Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം മടിച്ചു നിന്ന പ്രിയങ്ക തീരുമാനം മാറ്റിയത് കോൺഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ രാഹുലിന് തനിയെ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്കു ഉറപ്പായപ്പോൾ; രാഹുൽ ക്ഷണിക്കുന്നതു വരെ കാത്തിരുന്ന സോണിയ ഒടുവിൽ പച്ചക്കൊടി കാട്ടിയത് മുമ്പിലുള്ള വെല്ലുവിളി ദുഷ്‌കരമെന്ന് രാഹുലിന് ഉറപ്പായപ്പോൾ; വരുൺ ഗാന്ധിയെ കോൺഗ്രസ് പാളയത്തിൽ എത്തിച്ചും ഒറ്റയ്ക്ക് യുപിയിൽ തിളങ്ങിയും ഇന്ത്യൻ രാഷ്ട്രീയയത്തിന്റെ പ്രിയദർശനിയാകാൻ ഒരുങ്ങി ഇന്ദിരയുടെ കൊച്ചുമക്കൾ

ആദ്യം മടിച്ചു നിന്ന പ്രിയങ്ക തീരുമാനം മാറ്റിയത് കോൺഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ രാഹുലിന് തനിയെ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്കു ഉറപ്പായപ്പോൾ; രാഹുൽ ക്ഷണിക്കുന്നതു വരെ കാത്തിരുന്ന സോണിയ ഒടുവിൽ പച്ചക്കൊടി കാട്ടിയത് മുമ്പിലുള്ള വെല്ലുവിളി ദുഷ്‌കരമെന്ന് രാഹുലിന് ഉറപ്പായപ്പോൾ; വരുൺ ഗാന്ധിയെ കോൺഗ്രസ് പാളയത്തിൽ എത്തിച്ചും ഒറ്റയ്ക്ക് യുപിയിൽ തിളങ്ങിയും ഇന്ത്യൻ രാഷ്ട്രീയയത്തിന്റെ പ്രിയദർശനിയാകാൻ ഒരുങ്ങി ഇന്ദിരയുടെ കൊച്ചുമക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ കരുത്തയായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധി. ഇന്ദിരയുടെ ഓർമ്മകൾ ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ്. ഇന്ദിരയുടെ പിൻഗാമിയായി ഏവരും കണ്ടിരുന്നത് പ്രിയങ്കാ ഗാന്ധിയെയായിരുന്നു. കൊച്ചുമകൾക്ക് ഇന്ദിരയുമായുള്ള രൂപസാമ്യമായിരുന്നു ഇതിന് കാരണം. ഒടുവിൽ നിർണ്ണായക സാഹചര്യത്തിൽ പ്രിയങ്കയും രാഷ്ട്രീയത്തിൽ എത്തുകയാണ്. അതും കേന്ദ്രത്തിൽ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കാൻ. വലിയ വെല്ലുവിളിയാണ് ചേട്ടൻ കൂടിയായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രിയങ്കയ്ക്ക് നൽകുന്നത്. അതും മോദിയെ തോൽപ്പിച്ച് കോൺഗ്രസിനെ മുന്നോട്ട് നയിക്കുകയെന്ന ദൗത്യം. അമ്മ സോണിയാ ഗാന്ധിയുടെ സമ്മതത്തോടെയാണ് പ്രിയങ്കയുടെ വരവ്. ഇനി രാഹുൽ-പ്രിയങ്ക കൂട്ടുകെട്ട് കോൺഗ്രസിനെ നയിക്കും. ഇവർക്കൊപ്പം ഇന്ദിരയുടെ മറ്റൊരു കൊച്ചുമകനായ വരുൺ ഗാന്ധിയും ചേരുമെന്നാണ് സൂചന. ഇതോടെ നെഹ്‌റു കുടുംബത്തിന്റെ പിൻതലമുറക്കാരുടെ ഐക്യവും സാധ്യമാകും. ഇതിന് കളമൊരുക്കാനാണ് യുപിയിൽ പ്രിയങ്കയെ രാഹുൽ കളത്തിൽ ഇറക്കുന്നത്.

രാഷ്ട്രീയത്തോട് പ്രിയങ്കയ്ക്ക് ഒരിക്കലും താൽപ്പര്യമില്ലായിരുന്നു. എന്നാൽ പലപ്പോഴും രാഹുലിന്റെ സാഹയത്തിന് പ്രിയങ്ക ഓടിയെത്തി. അമേഠിയിലും റായ് ബറേലിയിലും നിറഞ്ഞു. സോണിയയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുന്നിൽ നിന്നാണ് പ്രിയങ്ക കാര്യങ്ങളിലേക്ക് ഇടപെടൽ തുടങ്ങിയത്. അപ്പോഴും രാഹുലിനെ തന്നെയാണ് സോണിയ ഉയർത്തിക്കാട്ടിയത്. അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാണെന്ന സൂചനകളും നൽകി. എന്നാൽ മോദിയെ വെല്ലുവിളിക്കാനുള്ള കരുത്ത് രാഹുലിനുണ്ടോ എന്ന സംശയം സജീവമായി. ഇതിനിടെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് മികച്ച വിജയം നേടിയത്. ഇതോടെ ഹിന്ദി ഹൃദയഭൂമിയിൽ അത്ഭുതം സൃഷ്ടിക്കാനുള്ള കരുത്ത് രാഹുലിനുണ്ടെന്ന് വിലയിരുത്തലെത്തി. അപ്പോഴും കോൺഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രിയങ്ക രംഗത്ത് വന്നേ മതിയാകൂവെന്ന വിലയിരുത്തലെത്തി. ഇതോടെ പ്രിയങ്കയോട് രാഷ്ട്രീയത്തിൽ ഇറങ്ങാൻ സോണിയ നിർദ്ദേശിച്ചു. രാഹുലും സമ്മതം മൂളി. അങ്ങനെ രാഹുൽ-പ്രിയങ്ക സഖ്യം കോൺഗ്രസിനെ നയിക്കാനെത്തുന്നു.

ബിജെപിക്കാരനാണ് ഇന്ദിരയുടെ മൂന്നാമത്തെ പിന്തുലമുറക്കാരൻ. ഇന്ദിരയുടെ രണ്ടാമത്തെ മകനായ സഞ്ജയ് ഗാന്ധിയുടെ മകന് സഹോദരിയായ പ്രിയങ്കയുമായി അടുത്ത ബന്ധമാണ് ഉള്ളത്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിൽക്കുമ്പോഴും പ്രിയങ്കയായിരുന്നു വരുണിന്റെ പ്രധാന ഉപദേഷ്ടാവ്. യുപിയിൽ ബിജെപിയുമായി തെറ്റി നിൽക്കുന്ന വരുണും കോൺഗ്രസിൽ എത്തുമെന്നാണ് വിലയിരുത്തൽ. വരുൺ ഗാന്ധി കോൺഗ്രസിൽ ഉടൻ ചേരും. ഇതോടെ 35 വർഷത്തിനുശേഷം നെഹ്രുകുടുംബം ഒന്നിക്കാൻ വഴിയൊരുങ്ങുകയാണ്. കുറേ നാളായി ബിജെപി നേതൃത്വവുമായി അകൽച്ചയിലാണ് വരുൺഗാന്ധി. ബിജെപി സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലൊന്നും ഇപ്പോൾ വരുൺ പങ്കെടുക്കാറില്ല. കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെുടുപ്പിലും വരുൺ ഗാന്ധി ബിജെപി നിരയിൽ തെളിഞ്ഞിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരുൺ പിണക്കത്തിലുമാണ്. അതുകൊണ്ട് തന്നെ ബിജെപിയിൽ ഇനി നിന്നിട്ട് കാര്യമില്ല. ഈ സാഹചര്യത്തിലാണ് വരുൺ കോൺഗ്രസിലേക്ക് പോകുന്നത്. ഇതിന് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കൂടുതൽ വേഗം നൽകും.

35 വർഷത്തെ കാത്തിരിപ്പിന് ശേഷം നെഹ്രു കുടുംബത്തിലെ അനന്തരാവകാശികൾ ഒന്നിക്കാൻ വഴിയൊരുങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വരുണിനെ ബിജെപി തഴഞ്ഞതും, പ്രധാന മന്ത്രിയെ വിമർശിച്ച് വരുൺ രംഗത്ത് വന്നതുമെല്ലാം ഈ അസ്വാരസ്യങ്ങൾക്കുള്ള തെളിവാണ്. ഏറെ കാലമായി പാർട്ടി ചടങ്ങുകളിൽ വരുൺ പങ്കെടുക്കാറില്ല. വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുകയാണെങ്കിൽ അതിന്റെ പ്രേരക പ്രിയങ്ക ഗാന്ധിയായിരിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ വരുൺ ഗാന്ധിയുടെ അമ്മയായ മേനകാ ഗാന്ധി ബിജെപി മന്ത്രിയായതിനാൽ വരുൺ കോൺഗ്രസിലേക്ക് വരില്ലെന്ന് കരുതുന്നവരുമുണ്ട്. കുടുംബവുമായി അകലം പാലിച്ചപ്പോഴും പ്രിയങ്കയും രാഹുലുമായി വരുൺ ഗാന്ധിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഈ അടുപ്പമാണ് നെഹ്റു കുടുംബത്തിലെ യുവ തലമുറയെ ഒരുമിപ്പിക്കുന്നത്. ഈ നീക്കത്തിനും പ്രിയങ്കയുടെ പിന്തുണയുണ്ട്. ഇതിലൂടെ യുപിയിൽ കോൺഗ്രസ് കൂടുതൽ കരുത്തരാകും. വരുൺ ഗാന്ധിയും ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിക്കുമെന്നാണ് വിലയിരുത്തൽ.

രാജീവ് ഗാന്ധിയുടെ അനുജനാണ് സഞ്ജയ് ഗാന്ധി. മേനകാ ഗാന്ധിയെ സഞ്ജ് ഗാന്ധി വിവാഹം ചെയ്തത് അമ്മയായ ഇന്ദിരാ ഗാന്ധി അംഗീകരിച്ചിരുന്നില്ല. പിന്നീട് വിവാദ വിമാന അപകടത്തിൽ സഞ്ജയ് ഗാന്ധി മരിക്കുകയും ചെയ്തു. ഇതോടെ മനേകയും വരുണും നെഹ്റു കുടുംബത്തിൽ നിന്ന് അകന്ന് ജീവിതവും തുടങ്ങി. കോൺഗ്രസ് വിരുദ്ധ ചേരിയിലുമായി മേനക. മകന്റെ രാഷ്ട്രീയ പ്രവേശനവും ബിജെപിയിലായി. ബിജെപിയുടെ യുപിയിലെ ഭാവി മുഖമായി വരുൺ മാറുമെന്നും വിലയിരുത്തലെത്തി. എന്നാൽ മോദി എത്തിയതോടെ കാര്യങ്ങൾ മാറി. മോദിയുടെ ശത്രുപക്ഷത്തായി ബിജെപിയിൽ വരുൺ ഗാന്ധി. ഈ അകലച്ച കൂടി വരികയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത്. ലോക്സഭയിൽ സുൽത്താൻപൂരിനെയാണ് വരുൺ പ്രതിനിധാനം ചെയ്യുന്നത്. ഇത്തരത്തിൽ വലിയ രാഷ്ട്രീയ കളികളാണ് പ്രിയങ്ക യുപിയിൽ ലക്ഷ്യമിടുന്നത്. ഇതെല്ലാം മനസ്സിൽ വച്ച് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങണമെന്ന് നിർദ്ദേശിച്ചതു രാഹുൽ ഗാന്ധിയാണ്. അമ്മ സോണിയ ഇതിനെ പൂർണ്ണ മനസോയെ അംഗീകരിച്ചു. ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന യുപിയിൽ ഇക്കുറി തനിക്കൊപ്പമുണ്ടാവണമെന്ന രാഹുലിന്റെ അഭ്യർത്ഥന സഹോദരി നിറ മനസ്സോടെ സ്വീകരിച്ചപ്പോൾ, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തിനു വഴിതുറന്നു.

യുപിയിൽ തങ്ങളെ ഒഴിവാക്കി എസ്‌പിയും ബിഎസ്‌പിയും സഖ്യത്തിനു കൈകോർത്തതിനു പിന്നാലെ, സംസ്ഥാനത്തിനായി പ്രത്യേക രാഷ്ട്രീയ തന്ത്രം വേണമെന്നു പാർട്ടിയിലെ മുതിർന്ന നേതാക്കളോടു രാഹുൽ നിർദ്ദേശിച്ചു. കഴിഞ്ഞ 13നു ഡൽഹിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം അതിനുള്ള പ്രാരംഭ ചർച്ചകൾ നടത്തി. സംസ്ഥാനത്തു പ്രിയങ്കയ്ക്കു സജീവ റോൾ നൽകണമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. കോർ കമ്മിറ്റിയിലെ ആദ്യഘട്ട ചർച്ചകൾക്കു ശേഷം വിഷയം പരിഗണിച്ച രാഹുൽ തന്റെ അഭിപ്രായം അവതരിപ്പിച്ചു - സംഘടനയുടെ മുഖ്യ പദവിയിൽ പ്രിയങ്കയെ യുപിയിൽ നിയോഗിക്കുകയും ചെയ്തു. കോർ കമ്മറ്റിയിൽ പ്രിയങ്ക വിഷയം ചർച്ചയാക്കിയത് സോണിയയോട് അടുപ്പമുള്ളവരാണ്. രാഹുലിന് പ്രിയങ്കയുടെ പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. നിർണായക തിരഞ്ഞെടുപ്പിൽ യുപിയിൽ തകർന്നടിയുന്നതു തിരിച്ചടിയാകുമെന്നും പ്രവർത്തകർക്ക് ഊർജം പകരാൻ പ്രിയങ്ക വേണമെന്നും ആദ്യം തിരിച്ചറിഞ്ഞത് സോണിയയായിരുന്നു. തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്കാവില്ലെന്നും പ്രിയങ്കയുടെ വരവു യുപിയിൽ കാര്യങ്ങൾ എളുപ്പമാക്കുമെന്നുമുള്ള രാഹുലിന്റെ തിരിച്ചറിവും കാര്യങ്ങൾ എളുപ്പമുള്ളതായി.

വരുൺ കൂടി എത്തിയാൽ, യുപിയിൽ കോൺഗ്രസിന്റെ സാധ്യത ഗണ്യമായി വർധിക്കുമെന്ന അഭിപ്രായം പാർട്ടിക്കുള്ളിലുണ്ട്. കോൺഗ്രസിൽ ചേരുന്നതിനുള്ള പരോക്ഷ സൂചനകൾ വരുണുമായി അടുപ്പമുള്ളവർ അറിയിച്ചിട്ടുണ്ട്. അമ്മ മേനകയെ ബിജെപിയിൽ വിട്ട് കോൺഗ്രസിൽ ചേരുന്നതിലെ ബുദ്ധിമുട്ടാണു നിലവിലുള്ള തടസ്സം. ഇക്കാര്യത്തിൽ പ്രിയങ്കയുടെ ഇടപെടൽ നിർണയകമാവും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിൽ മോദി തരംഗം ആഞ്ഞടിച്ചിരുന്നു. അന്ന് വാരണാസിയിലെ പ്രചരണത്തിനുള്ള യാത്രയ്ക്കിടെ മോദി സുൽത്താൻ പൂരിലുമെത്തി. എന്നാൽ മോദി പോയി കാണാൻ വരുൺ കൂട്ടാക്കിയില്ല. മറിച്ച് മണ്ഡലത്തിലെ പ്രചരണത്തിൽ മാത്രമാണ് വരുൺ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് കാരണമാണ് മോദിയുടെ മന്ത്രിസഭയിൽ വരുണിനെ എടുക്കാത്തത്. പിന്നീട് യുപിയിലെ ബിജെപിയിൽ വരുണിന്റെ പ്രസക്തിയും കുറഞ്ഞു. ഇതിനിടെ ഹണിട്രാപ്പ് ആരോപണത്തിൽ വരുണിനെ കുടുക്കാൻ ശ്രമം നടന്നു. ഇതിന് പിന്നിൽ ബിജെപിയിലെ ഉന്നതരാണെന്ന പരാതി വരുണിനുണ്ട്. യുപിയിൽ മുഖ്യമന്ത്രിയാക്കാതിരിക്കാൻ നടത്തിയ നീക്കമാണ് ഇതിന് പിന്നിലെന്നാണ് വരുൺ കരുതുന്നത്.

അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷനായ ശേഷം വരുൺ പാർട്ടിയിൽ ഒതുക്കപ്പെട്ടിരുന്നു. 2015ൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വരുൺ ഗാന്ധിയെ നീക്കിയിരുന്നു. ഇതിൽ നിന്നെല്ലാം തുടങ്ങിയ കടുത്ത അതൃപ്തിയാണ് വരുണിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു വരുൺ ഗാന്ധി. അമിത് ഷായുടെ കോർ ടീമിൽ നിന്ന് മാറ്റിനിർത്തപ്പെട്ട വരുൺ ഗാന്ധി, നേതൃത്വവുമായി അകന്നിരുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ തിരിച്ചുവരവ് വരുൺ ലക്ഷ്യമിട്ടു. ഓരോ ജില്ലകളിലും അനുയായികളെ സംഘടിപ്പിച്ച് സ്വാധീനം വർദ്ധിപ്പിക്കാൻ വരുൺ ഗാന്ധി ശ്രമിച്ചിരുന്നു. എന്നാൽ വരുണിനെ പാർട്ടി നേതൃത്വം ഒതുക്കി. സ്ഥാനാർത്ഥി നിർണയ ചർച്ചകളിലോ തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ യാതൊരു പങ്കും വരുണിനുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തന്റെ സമപ്രായക്കാരനായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത് വരുണിന്റെ അതൃപ്തി കൂട്ടി.

യുപിയിൽ ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖമാകാൻ വരുൺ ഏറെ ശ്രമിച്ചിരുന്നു. 2009ൽ മുസ്ലീങ്ങൾക്കെതിരായ പ്രകോപനപരമായ വർഗീയ പ്രസംഗത്തിന്റെ പേരിലുള്ള കേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചു. ബിജെപിയിൽ യാതൊരു പ്രാധാന്യവും തനിക്കില്ലെന്ന തിരിച്ചറിവിലാണ് വരുണിന്റെ പുനർവിചിന്തനം. സോണിയയുമായുള്ള വരുണിന്റെ ചർച്ചകൾക്ക് മുൻകൈ എടുത്തത് പ്രിയങ്കയാണ്. സോണിയ കുടുംബവുമായി അകൽച്ചയിൽ നിൽക്കുമ്പോളും പ്രിയങ്കയുമായി വരുൺ ബന്ധം പുലർത്തിയിരുന്നു. സഞ്ജയ് ഗാന്ധിയുടെ മരണത്തിന് (1980) ശേഷം, 1983ലാണ് മേനക ഗാന്ധി കോൺഗ്രസ് വിട്ടതും സഞ്ജയ് വിചാർ മഞ്ച് എന്ന പാർട്ടി രൂപീകരിച്ചതും. വരുൺ നേരത്തെ തന്നെ കോൺഗ്രസുമായി ബന്ധപ്പെടാൻ ആഗ്രഹിച്ചപ്പോഴും മേനക ശക്തിയായി എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി നേതൃത്വം വരുണിനെ അവഗണിക്കുന്ന സാഹചര്യത്തിൽ മേനകയ്ക്കും മകനെ കോൺഗ്രസിൽ ചേരുന്നതിൽ നിന്ന് തടയാനാകില്ലെന്നാണ് വിലിയുരത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP