Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ മുരളീധരനെ യുഡിഎഫ് കൺവീനറാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം ചെന്നിത്തല വെട്ടിയപ്പോൾ അപ്രതീക്ഷിതമായി സ്ഥാനലബ്ദി; എം പി പദവിക്കൊപ്പം കൺവീനർ സ്ഥാനം നിലനിർത്താൻ പ്രതിപക്ഷ നേതാവുമായി കൂട്ട്; മുഖ്യമന്ത്രി സ്ഥാനത്ത് ചെന്നിത്തലയെ പിന്തുണക്കാമെന്ന ഡീലുണ്ടാക്കിയതും മണത്തറിഞ്ഞ് ഉമ്മൻ ചാണ്ടി; ഒടുവിൽ നീരസം മനസ്സിലാക്കി രാജിയും; എ ഗ്രൂപ്പിൽ ബെന്നിയുടെ ഇപ്പോഴത്തെ അവസ്ഥ ആഭ്യന്തരമന്ത്രി പദവിയിൽ നിന്നും തിരുവഞ്ചൂർ തെറിച്ചപ്പോഴത്തേതിന് സമാനം; എ ഗ്രൂപ്പിനുള്ളിൽ വടംവലികൾ ശക്തം

കെ മുരളീധരനെ യുഡിഎഫ് കൺവീനറാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം ചെന്നിത്തല വെട്ടിയപ്പോൾ അപ്രതീക്ഷിതമായി സ്ഥാനലബ്ദി; എം പി പദവിക്കൊപ്പം കൺവീനർ സ്ഥാനം നിലനിർത്താൻ പ്രതിപക്ഷ നേതാവുമായി കൂട്ട്; മുഖ്യമന്ത്രി സ്ഥാനത്ത് ചെന്നിത്തലയെ പിന്തുണക്കാമെന്ന ഡീലുണ്ടാക്കിയതും മണത്തറിഞ്ഞ് ഉമ്മൻ ചാണ്ടി; ഒടുവിൽ നീരസം മനസ്സിലാക്കി രാജിയും; എ ഗ്രൂപ്പിൽ ബെന്നിയുടെ ഇപ്പോഴത്തെ അവസ്ഥ ആഭ്യന്തരമന്ത്രി പദവിയിൽ നിന്നും തിരുവഞ്ചൂർ തെറിച്ചപ്പോഴത്തേതിന് സമാനം; എ ഗ്രൂപ്പിനുള്ളിൽ വടംവലികൾ ശക്തം

എം മനോജ് കുമാർ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹന്നാന്റെ രാജിയെ തുടർന്ന് എ ഗ്രൂപ്പിൽ ഉൾപ്പിരിവുകൾ ശക്തമാകുന്നു. കഴിഞ്ഞ യുഡിഎഫ് കാലത്ത് ആഭ്യന്തരമന്ത്രി പദവിയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെറിച്ചപ്പോൾ എ ഗ്രൂപ്പിൽ തിരുവഞ്ചൂർ ഒറ്റപ്പെട്ടതിനു സമാനമായ ഒറ്റപ്പെടലാണ് ബെന്നി ബെഹന്നാനും അനുഭവിക്കുന്നത്. സരിത അടക്കമുള്ള പ്രശ്‌നങ്ങൾ വന്നപ്പോൾ ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരുന്ന തിരുവഞ്ചൂർ എ ഗ്രൂപ്പിന് അനഭിമതനായിരുന്നു. എ ഗ്രൂപ്പിന് അനഭിമതനായപ്പോൾ ആഭ്യന്തരമന്ത്രി സ്ഥാനം തിരുവഞ്ചൂരിനു നഷ്ടമാവുകയും ആ സ്ഥാനത്ത് ഐ ഗ്രൂപ്പിനെ നയിച്ചിരുന്ന കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രി സ്ഥാനം നഷ്ടമായതിൽ തിരുവഞ്ചൂർ ഖിന്നനായിരുന്നു.

മുഖ്യമന്ത്രി എന്ന നിലയിലും എഗ്രൂപ്പിനെ നയിച്ചിരുന്ന നേതാവ് എന്ന നിലയിലും ഉമ്മൻ ചാണ്ടിയുടെ പിന്തുണ തിരുവഞ്ചൂരിനു നഷ്ടമായിരുന്നു. സമാന സാഹചര്യമാണ് ബെന്നി ബെഹാന്നനും വന്നു പെട്ടിരിക്കുന്നത്. എ ഗ്രൂപ്പിന്റെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ താത്ക്കാലത്തെക്കെങ്കിലും ബെന്നി ബഹന്നാനു നഷ്ടമായിരിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ നിഴലായ നേതാവാണ് ആ സ്ഥാനത്ത് നിന്നും ഇപ്പോൾ അകന്നു നിൽക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് പ്രഭാവമില്ലാത്ത കാലത്ത് പോലും ഉമ്മൻ ചാണ്ടിക്ക് പിന്നിൽ അടിയുറച്ച് നിന്ന അപൂർവ്വം നേതാക്കളിൽ ഒരാളാണ് ബെന്നി ബെഹന്നാൻ. യുഡിഎഫ് കൺവീനർ പദവി ഒഴിച്ച് ബെന്നിക്ക് ഇതുവരെ വന്ന പദവികൾ മുഴുവൻ ഉമ്മൻ ചാണ്ടിയുടെ ദാനമാണ്. അല്ലെന്നു ബെന്നിക്ക് പറയാനും കഴിയില്ല.

യുഡിഎഫ് കൺവീനർ പദവിയിൽ വാഴിക്കാൻ ഉമ്മൻ ചാണ്ടി കണ്ടുവെച്ചത് ബെന്നി ബഹന്നാനെ ആയിരുന്നില്ല. കെ.മുരളീധരനെ ആയിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിന്. ചെന്നിത്തലയ്ക്ക് നൽകിയപ്പോൾ സ്വാഭാവികമായും യുഡിഎഫ് കൺവീനർ സ്ഥാനം എ ഗ്രൂപ്പിന് അവകാശപ്പെട്ടതായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ എ ഗ്രൂപ്പിന്റെ കയ്യിലുണ്ടായിരുന്ന ആഭ്യന്തരവകുപ്പ് മന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തല കടന്നുവന്നപോലെ ഒരു സാഹചര്യമാണ് ഉമ്മൻ ചാണ്ടി ഈ സമയത്തും സൃഷ്ടിച്ചത്. യുഡിഎഫ് കൺവീനർ സ്ഥാനത്ത് കെ.മുരളീധരനെ വാഴിക്കുക. ഉമ്മൻ ചാണ്ടിയും കെ.മുരളീധരനും തമ്മിൽ രൂപപ്പെട്ട ധാരണയുടെ പുറത്താണ് യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരനെ ഉമ്മൻ ചാണ്ടി കണ്ടുവെച്ചത്. ഉണർന്നെണീറ്റ് മുരളീധരന്റെ ഈ പോസ്റ്റ് വെട്ടിയത് ചെന്നിത്തലയാണ്.

പ്രതിപക്ഷ നേതാവായി ചെന്നിത്തല ഇരിക്കുമ്പോൾ യുഡിഎഫ് കൺവീനർ സ്ഥാനത്ത് കെ.മുരളീധരൻ വന്നാലുള്ള അപകടം മണത്തറിഞ്ഞാണ് ചെന്നിത്തല യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മുരളീധരനെ വെട്ടിയത്. ഈ പോസ്റ്റിലേക്ക് എ ഗ്രൂപ്പിൽ നിന്നും എത്തിയതാണ് ബെന്നി ബെഹന്നാൻ. യുഡിഎഫ് കൺവീനർ പദവിയിൽ ബെന്നി ബെഹന്നാൻ എത്തിയത് അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കും എ ഗ്രൂപ്പിന് രസിച്ചിരുന്നില്ല. ഈ രസക്കേട് അറിയാവുന്നതിനാൽ ചെന്നിത്തലയുമായി ബെഹന്നാൻ ഉറ്റബന്ധം പുലർത്തി. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാൽ പിന്തുണയ്ക്കാം എന്നുള്ള ധാരണവരെ ബഹന്നാനും ചെന്നിത്തലയും കൂടി എത്തി. ഇത് ഉമ്മൻ ചാണ്ടി മണത്തറിയുകയും ചെയ്തു. ഇതോടെയാണ് ഉമ്മൻ ചാണ്ടിക്കും ബെഹന്നാനും തമ്മിലെ അകൽച്ച കൂടിയത്. ഈ അകൽച്ച തന്നെയാണ് ബഹന്നാന്റെ യുഡിഎഫ് കൺവീനർ പദവി തെറുപ്പിച്ചത്.

എംപിയായിരിക്കുന്ന അവസ്ഥയിലും യുഡിഎഫ് കൺവീനർ കൂടി പദവി നിലനിർത്താൻ ബെഹന്നാൻ ആഞ്ഞു ശ്രമിച്ചതാണ്. കെ.മുരളീധരൻ അടക്കമുള്ള നേതാക്കൾ വരെ ഇരട്ടപ്പദവി കയ്യാളുന്നത് ബെഹന്നാൻ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പക്ഷെ ഉമ്മൻ ചാണ്ടിയുടെ നീരസം പ്രകടമായതോടെയാണ് ഉമ്മൻ ചാണ്ടിയെയോ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയെയോ അറിയിക്കാതെ ഹൈക്കമാൻഡിനു ബെന്നി ബെഹന്നാൻ രാജിക്കത്ത് കൈമാറിയത്. ഈ രാജി എ ഗ്രൂപ്പിലെ ഉൾപ്പിരിവുകളെ ശക്തിപ്പെടുത്താൻ പര്യാപ്തമാണ്. തിരുവഞ്ചൂരിനു ആഭ്യന്തര മന്ത്രി സ്ഥാനം നഷ്ടമായപ്പോഴുള്ള രാഷ്ട്രീയ അന്തരീക്ഷവുമില്ല ഇപ്പോഴുള്ളത്. എ ഗ്രൂപ്പിലെ പൊട്ടിത്തെറി ബഹന്നാന്റെ രാജിയോടെ ശക്തമാകാനാണ് സാധ്യത.

വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പായതൊടെ കോൺഗ്രസിൽ അധികാര വടംവലി ശക്തമാണ്. വിജയിച്ച പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല തന്നെയാണ് മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ. കഴിഞ്ഞ കാലം വരെ എ ഗ്രൂപ്പിന് കേരളത്തിൽ വീണ്ടും യുഡിഎഫ് അധികാരത്തിൽ വരുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പക്ഷേ ചെന്നിത്തല വിയർപ്പൊഴുക്കി യുദ്ധം നയിക്കുകയും പിഡബ്ല്യുസിയും ഡാറ്റ വിവാദവും ഐടി കരാറുകൾ ഉൾപ്പെടെയുമുള്ള പ്രശ്‌നങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കുകയും ചെയ്തു. ഇതിന്നിടയിൽ സ്വർണ്ണക്കടത്തും ലൈഫ് മിഷൻ തട്ടിപ്പും വരുകയും കേന്ദ്ര ഏജൻസികൾ മുഴുവൻ കേരളത്തിലെ വിവാദ ഇടപാടുകളുടെ പിന്നാലെ കൂടുകയും ചെയ്തു. ഇടതു മുന്നണിക്ക് തുടർ ഭരണം നഷ്ടമാകുന്ന കാര്യത്തിൽ ഒരു കവിടി നിരത്തലിന്റെ ആവശ്യം പോലുമില്ല. ഇത് മനസിലാക്കിയാണ് കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോരുകൾക്ക് തുടക്കമാകുന്നത്.

ഉമ്മൻ ചാണ്ടിക്ക് ഒരു തവണ കൂടി മുഖ്യമന്ത്രിയാകണം. പക്ഷെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വിയർപ്പൊഴുക്കിയ ചെന്നിത്തലയാണ് മുഖ്യമന്ത്രി പദവിക്ക് അർഹൻ. എങ്ങനെയെങ്കിലും ചെന്നിത്തലയെ വെട്ടി ഉമ്മൻ ചാണ്ടിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ എ ഗ്രൂപ്പിൽ നീക്കങ്ങൾ ശക്തമാണ്. എംഎൽഎ എന്ന നിലയിൽ ഉമ്മൻ ചാണ്ടി അമ്പത് വർഷം പൂർത്തിയാക്കിയപ്പോൾ നടന്ന ആഘോഷങ്ങളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടാനുള്ള എ ഗ്രൂപ്പിന്റെ നീക്കങ്ങളുടെ പ്രതിഫലനം കൂടിയുണ്ട്. ഇതുകൊണ്ട് തന്നെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബഹന്നാന്റെ രാജി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോൺഗ്രസിന്റെ നടക്കുന്ന ഗ്രൂപ്പ് പോരുകളുടെ തുടക്കം കൂടിയാണ് എന്ന് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP