Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാതൊരു മുൻകാല പരിചയവും ജാതിബലവും ഇല്ലാതെ എത്തിയിട്ടും അമേഠിയിലെ രാജകുമാരന്റെ 3,70,000 വോട്ടുകളുടെ ഭൂരിപക്ഷം ഒരു ലക്ഷമാക്കി കുറച്ചു; തൊട്ടു പിന്നാലെ അഞ്ചു വർഷം മണ്ഡലത്തിൽ വികസന അടിത്തറ പാകി ഒപ്പം നിന്നു; വേറൊരിടത്തും മാറ്റുരയ്ക്കാതെ വീണ്ടും മത്സരിക്കാൻ എത്തുന്നു; സ്മൃതി ഇറാനിയുടെ കണക്ക് കൂട്ടിയുള്ള കളിയിൽ രാഹുലിന് തോൽവി ഭയം ബാധിച്ചോ? രാഹുലിന്റെ വയനാട്ടിലേക്കുള്ള യാത്രയുടെ പിന്നാമ്പുറം തേടുമ്പോൾ തോൽവി ഭയം അങ്ങനെയങ്ങ് എഴുതി തള്ളാമോ?

യാതൊരു മുൻകാല പരിചയവും ജാതിബലവും ഇല്ലാതെ എത്തിയിട്ടും അമേഠിയിലെ രാജകുമാരന്റെ 3,70,000 വോട്ടുകളുടെ ഭൂരിപക്ഷം ഒരു ലക്ഷമാക്കി കുറച്ചു; തൊട്ടു പിന്നാലെ അഞ്ചു വർഷം മണ്ഡലത്തിൽ വികസന അടിത്തറ പാകി ഒപ്പം നിന്നു; വേറൊരിടത്തും മാറ്റുരയ്ക്കാതെ വീണ്ടും മത്സരിക്കാൻ എത്തുന്നു; സ്മൃതി ഇറാനിയുടെ കണക്ക് കൂട്ടിയുള്ള കളിയിൽ രാഹുലിന് തോൽവി ഭയം ബാധിച്ചോ? രാഹുലിന്റെ വയനാട്ടിലേക്കുള്ള യാത്രയുടെ പിന്നാമ്പുറം തേടുമ്പോൾ തോൽവി ഭയം അങ്ങനെയങ്ങ് എഴുതി തള്ളാമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിൽ യുപിയിലെ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് എതിരെ മത്സരിക്കാൻ ബിജെപി ഇത്തവണയും തെരഞ്ഞെടുത്തത് സ്മൃതി ഇറാനിയെ.നിലവിൽ കേന്ദ്ര മന്ത്രിയാണ് സ്മൃതി ഇറാനി. അമേഠിയിൽ 2014ൽ രാഹുൽ ഗാന്ധിക്ക് എതിരെ സ്മൃതി ഇറാനി മത്സരിച്ചിരുന്നു. തോൽവി വഴങ്ങിയെങ്കിലും പരമ്പരാഗത കോൺഗ്രസ് മണ്ഡലത്തിലെ ലീഡ് കുറയ്ക്കാൻ സ്മൃതി ഇറാനിക്ക് കഴിഞ്ഞിരുന്നു. ഒരുലക്ഷം വോട്ടിനാണ് അവർ അമേഠിയിൽ തോൽവി വഴങ്ങിയത്. അതിന് മുൻപുള്ള തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി 3,70,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ അമേഠിയിൽ എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്.

ഡൽഹിയാണ് സ്മൃതി ഇറാനിയുടെ തട്ടകം. 2003ൽ ബിജെപി.യിൽ ചേർന്നു അവർ 2004-ലെ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്‌നി ചൗക്ക് ലോക്‌സഭാ മണ്ഡലത്തിൽ കപിൽസിബലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അതിന് ശേഷം യുവമോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷയായും ബിജെപി ദേശീയസമിതിയംഗമായും പ്രവർത്തിച്ചു. 2011-ൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠി ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കാൻ സ്മൃതി ഇറാനിയെ മോദി തെരഞ്ഞെടുത്തത് അത്ഭുതങ്ങൾ കാട്ടാനുള്ള കഴിവ് മനസ്സിലാക്കിയായിരുന്നു. 2001ൽ സീടി വിയുടെ രാമായണത്തിൽ സീതയായി ഇറാനി വേഷമിട്ടിരുന്നു. ഇതുൾപ്പെടെ നിരവധി ടിവി സീരിയലുകളിൽ ഇവർ അഭിനയിച്ചു. ഈ മുഖപരിചയം അമേഠിയിൽ വോട്ടായി മാറുമെന്ന് മോദി വിലയിരുത്തി. ഇത് തെറ്റിയില്ല. അമേഠിയിൽ രാഹുലിനെ വിറപ്പിക്കുകയായിരുന്നു സ്മൃതി ഇറാനി ചെയ്തത്. തോറ്റെങ്കിലും മോദി മന്ത്രിസഭയിൽ അംഗമായി. ഇതിന് ശേഷം അമേഠിയായിരുന്നു പ്രധാന തട്ടകം.

യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ ബിജെപി കരുത്ത് കാട്ടി. ഇതിന് കാരണം സ്മൃതി ഇറാനിയുടെ ഇടപെടലായിരുന്നു. രാഹുലിനോട് തോറ്റ അവർ അമേഠിയിൽ സജീവമായി ഇടപെട്ടു. വികസന പ്രശ്‌നങ്ങൾ ചർച്ചയാക്കി. ആവുന്നതെല്ലാം ചെയ്യുകയും ചെയ്തു. അഞ്ച് കൊല്ലം കൊണ്ട് ഒന്നും അറിയാതെ അമേഠിയിൽ എത്തിയ സ്മൃതി ഇന്ന് അമേഠിയിൽ സുപരിചിതയാണ്. ജാതി പിന്തുണയും ഇവിടെ സ്മൃതിക്ക് ഇല്ലായിരുന്നു. ഈ സമവാക്യമെല്ലാം അനുകൂലമാക്കാൻ വ്യക്തമായ കണക്കുകൾ കൂട്ടി നീങ്ങി. എന്തുവന്നാലും അമേഠിയിൽ 20109ൽ ജയിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സ്മൃതി ഇടപെടൽ നടത്തിയത്. ഇത് രാഹുലിനും അറിയാം. മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന സ്മൃതിയുടെ സാധ്യത കൂടിയെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ടാണ് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ത മണ്ഡലം രാഹുലിനെ ചതിക്കുമോ എന്ന ആശങ്ക ഉയരാൻ കാരണം.

2014 ലെന്ന പോലെ ദേശിയ ശ്രദ്ധ നേടുന്ന പോരാട്ടമാണ് ഇത്തവണയും യുപിയിലെ അമേഠിയിൽ നടക്കുന്നത്. എന്നാൽ മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും സ്മൃതി ഇറാനി അമേഠിയിൽ സജീവമായിരുന്നു. കേന്ദ്ര മന്ത്രിയുടെ തിരക്കിനിടയിലും അവർ മണ്ഡലവുമായി അടുത്ത ബന്ധം പുലർത്തി. അടുത്തിടെ അമേഠിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം എടുത്തു പറഞ്ഞു രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.ജയിച്ച എംപിയേക്കാൾ കൂടുതൽ കാര്യങ്ങൾ അമേഠിക്കായി തോറ്റ സ്മൃതി ഇറാനി ചെയ്തുവെന്നായിരുന്നു മോദിയുടെ പ്രസംഗം. എംപിയായ രാഹുലിനെ മണ്ഡലത്തിൽ കാണാനില്ലെന്ന് ആരോപിച്ചു ബിജെപി അമേഠിയിൽ പോസ്റ്റർ പ്രചാരണവും നടത്തിയിരുന്നു.

വിവിധ പരിപാടികളുമായി അമേഠിയിൽ ഇടയ്ക്കിടെ എത്തുന്ന സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമർശനങ്ങളാണ് നടത്തിയിരുന്നത്.ഈ സാഹചര്യത്തിൽ തന്നെയാണ് രാഹുലിനെതിരെ സ്മൃതിയെ ബിജെപി മത്സര രംഗത്ത് വീണ്ടും ഇറക്കിയിരിക്കുന്നത്. 1977 ൽ ജനതാ പാർട്ടിയും 1998 ൽ ബിജെപിയും ജയിച്ചതൊഴിച്ചാൽ എല്ലാ കാലത്തും കോൺഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് അമേഠി. ഇത്തവണ രാഹുൽ ഗാന്ധി രണ്ടു മാസം മുൻപുതന്നെ ഇവിടെ പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തിരുന്നു. രാഹുലിനോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ സ്മൃതി ഇറാനി അമേഠിക്കായി ചെയ്ത സേവനങ്ങളെ പ്രധാനമന്ത്രിയും അഭിനന്ദിച്ചിരുന്നു. അതെ സമയം തലമുറകളുടെ വിജയ പാരമ്പര്യവുമായാണ് അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ സീറ്റ് ചതിക്കില്ലെന്നാണ് കോൺഗ്രസുകാരുടെ പൊതു നിലപാട്. എങ്കിലും റിസ്‌ക് എടുക്കാൻ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ കൂടെ മത്സരിക്കാനുള്ള തീരുമാനം.

വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് രാഹുലിന് മൽസരിക്കാൻ ക്ഷണമുണ്ടെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും എഐസിസി വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു കഴിഞ്ഞു. അമേഠിയിൽ പരാജയം മണത്ത രാഹുൽ മണ്ഡലങ്ങൾ അന്വേഷിച്ച് അലയുകയാണെന്ന് അമേഠിയിലെ ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി പരിഹസിച്ചു. അതേസമയം രാഹുൽ സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിൽ വയനാട് മണ്ഡലത്തിൽ പ്രവർത്തകർ ചുവരെഴുത്തുകൾ ആരംഭിച്ചുകഴിഞ്ഞു. സ്ഥാനാർത്ഥിയായുള്ള രാഹുൽഗാന്ധിയുടെ വരവിനായി കാത്തിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ വീഴ്ചകളും ഗ്രൂപ്പുപോരുമെല്ലാം രാഹുലിന്റ വരവോടെ അപ്രസക്തമാകുമെന്ന പ്രതീക്ഷയിലാണ് അണികൾ.

റഫാൽ പോർവിമാന ഇടപാട് ഉയർത്തി മോദിക്കെതിരെ രാഹുൽ നടത്തിയ പോർ വിളിക്ക് രാഹുലിന്റെ തട്ടകത്തിൽ കലാഷ് നിക്കോവ് തോക്ക് നിർമ്മാണ ഫാക്ടറി ഉദ്ഘാടനം ചെയ്താണ് മോദിയുടെ തിരിച്ചടി. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ അമേഠി സന്ദർശനമാണിത്. ഇന്തോ റഷ്യൻ സംയുക്ത സംരഭമായ എകെ 203 ഫാക്ടറി 9 വർഷം മുമ്പ് വരേണ്ടതായിരുന്നുവെന്നും മുൻ സർക്കാറുകൾ ഇതിനായി ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു. ജയിച്ച രാഹുൽ ?ാന്ധിയേക്കാൾ അമേഠിക്കായി പ്രവർത്തിച്ചത് തോറ്റ സ്മൃതി ഇറാനിയാണെന്നും മോദി അവകാശപ്പെട്ടു. അമേഠിയിൽ നിന്ന് ലോകസഭയിലേക്കെത്തിയ ആളെക്കാൾ കൂടുതൽ മികച്ച പ്രവർത്തനം സ്മൃതി ഇറാനി കാഴ്ചവച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. രാഹുലിനോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ സ്മൃതി ഇറാനി അമേഠിക്കായി ചെയ്ത സേവനങ്ങളെ മോദി പ്രത്യേകം എടുത്തു പറഞ്ഞു.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 1,07,923 വോട്ടുകൾക്കായിരുന്നു സ്മൃതി ഇറാനി രാഹുൽ ?ഗാന്ധിയോട് അമേഠിയിൽ പരാജയപ്പെട്ടത്. ഇറാനിക്ക് രാജ്യസഭാ സീറ്റ് നൽകിയ ബിജെപി മോദി മന്ത്രി സഭയിൽ മാനവവിഭവ ശേഷി മന്ത്രിയാക്കുകയും ചെയ്തു. പിന്നീട് വകുപ്പ് മാറ്റത്തിലൂടെ ടെക്‌സ്‌റ്റൈൽസ് വകുപ്പിലേക്ക് മാറ്റപ്പെട്ട ഇറാനി ഇടക്കാലത്ത് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. കഴിഞ്ഞ വർഷം അമേഠിയിലെ ബിജെപി വനിതാപ്രവർത്തകർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വക ദീപാവലി സമ്മാനമെത്തിയിരുന്നു. 10,000 സാരികളാണ് വനിതാപ്രവർത്തകർക്ക് സമ്മാനമായി അമേഠിയിലെത്തിയത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും തനിക്ക് വോട്ടു ചെയ്ത വനിതകൾക്കായി സ്മൃതി ഇറാനി സാരികളെത്തിച്ച് നന്ദിയും സന്തോഷവും പ്രകടിപ്പിച്ചിരുന്നു.

സിനിമ കാണിച്ച് വോട്ടുപിടിക്കാനും സ്മൃതി ഇറാനി ശ്രമിച്ചു.മിന്നലാക്രമണത്തിന്റെ കഥ പറയുന്ന ഉറി ദി സർജിക്കൽ എന്ന ചലച്ചിത്ര പ്രദർശനമാണ് അമേഠിയിലെ തെരുവുകളിൽ വ്യാപകമായി നടത്തിയത്. പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയ്ക്കായി മണ്ഡലത്തിൽനിന്ന് പോകുന്ന തീർത്ഥാടകർക്ക് യാത്രയ്ക്കുള്ള സൗകര്യവും സ്മൃതി ഇറാനി ഒരുക്കിനൽകി. ഇരുപതിനായിരം പേരെ ഇത്തരത്തിൽ സ്മൃതി ഇറാനി മുൻകൈയെടുത്ത് കുംഭമേളയ്ക്കയച്ചിട്ടുണ്ടെന്നാണ് വിവരം. എല്ലാത്തിനും പിന്നിൽ ഒറ്റലക്ഷ്യം മാത്രം, വരുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷനെ പരാജയപ്പെടുത്തുക. അതത്ര എളുപ്പമല്ലെന്ന് അറിയാമെങ്കിലും 2014ൽ രാഹുലിനെതിരെ കടുത്തവെല്ലുവിളി ഉയർത്താനായത് ബിജെപി ക്യാമ്പിന് വലിയ പ്രതീക്ഷയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയെങ്കിലും ബിജെപിക്ക് വോട്ടുനില ഏറെ മെച്ചപ്പെടുത്താനായി.

സ്മൃതി ഇറാനിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് പാർട്ടി പദ്ധതിയിടുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും സ്മൃതി അമേഠിയിലെ ജനങ്ങളുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നത് തുണയാവുമെന്നാണ് പാർട്ടി വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP