Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ചർച്ച് ആക്ടും സഭാ കേസിലെ സുപ്രീംകോടതി വിധിയും നടപ്പിലാക്കാൻ മടിച്ച പിണറായി വിജയൻ ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റി നവോത്ഥാന നായകനാകാൻ ശ്രമിച്ച് മുഴുവൻ ഒടുവിൽ വെള്ളത്തിലായി; പിണറായിയെ ഇരട്ടചങ്കൻ എന്ന് വിളിച്ചവരൊക്കെ ഇപ്പോൾ രാഹുൽ ഗാന്ധി തരംഗത്തിന് പിന്നാലെ; മലബാറിൽ എല്ലാം കൈവിട്ട അവസ്ഥ; ന്യൂനപക്ഷവും ഭൂരിപക്ഷവും ഇടതിനെ തുണയ്ക്കാനിടയില്ല; ഈ ലോക്സഭയിൽ സിപിഎമ്മിന് കടിച്ചതും പിടിച്ചതും ഒരുപോലെ നഷ്ടപ്പെട്ടത് ഇങ്ങനെ

ചർച്ച് ആക്ടും സഭാ കേസിലെ സുപ്രീംകോടതി വിധിയും നടപ്പിലാക്കാൻ മടിച്ച പിണറായി വിജയൻ ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റി നവോത്ഥാന നായകനാകാൻ ശ്രമിച്ച് മുഴുവൻ ഒടുവിൽ വെള്ളത്തിലായി; പിണറായിയെ ഇരട്ടചങ്കൻ എന്ന് വിളിച്ചവരൊക്കെ ഇപ്പോൾ രാഹുൽ ഗാന്ധി തരംഗത്തിന് പിന്നാലെ; മലബാറിൽ എല്ലാം കൈവിട്ട അവസ്ഥ; ന്യൂനപക്ഷവും ഭൂരിപക്ഷവും ഇടതിനെ തുണയ്ക്കാനിടയില്ല; ഈ ലോക്സഭയിൽ സിപിഎമ്മിന് കടിച്ചതും പിടിച്ചതും ഒരുപോലെ നഷ്ടപ്പെട്ടത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആത്മവിശ്വാസത്തോടെയാണ് ശബരിമലയിൽ യുവതി പ്രവേശന വിധി ഇടത് സർക്കാർ നടപ്പാക്കിയത്. രഹ്നാ ഫാത്തിമയെ എത്തിച്ച് ആദ്യ ശ്രമം. പിന്നെ കനകദുർഗയേയും ബിന്ദുവിനേയും കണ്ണൂരിലെ പൊലീസ് സഖാക്കളുടെ സംരക്ഷണയിൽ ഇറക്കി സർജിക്കൽ സ്‌ട്രൈക്ക്. ആരും കാണാതെ ശബരിമലയിൽ ആംബുലൻസിൽ എത്തി കനകദുർഗയും ബിന്ദുവും മടങ്ങിയതോടെ കേരളത്തിലെ ആദ്യ സർജിക്കൽ സ്‌ട്രൈക്കിന്റെ നേതാവുമായി. ആർഎസ്എസ് വിരുദ്ധ വികാരം കേരളത്തിൽ ശക്തമാണ്. ഇതെല്ലാം സിപിഎമ്മിന് വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു കളികൾ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷം സിപിഎം സ്ഥാനാർത്ഥി സജി ചെറിയാനെ പിന്തുണച്ചതിന്റെ ആത്മവിശ്വാസത്തിൽ പിണറായി ശബരിമലയിൽ നടത്തിയ ഇടെപടൽ പക്ഷേ വെറുതെയാകുകയാണ്. കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലാണ് മത്സരം. വയനാട്ടിൽ രാഹുൽ മത്സരിക്കാനെത്തുന്നതോടെ കേരളത്തിൽ കോൺഗ്രസ് തരംഗം ആഞ്ഞടിക്കുന്നു. 20 സീറ്റിലും യുഡിഎഫ് മുൻതൂക്കമെന്ന വിലയിരുത്തലുമെത്തുന്നു.

Stories you may Like

ശബരിമലയിലെ വികാരം ആളിക്കത്തില്ലെന്നും ഭൂരിക്ഷം സീറ്റുകളിൽ വിജയിച്ച് വിശ്വാസികളുടെ വോട്ടും കിട്ടിയെന്ന് ഉറപ്പിക്കാനാായിരുന്നു പിണറായി ആഗ്രഹിച്ചിരുന്നത്. ആർഎസ്എസ് വിരുദ്ധ വികാരം ആളിക്കത്തിച്ച് മലബാറിലെ മുസ്ലിം വോട്ടുകൾ സിപിഎമ്മിലേക്ക് എത്തിക്കാനും കരുക്കൾ നീക്കി. വടകരയിലും കോഴിക്കോട്ടും പൊന്നാനിയിലും അട്ടിമറി വിജയവും കാസർഗോഡും ആലത്തൂരും പാലക്കാടും നിലനിർത്തിയുള്ള മുന്നേറ്റവുമാണ് കണക്ക് കൂട്ടിയത്. എറണാകുളവും കോട്ടയവും കൊല്ലവും പത്തനംതിട്ടയും ആറ്റിങ്ങലും എന്തുവന്നാലും ന്യൂനപക്ഷ വോട്ടുകളുട കെരുത്തിൽ ജയിക്കാമെന്നും കരുതി. പത്തനംതിട്ടിലും വീണാ ജോർജിലൂടെ ന്യൂനപക്ഷ വോട്ടുകൾ അരിവാൾ ചുറ്റികയിൽ എത്തിക്കാനും നീക്കം സജീവമാക്കി. എന്നാൽ രാഹുൽ ഗാന്ധിയെ ഇറക്കിയുള്ള സർജിക്കൽ സ്‌ട്രൈക്കിൽ സിപിഎമ്മിന് അടിതെറ്റി. പാലക്കാടും ആലത്തൂരും ആറ്റിങ്ങലിലും പോലും അതിശക്തമായ മത്സരം. പ്രചരണത്തിൽ മൂന്നിടത്തും കോൺഗ്രസ് മുന്നിലെത്തിയിരിക്കുന്നു. ഇതിനെല്ലാം കാരണം ശബരിമലയിലെ ഇടപെടലാണെന്ന് തിരിച്ചറിയുകയാണ് സിപിഎം. ചർച്ച് ആക്ടിലും ഇടപെടലുകളും പരമ്പരാഗ്യ സിപിഎം വോട്ടുകളെ മറുപക്ഷത്തേക്ക് എത്തിച്ചു. അങ്ങനെ പ്രതിസന്ധിയിലാവുകയാണ് സിപിഎം.

ശബരിമലയിൽ യുവതി പ്രവേശനത്തിൽ പിണറായി സർക്കാർ ലക്ഷ്യമിട്ടത് നവോത്ഥാനമായിരുന്നു. വനിതാ മതിൽ പോലും കെട്ടി നവോത്ഥാനത്തിന്റെ സന്ദേശം ചർച്ചയാക്കി. തൊട്ടു പിറകെ കനകദുർഗയും ബിന്ദുവും അയ്യപ്പ സന്നിധിയിലെത്തി. മനിതികളെ ഓട്ടിച്ചു വിട്ട വിശ്വാസികളെ ആംബുലൻസിനെ മറയാക്കിയാണ് പൊലീസ് പറ്റിച്ചത്. ഇത് ഏറെ ചർച്ചയാപ്പോഴും പിണറായി പതറിയില്ല. ന്യൂനപക്ഷങ്ങളെല്ലാം സിപിഎമ്മിലേക്ക് അടുത്തുവെന്ന് ഏവരും കരുതി. ശബരിമലയിൽ സിപിഎം നഷ്ടമാക്കിയത് പരമ്പരാഗത വോട്ടുകളായിരുന്നു. കേരളത്തിൽ സിപിഎമ്മിനെ പിടിച്ചു നിർത്തിയത് ഹിന്ദു സമുദായമായിരുന്നു. പ്രത്യേകിച്ച് ഈഴവ വിഭാഗം. ഇവരിൽ ഭൂരിഭാഗവും ശബരിമല വിശ്വാസികളാണ്. വിശ്വാസത്തിന് ഏറ്റ മുറിവ് ഇവരേയും ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ വിഭാഗം കൈവിടുമെന്ന് സിപിഎം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. എങ്ങനേയും ന്യൂനപക്ഷത്തിന്റെ കണ്ണിലുണ്ണിയാകാനായിരുന്നു ശ്രമം. ചർച്ച് ആക്ടിൽ പിണറായി നടത്തിയ ഇടപെടൽ ഇത്തരത്തിലായിരുന്നു.

ശബരിമലയിൽ നവോത്ഥാനം. പള്ളികളിൽ കുഞ്ഞാടും-ഇത്തരത്തിലൊരു നിലപാടായിരുന്നു പിണറായി ചർച്ച് ആക്ടിൽ എടുത്തത്. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തർക്കം പരിഹരിക്കാൻ നിയമം കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ അതിനെ ഇരട്ടത്താപ്പായാണ് സോഷ്യൽ മീഡിയ വിശദീകരിച്ചത്. ചർച്ച് ആക്ടുമായി ബന്ധപ്പെട്ട് നിയമപരിഷ്‌കാര കമ്മിഷൻ ബിൽ തയ്യാറാക്കിയത് സർക്കാരുമായി ആലോചിച്ചില്ലെന്നും കൂടിക്കാഴ്ച നടത്തിയ സഭാ നേതൃത്വത്തോട് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ എല്ലാ അർത്ഥത്തിലും കൈകഴുകി. മതവിഷയങ്ങളിൽ ഉറച്ച നിലപാട് എടുക്കുമെന്ന് ശബരിമലയിൽ പ്രഖ്യാപിച്ച സർക്കാരാണ് ഇത് ചെയ്തത്. എല്ലാ അർത്ഥത്തിലും നടപടികൾ സർക്കാർ അവസാനിപ്പിച്ചു. ലോക്സഭയിൽ ക്രൈസ്തവ സഭകളുടെ വോട്ട് ഉറപ്പിക്കാനായിരുന്നു ഇത്. ചർച് ആക്ടിലെ നിലപാടോടെ കൂടുതൽ ഹൈന്ദവർ സർക്കാരിൽ നിന്ന് അകന്നു. മുത്തലാഖ് ബില്ലിൽ മുസ്ലിം സമുദായത്തിന് അനുകൂലമാണ് പിണറായി സർക്കാരിന്റെ നിലപാട്. ഇവിടേ.ും മതവും ആചാരവും സംരക്ഷിക്കുന്നതിനോടാണ് താൽപ്പര്യം. ചർച്ച് ആക്ടിലും നിലപാട് സമാനം. എന്നാൽ ശബരിമലയിൽ ആചാരങ്ങളേയും മതങ്ങളേയും പിണറായി സർക്കാർ തള്ളി പറയുന്നു. സഭാ നേതൃത്വം എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി വിരണ്ടു. എല്ലാം പിൻവലിച്ചു. ഇത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണെന്നും നവോത്ഥാനമില്ലെന്നും സോഷ്യൽ മീഡിയയിൽ കളിയാക്കലുമെത്തി. ഇതിനെ പ്രതിരോധിക്കാൻ സിപിഎമ്മും ശ്രമിച്ചു. അങ്ങനെ ഹിന്ദു സമുദായം പാർട്ടിയുമായി അകന്നു. അപ്പോഴും കത്തോലിക്കരും യാക്കോബായക്കാരും കൂടെയുണ്ടാകുമെന്ന് കരുതി. അപ്രതീക്ഷിതമായി രാഹുൽ കേരളത്തിലെത്തുമ്പോൾ ന്യൂനപക്ഷം രാഹുലിന് പിന്നിൽ അണിനിരക്കുകയാണ്.

സഭാ തർക്കത്തിലെ സുപ്രീംകോടതി വിധി പിണറായി സർക്കാർ നടപ്പാക്കിയില്ല. വിശ്വാസികളെ വേദനിപ്പിക്കാൻ കഴിയില്ലെന്നും വിഷയത്തിൽ സമവായം വേണമെന്നുമായിരുന്നു പിണറായിയുടെ നിലപാട്. യാക്കോബായക്കാരേയും ഓർത്തഡോക്‌സുകാരേയും ഒരുമിപ്പിക്കാനും ശ്രമിച്ചു. സിപിഎമ്മിനോട് അടുത്തകാലത്ത് അടുത്തു നിന്നത് ഓർത്തഡോക്‌സുകാരാണ്. യാക്കോബായക്കാർ പരമ്പരാഗത കോൺഗ്രസുകാരും. സുപ്രീംകോടതി വിധി നടപ്പാക്കാതെ യാക്കോബായക്കാരെ കൂടെ നിർത്താനായിരുന്നു പിണറായിയുടെ തന്ത്രം. രാഹുൽ സ്ഥാനാർത്ഥിയാകുമ്പോൾ യാക്കോബായക്കാർ കോൺഗ്രസുകാരായി മാറും. സുപ്രീംകോടതി വിധി നടപ്പിലാക്കാത്ത വൈരാഗ്യത്തിൽ ഓർത്തഡോക്‌സുകാരും സിപിഎമ്മിനെ കൈവിടും. അങ്ങനെ ശബരിമലയിൽ പറ്റിയ അതേ പിഴവ് സഭാ കേസിലും സംഭവിച്ചു. രണ്ടുകൂട്ടരും സിപിഎമ്മിന് എതിരായി.

സിപിഎം കടന്നാക്രമിക്കുന്നത് രാഹുലിനെയാണ്. ഇത് കരുത്താകുന്നത് ബിജെപിക്കാണ്. ഇതോടെ കേരളത്തിലെ ന്യൂനപക്ഷം ബിജെപിക്കെതിരെ പൊരുതുന്ന നേതാവിനെ രാഹുലിൽ കാണുന്നു. ഇത് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാഹുലിനെ തുണയ്ക്കും. ഇതോടെ ശബരിമലയിൽ നടത്തിയ ഇടപെടലും വെറുതെയാകുകയാണ്. ശബരിമലിയിൽ തൊട്ടുകളിച്ച പിണറായിക്ക് കിട്ടിയ വമ്പൻ പണിയാണിതെന്ന വിലയിരുത്തൽ എല്ലാ കേന്ദ്രത്തിലും ഉണ്ട്. ലോക്‌സഭയിൽ വമ്പൻ പരാജയം സിപിഎം ഏറ്റുവാങ്ങിയാൽ പാർട്ടിയിലെ പിണറായിയുടെ മേൽകോയ്മയും തകരും. പല കോണുകളിൽ നിന്നും ചോദ്യങ്ങളെത്തും. സിപിഎമ്മിലെ ഉൾപാർട്ടി ജനാധിപത്യത്തെ തകർത്ത് ഏകാധിപത്യത്തിലേക്ക് കാര്യങ്ങളെത്തിച്ചതാണ് ശബരിമലയിലെ ഇടപെടലിന് കാരണം. തെരഞ്ഞെടുപ്പ് കാലത്ത് ഇത് തിരിച്ചടിയാണെന്ന് ആവർത്തിച്ചപ്പോഴും പിണറായി അതിനെ അവഗണിച്ചു തള്ളി. അതുകൊണ്ട് തന്നെ ലോക്‌സഭയിൽ തോറ്റാൽ പാർട്ടിയിൽ പിണറായിയും ഒറ്റപ്പെടും. ശബരിമലയിൽ രാഹുലിന്റെ നിലപാടിനെ ഉർത്തി മുന്നേറിയ പിണറായി ഇപ്പോൾ രാഹുലിനെ പപ്പുമോനുമാക്കുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും നിലപാട് പൊളിഞ്ഞെന്ന് തിരിച്ചറിയുകയാണ് സിപിഎം.

ചർച്ച് ബിൽ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടാൻ ഈ മാസം ഏഴ്, എട്ട് തീയതികളിൽ കോട്ടയത്ത് നിശ്ചയിച്ചിരുന്ന നിയമപരിഷ്‌കരണ കമ്മിഷൻ സിറ്റിങ് പോലും മാറ്റിയത് ന്യൂനപക്ഷത്തെ കൂടെ നിർത്താനാണ്. ശബരിമലയിൽ എൻ എസ് എസിനെ പൂർണ്ണമായും പിണക്കി. ഈഴവ സമുദായവും മനസ്സുകൊണ്ട് എതിരായി. അങ്ങനെ എല്ലാം സിപിഎമ്മിനെ കൈവിടുകയാണ്. ചർച്ച് ബിൽ നിയമമായാൽ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണം സർക്കാരിന്റെ കൈവശമാകുമെന്ന് കെ.സി.ബി.സി. സർക്കുലർ പുറത്തുവന്നിരുന്നു. ബില്ലിനെതിരായ സർക്കുലർ ഞായറാഴ്ച സിറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ പള്ളികളിൽ വായിച്ചു. എല്ലാ പള്ളകളിലും ഒരേ സർക്കുലറാണ് വായിച്ചത്. പ്രത്യക്ഷത്തിൽ ഉപദ്രവമില്ലാത്തത് എന്നു തോന്നുമെങ്കിലും, പരിണതഫലങ്ങൾ അതീവഗുരുതരമാണെന്ന് സർക്കുലറിൽ പറയുന്നു. നിയമനിർമ്മാണശ്രമത്തിൽനിന്ന് നിയമപരിഷ്‌കരണ കമ്മിഷൻ പിന്മാറണം. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം ഉണ്ടാക്കി, ക്രൈസ്തവസഭകളുടെ ഭരണഘടനാദത്തമായ മൗലികാവകാശങ്ങൾ നിഷേധിക്കാനും സഭാസ്വത്തുക്കളിലും സ്ഥാപനങ്ങളിലും വിശ്വാസികളല്ലാത്തവരുടെ നിയന്ത്രണം ഏർപ്പെടുത്താനുമുള്ള ഗൂഢശ്രമം ഈ ബില്ലിലുണ്ട്. സ്വന്തം സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം സഭകൾക്കുണ്ട്. ദേവസ്വം ബോർഡ് പോലുള്ള സംവിധാനം ഇവിടെ ആവശ്യമില്ലെന്നും സഭ നേതൃത്വം ആരോപിച്ചു. ഇതോടെയാണ് സർക്കാർ ചർച്ച് ആക്ടിനെ തള്ളി പറഞ്ഞത്. എന്നാൽ ശബരിമലയിൽ വിശ്വാസികൾ ഒന്നടങ്കം എതിർത്തിട്ടും സുപ്രീംകോടതി വിധിയുമായി പിണറായി സർക്കാർ മുന്നോട്ട് പോയി.

രാഹുൽ എത്തിയാലുണ്ടാകുന്ന പ്രശ്‌നം സിപിഎം തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ശരത് പവാറിനേയും ശരത് യാദവിനേയും രംഗത്തിറക്കി രാഹുലിനെ തടയാൻ ശ്രമിച്ചത്. എന്നാൽ രാഹുൽ മത്സരിക്കുന്നതോടെ സിപിഎമ്മിന് ലോക്‌സഭയിൽ സീറ്റ് കിട്ടാത്ത അവസ്ഥവരുമെന്നും അതുകൊണ്ട് തന്നെ സമ്മർദ്ദ ശക്തിയാകാൻ ആകില്ലെന്നും കോൺഗ്രസ് തിരിച്ചറിഞ്ഞു. ആന്റണിയായിരുന്നു ഇക്കാര്യങ്ങൾ രാഹുലിനെ ബോധ്യപ്പെടുത്തിയത്. സിപിഎമ്മിനെ തകർത്താൽ കേരളത്തിലെ ന്യൂനപക്ഷം എന്നും കോൺഗ്രസിന് പിന്നിൽ അണിനിരക്കുമെന്നും തുടർച്ചയായ ഭരണം കേരളത്തിൽ നേടാനാകുമെന്നും വിശദീകരിച്ചു. ഇതെല്ലാം അംഗീകരിച്ച് രാഹുൽ വയനാട്ടിൽ വോട്ട് ചോദിക്കാനെത്തുമ്പോൾ സിപിഎം തീർത്തും അങ്കലാപ്പിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP