Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

മുകുന്ദനേയും രാമൻപിള്ളയേയും പരിവാറിന് വേണം; ഉടക്കുമായി മുരളീധരൻ; രണ്ടും കൽപ്പിച്ച് കൃഷ്ണദാസ് ; രാജഗോപാൽ മൗനത്തിൽ; ആർഎസ്എസിന്റേയും അമിത് ഷായുടേയും നിലപാട് നിർണ്ണായകമാകും

മുകുന്ദനേയും രാമൻപിള്ളയേയും പരിവാറിന് വേണം; ഉടക്കുമായി മുരളീധരൻ; രണ്ടും കൽപ്പിച്ച് കൃഷ്ണദാസ് ; രാജഗോപാൽ മൗനത്തിൽ; ആർഎസ്എസിന്റേയും അമിത് ഷായുടേയും നിലപാട് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തൊണ്ണൂറുകളിൽ ബിജെപിയുടെ കേരളത്തിലെ ശക്തി കേന്ദ്രങ്ങളായിരുന്നു പിപി മുകുന്ദനും കെ രാമൻപിള്ളയും. കെജി മാരാരുടെ മരണത്തോടെ മുകുന്ദനും രാമൻപിള്ളയും രണ്ട് ചേരികളിലായി. അതിന്റെ ഭാഗമായുണ്ടായ വിവാദങ്ങൾ രണ്ട് നേതാക്കളുടേയും പാർട്ടിക്ക് പുറത്ത് പോകലിന് കാരണമായി. ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തകരുമായി വ്യക്തി ബന്ധമുണ്ടായിരുന്ന നേതാവാണ് മുകുന്ദൻ. സംസ്ഥാന പ്രസിഡന്റ് പദവിയുൾപ്പെടെ വഹിച്ച രാമൻപിള്ളയും ജനകീയനായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയെ തുടർന്നുള്ള വിവാദങ്ങളിൽ രാമൻപിള്ളയും മുകുന്ദനും പെട്ടതോടെ രണ്ട് പേരേയും ആർഎസ്എസ് കൈവിട്ടു. ഇതോടെ പാർട്ടിക്ക് പുറത്തുമായി. എന്നാൽ കേരളത്തിൽ മുന്നേറ്റത്തിന് തയ്യാറെടുക്കുന്ന ബിജെപിക്ക് മുകുന്ദന്റേയും രാമൻപിള്ളയുടേയും സാന്നിധ്യം ഗുണകരമാകുമെന്നാണ് ആർ എസ് എസിന്റെ നിലവിലെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രണ്ട് പേരേയും പാർട്ടിയുമായി സഹകരിപ്പിക്കണമെന്നാണ് നിർദ്ദേശം.

ഏറെ നാളായി ഇതിനുള്ള ചർച്ചകൾ തുടങ്ങിയിട്ട്. മാതാ അമൃതാനന്ദമയീ മഠത്തിലെ ഉന്നതരും മുകുന്ദന് വേണ്ടി രംഗത്തുവന്നു. എസ്എൻഡിപിയുമായുള്ള ബിജെപി ബന്ധത്തിന് പിന്നിൽ ചരട് പിടിച്ച വിഎച്ച്പിയിലെ യുവ നേതാവും മുകുന്ദൻ വിഷയം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് മുന്നിൽ അവതരിപ്പിച്ചു. ആർഎസ്എസ് പ്രചാരകനെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമകാലികനാണ് മുകുന്ദൻ. സംഘാടകനെന്ന നിലയിലെ മുകുന്ദന്റെ പ്രവർത്തനങ്ങളോട് മോദിക്കും മതിപ്പുണ്ട. ഈ സാഹചര്യത്തിൽ മുകുന്ദനെ മടക്കികൊണ്ടു വരാൻ ദേശീയ നേതൃത്വവും തീരുമാനിച്ചു. എന്നാൽ സംസ്ഥാനത്തെ ആർഎസ്എസ് ഘടകത്തിന്റെ തീരുമാനം ഇതിന് അനിവാര്യമാണ്. ആർഎസ്എസ് പ്രചാരകനെന്ന നിലയിലായിരുന്നു ബിജെപിയുമായി മുകുന്ദൻ സഹകരച്ച് പ്രവർത്തിച്ചത്. അതുകൊണ്ട് തന്നെ പാർട്ടിയിൽ അംഗത്വം മുകുന്ദൻ എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംഘപരിവാറിന്റെ അനുമതി അനിവാര്യമാകുന്നത്. ഇത് തരിച്ചറിഞ്ഞാണ് മുകുന്ദനെ പാർട്ടിയിൽ കൊണ്ടു വരുന്നതിനെതിരായ നീക്കം സംസ്ഥാന ബിജെപിയിൽ ശക്തമാകുന്നത്.

Stories you may Like

മുകുന്ദൻ ബിജെപിയിൽ തിരിച്ചെത്തുന്നത് പികെ കൃഷ്ണദാസ് പക്ഷത്തിന് കരുത്ത് പകരുമെന്നാണ് പ്രസിഡന്റ് വി മുരളീധരൻ വിഭാഗത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ മുകുന്ദനെ തിരിച്ചുകൊണ്ടു വരുന്നതിനെ എതിർക്കും. പാർട്ടിയിൽ വിഭാഗിതയ കൂട്ടാനേ ഈ നീക്കം ഉപകരിക്കൂവെന്നാണ് മുരളീധര പക്ഷത്തിന്റെ വിശദീകരണം. ഇത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്യും. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തേയും ഈ നീക്കത്തിന് എതിരാക്കാൻ ബോധപൂർവ്വമായ ശ്രമം തുടങ്ങിയിട്ടുണ്ട്. രാമൻപിള്ളയെ മടക്കികൊണ്ടു വരുന്നതിൽ മുരളീധരനും കൂട്ടർക്കും എതിർപ്പില്ലെന്നും സൂചനയുണ്ട്. എന്നാൽ രാമൻപിള്ളയെ അനുകൂലിക്കാൻ മുകുന്ദനെ എതിർക്കാനും കഴിയില്ല. അതുകൊണ്ട് രണ്ടു പേരുടേയും കാര്യത്തിൽ അനുകൂല പ്രതികരണത്തിന് ഔദ്യോഗിക വിഭാഗം തയ്യാറാകില്ല. മുകുന്ദനെതിരെ നീക്കം സജീവാക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ മുരളീധരൻ നടത്തിയ പ്രസ്താവനയുമെത്തുന്നത്.

എന്നാൽ ഡിസംബറിൽ പ്രസിഡന്റ് വി മുരളീധരന്റെ കാലാവധി തീർന്നാൽ മുകുന്ദൻ ബിജെപി സംസ്ഥാന നേതൃതലത്തിൽ അവരോധിതനാകുമെന്നാണ് ബിജെപിയിലെ പികെ കൃഷ്ണദാസ് പറയുന്നത്. നേതാക്കളിൽ ഒരു വിഭാഗവുമായി പിണങ്ങിയ മുകുന്ദൻ കുറച്ചു വർഷമായി സംഘടനാ പ്രവർത്തനത്തിലില്ല. പത്തുവർഷമായി രാഷ്ട്രീയ ബന്ധങ്ങൾ ഒഴിവാക്കി കണ്ണൂർ ഇരിട്ടിക്കടുത്ത വീട്ടിൽ കഴിയുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെ എല്ലാം ഉടൻ തീരുമെന്നും അവർ പറയുന്നു. രാഷ്ട്രീയത്തിൽ സജീവമാകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുകുന്ദൻ ഒരു ചാനലിന് അഭിമുഖം നൽകിയിരുന്നു. ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ ബിജെപിയിൽ സജീവമാകുമെന്നായിരുന്നു മുകുന്ദന്റെ പ്രഖ്യാപനം. ഇതോടെയാണ് കടന്നാക്രമണവുമായി മുരളീധരൻ നേരിട്ട് രംഗത്ത് വന്നത്. മുകുന്ദൻ ഇപ്പോൾ എവിടെയാണെന്നറിയില്ല. അദ്ദേഹത്തെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരു ചർച്ചയും നടക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. പരിഹാസത്തോടെയായിരുന്നു പ്രതികരണം.

ബിജെപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി മുകുന്ദനെ പരിഹസിച്ച് സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ. മുകുന്ദന് ബിജെപിയുടെ പ്രാഥമിക അംഗത്വംപോലുമില്ല. അദ്ദേഹം ഇപ്പോൾ എസ്എംഎസ് അയച്ച് അംഗമായോ എന്നറിയില്ല. ബിജെപിയെ ഇനിയും കോൺഗ്രസ് തൊഴുത്തിൽകെട്ടാമെന്ന് ആരും കരുതേണ്ടതില്ലെന്നും മുകുന്ദനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. മുകുന്ദൻ ഇപ്പോൾ എവിടെയാണെന്നറിയില്ല. അദ്ദേഹത്തെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരു ചർച്ചയും നടക്കുന്നില്ലെന്നും പ്രസ്‌ക്ലബ്ബിന്റെ ജനഹിതം പരിപാടിയിൽ മുരളീധരൻ പറഞ്ഞു. പി പി മുകുന്ദനെ ബിജെപി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രനേതൃത്വം ശ്രമിക്കുന്നതായ വാർത്തയെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴാണ് വി മുരളീധരൻ മുകുന്ദനെ പരിഹസിച്ചത്. എന്നാൽ നേതൃപദവിയിലേക്ക് തിരിച്ചുവരാനുള്ള ആവശ്യം വന്നാൽ സ്വാഭാവികമായും അതുണ്ടാകുമെന്ന് പി പി മുകുന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ പ്രതികരിക്കാനില്ലെന്നും അറിയിച്ചു.

മുരളീധരന്റെ പ്രസ്താവന കടന്നുപോയെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ ഒത്തൊരുമയാണ് ആവശ്യം. ബിജെപിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവരെ എല്ലാം ഒപ്പം നിർത്തണം. എന്നാൽ പരിവാർ ആശയവുമായി സാമൂഹിക പ്രവർത്തനം നടത്തിയ മുകുന്ദനെ ആക്ഷേപിച്ചത് ശരിയായില്ലെന്നാണ് ഇവരുടെ നിലപാട്. ഇത് പരാതിയായി തന്നെ അമിത് ഷായെ അറിയിക്കും. മുകുന്ദന് അനുകൂലമായുള്ള തീരുമാനം ദേശീയ നേതൃത്വം ഉടൻ എടുക്കുമെന്നാണ് ഇവരുടെ പക്ഷം. എസ്എൻഡിപിയുമായുള്ള മുന്നണി രൂപീകരണം സജീവമാക്കുക എന്ന ലക്ഷ്യത്തിനായാണ് പഴയ നേതാവിൽ ആർഎസ്എസും ബിജെപിയും വിശ്വാസമർപ്പിക്കുന്നത്്. വെള്ളാപ്പള്ളി നടേശനിലൂടെ സംഘപരിവാറിന്റെ രാഷ്ട്രീയമോഹങ്ങൾ പൂവണിയിക്കാൻ ഇന്നത്തെ നേതൃത്വം പോരെന്ന അഭിപ്രായം ദേശീയതലത്തിലുണ്ട്. വി മുരളീധരന് ശിവഗിരിയോടാണ് താൽപ്പര്യമെന്നതും പരസ്യമാണ്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളിക്ക് എതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതിലും വീഴ്ച വന്നുവെന്നാണ് പരിവാറിലെ പ്രധാനികളുടെ വിലയിരുത്തൽ.

വെള്ളാപ്പള്ളി സഖ്യത്തിൽ താൽപര്യം കാട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചില സംസ്ഥാന നേതാക്കളെ നേരത്തെ ശാസിച്ചിരുന്നു. അവസരം വിനിയോഗിക്കാൻ മിടുക്ക് കാട്ടുന്നില്ലെന്ന പരാതി സംസ്ഥാന ആർഎസ്എസ് നേതൃത്വം ബിജെപി നേതാക്കൾക്കെതിരെ ഉന്നയിച്ചിട്ടുമുണ്ട്. ഇത്തരമൊരവസ്ഥയിലാണ് പഴയ ആർഎസ്എസ് നേതാവിനെ തിരിച്ചുവിളിക്കുന്നത്. എസ്എൻഡിപിക്കൊപ്പം മറ്റു ചില സമുദായ സംഘടനകളെയും വലയിലാക്കി മുന്നണി വിപുലമാക്കുകയെന്ന ദൗത്യവും മുകുന്ദനെ ഏൽപിക്കാനാണ് നീക്കം. വിഎച്ച്പിയാണ് എസ്എൻഡിപിയെ ബിജെപിയുമായി അടുപ്പിച്ചത്. അമിത് ഷായെ നേരിട്ട് ഇടപെടുത്തിയായിരുന്നു നീക്കം. ഇതിൽ മുരളീധരനും കൂട്ടർക്കും അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളും. മുകുന്ദനെ ബിജെപിയുടെ മുഖമാക്കുന്നതിലൂടെ നായർ വോട്ടുകളും കൈവിടില്ലെന്നാണ് പരിവാറിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എൻഎസ്എസുമായും മുകുന്ദന് നല്ല ബന്ധമാണ് ഉള്ളത്.

1988ൽ ബിജെപിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി ആർഎസ്എസ് നേരിട്ടിടപെട്ട് നിയമിച്ച നേതാവാണ് പി പി മുകുന്ദൻ. ആർഎസ്എസ് പ്രചാരകനായി പ്രവർത്തിക്കവെയായിരുന്നു ഈ ചുമതലാമാറ്റം. തുടർന്ന് കോൺഗ്രസുമായി രഹസ്യ സഖ്യമുണ്ടാക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കുക എന്ന ആശയം സജീവമാക്കി ഉയർത്തി മുകുന്ദൻ. കേരള രാഷ്ട്രീയത്തിലെ വിവാദമായ കോലീബി (കോൺഗ്രസ്-മുസ്ലിംലീഗ്-ബിജെപി) സഖ്യത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളുമായിരുന്നു. എന്നാൽ മാരാരുടെ മരണത്തിന് ശേഷം ഒ രാജഗോപാലുമായി മുകുന്ദൻ ഭിന്നതയിലായി. രാജഗോപാലിനൊപ്പം രാമൻപിള്ളയും ചേർന്നു. ഇതോടെയാണ് രാഷ്ട്രീയ വനവാസത്തിന് മുകുന്ദൻ നിർബന്ധിതനായത്. വീണ്ടും മുകുന്ദന്റെ തിരിച്ചുവരുവ് ചർച്ചയാകുമ്പോൾ രാജഗോപാൽ മൗനത്തിലാണ്. രാമൻപിള്ളയെ തിരിച്ചു കൊണ്ടു വരണമെന്ന അതിയായ ആഗ്രഹം രാജഗോപാലിനുണ്ട്. എന്നാൽ മുകുന്ദനെ അനുകൂലിക്കാനും കഴിയില്ല. ആർഎസ്എസ് തീരുമാനം ഉണ്ടാകും വരെ മൗനം തുടരാനാണ് രാജഗോപാലിന്റെ നീക്കം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP