Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്ത്രിയാണു പരമാധികാരിയെന്നു പറയുന്ന കാലമൊക്കെ പോയെന്ന് വെള്ളാപ്പള്ളി; നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമല്ല ലക്ഷ്യമിടുന്നതെന്ന് അക്കീരമണും; ശബരിമലയെ ചൊല്ലി ബിഡിജെഎസിൽ കലഹം; തുഷാറിന്റെ പാർട്ടി പിളർപ്പിലേക്കോ?

തന്ത്രിയാണു പരമാധികാരിയെന്നു പറയുന്ന കാലമൊക്കെ പോയെന്ന് വെള്ളാപ്പള്ളി; നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമല്ല ലക്ഷ്യമിടുന്നതെന്ന് അക്കീരമണും; ശബരിമലയെ ചൊല്ലി ബിഡിജെഎസിൽ കലഹം; തുഷാറിന്റെ പാർട്ടി പിളർപ്പിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ തന്ത്രിയാണു പരമാധികാരിയെന്നു പറയുന്ന കാലമൊക്കെ പോയെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ബിഡിജെഎസിൽ ഭിന്നതയ്ക്ക് കളമൊരുക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുമായി സഹകരിക്കാതെ മാറി നിൽക്കുന്ന യോഗക്ഷേമസഭയുടെ നേതാവ് കൂടിയായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് വെള്ളാപ്പള്ളിയെ വിമർശിച്ച് രംഗത്ത് വന്നു. ശബരിമലയിൽ വരുത്തേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന്റെ പ്രായോഗികത ഉൾക്കൊള്ളണമെന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സ്വീകരിക്കാനാവില്ലെന്നാണ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ നിലപാട്. നായാടി മുതൽ നമ്പൂതിരിവരെയുള്ളവരുടെ ഐക്യം ലക്ഷ്യമിട്ട് വെള്ളാപ്പള്ളി നടത്തിയ യാത്രയിൽ അക്കീരമണ്ണും പങ്കെടുത്തിരുന്നു. വിശാല ഹിന്ദു ഐക്യത്തിന്റെ പ്രസക്തി ഉയർത്തിയായിരുന്നു ഇത്. എന്നാൽ ശബരിമല വിഷയത്തിൽ തന്ത്രയെ തള്ളിപ്പറഞ്ഞതോടെ യോഗക്ഷേമ സഭയുടെ നേതാവ് വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞത് ബിഡിജെഎസിലെ ഭിന്നതയാണ് വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി അടുക്കുന്നതിനോട് സംഘപരിവാറിനും താൽപ്പര്യമില്ല. മൈക്രോ ഫിനാൻസ് കേസുകളിലെ വിജിലൻസ് അന്വേഷണം അട്ടിമറിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായിയുമായി വെള്ളാപ്പള്ളി രഹസ്യകൂടിക്കാഴ്ച നടത്തിയ വാർത്ത മംഗളവും റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി വിലപേശൽ നടത്തി തുഷാറിനെ കേന്ദ്രമന്ത്രിയാക്കാൻ വെള്ളാപ്പള്ളി ശ്രമിച്ചിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല. ഇതിനിടെ മൈക്രോ ഫിനാൻസ് അഴിമതിയുമെത്തി. ഈ സാഹചര്യത്തിൽ സിപിഎമ്മുമായി അടുക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. എസ് എൻ കോളേജിലെ പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതും ഇതിന്റെ ഭാഗമാണെന്ന് സംഘപരിവാർ കാണുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിലെ പിളർപ്പിന്റെ സൂചന നൽകി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും എത്തുന്നത്. ബിഡിജെഎസിന്റെ വൈസ് പ്രസിഡന്റാണ് നിലവിൽ അക്കീരമൺ.

ശബരിമലയിലെ പ്രസ്താവനയാണ് ബിഡിജെഎസിലെ പോരിന് പുതിയ മാനം നൽകുന്നത്. ശബരിമലയിൽ എല്ലാദിവസവും നടതുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതു. സദുദ്ദേശ്യപരമാണ്. അത് ആചാരങ്ങൾക്ക് എതിരാണെങ്കിൽ ഭക്തജനങ്ങളുമായി ആലോചിച്ചു തീരുമാനം എടുക്കണം. തന്ത്രിയാണു പരമാധികാരിയെന്നു പറയുന്ന കാലമൊക്കെ പോയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഹിന്ദു ഐക്യത്തിന് വേണ്ടി നിൽക്കുന്നവർ അചാരപരമായ കാര്യങ്ങളിൽ തന്ത്രിയെ കുറ്റപ്പെടുത്തുന്നത് എങ്ങനെയെന്നാണ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ നിലപാട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ ബിജെപിയും തള്ളിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ് അക്കീരമണും എത്തുന്നത്. തുഷാറിന്റേയും വെള്ളാപ്പള്ളിയുടേും മാത്രം പാർട്ടിയല്ല ബിഡിജെഎസ് എന്ന മുന്നറിയിപ്പാണ് പരസ്യ വിമർശനത്തിലൂടെ അക്കീരമൺ നൽകുന്നത്.

ശബരിമലയിൽ ആചാരങ്ങൾ തുടരുകതന്നെ വേണമെന്ന നിലപാടു വ്യക്തമാക്കി തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തിയിരുന്നു. ആചാരാനുഷ്ഠാനങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം മതവിശ്വാസികൾക്കു നൽകുന്നതാണു മതേതരത്വവും മതസ്വാതന്ത്ര്യവുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കൂട്ടിച്ചേർത്തു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നാണു കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. ക്ഷേത്രങ്ങളിൽ പോകാത്തവർ ആരാധനാക്രമം പറയേണ്ടെന്നാണ് ബിജെപിയുടേയും പ്ക്ഷം. ഇതിന് വിരുദ്ധമായി വെള്ളാപ്പള്ളി പ്രസംഗിക്കുന്നത് സിപിഐ(എം) മനസ്സ് അനുകൂലമാക്കാനാണെന്നാണ് വലിയിരുത്തൽ. ഇതിൽ ബിഡിജെഎസിലെ ബ്രാഹ്മണസമുദായ പ്രതിനിധിയായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും കെപിഎംഎസ് പ്രതിനിധിയായ ടിവി ബാബുവും എതിരഭിപ്രായത്തിലാണ്. വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ പരസ്യമായി പ്രതികരിക്കാനാണ് നിലപാട്. ഇതുണ്ടായാൽ ബിഡിജെഎസ് പിളരുമെന്ന് ഉറപ്പാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് അക്കൗണ്ട് തുറക്കാനായില്ല. അക്കീരമണും ടിവി ബാബുവും മുന്നാം സ്ഥാനത്തുമായി. ഇതോടെ തന്നെ വിമർശനവുമായി അക്കീരമൺ എത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ പാർട്ടിയായി മാത്രം ബിഡിജെഎസ്സിനെ ജനങ്ങൾ കണ്ടത് തെരെഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് അക്കീരമൺ പറഞ്ഞിരുന്നു. എൻഡിഎക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും തെരെഞ്ഞെടുപ്പിലെ പാഠങ്ങൾ ഉൾകൊണ്ട് മുന്നോട്ട് പോകുമെന്നും അക്കീരമൺ വിശദീകരിക്കുകയും ചെയ്തു. ഹിന്ദുക്കളുടേയും പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശന്റേയും എസ്എൻഡിപിയുടേയും പാർട്ടിയായി മാത്രം ബിഡിജെഎസ്സിനെ ജനങ്ങൾ കണ്ടതും അതിനെ ചെറുക്കാൻ പാർട്ടിക്കാകാത്തതും മതനിരപേക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ പരാജയപ്പെടാൻ കാരണമായെന്ന് അക്കീരമൺ വിലയിരുത്തുന്നു.

സംവരണ വിഷയമുയർത്തി എൻഡിഎക്കുള്ളിൽ പ്രശ്‌നങ്ങളുണ്ടാക്കനുള്ള ശ്രമങ്ങൾ വിലപ്പോവില്ല. ബിഡിജെഎസ്സിന്റെ കടന്നു വരവ് ഇടതുപക്ഷത്തെ ഭയപ്പെടുത്തുന്നുണ്ട്. നാലുമാസം കൊണ്ടുണ്ടായ വളർച്ച പ്രതീക്ഷകൾക്കപ്പുറമാണ്. തെരെഞ്ഞെടുപ്പിലെ പാഠങ്ങൾ ഉൾകൊണ്ട് ബിഡിജെഎസ്സിന്റെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തുമെന്നും അക്കീരമൺ തുറന്നു പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി കമ്മറ്റികൾ പോലും കൂടിയിരുന്നില്ല. അമിത് ഷായുമായി ചർച്ച നടത്തി സ്ഥാനമാനങ്ങൾ നേടാനായിരുന്നു തുഷാറിന്റേയും ശ്രമം. ഈ സാഹചര്യത്തിൽ എസ്എൻഡിപിയുമായുള്ള ബന്ധം വിച്ഛേദിക്കാനാണ് അക്കീരമൺ നീക്കം നടത്തുന്നതെന്നാണ് സൂചന. ശബരിമല വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ സിപിഐ(എം) അനുകൂല നിലപാട് തുടരുന്നത് ഇതിന് പറ്റിയ സമയമായും അദ്ദേഹം കാണുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP