Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

കാലംമാറി... കേരളത്തിലൂടെ പ്രളയകാലത്ത് വെള്ളം കുറേ ഒഴുകിപ്പോയി..; നാട്ടുകാർ എല്ലാം മറന്നുവെന്ന് കരുതിയ പിണറായിക്ക് തെറ്റി; നൗഷാദ് എന്ന് മുസ്‌ളീം യുവാവിന്റെ ജീവത്യാഗത്തെ അധിക്ഷേപിച്ച വെള്ളാപ്പള്ളിയെ 'കേരളത്തിലെ തൊഗാഡിയ' എന്ന് വിളിച്ചത് മറന്ന് കണിച്ചുകുളങ്ങരയിൽ വീട്ടിലെത്തി ഈഴവ സംഘടനാ നേതാവിന്റെ ' അനുഗ്രഹം' തേടിയ മുഖ്യമന്ത്രിയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് വിമർശിച്ച വെള്ളാപ്പള്ളിയുടേയും പത്‌നി പ്രീതി നടേശന്റേയും ആതിഥ്യം സ്വീകരിച്ച് പിണറായിയും മന്ത്രിമാരും

കാലംമാറി... കേരളത്തിലൂടെ പ്രളയകാലത്ത് വെള്ളം കുറേ ഒഴുകിപ്പോയി..; നാട്ടുകാർ എല്ലാം മറന്നുവെന്ന് കരുതിയ പിണറായിക്ക് തെറ്റി; നൗഷാദ് എന്ന് മുസ്‌ളീം യുവാവിന്റെ ജീവത്യാഗത്തെ അധിക്ഷേപിച്ച വെള്ളാപ്പള്ളിയെ 'കേരളത്തിലെ തൊഗാഡിയ' എന്ന് വിളിച്ചത് മറന്ന് കണിച്ചുകുളങ്ങരയിൽ വീട്ടിലെത്തി ഈഴവ സംഘടനാ നേതാവിന്റെ ' അനുഗ്രഹം' തേടിയ മുഖ്യമന്ത്രിയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് വിമർശിച്ച വെള്ളാപ്പള്ളിയുടേയും പത്‌നി പ്രീതി നടേശന്റേയും ആതിഥ്യം സ്വീകരിച്ച് പിണറായിയും മന്ത്രിമാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഒരു മുസ്‌ളീമായി മരിക്കാൻ കൊതിക്കുന്നു' എന്ന് പറഞ്ഞ വെള്ളാപ്പാള്ളി നടേശന്റെ പ്രസ്താവന ഓർമ്മയുണ്ടോ? സ്വന്തം ജീവൻപോലും പണയപ്പെടുത്തി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ കോഴിക്കോട് ഓടയിലെ മാൻഹോളിൽ ഇറങ്ങി ജീവൻ നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവറെ.. നൗഷാദ് എന്ന ആ മനുഷ്യ സ്‌നേഹിയെ ഓർമ്മയുണ്ടോ? ഇന്ന് കണിച്ചുകുളങ്ങരയിൽ മറ്റു മന്ത്രിമാർക്കൊപ്പം വെള്ളാപ്പള്ളിയെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് സോഷ്യൽമീഡിയ ചോദിക്കുന്ന ചോദ്യമാണിത്.

നൗഷാദ് എന്ന ഓട്ടോ ഡ്രൈവറുടെ ജീവത്യാഗത്തെ അവഹേളിച്ച് പ്രസ്താവനയിറക്കിയ വെള്ളാപ്പള്ളിയെ അതിനിശിതമായി വിമർശിച്ച നേതാവാണ് പിണറായി വിജയൻ. കാരണം അന്ന് വെള്ളാപ്പള്ളി ബിജെപിയുമായി സഹകരണത്തിൽ ആയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം എസ്എൻഡിപി യോഗം കൈകോർത്ത കാലം. കേരളം യുഡിഎഫ് ഭരണത്തിൽ ഇരിക്കുന്ന കാലം. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരിക്ക് കൈമാറിയ കാലത്താണ് പിണറായി നൗഷാദ് എന്ന മനുഷ്യസ്‌നേഹിയുടെ ജീവത്യാഗത്തെ അപമാനിച്ച വെള്ളാപ്പള്ളിക്കെതിരെ അന്ന് രംഗത്തെത്തിയത്.

അക്കാലത്ത് സമാനമായ രീതിയിൽ വലിയ വിമർശനങ്ങൾ വെള്ളാപ്പള്ളിക്കും മകൻ തുഷാറിനും എതിരെ ഉയർത്തിയിരുന്നു പിണറായി. സിപിഎമ്മിന്റെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനും വെള്ളാപ്പള്ളിക്ക് എതിരെ ശക്തിയുക്തം നിലകൊണ്ട കാലം. അച്യുതാനന്ദന്റെ എതിർപ്പ് തുടങ്ങിയിട്ട് അന്ന് കുറേക്കാലം ആയിരുന്നു. മൈക്രോഫിനാൻസിന്റെ പേരിൽ ആയിരക്കണക്കിന് ശ്രീനാരായണീയരെ പറ്റിച്ചുവെന്ന ആക്ഷേപത്തിൽ അന്വേഷണം ശക്തമായ കാലത്താണ് കേസൊതുക്കാൻ ബിജെപിയുടെ പാളയത്തിൽ വെള്ളാപ്പള്ളി ചേക്കേറുന്നതെന്ന ആരോപണം ഉയർന്നു. കേസ് ശക്തമായി അന്വേഷിക്കണമെന്ന് വി എസ് ഇപ്പോഴും ആവശ്യപ്പെടുന്നു. പക്ഷേ, പാർട്ടി നിലപാട് മാറ്റി. വിഎസിനെ മൂലയ്ക്കിരുത്തി വെള്ളാപ്പള്ളിക്ക് എതിരെ ഉയർന്ന ആക്ഷേപങ്ങൾ എല്ലാം വിഴുങ്ങി. മൈക്രോഫിനാൻസ് കേസ് എന്തെന്നുപോലും പാർട്ടിക്ക് ഇപ്പോൾ 'അറിയില്ല'. അല്ലെങ്കിൽ ഓർമ്മയില്ല.. പണം നഷ്ടപ്പെട്ട പാവം ഈഴവ കുടുംബങ്ങൾ പെരുവഴിയിൽ...

വോട്ടുബാങ്ക് തന്നെ ശരണം എന്ന നിലയിൽ പിണറായിയും ചുവടുമാറ്റുന്ന കാഴ്ചകൾക്ക് ഇന്ന് കേരളം സാക്ഷ്യം വഹിച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ അതി നിശിതമായ വിമർശനം ഉയർന്നിട്ടുള്ളത്. അതിൽ ഒരു കമന്റ് ഇങ്ങനെയാണ്: വർഗീയ വിഷം വമിപ്പിക്കുന്ന ഈ കേരള തൊഗാഡിയയെ അഴുക്കുചാൽ വൃത്തിയാക്കുന്ന കമ്പുകൊണ്ടുപോലും തൊടരുത്.. ഞാൻ അങ്ങയോട് പൂർണമായും യോജിക്കുന്നു..പ്രിയ മുഖ്യമന്ത്രി.. ഇങ്ങനെയാണ് പോസ്റ്റ്.. കൂടെയുണ്ട് പിണറായി 2005 നവംബർ 29ന് നൽകിയ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടും..

പിണറായി അതിൽ പറയുന്നത് ഇങ്ങനെ:

അഴുക്കുചാൽ വൃത്തിയാക്കവെ മാൻഹോളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ട ഓട്ടോ തൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെ കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ അധിക്ഷേപം മനുഷ്യത്വം ഇല്ലായ്മയും വെളിവില്ലായ്മയും ആണ്. കേരളത്തിലെ തൊഗാഡിയ ആകാൻ നോക്കുന്ന വെള്ളാപ്പള്ളി വർഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തിൽ പെട്ടവരുടെ ജാതിയും മതവും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തുചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാൻ ഒരു വർഗീയ ഭ്രാന്തനും കഴിയില്ല.' - ഇതായിരുന്നു പിണറായിയുടെ പോസ്റ്റ്

പക്ഷേ ഇന്ന് അതെല്ലാം മറന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ വരുമ്പോൾ, പ്രത്യേകിച്ചും എൻഎസ്എസ് എന്ന, മുമ്പ് സമദൂര സിദ്ധാന്തം മുന്നിൽവച്ചിരുന്ന സാമുദായിക സംഘടന ഇപ്പോൾ ശക്തമായ എതിർപ്പുമായി തൊട്ടുകൂടായ്മ പ്രഖ്യാപിച്ച് അകലെ നിൽക്കുമ്പോൾ പിണറായിക്ക് മറ്റു മാർഗമില്ല.

പിണറായിയും മന്ത്രിവൃന്ദവും നേരിട്ടുചെന്നു ഇന്ന് കണിച്ചുകുളങ്ങരയിൽ. ആ കേരള തൊഗാഡിയയെ ... വർഗീയ വിഷം ചീറ്റുന്നയാൾ എന്ന് അധിക്ഷേപിച്ച അതേ സാമുദായിക നേതാവിന് നേരിട്ടുകാണാൻ.. അതും കേരള സർക്കാരിന്റെ ചെലവിൽ കണിച്ചുകുളങ്ങരയിൽ വലിയൊരു തുക ചെലവിട്ട് ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി അങ്ങോട്ടും തിരിച്ച് തിരുവനന്തപുരത്തേക്കും പിന്നെ വീണ്ടും ആലപ്പുഴയിലേക്കും പറന്നുകൊണ്ട്.

ചിലവുകളുടെ കാര്യമല്ല, മറിച്ച് സിപിഎം ഉയർത്തിപ്പിടിക്കുന്ന മതേതരത്വം അടിയറവുവയ്ക്കുന്ന സമീപനമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുന്നത്. ഇതോടെ സിപിഎം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജാതി-മത സംഘടനകളെ കൂട്ടുപിടിച്ചുതന്നെ തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നുവെന്ന കാര്യം വ്യക്തമാവുന്നു.

പൊളിഞ്ഞ നവോത്ഥാനം; ഇന്ന് നടന്നത് വെറും സോപ്പിടൽ

ഇന്നു നടന്നത് വലിയൊരു സോപ്പിടൽ ആണ്. ഒരു പാലം അങ്ങോട്ടും.. ഒരു പാലം ഇങ്ങോട്ടും എന്ന മട്ടിൽ. നവോത്്ഥാന മതിൽ എന്ന സങ്കൽപം അവതരിപ്പിച്ചപ്പോൾ സിപിഎമ്മിന് ഒപ്പം നിന്നതാണ് എസ്എൻഡിപിയും അതിലെ വനിതാ സംഘവും. പക്ഷേ, പുതുവർഷ സായന്തനത്തിൽ കെട്ടിപ്പടുത്ത മതിലിൽ അണിചേർന്ന ആയിരമായിരം സ്ത്രീകളെ ബോധിപ്പിച്ചത് ഇത് ശബരിമല സ്ത്രീപവേശനവുമായി ബന്ധപ്പെട്ട മതിൽ അല്ലെന്നായിരുന്നു. മതിൽകെട്ടിയതിന് പിന്നാലെ രാത്രിക്കുരാത്രി സ്ത്രീകളെ ശബരിമലയിൽ പിണറായി കയറ്റിയെന്ന വാർത്ത വന്നതോടെ പിണറായിക്ക് എതിരെ തിരിഞ്ഞു ജനം.

സാക്ഷാൽ വെള്ളാപ്പള്ളിയുടെ പത്‌നി പ്രീതി നടേശൻ തന്നെ പിണറായിക്കെതിരെ രംഗത്തുവന്നു. ഇതു ചതിയായി എന്ന് അവർ പച്ചയ്ക്കുപറഞ്ഞു. ആ വീട്ടിലേക്കാണ് ഇന്ന് പിണറായി മന്ത്രിമാരേയും കൂട്ടി കയറിച്ചെല്ലുന്നത്. വോട്ടു രാഷ്ട്രീയത്തിനായി ബിജെപി പയറ്റിയ അതേ തന്ത്രം തന്നെയല്ലേ പിണറായിയും പയറ്റുന്നത്. മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങി വെറും ജാതിരാഷ്ട്രീയം കളിച്ച് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും മെ്ച്ചം കിട്ടുമോ എന്ന് പയറ്റുകയാണ് പിണറായി. അതിന്റെ ഏറ്റവും ഒടുവിലത്തെ തരംതാണ രാഷ്്ട്രീയ കളിയായി മാറുന്നു ഇന്ന് കണിച്ചുകുളങ്ങരയിൽ നടത്തിയ വെള്ളാപ്പള്ളി സന്ദർശനവും.

ആ കേസ് എന്തായി?

കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ നൗഷാദിനെതിരെ വർഗ്ഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുത്തത് ആക്ഷേപം ശക്തമായതോടെയാണ്. അന്ന് പിണറായി പ്രതിപക്ഷത്തും കേരളത്തിൽ ഭരണം യുഡിഎഫും. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അറിയിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കേസ് ചാർജ്ജ് ചെയ്തു.
ആലുവ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത് .'

നൗഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും ഭാര്യയ്ക്ക് ജോലി നൽകാനും സർക്കാർ തീരുമാനിച്ചതിന് കാരണം മുസ്ലിം ആയതാണെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ഒരു മുസ്ലിം ആയി മരി്ക്കാൻ താൻ കൊതിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത് വലിയ വിവാദമായി. വെള്ളാപ്പള്ളിയുടെ വിവാദ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ആണ് ഉയർന്നത്. പ്രസംഗത്തിന്റെ പേരിൽ വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കണം എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനനന്ദനും കെപിസിസി അധ്യക്ഷൻ വി എം സുധീരനും ആവശ്യപ്പെട്ടു.

കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ ടിഎൻ പ്രതാപൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. ശക്തമായ പ്രതിഷേധവുമായി സിപിഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അന്ന് രംഗത്തെത്തി. പക്ഷേ, ഇന്ന് കാലം മാറി. വോട്ടുതന്നെ വിഷയം. ശബരിമല വിഷയത്തിൽ കൈവിട്ടുപോയ എൻഎസ്എസിനെ കൂടെ കൂട്ടാൻ കോടിയേരി എല്ലാം പയറ്റി. നടന്നില്ല. സുകുമാരൻ നായർ ഉറച്ച നിലപാടെടുത്തു. ഇതോടെ ഹിന്ദു വോട്ടിൽ രക്ഷ എസ്എൻഡിപി തന്നെ. അങ്ങനെയാണ് ഇന്ന് പിണറായി തന്നെ നേരിട്ട് കണിച്ചുകുളങ്ങരയിൽ ഹാജരാകുന്നത്. ഇതാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP