Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയങ്കയെ കളത്തിൽ ഇറക്കാൻ രാഹുൽ തുനിഞ്ഞത് മായാവതിയും അഖിലേഷും ചേർന്ന് ചതിച്ചതോടെ പ്രധാനമന്ത്രി പദം സ്വപ്‌നമാകുമെന്ന് കരുതി; എസ് പി-ബിഎസ് പി സഖ്യത്തിന് നൽകിയത് കോൺഗ്രസ് ഇല്ലെങ്കിൽ സമ്പൂർണ്ണ വിജയം സാധ്യമാകില്ലെന്ന സന്ദേശം; ഇന്ത്യാ ടുഡേ സർവ്വേ അടിവരയിടുന്നതും ഈ മുന്നറിയിപ്പ് തന്നെ; കോൺഗ്രസ് യുപിയിൽ കരുത്തറിയിച്ചാൽ നേട്ടം ബിജെപിക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ് അഖിലേഷും മായാവതിയും

പ്രിയങ്കയെ കളത്തിൽ ഇറക്കാൻ രാഹുൽ തുനിഞ്ഞത് മായാവതിയും അഖിലേഷും ചേർന്ന് ചതിച്ചതോടെ പ്രധാനമന്ത്രി പദം സ്വപ്‌നമാകുമെന്ന് കരുതി; എസ് പി-ബിഎസ് പി സഖ്യത്തിന് നൽകിയത് കോൺഗ്രസ് ഇല്ലെങ്കിൽ സമ്പൂർണ്ണ വിജയം സാധ്യമാകില്ലെന്ന സന്ദേശം; ഇന്ത്യാ ടുഡേ സർവ്വേ അടിവരയിടുന്നതും ഈ മുന്നറിയിപ്പ് തന്നെ; കോൺഗ്രസ് യുപിയിൽ കരുത്തറിയിച്ചാൽ നേട്ടം ബിജെപിക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ് അഖിലേഷും മായാവതിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യുപിയിൽ വിശാല സഖ്യമാണ് കോൺഗ്രസ് പ്രതീക്ഷിച്ചത്. ലോക്‌സഭയിലെ സീറ്റ് നേട്ടം മൂന്നക്കം കടത്താൻ ഇതിലൂടെ കഴിയുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കരുതി. എന്നാൽ എസ് പിയും ബിഎസ് പിയും രാഹുലിന്റെ പ്രതീക്ഷകളെ തെറ്റിച്ചു. കോൺഗ്രസിനെ ഒഴിവാക്കി അഖിലേഷ് യാദവും മായാവതിയും കൈകോർത്തു. ഇതോടെ യുപിയിൽ കോൺഗ്രസ് അപ്രസക്തമാകുമെന്ന സ്ഥിതി വന്നു. രാഹുലിന്റെ അമേഠിയിൽ പോലും വിജയസാധ്യതയില്ലെന്ന അവസ്ഥയെത്തി. ഇതോടെയാണ് തുറുപ്പു ചീട്ടിനെ രാഹുൽ പുറത്തിറക്കിയത്. കിഴക്കൻ ഉത്തർപ്രദേശ് (പൂർവാഞ്ചൽ) പ്രിയങ്ക ഗാന്ധിയെ ഏൽപിക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതു മികച്ച പോരാട്ടവും പഴയ പ്രതാപത്തിന്റെ വീണ്ടെടുപ്പും. ഇതിലൂടെ അഖിലേഷിനും മായാവതിക്കും ചില സന്ദേശവും രാഹുൽ നൽകുകയാണ്.

കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തിലൂടെ യുപിയിൽ സമ്പൂർണ്ണ വിജയം നേടാനാകില്ലെന്ന സന്ദേശം. പ്രിയങ്കാ ഗാന്ധിയെ മുന്നിൽ നിർത്തി പഴയ ഇന്ദിരാ തരംഗമുണ്ടാക്കാനാണ് രാഹുലിന്റെ ശ്രമം. ഇതിലൂടെ പരമാവധി വോട്ട് നേടുമെന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. എല്ലാ മണ്ഡലങ്ങളിലും പോരാട്ടം അതിശക്തമാക്കുകയും ചെയ്യും. അതായത് പ്രതിപക്ഷ നിരയിലെ വോട്ട് ഭിന്നിക്കുന്നതിലെ ഗുണം ബിജെപിക്ക് കിട്ടും. ഇതോടെ യുപി പടിക്കാനുള്ള അഖിലേഷിന്റേയും മായാവതിയുടേയും മോഹങ്ങൾ അപ്രസക്തമാവും. ഇത്തരത്തിലൊരു സമ്മർദ്ദ രാഷ്ട്രീയമാണ് പ്രിയങ്കയെ ഇറക്കി രാഹുൽ പയറ്റുന്നത്. യുപിയിലെ വിശാല സഖ്യത്തിലേക്ക് കോൺഗ്രസിനേയും എത്തിക്കാനുള്ള സമർത്ഥമായ കരുനീക്കമാണ് ഇത്.

ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്ന ഒട്ടേറെ നിർണായക മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖല ഒരുകാലത്ത് കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു. സമീപകാലത്തു കോൺഗ്രസ് ഏറ്റവും മികച്ച പോരാട്ടം കാഴ്ചവച്ച 2009ൽ കിഴക്കൻ യുപിയിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി 11 സീറ്റ്. എന്നാൽ, 2014ൽ വിജയം രാഹുൽ ഗാന്ധിയുടെ അമേഠിയിൽ മാത്രമായൊതുങ്ങി. അമേഠിയുടെ അയൽമണ്ഡലമാണെങ്കിലും സോണിയ ഗാന്ധിയുടെ റായ്ബറേലി കിഴക്കൻ യുപിക്കു പുറത്താണ്. ഇതെല്ലാം കണക്കിലെടുത്താണ് കിഴക്കൻ യുപിയെ പ്രിയങ്കയെ ഏൽപ്പിക്കുന്നത്. യുപിയിൽ ഓടി നടന്ന് സംഘടനാ സംവിധാനം പ്രിയങ്ക ശക്തമാക്കും. ഇതിനൊപ്പം പ്രചരണത്തിൽ താരമാവുകയും ചെയ്യും. ഇതിന്റെ ഗുണം വോട്ടിൽ പ്രതിഫലിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഏതായാലും പ്രിയങ്കയുൾപ്പെടുന്ന കോൺഗ്രസിനെ മറന്നു കളിച്ചില്ലെങ്കിൽ കൂടുതൽ നേട്ടം പ്രതിപക്ഷ സഖ്യത്തിന് ഉണ്ടാകുമെന്ന സൂചനയാണ് ഇന്ത്യാ ടുഡേ-കാർവി സർവ്വംയും നൽകുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയും (എസ്‌പി) ബഹുജൻ സമാജ് പാർട്ടിയും(ബിഎസ്‌പി) കോൺഗ്രസുമായി ചേർന്നു സഖ്യമുണ്ടാക്കിയാൽ ബിജെപിക്ക് കനത്ത തിരിച്ചടിയേൽക്കുമെന്നു സർവേ. മൂന്നു കക്ഷികളും ഒരുമിച്ചാൽ ഉത്തർപ്രദേശിൽ ബിജെപി അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് ഇന്ത്യ ടുഡേ കാർവി തിരഞ്ഞെടുപ്പ് സർവേ പ്രവചിക്കുന്നത്. ഇങ്ങനെയായാൽ എസ്‌പി, ബിഎസ്‌പി, ആർഎൽഡി, കോൺഗ്രസ് എന്നിവർ ചേർന്ന് 75 സീറ്റുകളിലും വിജയിക്കും. അല്ലാത്ത പക്ഷം ബിജെപിക്ക് 18 സീറ്റ് കിട്ടും. ഇതും വലിയ തിരിച്ചടിയാകും ബിജെപിക്ക് നൽകുക. എന്നാൽ സമ്പൂർണ്ണ പരാജയത്തിലേക്ക് കാര്യങ്ങളെത്തണമെങ്കിൽ കോൺഗ്രസുമായും അഖിലേഷും മായാവതിയും കൂട്ടു കൂടേണ്ടതുണ്ട്.

ആകെ 80 ലോക്‌സഭാ സീറ്റുകൾ ഉള്ള യുപിയിൽ 2014ൽ ബിജെപി അപ്നാദൾ സഖ്യം 73 സീറ്റുകളിലാണ് വിജയിച്ചത്. എന്നാൽ വിശാല സഖ്യം എന്ന സ്വപ്നം യാഥാർഥ്യമായാൽ ബിജെപി അപ്നാദൾ സഖ്യത്തിന്റെ വോട്ടുശതമാനം 43.3 ശതമാനത്തിൽ നിന്ന് 36 ശതമാനത്തിലേക്ക് കൂപ്പുകുത്തും. വിശാല സഖ്യത്തിന്റേത് 50.3 ശതമാനത്തിൽ നിന്ന് 58 ശതമാനമായി വർധിക്കും. നിലവിലെ അവസ്ഥയിൽ എസ്‌പി, ബിഎസ്‌പി, ആർഎൽഡി എന്നിവർ ചേർന്നു 58 സീറ്റുകൾ നേടും. കോൺഗ്രസ് ഒറ്റയ്ക്ക് മൽസരിച്ചാൽ നാല് സീറ്റുകൾ മാത്രമെ ലഭിക്കൂ എന്നും സർവേ പ്രവചിക്കുന്നു. കോൺഗ്രസിനെ മാറ്റിനിർത്തി അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. ഈ ആശങ്ക കൂടുതൽ ശക്തമാക്കാനാണ് പ്രിയങ്കയെ തന്ത്രപരമായി രാഹുൽ കളത്തിൽ ഇറക്കിയത്. തനിക്ക് പ്രധാനമന്ത്രി പദത്തിലേക്ക് നടന്നെത്താൻ ഇത് അനിവാര്യമാണെന്ന് രാഹുൽ തിരിച്ചറിയുന്നു.

നിലവിൽ എസ്‌പിയും ബിഎസ്‌പിയും 38 സീറ്റുകളിൽ വീതം മൽസരിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. ആർഎൽഡിക്ക് രണ്ടു സീറ്റുകളും നൽകും. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും സഖ്യ രൂപീകരണ വേളയിൽ അഖിലേഷും മായാവതിയും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ടുഡേകാർവി സർവേയിൽ യുപിയിലെ വിവിധയിടങ്ങളിൽ നിന്നുള്ള 2,478 പേരാണ് പങ്കെടുത്തത്. 80 സീറ്റുകൾ ഉള്ള യുപിയിലെ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. അതേസമയം, പ്രിയങ്ക ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും യുപിയുടെ ചുമതല കോൺഗ്രസ് ഏൽപ്പിക്കുന്നതിനു മുൻപാണ് വോട്ടെടുപ്പ് നടത്തിയത്. ഇവരുടെ സാന്നിധ്യം ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ബിജെപിക്ക് കൂടുതൽ മികച്ച സാധ്യത യുപിയിൽ ഒരുക്കുകയും ചെയ്യും. ഇത് കാരണം വിശാല സഖ്യത്തിൽ കോൺഗ്രസും എത്തുമെന്നാ് ഇവരുടെ പ്രതീക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി, ജവാഹർ ലാൽ നെഹ്‌റുവിന്റെ മണ്ഡലമായിരുന്ന ഫുൽപുർ, യോഗി ആദിത്യനാഥ് 5 തവണ ജയിക്കുകയും പിന്നീട് യുപി മുഖ്യമന്ത്രിയായി ലോക്‌സഭാംഗത്വം രാജിവച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു നഷ്ടപ്പെടുകയും ചെയ്ത ഗോരഖ്പുർ, അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ്, കുംഭമേള വേദിയായ പ്രയാഗ്രാജ് ഉൾപ്പെടുന്ന അലഹാബാദ്, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മണ്ഡലമായിരുന്ന ബലിയ, സമാജ്വാദി പാർട്ടിയുടെ ഉരുക്കുകോട്ടയായ അസംഗഡ് തുടങ്ങിയ മണ്ഡലങ്ങൾ പ്രിയങ്കയുടെ കിഴക്കൻ മേഖലയിലാണ്. ഈ മണ്ഡലങ്ങളിൽ എല്ലാം കൂടുതൽ മെച്ചപ്പെട്ട പ്രകടനം ലക്ഷ്യമിട്ടാണ് പ്രിയങ്ക യുപിയിൽ എത്തുക. മധ്യപ്രദേശ് നിയമസഭ പിടിച്ചതിന്റെ ആവേശത്തിൽ നിൽക്കുന്ന കോൺഗ്രസിന് ഹിന്ദി ഹൃദയഭൂമിയിൽ ജീവൻവെക്കാൻ കരുത്തുപകരുന്ന തീരുമാനമായി നിരീക്ഷകർ പ്രിയങ്കയുടെ വരവിനെ വിശേഷിപ്പിക്കുന്നുണ്ട്.

ഉത്തർപ്രദേശ് രാഷ്ട്രീയം ഡൽഹിയിലേക്കുള്ള വാതിലാണ് എന്നതിനാൽ പുതിയ സ്ഥാനാരോഹണത്തിന് രാഷ്ട്രീയപ്രധാന്യം ഏറെയാണ്. അതുകൊണ്ട് തന്നെ യുപിയിൽ കരുത്തുകാട്ടതെ രാഹുലിന് പ്രധാനമന്ത്രിയാകാനാകില്ല. രാഹുലിന്റെ അമേഠി സന്ദർശനത്തിനിടയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്തുവന്നത്. സോണിയാഗാന്ധിയും ഒപ്പമെത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും യാത്ര മാറ്റിവെച്ചതായി പിന്നീട് അറിയിപ്പുവന്നു. പ്രിയങ്കയുടെ നിയമന പ്രഖ്യാപനം വന്നതോടെ അക്‌ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദ പ്രകടനം നടത്തി. നേതാക്കളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ഇന്ദിര തിരിച്ചുവന്നു എന്ന പ്ലക്കാർഡുകളേന്തിയായിരുന്നു ചിലരുടെ പ്രകടനം. റായ്ബറേലിയിൽ സോണിയയ്ക്ക് പകരം പ്രിയങ്ക ലോക്സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ട്.

തകർന്ന സംഘടനയെയും പ്രവർത്തകരെയും ഉണർത്താൻ പ്രിയങ്കയുടെ വരവ് ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡിന്റെ പ്രതീക്ഷ. പ്രിയങ്കയ്ക്കുള്ള ദേശീയ പ്രതിച്ഛായയും നേട്ടമാകും. യു. പിയിൽ ബി.എസ്‌പിയും എസ്‌പിയും സഖ്യമുണ്ടാക്കിയതോടെ ഒറ്റയ്ക്ക് മത്സരിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ്. പ്രതിസന്ധി മനസിലാക്കിയാണ് രണ്ടു യുവനേതാക്കൾക്ക് രാഹുൽ സംസ്ഥാനം വിഭജിച്ച് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP