Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉയർത്തിക്കാണിക്കാൻ നേതാക്കളില്ലാത്ത ഛത്തീസ്‌ഗഡിൽ കോൺഗ്രസിനെ ഒറ്റക്ക് വിജയിപ്പിച്ചത് രാഹുൽ ഗാന്ധി; സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾക്ക് ഒപ്പം പോസ്റ്ററിൽ രാഹുലിന്റെയും ചിത്രവും അച്ചടിച്ചു; ഖനിമാഫിയയുടെയും മോദിയുടെയും നയവൈകല്യങ്ങളും തുറന്നു കാട്ടിയ പ്രസംഗങ്ങളും മുതൽ കൂട്ടായി; ഒരു രൂപക്ക് അരി നൽകി നാടിന്റെ പട്ടിണിമാറ്റിയ രമൺസിങ്ങ് കളമൊഴിയുന്ന ഞെട്ടലിൽ ബിജെപി; ഛത്തീസ്‌ഗഡിലെ ജനപ്രിയ മുഖ്യന് മോദിയുടെ നയങ്ങളും കർഷക-ആദിവാസി രോഷവും

ഉയർത്തിക്കാണിക്കാൻ നേതാക്കളില്ലാത്ത ഛത്തീസ്‌ഗഡിൽ കോൺഗ്രസിനെ ഒറ്റക്ക് വിജയിപ്പിച്ചത് രാഹുൽ ഗാന്ധി; സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾക്ക് ഒപ്പം പോസ്റ്ററിൽ രാഹുലിന്റെയും ചിത്രവും അച്ചടിച്ചു; ഖനിമാഫിയയുടെയും മോദിയുടെയും നയവൈകല്യങ്ങളും തുറന്നു കാട്ടിയ പ്രസംഗങ്ങളും മുതൽ കൂട്ടായി; ഒരു രൂപക്ക് അരി നൽകി നാടിന്റെ പട്ടിണിമാറ്റിയ രമൺസിങ്ങ് കളമൊഴിയുന്ന ഞെട്ടലിൽ ബിജെപി; ഛത്തീസ്‌ഗഡിലെ ജനപ്രിയ മുഖ്യന് മോദിയുടെ നയങ്ങളും കർഷക-ആദിവാസി രോഷവും

മറുനാടൻ ഡെസ്‌ക്‌

റായ്പൂർ: 'ഒരു രൂപക്ക് ഒരു കിലോ അരി നൽകി നാടിന്റെ പട്ടിണി മാറ്റിയ മുഖ്യമന്ത്രി'. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി രമൺസിങ്ങിനെ കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രം എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. കഴിഞ്ഞ മൂന്നാലുവർഷം മുമ്പുവരെയും ദേവന്ദ്ര ഫട്നാവിസിനെയും ശിവരാജ്സിങ്ങ് ചൗഹാനെയുംപോലെ ബിജെപിയുടെ ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒന്നായിരുന്നു രമൺസിങ്ങും. മാവോയിസറ്റ് ഭീഷണിയുടെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലും നല്ല റോഡുകൾ നിർമ്മിച്ചും പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തിയും സാധാരക്കാരുടെ പ്രീതി പിടച്ചുപറ്റാൻ രമൺസിങ്ങിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പല എക്സിറ്റുപോളുകളും ഇവിടെ ബിജെപിക്ക് മൂൻതൂക്കം പ്രവചിച്ചിരുന്നുത്.

മറുഭാഗത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനം തീർത്തും ദുർബലമായിരുന്നു. സംസ്ഥാനം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് അജിത് ജോഗിയെന്ന രാഷ്ട്രീയ ചാണക്യൻ പാർട്ടിവിട്ടതോടെ പ്രാദേശിക നേതൃ ദൗർലഭ്യം കോൺഗ്രസിൽ പ്രകടമായിരുന്നു. ജോഗി കോൺഗ്രസ് വിട്ട് പുറത്ത് പോവുകയും കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ മാവോയിസ്റ്റ് അക്രമണത്തിൽ വിസി ശക്ളയെപ്പോലുള്ള നിരവധി നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ശക്തമായ നേതാക്കളില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. 14 പുതുമുഖങ്ങളെയാണ് ഇത്തവണ കോൺഗ്രസ് കളത്തിലിറക്കിയത്.

പിസിസി പ്രസിഡന്റ് ഭൂപേഷ് ഭാഗീലിനെപ്പോലുള്ള നേതാക്കൾ അത്ര ജനപ്രിയർ അല്ലെന്നതു കണ്ടതിനാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ പ്രചാരണം നടന്നത്. സ്ഥാനാർത്ഥികളുടെ പോസ്റ്ററിൽപോലും രാഹുൽഗാന്ധിയായിരുന്നു. സംസ്്ഥാനത്തെ ഒരു നേതാവിന്റെയും ഫോട്ടോപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് അത്രയൊന്നും പ്രതീക്ഷവെക്കാത്ത സംസ്ഥാവുമായരുന്നു ഈ ഖനിജ സമ്പന്നതയുടെ നാട്.

മാത്രവുമല്ല അജിത്ജോഗി സ്വന്തം പാർട്ടിയുണ്ടാക്കി ബിഎസ്‌പിയുമായി ചേർന്ന് മൽസരിച്ചതോടെ കോൺഗ്രസിന് കിട്ടുന്ന പരമ്പാഗത ആദിവാസി- ദലിത്വോട്ടുകൾ ഭിന്നിച്ചുപോവുമെന്നതിനാൽ ഒരു ഈസി വാക്കോവറാണ് ബിജെപിയും പ്രതീക്ഷിച്ചത്. പക്ഷേ ഫലം കോൺഗ്രസിനെപ്പോലും അത്ഭുദപ്പെടുത്തി. ബിജെപിയുടെ കോട്ടകൾ പോലും തകർത്താണ് 15 വർഷത്തിനു ശേഷം കോൺഗ്രസ് വൻഭൂരിപക്ഷത്തിന് അധികാരത്തിലേക്ക് നടന്നു കയറിയത്. കർഷകരോഷവും ഖനിസ്വകാര്യവത്ക്കരണവും തൊഴില്ലായ്മയും, ആദിവാസികളുടെ രോഷവും തീർത്ത ഭരണവിരുദ്ധ വികാര്ം തന്നെയാണ് ഇവിടെ ബിജെപിയുടെ കഥ കഴിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അടിമുടി അടിതെറ്റി അജിത്ത് ജോഗി

സംസ്ഥാനം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് അജിത് ജോഗി പിന്നീട് വൻ അഴിമതിയിൽപ്പെട്ടത് കോൺഗ്രസിൽ കലാപത്തിന് ഇടയാക്കിയിരുന്നു. ഇതോടെ കോൺഗ്രസിൽ നിന്നും പുറത്തുവന്ന് ഛത്തീസ്‌ഗഡ് ജനതാ കോൺഗ്രസ് (ജെ.സി.സി) എന്ന പാർട്ടിയുണ്ടാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. ദളിത് വോട്ടുകളുടെ ബലത്തിൽ കോൺഗ്രസിനെ പോലും വെല്ലുവിളച്ച ജോഗിക്ക് പക്ഷെ ഫലം വന്നപ്പോൾ ഒന്നുമാകാനായില്ലെന്നതാണ് യാഥാർഥ്യം.എന്നാൽ തെരഞ്ഞെടുപ്പ് നടന്ന 96 നിയമസഭാ സീറ്റുകളിൽ എട്ടിടത്തു മാത്രമാണ് ജോഗിയുടെ പാർട്ടിക്ക് അൽപമെങ്കിലും മുന്നിട്ടു നിൽക്കാനായതും. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ മത്സരത്തിനിറങ്ങിയ അജിത് ജോഗിക്ക് മാർവാഹി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും തിരിച്ചടിയായി.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഛത്തീസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗി കലക്ടറായിരുന്ന കാലയളവിൽ തന്റെ അധികാരപരിധിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ പ്രതിച്ഛായയാണ് പിന്നീട് മുഖ്യമന്ത്രിയായപ്പോഴും നിലനിർത്താൻ ശ്രമിച്ചത്. കോടതിയിൽപ്പോയാണെങ്കിലും ഗോത്രവർഗക്കാരനാണെന്ന വാദം അദ്ദേഹം ഉറപ്പിച്ചു. ഗോത്രവർഗക്കാർ കൂടുതലുള്ള ഛത്തീസ്‌ഗഡിൽ സ്വാധീനം ഉറപ്പിക്കാൻ തന്റെ ഗോത്ര ബന്ധം അദ്ദേഹം സമർഥമായി ഉപയോഗിച്ചിരുന്നു. അപകടങ്ങളെ തുടർന്ന് ശരീരം തളർന്നെങ്കിലും മനസ്സു തളരാൻ ജോഗി അനുവദിച്ചില്ല. ഓരോ തവണയും ചികിത്സ കഴിഞ്ഞ് സംസ്ഥാനത്ത് ഓടിയെത്തി തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിരുന്നു.
മാത്രമല്ല, മായാവതിയുമായുള്ള സഖ്യം ദലിത് വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴ്‌ത്താൻ ഉതകുമെന്നും ജോഗി കണക്കുകൂട്ടി. 2013 ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റേ ബിഎസ്‌പി നേടിയുള്ളു എന്നതൊന്നും ജോഗി കണക്കിലെടുത്തില്ല. മണ്ഡലങ്ങളിൽ ജാതിസമവാക്യങ്ങൾ പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിർത്തിയതും. ഗോത്ര ദലിത് വികാരം ഉണർത്തുന്ന തരത്തിലായിരുന്നു പ്രചാരണവും.

കർഷക വായ്പ തിരിച്ചടവ് എഴുതിത്ത്ത്തള്ളും, നെല്ലിന്റെ താങ്ങുവില വർധിപ്പിക്കും, സർക്കാർ ജോലികൾ 'ഔട്ട്സോഴ്സ്' ചെയ്യുന്നത് നിർത്തി യുവാക്കൾക്ക് 'സംവരണം' നൽകും, കാർഷികാവശ്യങ്ങൾക്കുള്ള പമ്പുകൾക്ക് സൗജന്യ വൈദ്യുതി തുടങ്ങിയ 'കണ്ണു മയക്കുന്ന' വാഗ്ദാനങ്ങളായിരുന്നു ജോഗി മായാവതി സഖ്യം നൽകിയത്. ഇവ സ്റ്റാംപ് പേപ്പറിൽ എഴുതി നൽകിയാണ് ജോഗി പുറത്തിറക്കിയത്. വാഗ്ദാനം പാലിക്കാനായില്ലെങ്കിൽ ജയിൽ പോകാൻ തയ്യാറെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. പക്ഷേ, ഈ മാജിക്കുകൾ ജനം തിരിച്ചറിഞ്ഞെന്നുവേണം ഫലം പുറത്തുവരുമ്പോൾ മനസ്സിലാക്കേണ്ടത്.

ബിജെപിക്ക് വിനയായി കർഷക- തൊഴിലാളി ആദിവാസി രോഷം

ഉള്ളി വിലയിടവ്് അടക്കുമുള്ള കാർഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും ഖനിത്തൊഴിലാളികളുടെ രോഷവുമാണ് ബിജെപിക്ക് ഇവിടെ തിരിച്ചടിയായത്.മോദി സർക്കാർ ഖനികൾ ദേശസാത്ക്കരിച്ചതിനെ തുടർന്ന് കൽക്കരി മേഖലയിലെ തൊഴിലാളികൾ അക്ഷരാർത്തത്തിൽ പട്ടിണിയിലായിരുന്നു. 1973ലാണ് ഇന്ദിരാഗാന്ധി കൽക്കരി മേഖല ദേശസാൽക്കരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നരേന്ദ്ര മോദി മേഖല പൂർണമായും സ്വകാര്യവൽക്കരിച്ചു. ഇതോടെ റായ്ഖഡ് അടക്കമുള്ള കൽക്കരിപ്പാടം മേഖലയിൽനിന്ന് ആളുകൾ കൂട്ടത്തോടെ കുടിയൊഴിഞ്ഞ് പോവേണ്ടി വന്നു. നഷ്ടത്തിലാണെന്ന് പറഞ്ഞ് വേദാന്തയടക്കമുള്ള നവ കോർപ്പറേറ്റുകൾ തൊഴിലാളികളുടെ ചോറിലാണ് മണ്ണുവാരിയിട്ടത്. ഇതേ അവസ്ഥയായിരുന്നു ആദിവാസി മേഖലയിലും. ദാരിദ്രവും ചുഷണവും നടമാടിയതോടെ ഇവിടെ മാവോയിസ്റ്റുകളും ശക്തമായി. ഖനിജ-ആദിവാസി മേഖലയിലാണ് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായതെന്ന് വോട്ടിങ്ങ് പാറ്റേൺ നോക്കിയാൻ വ്യക്തം. സത്യത്തിൽ സ്വകാര്യവത്ക്കരണം അടക്കമുള്ള മോദിയുടെ നയങ്ങൾക്കാണ് രമൺസിങ്ങ് വിലകൊടുക്കേണ്ടി വന്നത്.

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഈ രീതിയിലായിരുന്നു. എവിടെപ്പോയാലും സാധാരണക്കാരന്റെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് രാഹുൽ സംസാരിച്ചത്. നോട്ടുനിരോധനവും ഖനി സ്വകാര്യവത്ക്കരണവും അടക്കമുള്ള നയങ്ങൾക്കെതിരെ ആയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നതും വ്യക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP