Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യസഭയിലേക്ക് വഹാബിനെതിരേ മജീദ് രംഗത്ത്; കുഞ്ഞാലിക്കുട്ടി- ബഷീർ വിഭാഗങ്ങൾ ഇരുവശത്തും അണിനിരന്ന് വടംവലി; ലീഗിൽ ഭൂരിപക്ഷവും മജീദിനൊപ്പം; സീറ്റ് ആർക്ക് നൽകണമെന്ന് അറിയാതെ കുഴങ്ങി പാണക്കാട് തങ്ങൾ

രാജ്യസഭയിലേക്ക് വഹാബിനെതിരേ മജീദ് രംഗത്ത്; കുഞ്ഞാലിക്കുട്ടി- ബഷീർ വിഭാഗങ്ങൾ ഇരുവശത്തും അണിനിരന്ന് വടംവലി; ലീഗിൽ ഭൂരിപക്ഷവും മജീദിനൊപ്പം; സീറ്റ് ആർക്ക് നൽകണമെന്ന് അറിയാതെ കുഴങ്ങി പാണക്കാട് തങ്ങൾ

എം പി റാഫി

മലപ്പുറം: രാജ്യസഭാ സീറ്റിനെച്ചൊല്ലി മുസ്ലിം ലീഗിൽ ഗ്രൂപ്പൂപോര് മുറുകുന്നു. പ്രമുഖവ്യവസായിയും മുൻരാജ്യസഭാ എം പിയുമായ പി വി അബ്ദുൽ വഹാബിനെ വീണ്ടും രാജ്യസഭയിലേക്കയയ്ക്കാൻ അനൗദ്യോഗികതീരുമാനമുണ്ടായിരുന്നെങ്കിലും പിന്നീടുണ്ടായ കുഴമറിച്ചിലുകൾക്കിടെ കൂടുതൽ ഭൈമീകാമുകന്മാർ രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ, ഏപ്രിൽ ഇരുപതിനു നടക്കാനിരിക്കുന്ന രാജ്യസഭാ സീറ്റിനെച്ചൊല്ലി മുസ്ലീലീഗിന്റെ അണിയറയിൽ തർക്കം മുറുകി. തെരഞ്ഞെടുപ്പുതിയതി അടുത്തെത്തിയെങ്കിലും സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ തീരുമാനത്തിലെത്താനാവാതെ കുഴയുകയാണു ലീഗ് നേതൃത്വം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.

കേരളത്തിൽ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം യു.ഡി.എഫിനും ഒന്ന് എൽ.ഡി.എഫിനുമാണ്. ഇടതു സ്ഥാനാർത്ഥിയെ കഴിഞ്ഞ യോഗത്തിൽ പ്രഖ്യാപിച്ചെങ്കിലും യു.ഡി.എഫിൽ ഇതേക്കുറിച്ചുള്ള തീരുമാനം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. എംഎ‍ൽഎമാരുടെ കണക്കനുസരിച്ച് കോൺഗ്രസിനും ലീഗിനും ഓരോ സീറ്റ് എന്നുള്ളത് യു.ഡി.എഫിൽ നേരത്തെ ധാരണയിലെത്തിയിരുന്നു. കോൺഗ്രസ് സീറ്റിൽ വയലാർ രവിയെ വീണ്ടും മത്സരിപ്പിക്കാനാണ് ഭൂരിപക്ഷാഭിപ്രായം. ഇത് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിക്കേണ്ട കാര്യം മാത്രമേയുള്ളൂ. തികച്ചും വ്യത്യസ്തമാണ് രാജ്യസഭാ സീറ്റുവിഷയത്തിൽ ലീഗ് പാളയത്തിൽ നിലനിൽക്കുന്നത്.

ലീഗിന് രാജ്യസഭാ സീറ്റ് ലഭിക്കുമെന്നുള്ള ഉറപ്പ് മാസങ്ങൾക്കു മുമ്പുതന്നെ കോൺഗ്രസിൽനിന്നു ലഭിച്ചിരുന്നു. ഈ സമയം മുതൽ പല പേരുകളും മുസ്ലിം ലീഗിൽനിന്നും ഉയർന്നുകേൾക്കാൻ തുടങ്ങുകയും ചെയ്തു. രണ്ടാഴ്ച മുമ്പു തിരുവനന്തപുരത്തു ചേർന്ന മുസ്ലിം ലീഗ് അനൗദ്യോഗികയോഗത്തിൽ അബ്ദുൽ വഹാബിനെ എം പിയാക്കാൻ ഏകദേശധാരണയുണ്ടായതാണ്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യത്തിൽ മുൻകൈയെടുത്തത്. ഇക്കാര്യം വഹാബ് സമ്മതിക്കുകയും മറുനാടൻ അന്നു റിപ്പോർട്ടു ചെയ്യുകയും ചെയ്തിരുന്നു.

പക്ഷേ പിന്നീട് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ മജീദ്, കോട്ടക്കൽ എംഎ‍ൽഎ എംപി അബ്ദുസമദ് സമദാനി, മുൻ മന്ത്രിയും ലീഗ് സംസ്ഥാന ട്രഷററുമായ പി.കെ.കെ ബാവ തുടങ്ങിയ പേരുകളും പൊന്തിവന്നു. പാർട്ടിയിൽ ഭൂരിപക്ഷാഭിപ്രായം കെ.പി.എ മജീദിനായി. ഇതിനു പുറമെ മുന്മന്ത്രിയും പാർട്ടിയുടെ വൈസ് പ്രസിഡന്റുമായ കുട്ടി അഹമ്മദ് കുട്ടി സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. രാജ്യസഭയിലേക്ക് പോകാൻ സീനിയോറിറ്റിയുള്ള തനിക്കാണ് അർഹതയെന്ന് ചൂണ്ടിക്കാട്ടി പാണക്കാട് തങ്ങളെ സമീപിച്ചിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടി ഇടപെട്ട് സ്വന്തക്കാരനായ കുട്ടി അഹമ്മദ് കുട്ടിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി ഗ്രൂപ്പിനു വഹാബാണു പഥ്യം. മുൻകേന്ദ്രമന്ത്രി ഇ അഹമ്മദ് ഇതേ ഗ്രൂപ്പിൽപ്പെട്ട നേതാവാണ്. എന്നാൽ ലീഗിലെ ശക്തമായ ഇ ടി മുഹമ്മദ് ബഷീർ വിഭാഗം കെ പി എ മജീദിനെ രാജ്യസഭയിലേക്കയയ്ക്കണമെന്നു വാദിക്കുന്നു. ലീഗിൽ ഭൂരിപക്ഷം അംഗങ്ങളും മജീദിനൊപ്പമാണ്.

സീറ്റുകാര്യം പല നേതാക്കളും പാർട്ടിയിലെ അവസാന വാക്കായ പാണാക്കാട് തങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ആർക്കും പ്രത്യേക ഉറപ്പ് നൽകാതെ പാണക്കാട് തങ്ങൾ മറുപടി നൽകുകയാണുണ്ടായത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് എംഎ‍ൽഎ സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് പോകുന്നതിനെ നേതൃത്വം എതിർത്തതോടെ സമദാനി താൽക്കാലികപിന്മാറ്റം നടത്തി. ചരടുവലികളും സമ്മർദവും നടത്താതെ വന്നപ്പോൾ പി.കെ.കെ ബാവയും സാധ്യതാ പട്ടികയിൽ നിന്നും പതുക്കെ മാഞ്ഞുതുടങ്ങി. എന്നാൽ കെ.പി.എ മജീദും അബ്ദുൽ വഹാബും പിന്മാറാതായതോടെ പാർട്ടിയിൽ കലഹം ശക്തി പ്രാപിച്ചു.

കെ.പി.എ മജീദിനായി ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ ഉൾപ്പെടെ സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെയും യൂത്ത് ലീഗിന്റെയും പിന്തുണയുണ്ട്. മറുവശത്ത് പി.വി അബ്ദുൽ വഹാബിനാകട്ടെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.അഹമ്മദ് തുടങ്ങിയ പാർട്ടിയിലെ ഉന്നതരുടെ പിന്തണയുമുണ്ട്. ഇതോടെ പാർട്ടിയിലെ ഗ്രൂപ്പ് തിരിഞ്ഞുള്ള ഭിന്നത പ്രകടമായിരിക്കുകയാണ്. വ്യവസായ മന്ത്രി എന്ന നിലയിലും വ്യക്തിപരമായും വഹാബിനെ എംപിയാക്കുകയാണ് കുഞ്ഞാലിക്കുട്ടിക്ക് ഗുണകരം. അതുകൊണ്ടുതന്നെ പ്രഗൽഭരെ കയ്യിലെടുത്താണ് വാഹാബിന്റെ ചരടുവലികൾ. കുഞ്ഞാലിക്കുട്ടിയും ഇ.അഹമ്മദും ഒരുമിച്ചു പറഞ്ഞാൽ അതിനപ്പുറം പാണക്കാടു ഹൈദരലി തങ്ങൾക്കും മറികടക്കാനാകില്ല. എന്നാൽ കെ.പി.എ മജീദിന് സീറ്റ് നൽകണമെന്ന ആവശ്യം ശക്തമാകുമ്പോൾ ഇത് അവഗണിക്കുന്നതും പ്രയാസകരമാകും.

രാജ്യസഭാ സീറ്റ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി ഏപ്രൽ മൂന്നിന് കോഴിക്കോട് യോഗം ചേരാനിരിക്കുകയാണ്. ഇ.ടി മുഹമ്മദ് ബഷീർ ഉൾപ്പടെയുള്ള നേതാക്കൾ കെ.പി.എ മജീദിനായി യോഗത്തിൽ ശബ്ദമുയർത്തും. മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയമാണ് മജീദിനെ ഇനിയുമൊരു ജനസമ്മതി തേടാൻ ഇടയാക്കാതെ രാജ്യസഭയിലേക്ക്് എത്തിക്കാൻ സംസ്ഥാന കമ്മിറ്റിയിൽ ആലോചനയുണ്ടായതിന്് കാരണം. ലീഗിലെ ഭൂരിപക്ഷം അണികളും സുന്നികളാണ്. എന്നാൽ മുജാഹിദ് പ്രസ്ഥാനവുമായുള്ള അടുപ്പവും അതേ ആശയക്കാരനായതുമാണ് കെ.പി.എ മജീദിനെതിരായി ചൂണ്ടിക്കാട്ടുന്ന വിയോജിപ്പ്. ലീഗുമായി ചേർന്നു നിൽക്കുന്ന ഇ.കെ വിഭാഗം സുന്നികൾ മജീദിനെ രാജ്യസഭയിലേക്ക് അയയ്ക്കുന്നതിലും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇ.കെ സമസ്തയെ സംബന്ധിച്ചിടത്തോളം വഹാബിന് സീറ്റ് നൽകുന്നതിനോടാണ് യോജിപ്പ്. ഹൈദരലി തങ്ങൾ വൈസ് പ്രസിഡന്റായുള്ള ഇ.കെ സമസ്തയുടെ നിലപാട് പാർട്ടിക്ക് തള്ളിക്കളയുക പ്രയാസകരമാണ്്.

വെള്ളിയാഴ്ച മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കുന്ന സീറ്റ് ചർച്ച മുറിച്ചു കടക്കാൻ നേതൃത്വം നന്നേ പ്രയാസപ്പെടും. അല്ലെങ്കിൽ പതിവുപോലെ കുഞ്ഞാലിക്കുട്ടി ഇഷ്ടക്കാർക്കു വേണ്ടിയുള്ള തീരുമാനങ്ങൾ മുൻകൂട്ടി തയ്യാറാക്കും. പാണക്കാട് തങ്ങൾ ആ തീരുമാനം അതേപടി നോക്കി വായിക്കും, സാധാരണ പോലെ അണികൾ കണ്ണും പൂട്ടി ജയ് വിളിച്ച് മടങ്ങിപ്പോവുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP