Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ചോദ്യം കേട്ടു...മറുപടി അർഹിക്കാത്തതുകൊണ്ടാണ് പറയാത്തതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത് സിപിഎം-ബിജെപി ബാന്ധവം എന്ന ആരോപണം വന്നപ്പോൾ; കോൺഗ്രസ് ആയുധത്തിന് മൂർച്ച കൂട്ടുമ്പോൾ കണ്ണ് ന്യൂനപക്ഷ വോട്ടിൽ; ലാവ്‌ലിൻ-സ്വർണക്കടത്ത് കേസുകൾ ബിജെപിയുടെ കൈയിലെ തുറുപ്പുചീട്ടുകളെങ്കിലും അവസാന ചിരി തങ്ങളുടേതാക്കാൻ തന്ത്രങ്ങൾ പയറ്റി ചെന്നിത്തലയും മുല്ലപ്പള്ളിയും; ബംഗാൾ മോഡൽ സിപിഎം-കോൺഗ്രസ് കൂട്ടുകെട്ട് കേരളത്തിലും എന്ന മറുതന്ത്രം പ്രയോഗിച്ച് ബിജെപിയും

ചോദ്യം കേട്ടു...മറുപടി അർഹിക്കാത്തതുകൊണ്ടാണ് പറയാത്തതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത് സിപിഎം-ബിജെപി ബാന്ധവം എന്ന ആരോപണം വന്നപ്പോൾ; കോൺഗ്രസ് ആയുധത്തിന് മൂർച്ച കൂട്ടുമ്പോൾ കണ്ണ് ന്യൂനപക്ഷ വോട്ടിൽ; ലാവ്‌ലിൻ-സ്വർണക്കടത്ത് കേസുകൾ ബിജെപിയുടെ കൈയിലെ തുറുപ്പുചീട്ടുകളെങ്കിലും അവസാന ചിരി തങ്ങളുടേതാക്കാൻ തന്ത്രങ്ങൾ പയറ്റി ചെന്നിത്തലയും മുല്ലപ്പള്ളിയും; ബംഗാൾ മോഡൽ സിപിഎം-കോൺഗ്രസ് കൂട്ടുകെട്ട് കേരളത്തിലും എന്ന മറുതന്ത്രം പ്രയോഗിച്ച് ബിജെപിയും

എം മനോജ് കുമാർ

 തിരുവനന്തപുരം: കഴിഞ്ഞ ദിവസം മറുപടി അർഹിക്കാത്ത ചോദ്യം എന്ന് പറഞ്ഞു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞ ഒരു ചോദ്യമുണ്ട്. സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സിപിഎം-ബിജെപി ബന്ധത്തെക്കുറിച്ചുള്ള ചോദ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സിപിഎം-ബിജെപി ബന്ധത്തെക്കുറിച്ച് സിഎമ്മിന്റെ പ്രതികരണം എന്ത് എന്ന ചോദ്യമാണ് മറുപടി അർഹിക്കാത്തത് എന്ന് പറഞ്ഞു മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. സ്വർണ്ണക്കടത്തിൽ കേരളത്തിന്റെ ഇടത് സർക്കാരിനു അസ്വാസ്ഥ്യകരമായി ഒന്നും വേണ്ടതില്ല എന്ന തീരുമാനം ഡൽഹിയിൽ നിന്നും ഉരുത്തിരിയുന്നുണ്ട് എന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. ഇടത് സർക്കാരിനു തലവേദനയായി മാറിയ സ്വർണ്ണക്കടത്ത് കേന്ദ്ര ബിജെപി തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ് എന്ന ആരോപണമാണ് രാഷ്ട്രീയ തലത്തിൽ ശക്തമാകുന്നത്.

മണിക്കൂറുകൾ തന്നെ എൻഐഎ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ അറസ്റ്റ് കേന്ദ്രം ഒഴിവാക്കാൻ തീരുമാനിച്ചത് തന്നെ ഇടത് സർക്കാരിനു അസ്വാസ്ഥ്യകരമായ ഒരു നീക്കം വേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് ഉയരുന്ന ആരോപണം. ഇതിനെ ഒന്നുകൂടി ബലപ്പെടുത്തുകയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന. കേരളത്തിൽ സിപിഎമ്മുമായി ധാരണയുണ്ടാക്കി തിരഞ്ഞെടുപ്പുനേട്ടമാണ് കേന്ദ്ര ബിജെപിയുടെ ലക്ഷ്യം. അമിത് ഷായുടെ ഈ ഓപ്പറേഷനിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കാളിയാണ്. ഇതാണ് മുല്ലപ്പള്ളി നടത്തിയ പ്രസ്താവന. ലാവ്ലിൻ കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് അതുകൊണ്ടാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ രാഷ്ട്രീയാർത്ഥങ്ങൾ എന്ത് തന്നെയായാലും മുല്ലപ്പള്ളി പറഞ്ഞ രണ്ടു കേസുകളും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായിക്കും തലവേദനയാണ്.

Stories you may Like

ലാവ്‌ലിൻ ഇടയ്ക്ക് ഇടയ്ക്ക് എടുത്തിട്ടു അലക്കുക കേന്ദ്ര ബിജെപിയുടെ വിനോദങ്ങളിൽ ഒന്നാണ്. ആ കേസ് വരുമ്പോൾ പിണറായിയുടെ ചങ്കിൽ ഒരു ഞെട്ടൽ സാധാരണവുമാണ്. സ്വർണ്ണക്കടത്തിൽ പ്രതിക്കൂട്ടിലായത് പിണറായിയുടെ സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറികൂടിയാണ്. രണ്ടും കേന്ദ്ര ബിജെപിയുടെ കയ്യിലുള്ള തുറുപ്പ് ചീട്ടുമാണ്. സ്വർണ്ണക്കടത്തിൽ ശിവശങ്കർ അറസ്റ്റിലായാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പിണറായി വിജയന് ഒഴിവാക്കാനാവില്ല. ഈ രീതിയിൽ ഒരു സംഭവം ഒരുത്തിരിഞ്ഞാൽ പ്രതിപക്ഷ നേതാവ് ചെന്നിത്തല പിണറായിയുടെ രാജിയും കൊണ്ടേ പോകൂ. ചെന്നിത്തല ആഞ്ഞടിക്കാൻ പോവുക ഇടത് ധാർമികതയുടെ നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടിയാവും. ഇടത് ധാർമ്മികത പിണറായി മന്ത്രിസഭയിൽ എപ്പോഴും ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ധാർമ്മികത അടിസ്ഥാനമായപ്പോൾ രാജിവെച്ച ഒരു മന്ത്രി പിണറായി വിജയന്റെ തൊട്ടടുത്ത് ഇരിപ്പുമുണ്ട്. മന്ത്രി ഇ.പി.ജയരാജൻ. ബന്ധു നിയമനം വിവാദമായപ്പോഴാണ് പിന്നീട് തിരികെ വരാൻ കഴിഞ്ഞെങ്കിലും തത്ക്കാലം ജയരാജന് രാജി വയ്‌ക്കേണ്ടി വന്നു ശിവശങ്കർ അറസ്റ്റിലായാൽ മന്ത്രി ഇപി മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരു ചിരിചിരിച്ചാൽ സ്വാഭാവികമായും ഈ ചിരി എന്നെ ലക്ഷ്യം വെച്ചല്ലേ എന്നെ മാത്രം ലക്ഷ്യം വെച്ചല്ലേ എന്ന സംശയം മുഖ്യമന്ത്രിക്കുള്ളിൽ നിന്ന് തന്നെ ഉയരും. മറ്റൊരു ചിരി ഗതാഗത മന്ത്രി എൻ.കെ.ശശീന്ദ്രനും ഉയർത്തും. ഹണിട്രാപ്പീൽ കുരുങ്ങിയപ്പോൾ രാജി വെച്ച് പിന്നീട് തിരികെ വന്ന മന്ത്രിയാണ് ശശീന്ദ്രൻ. ശിവശങ്കറിന്റെ അറസ്റ്റ് എന്നെയും കൊണ്ടേ പോകൂ എന്ന് ഈ ചിരികൾ ഉയരുമ്പോൾ മുഖ്യമന്ത്രിക്ക് തന്നെ തീർച്ചപ്പെടുത്തേണ്ടി വരും.

രാഷ്ട്രീയ ധാർമ്മികത ഡെമോക്ലസിന്റെ വാളായി ഇടത് മന്ത്രി സഭയ്ക്ക് മുൻപിൽ തൂങ്ങുമ്പോൾ ഇതല്ലാതെ മുഖ്യമന്ത്രിക്ക് വേറെ വഴിയുമില്ല. പിണറായി മുഖ്യമന്ത്രിയായപ്പോൾ പാർട്ടിയും സർക്കാരും മുഖ്യമന്ത്രി തന്നെയാണ് എന്നാണ് അവസ്ഥ. ഈ ഘട്ടത്തിൽ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കട്ടെയെന്നേ കോടിയേരിയും തീരുമാനിക്കൂ. കാര്യങ്ങൾ ഈ രീതിയിൽ പോകുമ്പോൾ കേന്ദ്രം സ്വർണ്ണക്കടത്തിലും ലാവ്‌ലിനും ബലപ്പെടുത്തിയാൽ ഇല്ലാ എന്ന് പറഞ്ഞാലും തെറിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര തന്നെയാണ്. കാര്യങ്ങൾ ഈ അവസ്ഥയിൽ എത്തി നിൽക്കുമ്പോഴാണ് പ്രതിപക്ഷം ആക്ഷേപിക്കുന്ന രീതിയിൽ വരുന്ന തിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ധാരണയ്ക്ക് ഈ രണ്ടു പ്രശ്‌നങ്ങൾ ഉയർത്തി കേന്ദ്ര ബിജെപി ശ്രമിക്കില്ലേ എന്ന് ചോദ്യം വരുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായാൽ തെറിക്കുക പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്ന് സിപിഎം കരുതുന്ന കേരള ഭരണത്തിലെ രണ്ടാം മൂഴം കൂടിയാണ്. ശിവശങ്കറിന്റെ അറസ്റ്റ് വേണോ, തുടർഭരണം വേണോ എന്നൊക്കെ ചോദ്യം വന്നാൽ നിലവിലെ സാഹചര്യത്തിൽ തുടർഭരണം വേണം എന്നെ സിപിഎം തീരുമാനിക്കൂ. കാരണം തീരുമാനം ഉരുത്തിരിയുന്നത് കേരളത്തിൽ അല്ല കേന്ദ്രത്തിലാണ്. ശിവശങ്കറിന്റെ അറസ്റ്റ്, ലാവ്‌ലിൻ കേസ് ഒക്കെ തീരുമാനിക്കുന്നത് കേരളത്തിലെ ബിജെപി നേതാക്കളല്ല ചൈനീസ് സംഘർഷത്തിൽ ഇന്ത്യൻ സേനയെ എവിടെ പ്ലേസ് ചെയ്യണമെന്നു തീരുമാനമെടുക്കുന്ന, ഇന്ത്യൻ സേനകൾ ഇതൊക്കെ ഇടങ്ങളിൽ പാക്കിസ്ഥാനെയും ചൈനയെയും പ്രതിരോധിക്കണം എന്നൊക്കെ തീരുമാനിക്കുന്ന അജിത് ഡോവലും അമിത് ഷായുമാണ്. ഇവർക്കൊക്കെ പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുണ്ട്.

ത്രിപുര ഭരണം പിടിക്കുകയും വർഷങ്ങൾ ബംഗാളിൽ അധികാരത്തിലിരുന്ന സിപിഎമ്മിനുള്ള അധീശത്വം ബിജെപി നേടുകയുമൊക്കെ ചെയ്യുമ്പോൾ മോദി-അമിത്ഷാ-ഡോവൽ ത്രിമൂർത്തികൾ കണ്ട സ്വപ്നം ഇതേ അവസ്ഥയിലുള്ള കേരളമായിരുന്നു. അമിത് ഷാ കേരളത്തിൽ വന്നു തലകുത്തി നിന്ന് പ്രചാരണം നയിച്ചിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ ഒരേയൊരു സീറ്റ് മാത്രമാണ് കേന്ദ്ര ബിജെപി നേതാക്കൾക്ക് നേടാൻ കഴിഞ്ഞത്. ഇതേ അമിത് ഷാ തലകുത്തി നിൽക്കാതെ തന്നെ ത്രിപുരയും ബിജെപി ഭാഷയിൽ പറഞ്ഞാലും ബംഗാളും പിടിച്ചു.

ബംഗാളിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുന്ന ലക്ഷണങ്ങൾ പ്രകടമാണ്. കാരണം ബംഗാളിലെ സിപിഎം മൊത്തത്തിൽ ബിജെപി ആയി മാറിക്കഴിഞ്ഞു. അപ്പോഴാണ് മോദി-ഷാ-ഡോവൽ സഖ്യം തന്നെ തിരഞ്ഞെടുപ്പ് നയിച്ച കേരളത്തിൽ ഫലം തലകുത്തനെ വന്നത്. ആകെയുള്ള ആശ്വാസം നേമത്ത് ഓ.രാജഗോപാലിലൂടെ നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ്. രാജഗോപാലിന്റെ എതിരാളിയായ വി.ശിവൻകുട്ടി നിയമസഭയിൽ സ്പീക്കറുടെ ചെയർ എടുത്ത് മറിച്ചിടുന്ന ആവേശോജ്വലമായ കാഴ്ച തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വോട്ടർമാരുടെ മനോമുകുരത്തിൽ തിരനോട്ടം നടത്തിയതാണ് പൊതുവേ മാന്യമായ രാജഗോപാലിന് നറുക്ക് വീഴാൻ കാരണമായത്.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം എന്ന ജാള്യത മുന്നിൽ നിൽക്കെ തന്നെയാണ് പണ്ട് പിണറായിക്ക് നേരെ തോക്ക് ചൂണ്ടിയ പാരമ്പര്യമുള്ള അജിത് ഡോവൽ കേരളത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വയ്ക്കുന്നത്. ബിജെപിക്ക് 17 നിയമസഭാ സീറ്റും സിപിഎമ്മിന് ഭരണതുടർച്ചയും എന്ന അവസ്ഥ വന്നാൽ എല്ലാത്തിലും അഭികാമ്യം ഈ നിർദ്ദേശം എന്ന് സിപിഎം കരുതിയാൽ അതിൽ ആരും കുഴപ്പവും കാണില്ല. 17 സീറ്റ് എന്നത് പത്തായാലും കേന്ദ്രം കുഴപ്പം കാണില്ല. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുള്ളത് ബിജെപിക്കാണ്. നിയമസഭാ സീറ്റ് ഒന്നേയുള്ളൂവെങ്കിലും തലസ്ഥാന നഗരിയിൽ ബിജെപി എംഎൽഎയുണ്ട്. സിപിഎമ്മിന് എംഎൽഎയില്ല. എംപിയുമില്ല.

സിപിഎം ഒന്ന് കണ്ണടച്ചാൽ ബിജെപിക്ക് കുറച്ച് നിയമസഭാ സീറ്റുകളും സിപിഎമ്മിന് തുടർഭരണവും ലഭിക്കും. ഇന്ത്യയിൽ ആകെ സിപിഎം ഭരിക്കുന്നത് കേരളത്തിൽ മാത്രമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് വന്നാൽ സിപിഎമ്മിന് ഇന്ത്യയിൽ എവിടെയും ഭരണമില്ലാത്ത അവസ്ഥയുമാകും. അതിനാൽ ശിവശങ്കറിന്റെ അറസ്റ്റ് സിപിഎമ്മിന്റെ മുന്നിലുള്ള ഒരു ഭയം തന്നെയാണ്. സിപിഎമ്മിന് വേണ്ടത് തുടർ ഭരണമാണ്. ശിവശങ്കറിന്റെ അറസ്റ്റും പിണറായിയുടെ രാജിയുമായി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ യുഡിഎഫ് അധികാരത്തിൽ എന്ന കാര്യം തർക്കമില്ലാത്തതാണ് എന്ന് സിപിഎമ്മിനറിയാം. അപ്പോൾ തുടർ ഭരണം സിപിഎമ്മിന് ഏറ്റവും അനിവാര്യമാകുന്നു.

സിപിഎമ്മും കേന്ദ്ര ബിജെപിയും കണ്ണ് പൊത്തിക്കളിച്ചാൽ സ്ഥിതി ഭയങ്കരമാകും എന്ന തിരിച്ചറിവ് ഉള്ളതിനാൽ തന്നെയാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും സിപിഎം-ബിജെപി ബാന്ധവം തിരിച്ചറിഞ്ഞു ആഞ്ഞടിക്കുന്നത്. കോൺഗ്രസിന്റെ കാര്യത്തിലും സ്ഥിതി ആശങ്കയിലാണ്. രണ്ടാമതും കേരളത്തിൽ തിരഞ്ഞെടുപ്പ് പരാജയം വന്നാൽ അത് കേരളത്തിൽ കോൺഗ്രസിന്റെ നിലപരിതാപകരമാകും. തലസ്ഥാനത്തെ തകർന്നടിഞ്ഞ തറവാട്ടിൽ കാലും നീട്ടിയിരിക്കുന്ന കാരണവരായാണ് സോഷ്യൽ മീഡിയ മുല്ലപ്പള്ളിയെയും കോൺഗ്രസിനെയും ചിത്രീകരിക്കുന്നത്. ചെന്നിത്തലയെപ്പോലെ ഊർജ്ജ്വസ്വലമായി നീങ്ങാൻ മുല്ലപ്പള്ളിക്ക് കഴിയാത്തതാണ് വിമർശനം ഉയരാനുള്ള പൊതുവായ കാരണം. പക്ഷെ ഭരണമില്ലാത്ത അവസ്ഥ കേരളത്തിൽ കോൺഗ്രസിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ അവസ്ഥ കേന്ദ്ര ബിജെപിയും ചൂഷണം ചെയ്യും. കേരളത്തിൽ കോൺഗ്രസിന്റെ നേതാക്കളെ പൊക്കാൻ തക്കം പാർത്ത് നടക്കുകയാണ് കേന്ദ്ര നേതൃത്വം. കേരളത്തിൽ സിപിഎം-ബിജെപി ഭരണ പ്രതിപക്ഷമാണ് ബിജെപി മനസ്സിൽ കാണുന്നത്. അതിനു സിപിഎമ്മിന്റെ സഹകരണമാണ് അവർ തേടുന്നത്.

കോൺഗ്രസിന് സംസ്ഥാനങ്ങളിൽ അതിവേഗം ഭരണം നഷ്ടമാവുകയാണ്. മധ്യപ്രദേശ് നഷ്ടമായി, കർണാടക നഷ്ടമായി. ആകെ മുംബൈയിലെ കൂട്ട് കക്ഷി ഭരണവും രാജസ്ഥാനും മാത്രമേയുള്ളൂ. സച്ചിൻ പൈലറ്റ് ഉയർത്തിയ വിമത ഭീഷണിയെ തുടർന്ന് രാജസ്ഥാൻ ഭരണം എപ്പോൾ വേണമെങ്കിലും നഷ്ടമായേക്കും. പ്രതീക്ഷയുള്ള ഏക സംസ്ഥാനം കേരളം മാത്രമാണ്. അതിനാൽ കോൺഗ്രസിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം അനിവാര്യമാണ്. ഇതേ വരെ ഇടത്-വലത് മുന്നണി ഭരണം മാറി മാറി വരുകയാണ്.

ഈ അവസ്ഥയിൽ നിന്നുള്ള വ്യതിചലനം കോൺഗ്രസിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അതിനാൽ തന്ത്രപരമായാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും സിപിഎം-ബിജെപി ബന്ധം സ്വർണ്ണക്കടത്ത്, ലാവ്‌ലിൻ കേസുകൾ ചൂണ്ടിക്കാട്ടി ഉന്നയിക്കുന്നത്. ബിജെപി ഭീതിയും വെറുപ്പും കാരണം ഈ പ്രസ്താവനകൾ ന്യൂനപക്ഷ വോട്ടിന്റെ കേന്ദ്രീകരണം സൃഷ്ടിക്കും. മോദി വീണ്ടും അധികാരത്തിൽ വരാതിരിക്കാനായി 20 ലോക്‌സഭാ സീറ്റുകളിൽ 19 സീറ്റിലും യുഡിഎഫിനെ ജയിപ്പിച്ച് വിട്ടതിൽ ന്യൂനപക്ഷ വോട്ടുകൾക്ക് വലിയ പങ്കുണ്ട്. ഈ രീതിയിൽ ഒരു വോട്ടു കേന്ദ്രീകരണം കൂടി കോൺഗ്രസിന് ആവശ്യമുണ്ട്. ചെന്നിത്തല മുഖ്യമന്ത്രിയാകണമെങ്കിൽ ഈ രീതിയിൽ ഒരു കേന്ദ്രീകരണം വേണം.

കേരളത്തിലെ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ബിജെപിയുടെ കേന്ദ്ര നേതൃത്വവും ശ്രദ്ധയിൽ എടുത്തിട്ടുണ്ട്. ഈ ന്യൂനപക്ഷ വോട്ടു കേന്ദ്രീകരണത്തിനു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നോക്കിക്കാണുന്നത്. ബിജെപിക്ക് ഒരു പണി നൽകിയ ഈ രാഷ്ട്രീയ തിരിച്ചടിക്ക് മറു തിരിച്ചടി ബിജെപിയുടെ ലക്ഷ്യം കൂടിയാണ്. അതിനാൽ അവർക്ക് പഥ്യം കോൺഗ്രസ് അല്ല സിപിഎമ്മാണ്. ഇത് മനസിലാക്കി തന്നെയാണ് യുഡിഎഫ് നേതൃത്വം സിപിഎം-ബിജെപി ബന്ധത്തിന്നെതിരെ ആഞ്ഞടിക്കുന്നത്. കേന്ദ്ര ബിജെപിയുടെ നീക്കങ്ങൾക്ക് ചുവട് പിടിച്ച് നീങ്ങുകയാണെങ്കിലും കേരളത്തിലെ ബിജെപി നേതാക്കളും എല്ലാം നോക്കിയും കണ്ടും സജീവമായി രംഗത്തുണ്ട്. ബംഗാളിൽ രൂപീകരിച്ച സിപിഎം-കോൺഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരിച്ചടിക്കുന്നത്. സിപിഎം-ബിജെപി ബന്ധം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയായി മാറും എന്നുള്ളതുകൊണ്ടാണ് ബംഗാൾ മോഡൽ ചൂണ്ടിക്കാട്ടി വട്ടിയൂർക്കാവ്, മഞ്ചേശ്വരം രീതിയിലുള്ള പൊളിറ്റിക്കൽ അലയൻസാണ് സിപിഎമ്മും കോൺഗ്രസും തമ്മിൽ രൂപപ്പെടുന്നത് എന്നാണ് സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റിസൽട്ട് മുന്നിൽ ഉള്ളതിനാൽ സിപിഎം-ബിജെപി ബന്ധം മുൻ നിർത്തിയുള്ള പ്രചാരണം വന്നാൽ വരുന്ന ന്യൂനപക്ഷ വോട്ടു ബാങ്കുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയത്തിലേക്ക് നയിക്കും. സിപിഎമ്മിനെക്കാൾ നന്നായി രാഷ്ട്രീയം അറിയുകയും കളിക്കുകയും ചെയ്യുന്ന കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിരഞ്ഞെടുപ്പ് ഗോദ സജീവമാക്കുകയാണ്. അതിനുള്ള ഒന്നാന്തരം ആയുധമാണ് സ്വർണ്ണക്കടത്ത് കേസും ലാവ്‌ലിനുമെല്ലാം. ഇതെല്ലാം പിടിച്ച് ചെന്നിത്തലാദികൾ ആഞ്ഞടിക്കുമ്പോൾ ഭരണത്തുടർച്ചയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന സിപിഎമ്മിന് മുന്നിൽ താത്ക്കാലത്തെക്കെങ്കിലും പ്രതിസന്ധികൾ രൂപം കൊള്ളുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP