മുന്നറിയിപ്പുകൾ നൽകി. ഗാന്ധി കുടുംബമെന്നാൽ വാദ്രയല്ലെന്ന സന്ദേശം അണികളിലും നേതാക്കളിലും നൽകാനും ശ്രമിച്ചു. ഇതെല്ലാം വാദ്രയെ നിരാശനാക്കിയിരുന്നുവെന്നാണ് കോൺഗ്രസിനുള്ളിലെ വൃത്തങ്ങൾ പറയുന്നത്. അതിന്റെ പ്രതിഫലനമാണ് കെജ്രിവാളുമായി കൈകോർക്കാൻ ഡൽഹി ഘടകത്തെ തയ്യാറാക്കാത്തത്. കോൺഗ്രസിന് എങ്ങനേയും സീറ്റ് കുറയ്ക്കാനാണ് വാദ്ര ശ്രമിക്കുന്നതെന്ന ആരോപണം പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അപ്രസക്തമായാൽ രാഹുലിന്റെ നേതൃപദവി ചോദ്യം ചെയ്യപ്പെടും. പകരം പ്രിയങ്ക ആ പദവിയിൽ എത്തുകയും ചെയ്യും. ഭാര്യയെ പാർട്ടിയുടെ തലപ്പത്ത് എത്തിക്കാനുള്ള അട്ടിമറികളാണ് വാദ്ര നടത്തുന്നതെന്നാണ് കോൺഗ്രസുകാർ പോലും ഡൽഹി സംഭവവുമായി ബന്ധപ്പെട്ട് ആരോപിക്കുന്നത്.

രഷ്ട്രീയപ്രവേശനത്തിന് ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി റോബർട് വാദ്ര ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിനു തൊട്ടു പിന്നാലെ സ്വാഗതം ആശംസിച്ച് ഉത്തർപ്രദേശിലെ മൊറാദാബാദിൽ പോസ്റ്ററുകൾ ഉയർന്നിരുന്നു. റോബർട്ട് വാദ്രയുടെ ജന്മനാടായ മൊറാദാബാദിലാണ് രാഷ്ട്രീയത്തിലേക്ക് സ്വാഗതം ആശംസിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'റോബർട് വാദ്രാജി, മൊറാദാബാദ് ലോക് സഭാ സീറ്റിൽ നിന്ന് മത്സരിക്കാൻ താങ്കളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,' യു പിയിലെ മൊറാദാബാദിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ വ്യക്തമാക്കുന്നു. മൊറാദാബാദ് യൂത്ത് കോൺഗ്രസ് ആണ് റോബർട് വാദ്രയ്ക്ക് സ്വാഗതം ആശംസിച്ച് പോസ്റ്ററുകളുമായി രംഗത്തെത്തിയത്. വ്യവസായിയും കിഴക്കൻ ഉത്തർപ്രദേശിലെ കോൺഗ്രസ് ഇൻ-ചാർജ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട് വാദ്ര തനിക്ക് രാഷ്ട്രീയമോഹമുണ്ടെന്ന് ഫേസ്‌ബുക്കിലൂടൊണ് വ്യക്തമാക്കിയത്. ഇതിനെ തുടർന്നാണ് മൊറാദാബാദിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതും രാഹുലിന് തീരെ പിടിച്ചിരുന്നില്ല. ഇത്തരം അഭിപ്രായങ്ങൾ വാദ്ര നടത്തരുതെന്ന് കർശന നിർദ്ദേശവും നൽകി. ഇതോടെയാണ് വാദ്രയും രാഹുലും തമ്മിലെ പ്രശ്‌നങ്ങൾ പുതിയ തലത്തിലെത്തുന്നത്. മന്മോഹൻ സിങ് അധികാരത്തിലെത്തിയപ്പോൾ വാദ്ര നടത്തിയ പല വഴിവിട്ട നീക്കവും കോൺഗ്രസിന് തിരിച്ചടിയായിരുന്നു. ഭരണം നഷ്ടമാകാനും വാദ്ര ഫാക്ടർ കാരണമായി. ഇതെല്ലാം മനസ്സിലാക്കിയാണ് 'അളിയനെ' രാഷ്ട്രീയത്തിൽ നിന്ന് രാഹുൽ ബോധപൂർവ്വം അകറ്റിയത്.

വാദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കേസുകളിലാണ് വാദ്ര അന്വേഷണം നേരിടുന്നത്. കോൺഗ്രസിനെ അടിക്കാൻ ഈ കേസ് ബിജെപി ഉപയോഗിക്കുന്നു. രാഷ്ട്രീയത്തിലേക്ക് വരാൻ അതിനിടെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ വാദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. വാദ്രയെ രാഷ്ട്രീയ വിരോധം വെച്ച് മോദി സർക്കാർ വേട്ടയാടുകയാണ് എന്ന് വരുത്താനാണ് വാദ്ര അനുകൂലികളുടെ ശ്രമം. എന്നാൽ വാദ്രയെ കുറിച്ച് ചർച്ചയാകുന്നത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് രാഹുലിന്റെ നിലപാട്. റഫാലും മറ്റും ഉയർത്തി ബിജെപിയുടെ അഴിമതി മുഖത്തെ തുറന്ന് കാട്ടാൻ ശ്രമിക്കുമ്പോൾ വാദ്രയുടെ രാഷ്ട്രീയത്തിലെ സാന്നിധ്യം ഇതിന് ഘടകവിരുദ്ധമായ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. അതുകൊണ്ട് തന്നെ വാദ്രയെ കോൺഗ്രസിന് വേണ്ടെന്നാണ് രാഹുലിന്റെ നിലപാട്. ഇത് മനസ്സിലാക്കിയാണ് ഡൽഹിയിൽ വാദ്ര കള്ളക്കളികൾ നടത്തിയത്.

രാഹുൽ ഗാന്ധി ഇടപെട്ടിട്ടും ഡൽഹിയിൽ ആം ആദ്മി പാർട്ടി(ആപ്പ്)യുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്ന നിലപാടിലുറച്ച് പി.സി.സി. നേതൃത്വം നിന്നത് വാദ്രയുടെ ഇടപെടൽ കാരണമായിരുന്നു. ഇന്നലെ പ്രധാന നേതാക്കളുമായി ഇക്കാര്യത്തിൽ രാഹുൽ ചർച്ച നടത്തിയെങ്കിലും സഖ്യം വേണ്ടെന്ന നിലപാടാണ് കൂടുതൽ പേരും എടുത്തത്. കോമൺവെൽത്ത് ഗെയിംസ് അഴിമതിയിൽ ഉൾപ്പെടെ തനിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അധികാരത്തിലെത്തിയ കെജ്രിവാളിനും ആപ്പിനും ഒപ്പം ചേരാനാകില്ലെന്ന് ഷീലാ ദീക്ഷിത്ത് നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാൽ പാർട്ടി നിലപാട് അനുസരിച്ച് മയപ്പെടുത്തുകയും ചെയ്തു. മുൻ പി.സി.സി. അധ്യക്ഷൻ അജയ് മാക്കന് സഖ്യത്തിനു താത്പര്യവുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാം ഭംഗിയാകുമെന്ന് രാഹുലും കെജ്രിവാളും കരുതി. സഖ്യത്തിൽ ഏർപ്പെടാനുള്ള എല്ലാ വാതിലുകളും കോൺഗ്രസ് അടച്ചു എന്നാരോപിച്ച് ആം ആദ്മി പാർട്ടി ആറു സീറ്റുകളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലും ആപ്പുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള സാധ്യതകൾ തേടി രാഹുൽ ഇന്നലെ വീണ്ടും ഇടപെടുകയായിരുന്നു. ഇതും വാദ്ര ഇടപെട്ട് പൊളിക്കുകയായിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്--എഎപി സഹകരണത്തിനുള്ള ചർച്ച മാസങ്ങൾക്കുമുമ്പേ ആരംഭിച്ചിരുന്നു. രാഹുൽഗാന്ധി ഉൾപ്പെടെ എഎപിയുമായുള്ള സഹകരണത്തിനു പച്ചക്കൊടി കാട്ടി. ഡൽഹി നിയമസഭയിൽ കോൺഗ്രസിനെ പൂജ്യത്തിൽ ഒതുക്കിയ എഎപിയുമായി സഹകരിക്കുന്നത് പാർട്ടി പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഡൽഹിയിലെ വാദ്ര അനുകൂലികളുടെ വാദം. ഇത് രാഹുലിന്റെ പ്രധാനമന്ത്രി പദ മോഹങ്ങളെ തടയിടാനുള്ള നീക്കമായി സോഷ്യൽ മീഡിയ വിലയിരുത്തുന്നു. ഒരു അളിയൻ മതി കുലം മുടിക്കാൻ എന്ന വിമർശനവുമായി സോഷ്യൽ മീഡിയയിലെ മോദി വിരുദ്ധരും എത്തുന്നു. കോൺഗ്രസുമായി സീറ്റ് പങ്കിടലിനു ശ്രമിച്ച് താൻ ക്ഷീണിച്ചുവെന്നാണ് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. മോദിയെയും അമിത്ഷായെയും പരാജയപ്പെടുത്തണമെന്ന് രാജ്യം ആഗ്രഹിക്കുമ്പോൾ കോൺഗ്രസ് ബിജെപിയെ സഹായിക്കുകയാണെന്ന് കെജ്രിവാൾ ആഞ്ഞടിച്ചു. ബിജെപി വിരുദ്ധവോട്ടുകൾ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. കോൺഗ്രസ്--ബിജെപി സഖ്യത്തെ പരാജയപ്പെടുത്താൻ ഡൽഹി സന്നദ്ധമാണ്. അവിശുദ്ധസഖ്യത്തെ ഡൽഹി ജനത പരാജയപ്പെടുത്തും--കെജ്രിവാൾ ട്വീറ്റ് ചെയ്തു. ബിജെപിയെ സഹായിക്കാൻ പ്രതിബദ്ധമാണെന്ന മട്ടിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് എഎപി നേതാവ് ഗോപാൽ റായ് ആരോപിച്ചിട്ടുണ്ട്. ഇങ്ങനെ എല്ലാ അർത്ഥത്തിലും ഡൽഹിയിലെ നീക്കത്തിലൂടെ കോൺഗ്രസ് പ്രതിക്കൂട്ടിലാവുകയാണ്.

ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ഡൽഹി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. കേസിൽ റോബർട്ട് വാദ്രയെയും അമ്മയേയും ജയ്പൂരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വധേരയും കൂട്ടരും അമിത ലാഭമുണ്ടാക്കി എന്നാണ് എൻഫോഴ്സ്മെന്റിന്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വധേരക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തത്. ഇതിന് സമാനമായി നിരവധി ആരോപണങ്ങൾ വാദ്രയ്‌ക്കെതിരെ ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് രാഹുൽ വാദ്രയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP