Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്യം മേയറാകുമ്പോൾ അച്ഛന്റെ ശത്രു മിത്രമാകുന്നതിന് തെറ്റുണ്ടോ? രാമകൃഷ്ണന്റെ മകൾ സുധാകരൻ ക്യാമ്പിൽ; കണ്ണൂർ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു

ലക്ഷ്യം മേയറാകുമ്പോൾ അച്ഛന്റെ ശത്രു മിത്രമാകുന്നതിന് തെറ്റുണ്ടോ? രാമകൃഷ്ണന്റെ മകൾ സുധാകരൻ ക്യാമ്പിൽ; കണ്ണൂർ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ ജില്ലാ കോൺഗ്രസിൽ പാളയത്തിൽ പട. ഗ്രൂപ്പുകളിൽ വിള്ളലുണ്ടാക്കി പരസ്പരം പോര് തുടരുന്നു. വിശാല ഐ ഗ്രൂപ്പിലും കെ.സുധാകരൻ ഗ്രൂപ്പിലും വിള്ളലുണ്ടാക്കി മുന്നേറിയ 'എ' ഗ്രൂപ്പിനു തിരിച്ചടിയായി മുന്മന്ത്രി എൻ രാമകൃഷ്ണന്റെ മകൾ അമൃതാ രാമകൃഷ്ണനാണ് പെട്ടെന്ന് ഐ ഗ്രൂപ്പിലേക്ക് ചേക്കേറിയത്.

യൂത്ത് കോൺഗ്രസ്് കണ്ണൂർ ലോക്്‌സഭാ മണ്ഡലം ജനറൽ സെക്രട്ടറിയാണ് അമൃത. 'എ' വിഭാഗത്തിന്റെ അക്കൗണ്ടിൽ യൂത്ത് കോൺഗ്രസ് നേതാവായ അമൃത പുതുതായി രൂപീകരിച്ച കണ്ണൂർ കോർപ്പറേഷന്റെ മേയർസ്ഥാനം കണ്ടാണ് മറുകണ്ടം ചാടിയതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

അടുത്തകാലത്തായി കെപിസിസി. തലത്തിൽ പോലും ചർച്ചയായ കെ.സുധാകരൻഗ്രൂപ്പിലെ കൂടുമാറ്റം 'എ' വിഭാഗത്തിനു നേട്ടമുണ്ടാക്കിയതിനിടെയാണ് അമൃതയുടെ കളം മാറ്റിച്ചവിട്ടൽ. കണ്ണൂർ കോൺഗ്രസ്സിൽ അപ്രമാദിത്വമുള്ള കെ.സുധാകരൻ നിശ്ചയിക്കുന്ന ആളായിരിക്കും കോർപ്പറേഷൻ മേയർ മുതൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുക. അതു ലക്ഷ്യമാക്കിയാണ് അമൃതയുടെ കൂടുമാറ്റമെന്ന് 'എ' വിഭാഗം അണികൾ ആരോപിക്കുന്നു. എന്നാൽ അമൃതയുടെ കാലുമാറ്റത്തെ 'എ' വിഭാഗം നേതാക്കൾ വില കൽപ്പിക്കുന്നില്ല. താഴേത്തട്ടിൽ ഒരാൾപോലും അമൃതയോടൊപ്പം പോയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

എൻ. രാമകൃഷ്ണൻ മന്ത്രിയായപ്പോഴും അല്ലാത്തപ്പോഴും കെ.സുധാകരൻ അദ്ദേഹത്തിന് യാതൊരു പരിഗണനയും നൽകിയിരുന്നില്ല. 1969 -ൽ കോൺഗ്രസ് പിളർന്നപ്പോൾ വടക്കേ മലബാറിൽ കോൺഗ്രസ്സിനെ പിടിച്ചു നിർത്തിയത് എൻ. രാമകൃഷ്ണനായിരുന്നു. കോൺഗ്രസ് ഐ. വിരുദ്ധരായിരുന്ന സംഘടനാ കോൺഗ്രസ്സിലായിരുന്നു സുധാകരൻ. പിന്നീട് സുധാകരൻ കോൺഗ്രസ്സിൽ ചേക്കേറിയപ്പോൾ എൻ. രാമകൃഷ്ണനെ വെട്ടിനിരത്താനായിരുന്നു ശ്രമിച്ചത്. രാമകൃഷ്ണന്റെ വസതിയിലേക്ക് സുധാകര അനുകൂലികൾ മാർച്ചും നടത്തി. മരണം വരെയും ബദ്ധശത്രുവായ സുധാകരനോടൊപ്പം മകൾ അമൃതാ രാമകൃഷ്ണൻ പോയത് രാമകൃഷ്ണന്റെ അനുയായികൾ ചതിവായേ കാണുന്നുള്ളൂ. രാമകൃഷ്ണന്റെ മരണാനന്തര ചടങ്ങിൽപ്പോലും പങ്കെടുക്കാത്ത സുധാകരനൊപ്പം അമൃത പോയതും സ്വന്തം പിതാവിനെ തള്ളിപ്പറയുന്നതിന് തുല്യമാണെന്നും രാമകൃഷ്ണന്റെ അനുയായികൾ പറയുന്നു.

പള്ളിക്കുന്ന് പഞ്ചായത്തിലെ പ്രമുഖ നേതാവും ജില്ലാ സഹകരണ ബാങ്ക് യൂനിയൻ നേതാവുമായ പി.കെ. രാഗേഷും അനുയായികളും സുധാകര ഗ്രൂപ്പ് വിട്ട് എ ഗ്രൂപ്പിൽ ചേർന്നിരുന്നു. അതുപോലെ ഇരിക്കൂറിലെ മൂന്നാം ഗ്രൂപ്പ് നേതാവ് മുഹമ്മദ് ബ്ലാത്തൂരും 'എ' ഗ്രൂപ്പിൽ താവളം തേടിയിരുന്നു. അതിന്റെ പ്രതാപത്തിൽ എ ഗ്രൂപ്പ് നിൽക്കുമ്പോഴാണ് അമൃതാ രാമകൃഷ്ണന്റെ ചുവടുമാറ്റം. സംസ്ഥാന രാഷ്ട്രീയത്തിൽ സുധാകരന് വിലപേശാൻ അമൃതയുടെ പുതിയ നീക്കം തുണയാകുമെന്നാണ് കരുതുന്നത്. എന്നാൽ അണികളിൽ സ്വാധീനമില്ലാത്ത അമൃത, അധികാരമോഹംകൊണ്ടുമാത്രം ഗ്രൂപ്പ് വിട്ടതിനെ 'എ' വിഭാഗം നിസ്സാരമായാണ് കാണുന്നത്.

യൂത്ത് കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം കമ്മിറ്റികളും 'എ' വിഭാഗമാണ് കയ്യടക്കിയത്. ഡി.സി.സി. ഭാരവാഹികളെ നിയമിക്കുന്നതിലും ബ്ലോക്ക് ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിലും കണ്ണൂർ ജില്ലയിൽ പ്രതിഷേധം തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പാതി വഴിയിലെത്തിയിട്ടും ജില്ലയിൽ പുനഃസംഘടന നടക്കാത്തതിനാൽ കോൺഗ്രസ്സ് പ്രവർത്തനം മന്ദഗതിയിലാണ്. പ്രാദേശിക നേതാക്കളിലും പ്രവർത്തകരിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പുതിയ സംഭവ വികാസത്തോടെ ജില്ലയിൽ ഗ്രൂപ്പുപോരാട്ടം ശക്തമാകാനാണ് സാധൃത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP