Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൺസ്യൂമർ ഫെഡിനെ കട്ടുമുടിച്ച ജോയ് തോമസിനെ മാറ്റണമെന്ന് പറഞ്ഞപ്പോൾ സുധീരൻ ഐ ഗ്രൂപ്പിന്റെ കണ്ണിലെ കരടായി; പരാതി ബോധിപ്പിക്കാൻ ചെന്നിത്തല സോണിയക്ക് മുമ്പിൽ; കെപിസിസി പ്രസിഡന്റിന്റെ ശ്രമം സ്വന്തം ഗ്രൂപ്പുണ്ടാക്കാനെന്ന് വിമർശനം; ഒതുക്കാൻ കൈകോർത്ത് എ ഗ്രൂപ്പും

കൺസ്യൂമർ ഫെഡിനെ കട്ടുമുടിച്ച ജോയ് തോമസിനെ മാറ്റണമെന്ന് പറഞ്ഞപ്പോൾ സുധീരൻ ഐ ഗ്രൂപ്പിന്റെ കണ്ണിലെ കരടായി; പരാതി ബോധിപ്പിക്കാൻ ചെന്നിത്തല സോണിയക്ക് മുമ്പിൽ; കെപിസിസി പ്രസിഡന്റിന്റെ ശ്രമം സ്വന്തം ഗ്രൂപ്പുണ്ടാക്കാനെന്ന് വിമർശനം; ഒതുക്കാൻ കൈകോർത്ത് എ ഗ്രൂപ്പും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൺസ്യൂമർ ഫെഡിലെ കൊടിയ അഴിമതി സംബന്ധിച്ച വാർത്തകൾ നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കേ അഴിമതിക്കാരനായ ചെയർമാൻ ജോയ് തോമസിനെ സംരക്ഷിക്കാൻ ആഭ്യന്ത്രര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് രംഗത്ത്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അഴിമതി വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്താണ് ചെന്നിത്തല രംഗത്തെത്തിയത്. സുധീരനെതിരെ പരാതിയുമായി ചെന്നിത്തല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതോടെ കോൺഗ്രസിലെ ഗ്രൂപ്പുകളി വീണ്ടും ചൂടുപിടിക്കുകയാണ്.

ഇന്ന് ഡൽഹയിലെത്തിയാണ് ചെന്നിത്തല സോണിയ ഗാന്ധിയെ കണ്ടത്. സഹകരണ മന്ത്രി സി എൻ ബാലകൃഷ്ണൻ എന്നിവരാണ് സോണിയയെ കണ്ടത്. കൺസ്യൂമർഫെഡ് അഴിമതി, സംഘടനാ തിരഞ്ഞെടുപ്പ് എന്നിവ അടക്കമുള്ള കാര്യങ്ങളിൽ സുധീരൻ ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുന്നു എന്നായിരുന്നു നേതാക്കളുടെ പ്രധാന ആരോപണം.

പാർട്ടിയിലെ മറ്റു നേതാക്കളുമായി ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് സുധീരൻ പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല സോണിയയോട് പറഞ്ഞു. കൺസ്യൂമർ ഫെഡ് ചെയർമാൻ ജോയ് മാത്യുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ കത്തു നൽകിയത് ശരിയായില്ല. വിഷയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ താനുമായോ ആലോചിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. വകുപ്പ് മന്ത്രിയായ തന്നെപ്പോലും അറിയിക്കാതെയാണ് സുധീരൻ പ്രവർത്തിക്കുന്നതെന്ന് സി.എൻ.ബാലകൃഷ്ണൻ പരാതിപ്പെട്ടു.

അതേസമയം,കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കാരണം സഹകരണ മേഖലയിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യാൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ കാണാനാണ് എത്തിയതെന്ന് ചെന്നിത്തല പിന്നീട് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. സോണിയയുമായി വിവാദങ്ങൾ സംസാരിച്ചുവോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായതുമില്ല.

സുധീരൻ സ്വന്തമായി ഗ്രൂപ്പുണ്ടാക്കുന്നു എന്ന ആരോപണമാണ് ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനുമുള്ളത്. അതേസമയം ഐ ഗ്രൂപ്പിന് പിന്നാലെ എ ഗ്രൂപ്പുകാരും സുധീരനെതിരെ പരാതിയുമായി സോണിയക്ക് മുന്നിൽ എത്താനിരിക്കയാണ്. പാർട്ടിയിൽ പുനഃസംഘടന വേണമെന്ന ആവശ്യം ഉന്നയിച്ചതിന്റെ പേരിലാണ് സുധീരനെതിരെ ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. എ, ഐയും ഇക്കാര്യത്തിൽ ഒരുപോലെയാണ് സുധീരനെ എതിർക്കുന്നത്.

എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിൽ സുധീരനെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധമായാണ് തൃശൂർ ഡിസിസി തർക്കവും കൺസ്യൂമർ ഫെഡ് പ്രശ്‌നവും സുധീരവൻ ഉയർത്തിക്കാട്ടുന്നതെന്നാണ് ഇവരുടെ ആരോപണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ പുനഃസംഘടന വേണമെന്ന നിർദേശത്തിൽ ഉറച്ചുനിൽക്കുകയാണ് വി എം സുധീരൻ. ഇതിനോട് എഐ ഗ്രുപ്പുകൾ മുഖം തിരിഞ്ഞുനിൽക്കുന്നു.

സംഘടനാ തെരഞ്ഞെടുപ്പും പാർട്ടി പുനഃസംഘടനയും ഹൈക്കമാൻഡ് തന്നെ തൽക്കാലം മാറ്റിവച്ച സാഹചര്യത്തിൽ പാർട്ടിയിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കാൻ ഇടയാക്കുന്ന പുനഃസംഘടന ഇവിടെ വേണ്ടെന്ന നിലപാടിലാണ് ഇരുഗ്രൂപ്പുകളും. അതിനാൽ പുനഃസംഘടനയ്ക്കായി ഭാരവാഹികളുടെ നിർദ്ദേശം നൽകാനുള്ള സുധീരന്റെ ആവശ്യം ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഒരുപോലെ നിരസിച്ചു. രണ്ട് ഗ്രൂപ്പുകളുടെ തങ്ങളുടെ പ്രതിനിധികളുടെ പട്ടിക നൽകാത്ത സാഹചര്യത്തിൽ പുനഃസംഘടന നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിലും ഇക്കാര്യം ചർച്ചയായിരുന്നു.

നേരത്തെ എ, ഐ ഗ്രൂപ്പുകളിൽ ഉണ്ടായിരുന്ന ചിലർ ഇപ്പോൾ തന്നെ സുധീരനോട് അടുത്തു നിൽക്കുകയാണ്. സുധീരനുമായി അടുപ്പമുള്ളവരുടെ നീക്കം നോക്കിയാൽ ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും ഒരുപോലെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കെപിസിസി ഭാരവാഹികൾ മുതൽ ഡിസിസി അധ്യക്ഷന്മാർവരെ സുധീരനൊപ്പം നിൽക്കുന്നതാണ് എ ഗ്രൂപ്പിനെയും ഐഗ്രൂപ്പിനെയും അങ്കലാപ്പിലാക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപി, ടിഎൻ പ്രതാപൻ എംഎൽഎ എന്നിവരാണ് നേരത്തെ സുധീരനൊപ്പം നിലയിറിപ്പിച്ചിരുന്നവർ.

ഇവരെ കൂടുതൽ കൂടുതൽ ഡിസിസി പ്രസിന്റുമാരും കെപിസിസി ഭാരവാഹികളും ഇപ്പോൾ സുധീരനൊപ്പം നീങ്ങിയിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ആര് നയിക്കണമെന്ന കാര്യത്തിലടക്കം സജീവ ചരടുവലികൾക്ക് നീക്കം നടക്കുന്നതാണ് പ്രമുഖ ഗ്രൂപ്പ് നേതാക്കളുടെ ഈ കളംമാറ്റം എന്നതും ശ്രദ്ധേമാണ്. അതേസമയം എ, ഐ ഗ്രൂപ്പുകൾ ഒരുപോലെ രംഗത്തെത്തിയാലും സുധീരൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന സൂചനയാണ് നൽകുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സുധീരന്റെ നേതൃത്വത്തോട് മതിപ്പാണ് ഉള്ളത്.

ഗ്രൂപ്പ് രഹിത ഐക്യ കോൺഗ്രസ് എന്ന സുധീരന്റെ മുദ്രാവാക്യത്തെ ഇരുവരും ഒരുപോലെ പിന്തുണക്കുന്നുണ്ട്. ഇക്കാര്യത്തിൽ എന്തായാലും നിർണ്ണായകമാകുക എ കെ ആന്റണിയുടെ നിലപാട് തന്നെയാകും. ആന്റണിയോട് അഭിപ്രായത്തെ മാനിച്ച് മാത്രമേ സോണിയ ഗാന്ധിയും വിഷയത്തിൽ തീരുമാനം കൈക്കൊള്ളുകയുള്ളൂ. സുധീരൻ ഉമ്മൻ ചാണ്ടിയുമായി കടുത്ത ശത്രുതയിലാണ് എന്ന വിധത്തിലാണ് മറുവശത്തുള്ള കാര്യങ്ങൾ.

ഇപ്പോൾ തർക്കം പുനഃസംഘടനയിൽ എത്തിനിൽക്കുകയാണെങ്കിലും സുധീരൻ കെപിസിസി പ്രസിഡന്റായി വന്നതുമുതൽ തന്നെ പാർട്ടിയും സർക്കാരും തമ്മിലുള്ള പ്രശ്‌നം ആരംഭിച്ചിരുന്നു. ആറന്മുളവിമാനത്താവളമായിരുന്നു ആദ്യ തർക്കവിഷയം. പിന്നീട് കരിങ്കൽ കോറികൾക്ക് ലൈസൻസ് നൽകിയത് വലിയ പ്രശ്‌നമായി. അതിനുശേഷം ബാർവിഷയം കോൺഗ്രസിനെ നശിപ്പിക്കുന്ന ഘട്ടത്തിൽ വരെ എത്തി. ഇപ്പോൾ അത് പുനഃസംഘടനയിൽ എത്തിനിൽക്കുകയാണ്. മറ്റുവിഷയങ്ങളിലെല്ലാം വിട്ടുവീഴ്ച ചെയ്ത തങ്ങൾ ഇക്കാര്യത്തിൽ ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി.

കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സുധീരൻ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളല്ല സ്വീകരിക്കുന്നത് പകരം ഇത്രയൂം നാൾ ഒരു സ്ഥാനവുംലഭിക്കാത്തതിന്റെ പകവീട്ടുകയാണ് സുധീരൻ എന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. ഉമ്മൻ ചാണ്ടിയാണ് തന്നെ ഒതുക്കിയതെന്ന നിലപാടിലാണ് സുധീരൻ. അതാണ് അദ്ദേഹം ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർക്കാരിനെയും പാർട്ടിയേയും ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള നടപടികൾ മാത്രമാണ് കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സുധീരൻ കൈക്കൊള്ളുന്നതെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നത്. തങ്ങളുടെ കീശനിറയ്ക്കുന്ന വഴിവിട്ട പ്രവർത്തനമുള്ളവരെ ഒഴിവാക്കുന്നതാണ് ഗ്രൂപ്പ് മാനേജർമാരെ പ്രകോപിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇനി പ്രശ്‌നമുണ്ടാക്കിയാൽ ഹൈക്കമാൻഡിനെ വിവരം അറിയിച്ച് പുനഃസംഘടനാകമ്മിറ്റികൾ പിരിച്ചുവിടുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP