Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുപി കിട്ടിയാൽ കേന്ദ്രം പിടിക്കാമെന്ന വിശ്വാസത്തിൽ എല്ലാ അടവും അവസാനനിമിഷം വരെ പയറ്റി പാർട്ടികൾ; എസ്‌പിയും ബിഎസ്‌പിയും ഒരുപക്ഷത്തും കോൺഗ്രസും ബിജെപിയും ഒറ്റയ്ക്കും തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ലക്ഷ്യം നേടുക അഖിലേഷും മായാവതിയും തന്നെ; ബംഗാളിനെ മമതയും കീഴടക്കിയാൽ ദേശീയതലത്തിൽ ഉണ്ടാകാൻ പോകുന്നത് വിചിത്ര കൂട്ടുകെട്ടോ; കൂടെ ഇടതുപക്ഷവും ആംആദ്മിയും ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും ടിആർഎസും ഡിഎംകെയും എത്തിയാൽ ബിജെപിയും കോൺഗ്രസും ഒരേസമയം പുറത്താകുമോ?

യുപി കിട്ടിയാൽ കേന്ദ്രം പിടിക്കാമെന്ന വിശ്വാസത്തിൽ എല്ലാ അടവും അവസാനനിമിഷം വരെ പയറ്റി പാർട്ടികൾ; എസ്‌പിയും ബിഎസ്‌പിയും ഒരുപക്ഷത്തും കോൺഗ്രസും ബിജെപിയും ഒറ്റയ്ക്കും തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ലക്ഷ്യം നേടുക അഖിലേഷും മായാവതിയും തന്നെ; ബംഗാളിനെ മമതയും കീഴടക്കിയാൽ ദേശീയതലത്തിൽ ഉണ്ടാകാൻ പോകുന്നത് വിചിത്ര കൂട്ടുകെട്ടോ; കൂടെ ഇടതുപക്ഷവും ആംആദ്മിയും ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും ടിആർഎസും ഡിഎംകെയും എത്തിയാൽ ബിജെപിയും കോൺഗ്രസും ഒരേസമയം പുറത്താകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ എല്ലാ പാർട്ടികളും ഉറ്റുനോക്കുന്ന സംസ്ഥാനമാണ് യുപി. ഇവിടെയുള്ള 80 സീറ്റുകളിൽ ഓരോ പാർട്ടികളും എത്രത്തോളം സീറ്റ് നേടുമെന്നത് എല്ലാ പാർലമെന്റിലും ഭരണകക്ഷിയെ തീരുമാനിക്കുന്നതിൽ അതി നിർണായകവും. അതിനാൽ തന്നെ ഇക്കുറിയും സഖ്യങ്ങളുണ്ടാക്കാനും യുപി പിടിക്കാനും ആണ് എല്ലാ കക്ഷികളുടേയും മുൻഗണന. യുപിയിൽ ഇതിനകം തന്നെ ബിജെപിയെ തുടച്ചുനീക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് അഖിലേഷ് യാദവും മായാവതിയും.

ഇരുവരും കൈകോർക്കുകയും കോൺഗ്രസ് അദൃശ്യ പിന്തുണ നൽകുകയും ചെയ്താൽ യുപിയിൽ ബിജെപിക്ക് അടിതെറ്റും. ഇത്തരത്തിൽ യുപിയിൽ ഈ സഖ്യവും ബംഗാളിൽ മമതയും തമിഴ്‌നാട്ടിൽ ഡിഎംകെയും ആന്ധ്രയിലും തെലങ്കാനയിലുമായി വൈഎസ്ആർ കോൺഗ്രസും ടിആർഎസും കൂടുതൽ സീറ്റുകൾ നേടി വിജയിച്ചുകയറിയാൽ ഒരേ സമയം ഇല്ലാതാകുന്നത് കോൺഗ്രസിന്റേയും ബിജെപിയുടേയും അധികാരമോഹങ്ങൾ ആയിരിക്കും. ഇതോടൊപ്പം ഇടതുപക്ഷവും ചെറു സീറ്റുകളുമായി വരുന്ന കക്ഷികളുമെല്ലാം അണിചേർന്നാൽ കേന്ദ്രത്തിൽ ഇക്കുറി ഒരു പുതുമുന്നണി അധികാരത്തിൽ വരുമോ?

ഒരു സ്വപ്‌നം മാത്രമെന്ന് തോന്നാമെങ്കിലും ദേശീയ തലത്തിൽ ഇത്തരത്തിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞിരിക്കുകയാണ്. ആര് അധികാരത്തിലെത്തുമെന്ന് ബിജെപിക്കോ കോൺഗ്രസിനുപോലുമോ ഇപ്പോഴും ഒരു ധാരണയുമില്ല എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. പരമാവധി സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുമെന്ന നിലയിലാണ് ഇപ്പോൾ വിലയിരുത്തലുകൾ. എന്നാൽ പോലും അവർക്ക് അധികാരത്തിലെത്താൻ മാത്രമുള്ള ഒരു മോദി മാജിക് തരംഗം ഇക്കുറി ആരും വിലയിരുത്തുന്നില്ല. എന്നാൽ ഇപ്പോൾ എൻഡിഎയുടെ ഭാഗമല്ലെങ്കിലും തിരഞ്ഞെടുപ്പു കഴിഞ്ഞാൽ കൂടുതൽ സീറ്റുകളുമായി എത്തുന്ന ഏതെങ്കിലും ചെറുപാർട്ടികളെയെല്ലാം കൂടെ കൂട്ടി ബിജെപിക്ക് ഭരണം പിടിച്ചെടുക്കാനാകും എന്ന ഒരു സാധ്യതയാണ് കൂടുതൽ രാഷ്ട്രീയ നിരീക്ഷകരും കൽപിക്കുന്നത്.

ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചകളും മുന്നോട്ടുപോകുന്നത്. ഇതുതന്നെയാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും പേടിയും. ഏറ്റവും വലിയ ഒറ്റക്കക്ഷികളായി ഒന്നും രണ്ടും സ്ഥാനത്ത് ബിജെപിയും കോൺഗ്രസും എത്തിയേക്കാം. എന്നാൽ പ്രധാനമന്ത്രി മോഹവുമായി നിരവധി പാർട്ടികളുണ്ട്. മുമ്പൊരിക്കൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന മൂന്നാംമുന്നണി എന്ന നിലയിലല്ല ഇക്കുറി കാര്യങ്ങൾ എന്നുമാത്രം. എന്നാൽ അത്തരത്തിൽ ഒരു മൂന്നാംമുന്നണി പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും അദൃശ്യമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ. ഇവരെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കും എന്ന പ്രതീക്ഷ വേണ്ടെങ്കിലും അധികാരം എന്ന വിഷയം വരുമ്പോൾ ഒരു സമവായം ഉണ്ടായിക്കൂടെന്നില്ല എന്ന മട്ടിലാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

നിർണായകമാകുന്നത് അഞ്ച് സംസ്ഥാനങ്ങൾ

ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും നിർണായകം അഞ്ച് സംസ്ഥാനങ്ങളാണ്. നാല്പതിലേറെ സീറ്റുകളുള്ള അഞ്ച് സംസ്ഥാനങ്ങൾ. രാജ്യം ആരു ഭരിക്കുമെന്ന കാര്യത്തിൽ വിധിയെഴുത്തുണ്ടാക്കുന്നതിൽ നിർണായകം യുപി തന്നെയാണ്. 80 സീറ്റുള്ള യുപിക്ക് പിന്നാലെ മഹാരാഷ്ട്ര (48), ബംഗാൾ (42), ബിഹാർ (40), തമിഴ്‌നാട്/പുതുച്ചേരി (40) എന്നിങ്ങനെ നാലു സംസ്ഥാനങ്ങൾ കൂടെ ചേരുമ്പോൾ 250 സീറ്റായി. ഇവയിൽ കഴിഞ്ഞ തവണ ബിജെപി നേടിയതു 119 സീറ്റായിരുന്നു.

ശിവസേന ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സീറ്റുകൾ കൂടി േചർക്കുമ്പോൾ എൻഡിഎ 147 സീറ്റുമായി മോദിയെ അധികാരത്തിലെത്തിക്കാൻ അണിനിരന്നു. ബംഗാളും തമിഴ്‌നാടും അന്ന് ബിജെപിക്ക് കൂടെ നിന്നില്ല. എന്നാൽ ഇക്കുറി സ്ഥിതി മാറും. യുപിയിൽ ബിജെപിക്ക് അടിതെറ്റുമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. ബംഗാളിലും തമിഴ്‌നാട്ടിലും കഴിഞ്ഞതവണത്തെ സ്ഥിതിതന്നെയാണ് ഇക്കുറിയും. അവരും എൻഡിഎയ്‌ക്കൊപ്പം നിൽക്കില്ല.

കഴിഞ്ഞതവണ കൂടെ നിന്ന പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളും ഇക്കുറി ബിജെപിക്ക് കാര്യമായി പ്രതീക്ഷ നൽകുന്നില്ല. ഇതോടൊപ്പം ആന്ധ്രയും തെലങ്കാനയുമെല്ലാം കൂടും. പക്ഷേ, ഇവിടങ്ങളിൽ പലയിടത്തും കോൺഗ്രസിനും അടിതെറ്റും. കർണാടകത്തിൽ പുരോഗതിയുണ്ടെങ്കിലും മറ്റിടങ്ങളിൽ കോൺഗ്രസിനും സ്ഥാനമൊന്നുമില്ല. ബംഗാളിൽ ഇടതുപക്ഷമാണ് സഖ്യകക്ഷി.

കാര്യമായി പ്രതീക്ഷ വേണ്ട കോൺഗ്രസിന്. തമിഴ്‌നാട്ടിലും കാര്യങ്ങൾ തീരുമാനിക്കുന്നത് ഡിഎംകെയും സ്റ്റാലിനുമാണ്. യുപിയിൽ കാര്യങ്ങൾ എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ പിടിയിലാണ്. പ്രിയങ്കയെ ഇറക്കിയിട്ടുണ്ടെങ്കിലും എത്ര സീറ്റ് കോൺഗ്രസിന് പിടിക്കാനാകുമെന്ന് കണ്ടറിയണം. റായ്ബറേലിയിലും അമേഠിയിലും മാത്രമായി കോൺഗ്രസ് സ്വപ്‌നങ്ങൾ ഒതുങ്ങുമെന്നതാണ് യുപിയിലെ ഇപ്പോഴത്തെ നിലയെന്നാണ് വിലയിരുത്തലുകൾ.

അതേസമയം, മഹാരാഷ്ട്രയിലും ബിഹാറിലും സഖ്യങ്ങളുടെ ബലത്തിൽ ബിജെപിയുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുമുണ്ട്. ഇത്തരതത്തിൽ മറ്റിടങ്ങളിൽ നഷ്ടപ്പെടുന്ന സീറ്റുകൾ പരമാവധി പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. പക്ഷേ, എന്തായാലും കഴിഞ്ഞതവണ മോദി അധികാരത്തിൽ എത്തിയതുപോലെ ഒറ്റയ്‌ക്കൊരു ഭൂരിപക്ഷം ബിജെപിക്ക് ഇക്കുറി സ്വപ്‌നം കാണാനാവില്ല. എന്നാൽ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് കോൺഗ്രസ് നില മെച്ചപ്പെടുത്തിയേക്കുമെന്നാണ് പൊതുവെ വിലയിരുത്തലുകൾ.

ആ അഞ്ച് സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത്

ഉത്തർ പ്രദേശ്: ആകെ 80 സീറ്റ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 71 സീറ്റുകൾ. ഇത്തവണ ത്രികോണ മൽസരം. നരേന്ദ്ര മോദി അമിത് ഷാ യോഗി ആദിത്യനാഥ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപി പ്രചരണം നടത്തുമ്പോൾ ഒബിസി നേതാവ് കേശവ് ദേവ് മൗര്യയുടെ മഹാൻ ദളുമായി ചേർന്നാണു കോൺഗ്രസിന്റെ പോരാട്ടം. കൂടെ പ്രിയങ്കയുടെ സാന്നിധ്യമാണ് കോൺഗ്രസിന്റെ ആകർഷണം. ബിജെപിയുടെ കരുത്തായ സവർണ വോട്ട് ബാങ്കിൽ പ്രിയങ്ക വിള്ളലുണ്ടാക്കിയാൽ ബിജെപിക്ക് പിന്നെയും ക്ഷീണമാകും. ചില മണ്ഡലങ്ങളിൽ എസ്‌പി-ബിഎസ്‌പി സഖ്യവുമായി രഹസ്യധാരണയുമുണ്ട് കോൺഗ്രസിന്.

ബിഎസ്‌പി 38 സീറ്റിലും എസ്‌പി 37 സീറ്റിലും സഖ്യമായി മൽസരിക്കുന്ന സംസ്ഥാനത്ത് ആർഎൽഡി മൂന്നിടത്ത് സ്ഥാനാർത്ഥികളെ നിർത്തും. രാഹുലിന്റെ സീറ്റായ അമേഠിയും സോണിയയുടെ റായ്ബറേലിയും മാത്രമാണ് ഒഴിച്ചിട്ടിട്ടുള്ളത്.

മഹാരാഷ്ട്ര: സീറ്റുകൾ 48. ഇക്കുറി മോദി തരംഗമില്ലെന്ന് മാത്രമല്ല, കർഷക ആത്മഹത്യകളിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തുകയും നിരവധി തവണ കർഷകലോംഗ് മാർച്ച് സംസ്ഥാന സർക്കാരിന് എതിരെ വരുകയും ചെയ്ത സംസ്ഥാനത്ത് ഇക്കുറി കോൺഗ്രസ്-എൻസിപി സഖ്യം വലിയ പ്രതീക്ഷയിലാണ്. എന്നാൽ കഴിഞ്ഞതവണത്തേക്കാൾ ശിവസേനയെ അനുനയിപ്പിക്കാനും കൂടെ നിർത്താനും അമിത്ഷായ്ക്ക് കഴിഞ്ഞത് ബിജെപിക്ക് വലിയ പ്രതീക്ഷ നൽകുന്നു. കോൺഗ്രസ് എൻസിപി വോട്ട് ബാങ്കായിരുന്ന, ജനസംഖ്യയുടെ 31% വരുന്ന മറാഠകളെ സംവരണ പ്രഖ്യാപനത്തിലൂടെ ഒപ്പം നിർത്താൻ ശ്രമിച്ചതും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതിച്ഛായയുമാണ് പ്രതീക്ഷയർപ്പിച്ചാണ് ബിജെപി നീക്കം.

മറുവശത്ത് വോട്ട് ഭിന്നിക്കാതിരിക്കാൻ ചെറുപാർട്ടികളെ ഒപ്പംനിർത്താനാണ് കോൺ-എൻസിപി സഖ്യം നീങ്ങുന്നത്. എന്നാൽ അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ കോൺഗ്രസ്- എൻസിപി സഖ്യത്തിനൊപ്പം ചേരാതെ അസദുദ്ദീൻ ഉവൈസിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതിനാൽ ദലിത് മുസ്ലിം വോട്ടുകൾ ഭിന്നിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. ബിഎസ്‌പിയുടെ പ്രതികരണവും അനുകൂലമല്ല. രാജ് താക്കറെയുടെ എംഎൻഎസുമായി നീക്കുപോക്കുകൾക്ക് എൻസിപി ശ്രമം. ഹിന്ദി മേഖലയിൽ ബിജെപിക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിൽ മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി നേരിടും. എന്നാൽ പ്രകാശ് അംബേദ്കറുടെയും ഉവൈസിയുടെയും നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി 48 മണ്ഡലങ്ങളിലും മൽസരിക്കുന്നുണ്ടെന്നത് ഫലത്തിൽ നേട്ടമാകുക ബിജെപിക്ക് തന്നെ.

ബിഹാർ: ആകെയുള്ളത് 40 സീറ്റ്. നരേന്ദ്ര മോദിയും നിതീഷ് കുമാറും കൈകോർക്കുന്ന ബിഹാറിൽ വൻ പ്രതീക്ഷയിലാണ് എൻഡിഎ. നിതീഷിനെ നേരത്തെ തന്നെ ലാലുവിൽ നിന്ന് അടർത്തിമാറ്റാനായത് വലിയ നേട്ടമായാണ് ബിജെപി കാണുന്നത്. വികസനവും രാജ്യസുരക്ഷയും മുഖ്യവിഷയങ്ങളായി ചർച്ചചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുകൊണ്ടുവന്ന സാമ്പത്തിക സംവരണം ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെയും നിതീഷിന്റെയും പ്രതീക്ഷ.അതേസമയം, ലാലു പ്രസാദ് യാദവിന്റെ ജയിൽവാസത്തിലൂന്നി സഹതാപതരംഗം സൃഷ്ടിക്കാനാണ് മകൻ തേജസ്വി യാദവ് ശ്രമിക്കുന്നത്. യാദവ-മുസ്ലിം സമുദായ സമവാക്യം അനുകൂലമാകുമെന്ന് ആർജെഡി-കോൺഗ്രസ് സഖ്യം കണക്കുകൂട്ടുന്നു. ഈ രണ്ട് സമുദായങ്ങളും കൂടെ നിന്നാൽ ബിജെപി സഖ്യം പിന്നെ നിലംതൊടില്ല.

എൻഡിഎ സഖ്യത്തിൽ ബിജെപിയും ജനതാദളും (യു) 17 സീറ്റുകളിൽ വീതം മത്രസിക്കുന്നു. റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) 6 സീറ്റിലും. അതേസമയം എൻഡിഎ വിരുദ്ധരേയും വിമതരേയുമെല്ലാം കൂടെ കൂട്ടിയാണ് ലാലുവിന്റെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതൃത്വം നൽകുന്ന മഹാസഖ്യം. എസ്‌പി, സിപിഎം, സിപിഐ എന്നീ കക്ഷികൾക്കെല്ലാം ആർജെഡി സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബംഗാൾ: 42 സീറ്റുമായി മമതയുടെ പോരാട്ട ഭൂമി. ത്രികോണ മത്സരം നടക്കുന്നതോടെ സാധ്യത കൂടുതൽ കൽപിക്കപ്പെടുന്നത് മമതയ്ക്കുതന്നെ. കോൺഗ്രസ്-ഇടതുധാരണ നിലവിൽവന്നതോടെ സംസ്ഥാനത്തു ത്രികോണ മൽസരത്തിന് കളമൊരുങ്ങുകയായിരുന്നു. കോൺഗ്രസും സിപിഎമ്മും ഇപ്പോഴുള്ള 6 സീറ്റ് പരസ്പരം മൽസരിക്കാതെ നിലനിർത്താൻ പരിശ്രമിക്കുമ്പോൾ മറ്റ് സീറ്റുകളിൽ കോൺഗ്രസ് വോട്ട് ഇടതിനൊപ്പമോ അതോ മമതയ്‌ക്കൊപ്പമോ എന്നതാണ് ചർച്ചയാകുന്നത്. തൃണമൂലിനെയും ബിജെപിയെയും എതിർക്കുന്നവർ കോൺഗ്രസ് - ഇടത് സഹകരണത്തെ പിന്തുണയ്ക്കുന്നു. അതേസമയം, മുസ്ലിം ധ്രുവീകരണം തൃണമൂലിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് പുതുമുന്നേറ്റം പ്രതീക്ഷിക്കുകയാണ് ബിജെപി. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ മമത ഇക്കുറി എന്തായാലും ബിജെപിക്ക് ഒരു അവസരവും സംസ്ഥാനത്ത് നൽകില്ലെന്ന ഉറച്ച നിലപാടുമായാണ് നീങ്ങുന്നത്.

മമതയുടെ തൃണമൂൽ കോൺഗ്രസിനൊപ്പം ഡാർജലിങ്ങിലെ ഗൂർഖാ ജനമുക്തി മോർച്ചയാണു പേരിനുള്ള സഖ്യകക്ഷി. എന്നാൽ സഖ്യങ്ങളൊന്നുമില്ലാതെയാണ് ബിജെപിയുടെ നീക്കം. ഇടതും കോ്ൺഗ്രസും ഒരുമിക്കുമ്പോൾ അന്തിമഫലം പ്രവചനത്തിനും അപ്പുറമായിരിക്കും. ഏതായാലും ബിജെപിക്ക് കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ പ്രതീക്ഷയുണ്ട് ഇക്കുറി ബംഗാളിൽ.

തമിഴ്‌നാട്-പുതുച്ചേരി: ആകെ 40 സീറ്റ്. ഇതിൽ ഇപ്പോൾ തന്നെ വലിയ വിജയപ്രതീക്ഷയിലാണ് ഡിഎംകെ-കോൺഗ്രസ്-ഇടത് സഖ്യം. കോൺഗ്രസിനും ഇടതിനുമായി വെറും 14 സീറ്റുകൾ മാത്രം നൽകിയാണ് ഡിഎംകെ പോരാട്ടം നേരിടുന്നത്. എത്ര സീറ്റു കിട്ടുമെന്നത് വലിയ ചർച്ചയാണ്. മറുവശത്ത് അണ്ണാഡിഎംകെ ബിജെപി സഖ്യമാണ്. ഭരണകക്ഷിയെന്ന നിലയിൽ വിഭജിച്ചുനിൽക്കുന്ന അണ്ണാ ഡിഎംകെയ്ക്ക് എതിരെ കൂനിന്മേൽ കുരുപോലെ വന്നിരിക്കുകയാണ് പൊള്ളാച്ചി കൂട്ട ബലാത്സംഗ കേസ്. സംഭവം തമിഴ്‌നാട്ടിൽ വലിയ കോളിളക്കം ആയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചാൽ ഡിഎംകെ സഖ്യം തമിഴ്‌നാട് തൂത്തുവാരുമെന്ന നിലയിലാണ് കാര്യങ്ങൾ.

ജയലളിത- കരുണാനിധി യുഗത്തിനു ശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട് ഇക്കുറി. ഡിഎംകെ സഖ്യത്തിനും അണ്ണാ ഡിഎംകെ സഖ്യത്തിനും പുറമേ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യവും കൂടിയാകുന്നതോടെ മത്സരം മുറുകുന്നു. കഴിഞ്ഞതവണ 40ൽ 37 സീറ്റും നേടിയിരുന്നു അണ്ണാ ഡിഎംകെ ജയലളിതയുടെ തണലിൽ. ഇപ്പോൾ പാർട്ടി പിളർന്ന് രണ്ടായി. ജയിലിലിരുന്ന് തോഴി ശശികലയാണ് ദിനകരന്റെ വിഭാഗത്തെ നിയന്ത്രിക്കുന്നത്. പന്നീർ ശെൽവവും മുഖ്യമന്ത്രി പളനിസ്വാമിയും നേതൃത്വം നൽകുന്ന മറുപക്ഷവും ഉണ്ട്.

തമിഴകം ഏതെങ്കിലുമൊരു മുന്നണിയെ ഏകപക്ഷീയമായി തുണയ്ക്കുന്നതാണു ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ പതിവ്. ഇക്കുറി ഡിഎംകെ നേട്ടമുണ്ടാക്കിയാൽ എം.കെ. സ്റ്റാലിന്റെ നിലപാടുകൾ കേന്ദ്ര ഭരണത്തിൽ നിർണായകമാവുമെന്നാണ് വിലയിരുത്തൽ. ഏതായാലും കോൺഗ്രസിനൊപ്പം സഖ്യമുണ്ടായതിന്റെ ആശ്വാസം രാഹുലിനുണ്ടാകും. പക്ഷേ, മൂന്നാം മുന്നണിയെന്ന നിലയിൽ കാര്യങ്ങൾ നീങ്ങിയാൽ ഡിഎംകെ അവർക്കൊപ്പം കൂടിയേക്കും. കോൺഗ്രസിന് എതിർപ്പുയർത്താനും കഴിയില്ല. ഈ മുന്നണികൾക്ക് പുറമെ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യവും മൽസര രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP