Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോൻസ് ജോസഫും ഫ്രാൻസിസ് ജോർജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നു; സീറ്റ് മോഹിച്ചെത്തിയ പതിനഞ്ചോളം പേർക്കായി ആകെ കോൺഗ്രസ് നൽകുന്നത് അഞ്ചോ ആറോ സീറ്റ് മാത്രം; രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ് ലംഘനം പുലിവാലായാൽ മോൻസിനും ജോസഫിനും മത്സരിക്കാൻ കഴിയില്ലെന്നതും പ്രതിസന്ധി മൂർച്ഛിപ്പിക്കും; പകരം മകനെ ഇറക്കാനുള്ള ജോസഫിന്റെ ആലോചനയ്‌ക്കെതിരേയും നേതാക്കൾ രംഗത്ത്; അധികാര വടംവലി മൂർച്ഛിച്ച ഗ്രൂപ്പിനെ നയിച്ചു മടുത്ത് പിജെ ജോസഫ്

മോൻസ് ജോസഫും ഫ്രാൻസിസ് ജോർജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നു; സീറ്റ് മോഹിച്ചെത്തിയ പതിനഞ്ചോളം പേർക്കായി ആകെ കോൺഗ്രസ് നൽകുന്നത് അഞ്ചോ ആറോ സീറ്റ് മാത്രം; രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ് ലംഘനം പുലിവാലായാൽ മോൻസിനും ജോസഫിനും മത്സരിക്കാൻ കഴിയില്ലെന്നതും പ്രതിസന്ധി മൂർച്ഛിപ്പിക്കും; പകരം മകനെ ഇറക്കാനുള്ള ജോസഫിന്റെ ആലോചനയ്‌ക്കെതിരേയും നേതാക്കൾ രംഗത്ത്; അധികാര വടംവലി മൂർച്ഛിച്ച ഗ്രൂപ്പിനെ നയിച്ചു മടുത്ത് പിജെ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ സർവ്വത്ര പ്രതിസന്ധി. എംഎൽഎ മോൻസ് ജോസഫും മുൻ എംപി ഫ്രാൻസിസ് ജോർജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നത് പിജെ ജോസഫിന് തന്നെ തലവേദനയാണ്. സീറ്റ് മോഹിച്ചെത്തിയ പതിനഞ്ചോളം പേർക്കായി ആകെ കോൺഗ്രസ് നൽകുക അഞ്ചോ ആറോ നിയമസഭാ സീറ്റ് മാത്രമാകും. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ് ലംഘനം പുലിവാലായാൽ മോൻസിനും ജോസഫിനും മത്സരിക്കാൻ കഴിയില്ലെന്നതും പ്രതിസന്ധി മൂർച്ഛിപ്പിക്കും. പകരം മകനെ ഇറക്കാനുള്ള ജോസഫിന്റെ ആലോചനയ്‌ക്കെതിരേയും നേതാക്കൾ രംഗത്തുണ്ട്. അധികാരവടം വലി മൂർച്ഛിച്ച ഗ്രൂപ്പിനെ നയിച്ചു മടുത്ത് പിജെ ജോസഫ് നിരാശയിലേക്ക് വഴുതി വീഴുകയാണെന്നാണ് സൂചന.

സിഎഫ് തോമസിന്റെ നിര്യാണത്തോടെ ഒഴിവു വന്ന ചങ്ങനാശേരി സീറ്റിനായി പോലും ജോസഫ് വിഭാഗത്തിൽ തർക്കമാണ്. സിഎഫിന്റെ സഹോദരനും ചങ്ങനാശേരി നഗരസഭാധ്യക്ഷനുമായ സാജൻ ഫ്രാൻസിസ്, വി.ജെ.ലാലി എന്നിവരുടെ പേരുകൾ ജോസഫ് വിഭാഗത്തിൽ ചർച്ചയിലുണ്ട്. ജോസഫ്-മാണി വിഭാഗങ്ങൾ ഒറ്റപ്പാർട്ടിയായി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ 15 സീറ്റാണു യുഡിഎഫ് നൽകിയത്. പിളർന്ന ഈ കക്ഷികൾ അതേ എണ്ണം സീറ്റ് വേണമെന്ന വാദം ജോസഫ് യുഡിഎഫിന് മുമ്പിൽ വയ്ക്കും. ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. ഇതാണ് ജോസഫ് വിഭാഗത്തിലെ പൊട്ടിത്തെറിക്ക് കാരണം. എന്നും ജോസഫിനൊപ്പം നിന്ന നേതാവാണ് മോൻസ് ജോസഫ്. യുഡിഎഫിലേക്ക് വന്നപ്പോഴും ജോസഫിനൊപ്പം അടിയുറച്ചു നിന്നു. ഫ്രാൻസിസ് ജോർജ് ഇടയ്ക്ക് തെറ്റിപ്പിരിഞ്ഞ് ജനാധിപത്യ കേരളാ കോൺഗ്രസുണ്ടാക്കി. കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചു തോറ്റു.

എങ്കിലും ജോസഫിന് ഫ്രാൻസിസ് ജോർജിനോടും താൽപ്പര്യകുറവില്ല. മോൻസിനേയും പിണക്കാനാകുന്നില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് പ്രശ്‌നത്തിൽ ഭിന്നമായ നിലപാട് മോൻസ് ജോസഫിനുണ്ടായിരുന്നു. വോട്ട് ചെയ്യേണ്ടതില്ലെന്നും ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും മോൻസ് മുൻകൂട്ടി കണ്ടിരുന്നു. ആറു വർഷത്തെ അയോഗ്യത വന്നാൽ കടുതുരുത്തി എന്നേന്നേക്കുമായി നഷ്ടമാകുമെന്ന് ജോസഫിനെ മോൻസ് അറിയിച്ചിരുന്നു. തൊടുപുഴയിൽ ജോസഫിനും മത്സരിക്കാനാകില്ല. എന്നാൽ തൊടുപുഴയിൽ മകനെ പിൻഗാമിയാക്കാനാണ് ജോസഫിന് താൽപ്പര്യം. അതുകൊണ്ട് തന്നെ വിപ്പ് വിവാദത്തിൽ എല്ലാ അർത്ഥത്തിലും പെട്ടത് മോൻസ് മാത്രമാണ്.

ഇതിന് പിന്നിൽ ഫ്രാൻസിസ് ജോർജ് ചരടു വലിച്ചുവെന്ന് മോൻസ് കരുതുന്നു. ഇതോടെയാണ് ഫ്രാൻസിസ് ജോർജിനെതിരെ കരുനീക്കം മോൻസും തുടങ്ങിയത്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന് യുഡി എഫിൽ കിട്ടിയ 15 സീറ്റുകളിൽ 4 എണ്ണത്തിലാണ് ജോസഫ് വിഭാഗം നേതാക്കൾ മത്സരിച്ചത്. തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട്. ബാക്കി സീറ്റിൽ മാണി വിഭാഗം മത്സരിച്ചു. പാലാ, ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ. അന്നു മാണി വിഭാഗം നേതാവായിരുന്ന സി.എഫ്. തോമസ് എംഎൽഎ പിന്നീട് പാർട്ടി പിളർന്നപ്പോൾ ജോസഫ് പക്ഷത്തായി. അതായത് ജോസഫ് പക്ഷത്തിന് അഞ്ച് സീറ്റുകൾക്ക് മാത്രമേ അവകാശമുള്ളൂവെന്നാണ് കോൺഗ്രസ് നിലപാട്. തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട കൊടുക്കാനും തയ്യാറാകും. അങ്ങനെ വന്നാൽ നേതാക്കളെല്ലാം നിരാശരാകും,

കാഞ്ഞിരപ്പള്ളിയും പാലായും ജോസഫിന് ഒരു കാരണവശാലും കോൺഗ്രസ് വിട്ടു കൊടുക്കില്ല. ചങ്ങനാശേരിയിൽ സിഫിന്റെ വിയോഗത്തോടെ സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ നീക്കം ജോസഫ് അംഗീകരിക്കില്ല. സിഎഫിന്റെ സഹോദരനും ചങ്ങനാശേരി മുൻസിപ്പൽ ചെയർമാുമായ സജാൻ ഫ്രാൻസിന് കൊടുക്കണം എന്നാണ് ജോസഫിന്റെ വാദം. എന്നാൽ കെസി ജോസഫ് ചങ്ങനാശേരിയിൽ മത്സരിക്കുമെന്നാണ് കോൺഗ്രസ് ഇപ്പോൾ പറയുന്നത്. ഇരിങ്ങാലക്കുടയിൽ മത്സരിച്ച തോമസ് ഉണ്ണിയാടനും ജോസഫിനൊപ്പം ചേർന്നു. സ്വാഭാവികമായും ആറു സീറ്റുകൾ അവകാശപ്പെടാൻ ജോസഫിന് അർഹതയുണ്ട്. ഉണ്ണിയാടന്റെ സീറ്റ് കൊടുക്കുന്നതും പരിഗണിക്കും. അതിൽ അപ്പുറത്തേക്കൊന്നും കിട്ടില്ല.

തൊടുപുഴയിൽ ജോസഫും കോതമംഗലത്ത് ഫ്രാൻസിസ് ജോർജും കടുത്തുരുത്തിയിൽ മോൻസ് ജോസഫും കുട്ടനാട് ജേക്കബ് എബ്രഹാമും ഇരിങ്ങാലക്കുടയിൽ ഉണ്ണിയാടനും സീറ്റ് ഉറപ്പിക്കാം. ചങ്ങനാശേരി കിട്ടിയാൽ സാജൻ ഫ്രാൻസിസും. അതിന് അപ്പുറത്തേക്ക് ഒരു സീറ്റും കൊടുക്കില്ല. അങ്ങനെ വന്നാൽ ജോണി നെല്ലൂർ, വിക്ടർ തോമസ്, പ്രിൻസ് ലൂക്കോസ്, ജോസഫ് എം പുതുശ്ശേരി, സജി മഞ്ഞക്കടമ്പൻ എന്നിവർക്കെല്ലാം നിരാശയാകും ഫലം. ഇതാണ് ജോസഫ് വിഭാഗത്തിലെ തമ്മിലടിക്ക് കാരണവും.

തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടി നേരിട്ടെങ്കിലും ജോസ് വിഭാഗത്തിൽ നിന്നും പുതുശ്ശേരി അടക്കമുള്ള നേതാക്കന്മാർ തങ്ങളുടെ ചേരിയിലിലെത്തിയത് ജോസഫ് രാഷ്ട്രീയ വിജയമായി അവതരിപ്പിച്ചിരുന്നു. എന്നാൽ ജോസഫ് വിഭാഗത്തിൽ തമ്മിലടി മൂർച്ഛിക്കുകയാണ്. ഇത് യുഡിഎഫ് നേതൃത്വത്തേയും അങ്കലാക്കിലാക്കുന്നുണ്ട്. പാർട്ടിയിലെ രണ്ടാമൻ ആരെന്നതാണ് പ്രതിസന്ധിക്ക് കാരണം. പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കുവാൻ മോൻസ് ജോസഫ് എംഎൽഎ യുടെ യും മുൻ എം പി കെ ഫ്രാൻസിസ് ജോർജ്ജിന്റെയും നേതൃത്വത്തിൽ അധികാര വടംവലി രൂക്ഷമാണ്. ഈ തർക്കത്തിൽ ജോസഫും തീർത്തും നിരാശനാണെന്നാണ് ലഭിക്കുന്ന സൂചന.

മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, വിക്ടർ ടി തോമസ്, വി ജെ ലാലി, വർഗീസ് മാമൻ,ഡി.കെ.ജോൺ , കുഞ്ഞു കോശി പോൾ, റോജസ് സെബാസ്റ്റ്യൻ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മാർ, പ്രിൻസ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവർ ഒരു പക്ഷത്ത്. മറു ചേരിയിൽ ജോയ് അബ്രഹാം,എം പി പോളി, വക്കച്ചൻ മറ്റത്തിൽ, സജി മഞ്ഞക്കടമ്പിൽ, സാജൻ ഫ്രാൻസിസ്, മൈക്കിൾ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണിൽ, ഷീല സ്റ്റീഫൻ എന്നീ പ്രമുഖരും. എല്ലാവർക്കും എംഎൽഎയായി മത്സരിക്കാൻ സീറ്റ് വേണമെന്നതാണ് പ്രശ്‌നം.

രാജ്യസഭ വോട്ടെടുപ്പിലും അവിശ്വാസ പ്രമേയം ചർച്ചാവേളയിലും വിട്ടു നൽകണമെന്നായിരുന്നു മോൻസ് ജോസഫ് ആവശ്യപ്പെട്ടിരുന്നത്. ഇതിനെ ഫ്രാൻസിസ് ജോർജ് ,ജോയി എബ്രഹാം അടങ്ങുന്ന മറുപക്ഷം അട്ടിമറിച്ചു. യുഡിഎഫ് അനുകൂല നിലപാട് ഉയർത്തി വോട്ട് ചെയ്യുകയും മറു പക്ഷത്തിന് വിപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോസഫ് ഇതിനെ അംഗീകരിച്ചു. ഇതാണ് പ്രതിസന്ധി ശക്തമാകാൻ കാരണം. ചിഹ്നവുമായി ബന്ധപ്പെട്ട കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി അനുകൂലമായതോടെ മോൻസ് ജോസഫ് തീർത്തും പ്രതിസന്ധിയിലായി. മോൻസിന് മത്സരിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കാനായിരുന്നു ഇതെന്ന് കടുത്തുരുത്തി എംഎൽഎയെ അനുകൂലിക്കുന്നവർ കരുതുന്നു.

ചിഹ്ന പ്രശ്‌നത്തിൽ ഹൈക്കൊടതിയിൽ നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉള്ള കേസിൽ ഉണ്ടായ സ്റ്റെ താൽക്കാലിക വിജയം മാത്രമാണെന്നും മേൽകോടതിയിൽ കേസ് തോൽക്കുമെന്നും മോൻസ് ജോസഫ് തിരിച്ചറിയുന്നു. സ്പീക്കർക്കും ജോസ് പക്ഷത്തിന് അനുകൂലമായ നിയമോപദേശം ആണ് ലഭിച്ചിരിക്കുന്നത്. അയോഗ്യതയിലേക്കും അതുവഴി ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യത്തിലേക്കും പി ജെ ജോസഫിനേയും മോൻസിനെയും കൊണ്ട് ചെന്ന് എത്തിച്ചത് ഫ്രാൻസിസ് ജോർജിന്റേയും ജോയ് എബ്രഹാത്തിന്റെയും പിടിവാശിയാണെന്നതാണ് വസ്തുത. തൊടുപുഴയിൽ മത്സരിക്കാൻ പി.ജെ ജോസഫിന്റെ മകൻ അപ്പു ജോസഫും പിന്നിൽ ചരടു വലികൾ നടത്തിയെന്ന വിലയിരുത്തലും മോൻസിനുണ്ട്.

ഏറ്റുമാനൂർ സീറ്റ് വാഗ്ദാനം ചെയ്ത് പ്രിൻസ് ലൂക്കോസിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നതിൽ സജി മഞ്ഞക്കടമ്പനും ജോസഫിനോട് പിണങ്ങി. തിരുവല്ല സീറ്റ് ഓഫർ ചെയ്ത് ജോസഫ് എം പുതുശ്ശേരിയെ സ്വീകരിച്ചത് വിക്ടർ ടി തോമസിനും ഇഷ്ടപ്പെട്ടില്ല, കുട്ടനാട് സീറ്റിൽ വിമതനായി മത്സരിച്ച പഴയ മാണി ഗ്രൂപ്പുകാരനായ ജോസ് കോയിപ്പള്ളിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതും കുട്ടനാട്ടിലെ ജോസഫ് ഗ്രൂപ്പ് നേതാവായ ജേക്കബ് എബ്രഹാമിന് കടുത്ത അതൃപ്തി ഉണ്ടാക്കി

പുതിയ പാർട്ടി രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോട്ടയത്തെ ഫ്രാൻസിസ് ജോർജ് പക്ഷത്തെ വക്കച്ചൻ മറ്റത്തിലിന്റെ വീട്ടിൽ ജോസഫും ഏറ്റവും അടുത്ത അനുയായികളും യോഗം ചേർന്നു. തന്നോട് ആലോചിക്കാതെ തന്നെ ഉൾപ്പെടുത്താതെ ഇത്തരമൊരു ഗ്രൂപ്പ് യോഗം ജോസഫ് വിളിച്ചു ചേർത്തതിൽ മോൻസ് അതീവ ദുഃഖിതനാണ്. തൊടുപുഴ സീറ്റിൽ ഇക്കുറി തനിക്ക് പകരം മകൻ അപ്പു ജോൺ ജോസഫിനെ മത്സരിപ്പിക്കണമെന്നാണ് ജോസഫിന് ആഗ്രഹം.

പക്ഷേ ജോസഫ് മാറിക്കഴിഞ്ഞാൽ സീറ്റ് തനിക്ക് വേണമെന്ന് എം ജെ ജേക്കബ് ആഗ്രഹിക്കുന്നു. അങ്ങനെ എല്ലായിടത്തും ജോസഫിൽ സീറ്റ് നിർണ്ണയ പ്രതിസന്ധിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP