Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202305Tuesday

ഉമ്മൻ ചാണ്ടി കുടുംബത്തിനെതിരായ ആരോപണത്തിൽ സിപിഎമ്മിനു സ്വന്തം വോട്ടുകളും നഷ്ടം; പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം; അഞ്ചു മന്ത്രിമാർ അടക്കം പരാജയഭീതിയിൽ

ഉമ്മൻ ചാണ്ടി കുടുംബത്തിനെതിരായ ആരോപണത്തിൽ സിപിഎമ്മിനു സ്വന്തം വോട്ടുകളും നഷ്ടം; പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം; അഞ്ചു മന്ത്രിമാർ അടക്കം പരാജയഭീതിയിൽ

കെ ആർ ഷൈജുമോൻ

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം കേരളമാകെ ചർച്ച ചെയ്യുകയാണ് . മാധ്യമങ്ങളും പാർട്ടികളും പുറത്തുവന്ന ഫലത്തിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടന്നു കഴിഞ്ഞു . കോൺഗ്രസ് പാർട്ടിയല്ലാതെ മറ്റൊരു രാഷ്ട്രീയ സംവിധാനമോ മാധ്യമങ്ങളോ ചാണ്ടി ഉമ്മൻ നേടാനിടയുള്ള കനത്ത ഭൂരിപക്ഷത്തെ കുറിച്ച് ഒരക്ഷരം വോട്ടെടുപ്പിന് ശേഷം പോലും പറഞ്ഞിരുന്നില്ല . എന്നാൽ ഫലം പുറത്തു വന്ന ശേഷം ഇതൊക്കെ തങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു എന്ന മട്ടിലുള്ള പ്രതികരണങ്ങൾ കാറ്റിനൊപ്പമുള്ള ആട്ടമായി മാത്രമേ കരുത്താനാകൂ . മാധ്യമ പക്ഷത്തു സ്വന്തം നിലയിൽ അഭിപ്രായ സർവേ നടത്തിയ ഓൺലൈൻ മാധ്യമം മറുനാടൻ മലയാളി മാത്രമാണ് ചാണ്ടി ഉമ്മൻ നേടിയ ഭൂരിപക്ഷത്തോട് അല്പമെങ്കിലും നീതികാട്ടിയ വിലയിരുത്തൽ മുൻകൂറായി പറയാൻ തയ്യാറായത് . ഇതിനർത്ഥം ഒഴുക്കിനൊത്തു നീന്താൻ മലയാളത്തിൽ മാധ്യമങ്ങൾ പോലും പഠിച്ചു കഴിഞ്ഞ നാളിൽ രാഷ്ട്രീയ പാർട്ടികൾക്ക് വഴി കാട്ടാൻ അവർ പോലും തയാറാകുന്നില്ല എന്നത് കൂടിയാണ്.

കോൺഗ്രസായിരുന്നു ശരി , തുടക്കം മുതൽ

തങ്ങളുടെ ഏറ്റവും സീനിയറായ നേതാവിന്റെ മരണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പ് ആയിരുന്നതിനാൽ തന്നെ ഒരു തരത്തിലും ഒരു പരാജയം അവർക്ക് ഉൾക്കൊള്ളാനാകുമായിരുനില്ല . മാത്രമല്ല മരണ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിൽ സഹതാപ സാധ്യത ഉണ്ടാകും എന്നതിനാൽ അതിനെ മറികടക്കാൻ എതിരാളികൾ ശ്രമിച്ചപ്പോൾ പോലും സഹതാപത്തിൽ ഊന്നി മുന്നോട്ടു പോകുവാനും കോൺഗ്രസ് തയ്യാറായില്ല . മറിച്ചു കൃത്യമായ മറുപടികൾ നൽകി എതിർപക്ഷം പറയുന്നതിലെ വിശ്വാസ്യത തകർക്കുക എന്ന നയമാണ് സതീശനും കൂട്ടരും സ്വീകരിച്ചത് . കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയിൽ കൂടുതൽ മുന്നൊരുക്കവുമായി വന്ന സിപിഎം ഇത്തവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം രണ്ടാം തവണ പിടിച്ചു കെട്ടിയ ജെയ്ക്ക് തോമസ് മൂന്നാം തവണ വീണ്ടും മത്സരിക്കുമ്പോൾ കന്നിക്കാരനായ ചാണ്ടി ഉമ്മാനെ മലർത്തിയടിക്കും എന്ന പ്രതീക്ഷയാണ് സിപിഎം പുലർത്തിയത് . ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 27000 ൽ നിന്നും 9000 ലേക്ക് താഴ്‌ത്തികെട്ടിയ ജെയ്ക്കിൽ സിപിഎം അമിതമായ ആഗ്രഹങ്ങൾ പുലർത്തിയതും ഇപ്പോൾ വമ്പൻ പരാജയത്തിലേക്ക് എത്തിച്ച ഘടകങ്ങളിൽ പ്രധാനമാണ് .

മാത്രമല്ല വളരെ വെക്തമായി കോൺഗ്രസ് പറഞ്ഞത് 40000 വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്നാണ് . ആകെ പോൾ ചെയ്യന്ന വോട്ടുകൾ 1.32 ലക്ഷം ആയിരിക്കും എന്ന വിലയിരുത്തലിൽ ആയിരുന്നു ആ മഹാഭൂരിപക്ഷം . എന്നാൽ പോൾ ചെയ്ത വോട്ടുകൾ 1.28 ലക്ഷമായി മാറിയപ്പോൾ ഉണ്ടായ വിടവ് നാലായിരം വോട്ടിന്റെതാണ് . അവസാന ഫലം വന്നപ്പോഴും കോൺഗ്രസ് പ്രവചനത്തിൽ നിന്നും ഉണ്ടായ ചോർച്ചയും ഈ നാലായിരം വോട്ടാണ് . ഒരർത്ഥത്തിൽ വളരെ കിറുകൃത്യമായി നിഗമനമാണ് കോൺഗ്രസ് നടത്തിയത് എന്ന് വെക്തം . ഇതിനർത്ഥം തൃക്കാക്കരയിലേതു പോലെ പുതുപ്പള്ളിയിലും സതീശനും സംഘവും നടത്തിയ ഹോം വർക്കുകൾ എതിരാളികൾക്ക് ഒരു സൂചന പോലും നൽകാത്തത് ആയിരുന്നു . മാധ്യമ ശ്രദ്ധ തങ്ങളുടെ അകത്തളത്തിലേക്ക് എത്താതിരിക്കാൻ സതീശനും സംഘവും നൽകിയ ശ്രദ്ധ എതിരാളികൾക്ക് തങ്ങളുടെ നീക്കവും കൃത്യതയും മനസ്സിലാക്കാതിരിക്കാനുള്ള യുദ്ധ തന്ത്രം കൂടിയായിരുന്നു എന്നത് ഫലപ്രഖ്യാപന ശേഷം മാത്രമാണ് വെളിപ്പെടുന്നത് .

സിപിഎം ഉമ്മന്ചാണ്ടിയെന്ന രാഷ്ട്രീയക്കാരനെ നോട്ടം വച്ചപ്പോൾ ജനം കണ്ടത് ഉമ്മൻ ചാണ്ടിയെന്ന മനുഷ്യനെ

കാടിളക്കിയുള്ള പ്രചാരണമല്ല , മണ്ഡലത്തിന്റെ മനസ്സറിഞ്ഞുള്ള തന്ത്രങ്ങളാണ് കോൺഗ്രസിന്റേത് എന്നതാണ് തൃക്കാക്കരക്ക് ഒപ്പം പുതുപ്പള്ളിയിലെ തെളിഞ്ഞത് . മുഴുവൻ മന്ത്രിമാരും എംഎൽഎ മാരും വീട് കയറി കാടിളക്കി നടത്തിയ തൃക്കകരയിലും തളർന്നു വീണ സിപിഎം അന്ന് മനസിലാക്കിയത് ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് ജന മനസ് ഇളക്കാനാകില്ല എന്ന സത്യമാണ് . അതിനു ബദലായി ഇത്തവണ കൊല്ലം , ആലപ്പുഴ , പാലക്കാട് , കണ്ണൂർ എന്നിവിടങ്ങളിൽ നിന്നൊക്കെ പാർട്ടി പ്രവർത്തകരെ എത്തിക്കുക എന്ന തന്ത്രമായിരുന്നു . എന്നാൽ അങ്ങനെ വന്നവർ പാമ്പാടിയിൽ നടന്ന കലാശക്കൊട്ടിൽ തന്നെ തങ്ങളൊക്കെ വരത്തന്മാർ ആണെന്ന് പറഞ്ഞ കാര്യം ബ്രിട്ടീഷ് മലയാളി പ്രതിനിധി സണ്ണിമോൻ മത്തായിയുടെ റിപ്പോർട്ട് വഴി യുകെ മലയാളികൾ വായിച്ചതുമാണ് .

തുടക്കത്തിൽ സഹതാപ തരംഗം വീഴാതിരിക്കാൻ ഉമ്മൻ ചാണ്ടി മണ്ഡലം ശ്രദ്ധിച്ചില്ല എന്ന് വരുത്തിത്തീർക്കാൻ വികസന വിഷയം ഉയർത്തിയ സിപിഎം അക്കാര്യത്തിൽ തുടക്കത്തിലേ മലർന്നടിച്ചു വീണിരുന്നു . ഉമ്മൻ ചാണ്ടിയുടെ മുൻ എതിരാളി കൂടിയായ സുജ സൂസൻ പോലും അദ്ദേഹത്തിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി രംഗത്ത് വന്നത് പോലും പാർട്ടിക്ക് ശ്രദ്ധിക്കാനായില്ല . ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരനെ സിപിഎം ലക്ഷ്യം വച്ചപ്പോൾ ഉമ്മൻ ചാണ്ടിയെന്ന മനുഷ്യനെ കണ്ടെത്തുന്നതിൽ സിപിഎം അമ്പേ പരാജയമായാമായി . അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് രണ്ടു പകലും രാവും അന്ത്യയാത്രയിൽ അദ്ദേഹത്തോടൊപ്പം കൂടിയത് തിരുവനതപുരം മുതൽ കോട്ടയം വരെയുള്ള മലയാളികൾ അല്ലായിരുന്നു . മറിച്ചു വടക്കൻ ജില്ലകളിൽ നിന്നുള്ളവർ പത്തനംതിട്ടയിലും കൊല്ലത്തും ഒക്കെ എത്തി ആ വിലാപ യാത്രയിൽ പങ്കാളികൾ ആകണമെങ്കിൽ അദ്ദേഹത്തിന് ജനങ്ങൾ നൽകുന്ന സ്വീകാര്യത കണ്ണ് തുറന്നു കാണാനുള്ള മനസും സിപിഎമ്മിന് ഉണ്ടായില്ല എന്നാണ് തുടരെ തുടരെ ഇരു പ്രചാരണക്കാലത്തു അദ്ദേഹത്തിന്റെ കുടുംബത്തെ ടാർജറ്റ് ചെയ്തത് വഴി തെളിഞ്ഞത് .

വീണയെ രക്ഷിക്കാൻ അച്ചുവിനെ ഞൊണ്ടിയ സിപിഎം മണ്ടത്തരം

സ്ഥാനാർത്ഥി ആയ ചാണ്ടി ഉമ്മാനെ മാത്രമല്ല , ഒരു പ്രകോപനവും കൂടാതെ അദ്ദേഹത്തിന്റെ മകൾ അച്ചു ഉമ്മാനെ കൂടി ലക്ഷ്യം വച്ചതോടെ ജനം തീരുമാനിച്ചു കഴിഞ്ഞിരുന്നു സിപിഎം ദാർഷ്ട്യം അവസാനിപ്പിക്കാൻ . അത് രാഷ്ട്രീയമായല്ലാതെ വക്തിപരമായ പരാമർശം ഒരു സ്ത്രീക്ക് എതിരെ ഉയർത്തുമ്പോൾ വോട്ടെടുപ്പ് മുന്നിൽ നിൽക്കെ അതിനു വലിയ വില നൽകേണ്ടി വരും എന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്താൻ ആരും ഉണ്ടായില്ല . മുഖ്യമന്ത്രി വിജയന്റെ മകൾ വീണ കടുത്ത ആരോപണം നേരിടുന്ന ഘട്ടത്തിൽ അതിനെ മറികടക്കാൻ അച്ചു ഉമ്മൻ കുറച്ചു വിഷമിക്കട്ടെ എന്ന് സിപിഎമ്മിലെ കുശാഗ്ര ബുദ്ധികൾ തീരുമാനിച്ചപ്പോൾ മലർന്നടിച്ചു വീഴുക എന്നത് മാത്രമായി മാറുക ആയിരുന്നു ജെയ്ക്കിന്റെ നിയോഗം .

മുഖ്യമന്ത്രി വെറും അപ്പനായി മാറിയപ്പോൾ

മുഖ്യമന്ത്രി വെറും അപ്പൻ മുഖ്യനായി മാറുന്നതിൽ സിപിഎം ഒട്ടും ഖേദിക്കുന്നില്ല എന്നതാണ് വീണക്കെതിരെ അച്ചു എന്ന മട്ടിൽ നടന്ന സൈബർ ആക്രമണം . ഇതടക്കം ഉള്ള കാര്യങ്ങളിൽ ''അപ്പൻ വികാരം '' ഉയർന്നു നിന്നപ്പോൾ പുതുപ്പള്ളിയിൽ എത്തിയപ്പോൾ മൗനം പാലിച്ച പിണറായി വിജയൻ ജനത്തിന് നൽകിയ സന്ദേശം എന്തോ ചീഞ്ഞു നാറുന്നു എന്ന് തന്നെയാണ് . ഇത്തരത്തിലാകാംണം കഴിഞ്ഞ വട്ടം നേടിയ വോട്ടുകളിൽ നിന്നും 12000 വോട്ടുകൾ ജെയ്ക്കിന്റെ പെട്ടിയിൽ നിന്നും നിസാരമായി ഒഴുകി പോയതും . പാർട്ടി വോട്ടുകളിൽ സിംഹഭാഗവും സിപിഎം ഇത്തവണയും നേടിയിരിക്കാമെങ്കിലും ജെയ്ക്ക് എന്ന വക്തിക്കു ലഭിക്കേണ്ട വോട്ടുകൾ പിണറായി എന്ന അപ്പനിലൂടെ നഷ്ടപ്പെടുക ആയിരുന്നു . മുഖ്യമന്ത്രി എന്ന വിജയനെക്കാൾ പിതാവ് എന്ന വിജയനാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ മുഴച്ചു നിന്നതും.

ഈ സാധ്യതയിലാണ് പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം കത്തിക്കയറിയതു . ഇത് തിരിച്ചറിഞ്ഞു ജനത്തെ തണുപ്പിക്കാനുള്ള ഒരു പ്രഖ്യാപനം പോലും സർക്കാർ നടത്തിയതുമില്ല . സാധാരണ പ്രവർത്തകർ വീട് കയറുമ്പോൾ ഉള്ള പ്രതികരണം പ്രാദേശിക നെത്ര്വതത്തെ അറിയിച്ചിട്ട് പോലും പാർട്ടിയിൽ നിന്നും ആശ്വാസ വാക്കുകൾ ഉണ്ടായില്ലെന്ന് പറയുന്ന നിരവധി ഓഡിയോ ക്ലിപ്പുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എത്തുന്നുണ്ട് . ഇതോടെ പാർട്ടി ജനങ്ങളിൽ നിന്നും അകന്നു ഏതോ മായിക ലോകത്താണെന്ന വികാരമാണ് സജീവ പ്രവർത്തകരിൽ പലർക്കും ഉണ്ടായതു . ഇങ്ങനെ പോയാൽ പാർട്ടി കൂടുതൽ പ്രതിസന്ധിയിലാകും എന്ന് തിരിച്ചറിഞ്ഞവർ സ്വന്തം വീടിലെ വോട്ട് പോലും ഇഷ്ടമുള്ളവർക്ക് ചെയ്‌തോളൂ എന്ന നിലപാടിലേക്ക് തിരഞ്ഞതിന്റെ സൂചനകളും ഇപ്പോൾ പുതുപ്പള്ളിയിൽ നിന്നും ലഭ്യമാണ് . ഇങ്ങനെയാണ് സിപിഎം പ്രതീക്ഷിച്ചതിന്റെ ഏഴയലത്തേക്ക് ജെയ്ക്ക് എത്താതെ പോയതും മാന്യമായ തോൽവി പോലും നഷ്ടമായതും . വോട്ടു ചോർച്ചയിൽ ഒരു ന്യായീകരണവും പറഞ്ഞു നിൽക്കാനാകാത്ത നിലയിലുമാണ് ഇപ്പോൾ സിപിഎം .

സിപിഎം കൂടുതൽ കഷ്ടപ്പെടും , നന്നാവാൻ തീരുമാനിച്ചില്ലെങ്കിൽ

ഇതാണ് അവസ്ഥയെങ്കിൽ വരും നാളുകളിൽ സിപിഎംന് എതിരായ ഭരണ വിരുദ്ധ വികാരം കൂടുതൽ ശക്തിയാർജ്ജിക്കും . ലോക് സഭ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉണ്ടാകും എന്ന് കോൺഗ്രസ് സംസ്ഥാന അദ്യക്ഷൻ കെ സുധാകരൻ പറഞ്ഞു കഴിഞ്ഞു . മാസങ്ങൾ മാത്രം അകലെ നിൽക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ സിപിഎം നു ഉണ്ടായിരുന്ന പ്രതീക്ഷകളിൽ വലിയ വിള്ളൽ വീഴ്‌ത്താൻ പുതുപ്പള്ളി ഫലത്തിന് കഴിഞ്ഞിട്ടുണ്ട് .

വൈദ്യുതി ബിൽ അടകക്ക് വരും ദിവസങ്ങളിൽ കൂടാനിരിക്കെ ജനജീവിതം ദുസ്സഹമാകുകയാണ് എന്ന തിരിച്ചറിവാണ് സർക്കാരിനും പാർട്ടിക്കും നഷ്ടമാകുന്നത് . സർക്കാർ ജീവനക്കാരും സമൂഹത്തിലെ ഉയർന്ന വരുമാനക്കാരും മാത്രമാണ് കാര്യമായ പരാതി ഇല്ലാതെ ജീവിക്കുന്നത് എന്നത് ഭരണ നേട്ടമായല്ല കോട്ടമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത് . കരുതലും ചേർത്ത് പിടിക്കലും ഒക്കെ തുടർ ഭരണത്തിൽ എന്നേ അന്യമായി എന്ന പരാതിയൊന്നും പാർട്ടിയുടെ മേൽത്തട്ടിൽ എത്തുന്നുമില്ല / അഥവാ ശൈലിയിൽ മാറ്റം വേണമെന്ന് പിണറായിയോട് തുറന്നു പറയാൻ ചങ്കൂറ്റമുള്ളവർ ആരെന്ന ചോദ്യവും ബാക്കിയാകുകയാണ് .

അഞ്ചു മന്ത്രിമാരും അൻവറും ശ്രീനിജനും നൂൽപ്പാലത്തിൽ

ഭരണ വിരുദ്ധ വികാരം ഉയർന്നു നിൽക്കുന്ന ഒരു തിരഞ്ഞെടുപ്പിൽ പതിനായിരം വോട്ടിനു പോലും ജയിച്ചവർ കടപുഴകി വീഴാനുള്ള സാധ്യത അധികമാണ് . ഇങ്ങനെയാണെകിൽ നിലവിലെ ഭരണ പക്ഷ എംഎൽഎ മാരിൽ 34 പേരെങ്കിലും താഴെ വീഴും . ഇക്കൂട്ടത്തിൽ അഞ്ചു മന്ത്രിമാരും ഉൾപ്പെടും എന്നതാണ് സിപിഎം കരുതലെടുക്കേണ്ട കാര്യം . കൂട്ടത്തിൽ വിവാദത്തിൽ മാത്രം ശ്രദ്ധ നൽകുന്ന നിലമ്പൂർ എംഎൽഎ പിവി അൻവർ , കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ എന്നിവരടക്കം ഉള്ളവർ ഉണ്ടെന്നത് സിപിഎമ്മിന് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട കാര്യമാണ് . കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് അത്ര വേഗത്തിൽ അറിയില്ലെങ്കിലും സൂചനകൾ പുറത്തു വരുമ്പോൾ അത് തിരിച്ചറിയാനകത്തെ പോകുന്നത് വമ്പൻ പരാജയത്തെ മാത്രമാകും വിളിച്ചു വരുത്തുക . കണക്കുകൾ പരിശോധിക്കുമ്പോൾ കണ്ണൂർ മുതൽ തിരുവനതപുരം വരെ ആടി നിൽക്കുന്ന എംഎൽഎമാരിൽ അധികവും സ്വാഭാവികമായും സിപിഎംന്റെതു തന്നെയാണ് . സിപിഐ , കേരള കോൺഗ്രസ് , എന്നിവരും നഷ്ടത്തിന്റെ പങ്കു പറ്റേണ്ടി വരും .

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയത് മൂന്നു പേരാണ് . അഴീക്കോട് സുമേഷ് കെവിയും കണ്ണൂരിൽ കടനപപള്ളി രാമചന്ദ്രനും കുത്തൂപറമ്പിൽ കെപി മോഹനനും . അഴീക്കോട് 6141 വോട്ടിനു ജയിച്ചപ്പോൾ കണ്ണൂരിൽ വിജയം വെറും 1745 വോട്ടിനായിരുന്നു, കുത്തൂപറമ്പിൽ 9541 വോട്ടിനും . ഇതിൽ ഒരു സീറ്റ് സിപിഎമ്മിനും മറ്റൊന്നും കോൺഗ്രസ് എസിന്റേതും മറ്റൊന്ന് എൽജെഡിയുടേതും . ഒരു ഭരണ വിരുദ്ധ കൊടുംകാറ്റിനെ നേരിടാൻ രണ്ടിടത്തും ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിഞ്ഞെന്നു വരില്ല .

കോഴിക്കോട് വരുമ്പോൾ സിപിഎം നേരിടുന്ന നഷ്ടം കൂടുതലാണ് . നാലു സീറ്റുകൾ കയ്യാലപ്പുറത്തു നിൽകുമ്പോൾ മൂന്നെണ്ണം സിപിഎമ്മിനും ഒന്ന് സിപിഐ ക്കുമാണ് . കുറ്റ്യാടി , കൊയിലാണ്ടി , തിരുവമ്പാടി എന്നിവിടങ്ങളിൽ പേരിനു ജയിച്ച സിപിഎം ഭരണ വിരുദ്ധകാറ്റിൽ ആടിയുലയും എന്നുറപ്പാണ് . നാദാപുരത്തു സിപിഐ വിജയവും നേരിയ ഭൂരിപക്ഷത്തിനു തന്നെയാണ് . കഴിഞ്ഞ തവണ വിമത ബഹളം ഉണ്ടായപ്പോൾ തോൽവിയുടെ വക്കിൽ നിന്നുമാണ് കുട്ട്യാടിയിൽ കുഞ്ഞഹമ്മദ് വെറും 333 വോട്ടിനു കടന്നു കയറിയത് . കൊയിലാണ്ടിയിൽ കാനത്തിൽ ജമീല 8472 വോട്ടിനും തിരുവമ്പാടിയിൽ ലിന്റോ ജോസെപ് 5596 വോട്ടിനും ജയിച്ചതും നിലവിലെ സാഹചര്യത്തിൽ അട്ടിമറിക്കപ്പെടാവുന്ന വോട്ടുകൾ തന്നെയാണ് . നാദാപുറത്താകട്ടെ ഇകെ വിജയൻ നേടിയ 4035 പ്രാദേശിക വിഷയങ്ങളാൽ എപ്പോൾ വേണമെങ്കിലും എതിരാളികൾക്ക് മറികടക്കാവുന്ന അവസ്ഥയിലും .

മലപ്പുറത്ത് ഭരണ വിരുദ്ധ തരംഗ സാഹചര്യത്തിൽ മൂന്നു സീറ്റിലാണ് സിപിഎം പരാജയ ഭീതി നുണയേണ്ടി വരുക . ആകെ നാലു സീറ്റിലാണ് മലപ്പുറത്ത് ഇടതു പാർട്ടികൾ ജയിച്ചു കയറിയത് . ഇതിൽ പൊന്നാനിയിൽ മാത്രമാണ് സിപിഎം സുനിശ്ചിത വിജയം നേടിയെടുത്തത് . നിലമ്പൂരിൽ വിവാദ നായകനായി നിൽക്കുന്ന അൻവർ , താനൂരിൽ അബ്ദുറഹ്‌മാൻ , തവനൂരിൽ ജലീൽ എന്നിവരാണ് സിപിഎം - സർക്കാർ വിരുദ്ധ വികാരത്തിൽ കട പുഴകാന് സാധ്യതയുള്ള എംഎൽഎമാർ . അൻവറും ജലീലും കഴിഞ്ഞ തവണ തന്നെ ഇടതു തരംഗത്തിൽ കയറിക്കൂടിയവരാണ് . യഥാക്രമം 2700 , 2564 എന്നതാണ് ഭൂരിപക്ഷ നില . താനൂരിൽ അബുറഹ്‌മാന്റെ കാര്യം അതിലും കഷ്ടമാണ് , വെറും 985 വോട്ടുകൾ / ചുരുക്കത്തിൽ ഈ മൂന്നു സീറ്റും വലതു മുന്നണിക്ക് ഭരണ വിരുദ്ധ വികാരത്തിൽ ഉറപ്പിക്കാവുന്നതാണ് . മൂന്നു സീറ്റും സിപിഎം അകൗണ്ടിൽ അല്ല എന്നത് മാത്രമാണ് കണക്കിലെ ആശ്വാസം . അൻവറും ജലീലും സ്വതന്ത്രരും അബ്ദുറഹ്‌മാൻ നാഷണലിസ്‌റ് കോൺഗ്രെസും ആയാണ് രേഖകളിൽ കാണുന്നത് .

തൊട്ടടുത്ത പാലക്കാട് വരുമ്പോൾ മന്ത്രിയുടെ മണ്ഡലമായ തൃത്താല മാത്രമാണ് വലതു മുന്നണിക്ക് വേഗത്തിൽ പിടിച്ചെടുക്കാനാകുന്ന മണ്ഡലം . എംബി രാജേഷ് കഴിഞ്ഞ തവണ 3016 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടിയത് . മന്ത്രിയെന്ന നിലയിൽ ഉള്ള പ്രകടനവും ശരാശരിക്ക് താഴെ എന്നതും പ്രതികൂല ഘടകം തന്നെയാണ് .

തൃശൂരിലേക്ക് കടക്കുമ്പോഴും ഒരു മന്ത്രിയെ സിപിഎമ്മിന് നഷ്ടമാകും . ഇരിഞ്ഞാലക്കുടയിൽ പേരിനു ജയിച്ചു കയറിയ ബിന്ദു . വെറും 5949 വോട്ടാണ് ഇവിടെ ഭൂരിപക്ഷം . അന്ന് താത്കാലിക പാർട്ടി സെക്രട്ടറി ആയിരുന്ന വിജയരാഘവന്റെ ഭാര്യ എന്ന ഇമേജ്ഉം കോളേജ് പ്രൊഫസർ എന്ന വിലാസവും ഒക്കെ മന്ത്രിയായ ശേഷം ബിന്ദുവിന് വിനയായി മാറിയിരിക്കുകയാണ് . പല ഘട്ടങ്ങളിലും കൈവിട്ട വാക്കുകളും അവരിൽ നിന്നുണ്ടായത് വിവാദ വാർത്തകളായി . ഇതെല്ലം ഭരണ വിരുദ്ധ വോട്ടിൽ തിരിച്ചടിയാകുന്ന ഘടകമാണ് . തൃശൂർ മണ്ഡലത്തിൽ സിപിഐ അകൗണ്ടിൽ ജയിച്ച ബാലചന്ദ്രൻ വെറും 946 വോട്ടിനു ആണ് കടന്നു കയറിയത് . ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ ഒക്കെ ഇടതു സ്ഥാനാർത്ഥികൾ സുരക്ഷിത ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ഉറപ്പിച്ചത് .

എറണാകുളത്തു എത്തുമ്പോൾ നഷ്ടമാകാൻ ഇടയുള്ള മൂന്നു സീറ്റും സിപിഎംന്റെതു മാത്രമാണ് എന്നത് പാർട്ടിക്ക് കൂടുതൽ ഗൗരവത്തിൽ ആലോചിക്കേണ്ട വിഷയമാണ് . വിവാദ എംഎൽഎ ശ്രീനിജൻ ജയിച്ച കുന്നത്തുനാട് , കോതമംഗലത്തു ജയിച്ച ആന്റണി ജോണ് , വൈപ്പിനിൽ വിജയിച്ച കെഎൻ ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് ഈ മൂന്നു എംഎൽഎമാർ . വൈപ്പിനിൽ 8201 . കുന്നത്തുനാട്ടിൽ 2715 , കോതമംഗലത്തു 6605 എന്നാണ് ഭൂരിപക്ഷ നില . ഇതിൽ കുന്നത്തുനാട്ടിൽ 20 / 20 യുടെ സ്ഥാനാർത്ഥി ഇല്ലാതിരുന്നുവെങ്കിൽ ശ്രീനിജൻ കഴിഞ്ഞ തവണ പോലും ജയിച്ചു കയറുകയുമില്ലായിരുന്നു . എംഎൽഎ ആയ ശേഷം മാധ്യമ വേട്ടയിലും കിറ്റെക്‌സിനെ ഓടിക്കുന്നതിലുമാണ് ശ്രീനിജൻ കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നതും .

ഇടുക്കിയിലേക്ക് കടക്കുമ്പോൾ നേരിയ ഭൂരിപക്ഷത്തിൽ കടന്നു കയറിയ മൂന്നു സീറ്റുകൾ സിപിഎം , സിപിഐ , കേരള കോൺഗ്രസ് എന്നിവർ വീതം വച്ചെടുക്കണം . ഇതിൽ മന്ത്രിയായ റോഷി അഗസ്റ്റിൻ , തിരഞ്ഞെടുപ്പ് കേസിൽ പെട്ട എ രാജ , വാഴൂർ സോമൻ എന്നിവർ ഉൾപ്പെടുന്നു / ദേവികുളത് രാജ 7848 വോട്ടിനു ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയത് ഇപ്പോൾ മേൽക്കോടതിലാണ് . മന്ത്രി റോഷി ഇടുക്കിയിൽ കടന്നു കൂടിയത് 5573 വോട്ടിനും പീരുമേട്ടിൽ സിപിഐ കണക്കിൽ വാഴൂർ സോമൻ ജയിച്ചത് വെറും 1835 വോട്ടിനുമാണ് . ഇതൊക്കെ നിഷ്പ്രയാസം മറികടക്കാവുന്ന ഭൂരിപക്ഷം ആണെന്നത് ഭരണ മുന്നണിയിൽ വരും ദിവസങ്ങളിൽ ചർച്ചയാകും . പുതുപ്പള്ളിക്ക് ശേഷം കേരള കോൺഗ്രസിനെ പഴയ സ്‌നേഹത്തിൽ സിപിഎം കാണുന്നില്ല എന്ന പരാതി ഉഅയർന്നു കഴിഞ സാഹചര്യത്തിൽ പ്രത്യേകിച്ചും .

കോട്ടയത്തെ ഏക ചാഞ്ചാട്ട സീറ്റും കേരള കോൺഗ്രസിന്റേതാണ് / ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ കടന്നു കയറിയത് കേവലം 6059 വോട്ടിനാണ് . പുതുപ്പള്ളി ഫാക്റ്റർ ഇവിടെയൊക്കെ ഏതു വിധത്തിൽ പ്രതിഫലിക്കും എന്നത് ആശങ്ക ഉയർത്തുണ്ട് എന്നാണ് കേരള കോൺഗ്രീസുകാർ രഹസ്യമായി സമ്മതിക്കുന്നതും .

സിപിഎം കോട്ടയയായിരുന്ന ആലപ്പുഴയിൽ വിഭാഗീയത കൂടി ശ്കതമായപ്പോൾ കഴിഞ്ഞ തവണ കടന്നു കൂടി എന്ന് പറയാവുന്ന നാല് സീറ്റിന്റെ ഭാവിയാണ് ചോദ്യമാകുന്നത് . ഇതിൽ രണ്ടെണ്ണം സിപിഎം , ഒരെണ്ണം സിപിഐ , ഒരെണ്ണം എൻസിപി എന്നീ അക്കൗണ്ടുകളിലാണ് . മന്ത്രിയായ പി പ്രസാദിനെ കുറിച്ച് സ്വന്തം പാർട്ടിക്കാർ പോലും നല്ലതു പറയാത്ത സാഹചര്യവും അടുത്തിടെ ഉണ്ടായ വിവാദവും ഒക്കെ മറ്റൊരു ജയത്തെ ഇല്ലാതാകാൻ കരുത്തുള്ളതാണ് . കഴിഞ്ഞ തവണ അദ്ദേഹം ചേർത്തലയിൽ 6148 വോട്ടിനു ജയിച്ചാണ് മന്ത്രിയായതു . അരൂരിൽ ദലീല ജോജോ 7013 വോട്ടിനും കായംകുളത്തു യു പ്രതിഭ 6298 വോട്ടിനും ജയിച്ചതും ശക്തമായ പ്രതിരോധം നേരിട്ടാണ് . പ്രതിഭയ്ക്ക് കഴിഞ്ഞ തവണയും സ്വന്തം പാർട്ടിയിൽ നിന്നും വിഭാഗീയത ഉണ്ടായതും ഇനിയൊരു വിജയം അപ്രാപ്യമാക്കിയേക്കും . കുട്ടനാട് എന്‌സിപിയിൽ ജയിച തോമസ് കെ തോമസ് മന്ത്രിയാകാൻ പറ്റാത്ത സാഹചര്യത്തിൽ അടിക്കടി തലവേദന സൃഷ്ടിച്ചാണ് നിലനിൽക്കുന്നത് . വെറും 5516 വോട്ടിനു ജയിച്ച സീറ്റിൽ അടുത്ത തവണ അദ്ദേഹം ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല .

കോൺഗ്രസ് കോട്ട ആയിരുന്ന പത്തനംതിട്ട ചുവന്നത് അതിവേഗത്തിൽ ആണെങ്കിലും മൂന്നു സീറ്റിൽ കഴിഞ്ഞ വട്ടം ജയം അത്ര വേഗത്തിൽ ആയിരുന്നില്ല / കഴിഞ്ഞ തവണ ബിജെപി പ്രസിഡന്റ് സുരേന്ദ്രൻ കൂടി മത്സരിച്ച കോന്നിയിൽ ജനീഷ്‌കുമാർ 8508 വോട്ടിനാണ് ജയിച്ചത് . തുടർന്ന് അദ്ദേഹം നിരവധി ആരോപണങ്ങളുടെ ഭാഗമായതോടെ പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടാണ് . കേരള കോൺഗ്രസിൽ നിന്നും റാന്നിയിൽ ജയിച്ച പ്രമോദ് നാരായണൻ അധികമായി നേടിയത് കേവലം 1285 വോട്ടുകൾ മാത്രമാണ് . അടൂരിൽ സിപിഐ ജയം ഉറപ്പിച്ച ചിറ്റയം ഗോപകുമാർ നേടിയതോ 2919 വോട്ടിന്റെ ഭൂരിപക്ഷവും .

കൊല്ലത്തും സിപിഎമ്മിനെ കാത്തിരിക്കുന്നത് അത്ര നല്ല ലക്ഷണങ്ങളല്ല . ഇപ്പോൾ സഹതാപ തരംഗം മോശമായി കാണുന്ന സിപിഎം അത്തരം സാധ്യതയിൽ ജയിപ്പിച്ചെടുത്ത ചവറയിലെ സുജിത് വിജയൻ 1096 വോട്ടിനാണ് കഷ്ടി ജയം ഒപ്പിച്ചെടുത്തതു . അന്നേ പേയ്മെന്റ് സീറ്റ് എന്ന വിവാദവും സുജിത്തിനെ തേടി എത്തിയിരുന്നു . അതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയാണ് രംഗത്ത് വന്നത് . കുന്നത്തൂരിൽ 2790 വോട്ടിന് ജയിച്ച കോവൂർ കുഞ്ഞുമോനും സ്വതന്ത്ര പട്ടികയിലാണ് . താര പരിവേഷം ഉണ്ടായിട്ടും കൊല്ലത്തു മുകേഷിന് 2072 വോട്ടിന് മാത്രമാണ് കടന്നു കയറാനായത് എന്നത് സിപിഎം ഗൗരവത്തിൽ തന്നെ എടുക്കാതിരിക്കില്ല . എംഎൽഎ മണ്ഡലത്തിൽ കാണാൻ കിട്ടാനില്ലെന്ന പരാതിയും ഒരു ഘട്ടത്തിൽ മുകേഷ് നേരിട്ടിരുന്നു .

സിപിഎമ്മിന് അത്ഭുത വിജയങ്ങൾ കഴിഞ്ഞ തവണ സമ്മാനിച്ച തിരുവനന്തപുരത്തും നിലവിലെ നിരീക്ഷണത്തിൽ കാര്യങ്ങൾ പന്തിയല്ല . തിരുവനന്തപുരത്തു ജയിച്ച ആന്റണി രാജു മന്ത്രി ആയതോടെ കൂടുതൽ നെഗറ്റീവ് ഇമേജിലേക്ക് ആണ് എത്തിയിരിക്കുന്നത് . കഴിഞ്ഞ തവണ 7089 വോട്ടിനു ജയിച്ച ആന്റണി ഇപ്പോൾ ആ നേട്ടത്തിന്റെ പരിസരത്തു പോലും എത്താനിടയില . നേമത്തു ത്രികോണ മത്സര ഭാഗ്യത്തിൽ കടന്നു കയറിയ ശിവൻകുട്ടിയും മന്ത്രിയെന്ന നിലയിൽ വിവാദ പുരുഷനാണ് . അദ്ദേഹവും 3949 വോട് എന്ന തുലാസിൽ കിടന്നടുകയാണ് . അരുവിക്കരയിൽ പുതുമുഖമായി വന്ന ജി സ്റ്റീഫന് നേടിയതും 5046 വോട്ടെന്ന മറികടക്കാനാകുന്ന ഭൂരിപക്ഷത്തിലാണ് /.

നിലവിൽ ഈ മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ യുഡിഎഫിന് മൊത്തത്തിൽ അനുകൂലം ആയതിനാൽ ഇപ്പോൾ കയ്യിൽ ഉള്ള സീറ്റുകൾ നില നിർത്താനായാൽ അടുത്ത തിരഞ്ഞെടുപ്പ് അവർക്കൊരു ബാലികേറാ മലയല്ല / എന്നാൽ ഏറ്റവും അടുത്ത നാളുകളിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഓർമ്മ വളരെ കുറവുള്ള ജനാധിപത്യത്തിൽ ഭരണ മാറ്റത്തെയും തുടർച്ചയെയും ഒക്കെ നിയത്രിക്കുന്നതു എന്നതും ഇത്തരം വിലയിരുത്തലുകളിൽ പ്രധനമാണ് . കോൺഗ്രസിനെ സംബന്ധിച്ച് രണ്ടു വര്ഷം കൊണ്ട് അവർ നേടിയെടുത്ത ആത്മ വിശ്വാസം ഏറെ പ്രധാനവുമാണ് .

തൃക്കാക്കരയിൽ ഇരട്ടി ഭൂരിപക്ഷം , പുതുപ്പള്ളിയിൽ മൂന്നിരട്ടി

വലിയ ആൽമവിശ്വാസത്തോടെയാണ് തൃക്കാക്കരയിലും പുതുപ്പള്ളിയിലും സിപിഎം കടന്നു വന്നത് /. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ അമേരിക്കയിൽ കഴിയുന്ന മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന കാരണത്താൽ മാറ്റി ശുപാർശ പുറത്തു എത്തിയെന്നു ആരോപണം കേൾക്കേണ്ടി വന്ന സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാണ് സിപിഎം മണ്ടത്തരങ്ങൾക്ക് തുടക്കമിട്ടത് .

എഴുതിയ മതിലുകൾ മായ്ച്ചു കളഞ്ഞ സിപിഎം പ്രവർത്തകർ അന്ന് നേരിട്ടത് പുറത്തു പറയാനാകാത്ത വികാരമാണ് . അതോടൊപ്പം അവരെ വിശ്വാസത്തിലെടുക്കാതെ പുറത്തു നിന്നും ആളെ ഇറക്കിയാണ് സിപിഎം പണക്കൊഴുപ്പിൽ തന്ത്രങ്ങൾ കൊയ്‌തെടുത്തത് . അതെ അബദ്ധം വീണ്ടും പുതുപ്പലിയിലും അവസാന ദിവസങ്ങളിൽ ആവർത്തിച്ചു . കൊട്ടിക്കലാശത്തിൽ ഓളം സൃഷ്ടിച്ചു ജന മനസിനെ സ്വാധീനികം എന്ന വികല ചിന്തയാണ് ഇപ്പോൾ സിപിഎം തിരഞ്ഞെടുപ്പുകളിൽ പയറ്റുന്നത് .

പ്രാദേശിക തിരഞ്ഞെടുപ്പിൽ ഇത് സ്വാധീനിക്കുമെങ്കിലും നിയമ സഭയിലും ലോക് സഭയിലും ജനങ്ങൾ കുറേക്കൂടി സൂക്ഷമമായി ചിന്തിക്കും എന്നാണ് പാർട്ടി മറന്നു പോകുന്നത് . ഇതുകൊണ്ടു കൂടിയാണ് തൃക്കാക്കരയിൽ പിടി തോമസ് നേടിയ ഭൂരിപക്ഷം ഉമാ ഇരട്ടിയാക്കിയതും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി നേടിയ ഭൂരിപക്ഷത്തെ ചാണ്ടി ഉമ്മൻ മൂന്നിരട്ടിയാക്കിയതും . ഇതൊക്കെ സൂചനകളാണ് . മുദ്രാവാക്യം വിളിപോലെ സൂചന കണ്ടു പഠിച്ചില്ലെങ്കിൽ നഷ്ടം സിപിഎമ്മിന് മാത്രമാണ് , മറ്റാർക്കുമല്ല എന്നും പറയാതിരിക്കാനാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP