Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

സ്വപ്ന ചെവിയിൽ മന്ത്രിച്ചത് വ്യാജമാക്കി പിടിച്ചു നിൽക്കാൻ ശ്രമം; ശിവശങ്കറിനെ ഒഴിവാക്കിയതോടെ തൽകാലം രക്ഷപ്പെട്ടെന്ന ആശ്വാസം; സ്വന്തം ശൈലിയിൽ ആരോപണങ്ങളെ നേരിട്ട് സഹതാപം ഉണ്ടാക്കാൻ നീക്കം; യുഡിഎഫും ബിജെപിയും ഒരുമിച്ചാക്രമിച്ച് തുടങ്ങിയതോടെ ഇമേജ് കാക്കാൻ നേരിട്ടിറങ്ങി പിണറായി; അവതാരങ്ങളെ കരുതിയിരിക്കണമെന്ന് ഏവരേയും ഓർമ്മിപ്പിച്ച മുഖ്യമന്ത്രി പെട്ടതും വമ്പൻ കുരുക്കിൽ

സ്വപ്ന ചെവിയിൽ മന്ത്രിച്ചത് വ്യാജമാക്കി പിടിച്ചു നിൽക്കാൻ ശ്രമം; ശിവശങ്കറിനെ ഒഴിവാക്കിയതോടെ തൽകാലം രക്ഷപ്പെട്ടെന്ന ആശ്വാസം; സ്വന്തം ശൈലിയിൽ ആരോപണങ്ങളെ നേരിട്ട് സഹതാപം ഉണ്ടാക്കാൻ നീക്കം; യുഡിഎഫും ബിജെപിയും ഒരുമിച്ചാക്രമിച്ച് തുടങ്ങിയതോടെ ഇമേജ് കാക്കാൻ നേരിട്ടിറങ്ങി പിണറായി; അവതാരങ്ങളെ കരുതിയിരിക്കണമെന്ന് ഏവരേയും ഓർമ്മിപ്പിച്ച മുഖ്യമന്ത്രി പെട്ടതും വമ്പൻ കുരുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്‌നാ സുരേഷ് സ്വർണ്ണ കടത്ത് ആരോപണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റയ്ക്ക് നേരിടും. ഇതിന് വേണ്ടിയാണ് തന്റെ സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രി കൈവിട്ടത്. സോളാറിലെ പ്രതികാരം തീർക്കാൻ വ്യാജ ആരോപണങ്ങൾ ഉയർത്തുന്നുവെന്നാണ് ഉയരുന്ന ആരോപണം. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ കോൺഗ്രസും യുഡിഎഫും സമരങ്ങൾ പ്രഖ്യാപിക്കുകയും ആരോപണങ്ങളുമായി ബിജെപി കളം നിറയുകയും ചെയ്തതോടെ കരുതലോടെ നീങ്ങാനാണ് പിണറായിയുടെ തീരുമാനം.

പുറത്തുവരാനിരിക്കുന്ന വിവരങ്ങളും സ്വപ്ന സുരേഷിന്റെ അറസ്റ്റും കേന്ദ്ര ഏജൻസികളുടെ ഇടപെടലുകളും സർക്കാരിനു നിർണായകമാകും. എങ്കിലും തന്നെ നേരിട്ട് ഈ കേസിൽ പെടുത്താൻ ഒന്നും കിട്ടില്ലെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി. തന്റെ ഓഫീസിലുള്ളവരോട് കരുതിയിരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോപണങ്ങളെ തന്റേതായ ശൈലിയിൽ പ്രതിരോധിച്ച് തോൽപ്പിക്കാനാണ് നീക്കം. കോവിഡ് കാലമായതു കൊണ്ട് സമരങ്ങൾക്ക് ചൂടുകൂടില്ലെന്നാണ് വിലയിരുത്തൽ. ഓഫിസിനെതിരായ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളുന്നത് കരുതലോടെയാണ്. തന്റെ കുടുംബത്തിലേക്ക് പ്രശ്‌നങ്ങൾ വഴിച്ചിഴയ്ക്കാനാണ് ശ്രമമെന്ന് വരുത്തി സഹതാപം ഉണ്ടാക്കാനാകും ശ്രമം. സോളാറിൽ ഉമ്മൻ ചാണ്ടിയെ തളച്ചതു പോലെ സ്വർണ്ണ കടത്തിൽ തന്നെ കുടുക്കാനാകില്ലെന്ന് പിണറായി സ്വയം വിശദീകരിക്കും.

സ്വർണക്കടത്തു കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതയാണ് എന്നത് സർക്കാരിന് തലവേദനായണ്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സെക്രട്ടറി എം. ശിവശങ്കറാണ് അവരുടെ സംരക്ഷകൻ എന്നതും ഗൗരവത്തോടെ കാണുന്നു. ആക്ഷേപം വന്നയുടൻ സ്വപ്നയെ പുറത്താക്കിയെങ്കിൽ പിറ്റേന്നു ശിവശങ്കറിനെയും പുറത്താക്കി. ഇതിൽ നിന്ന് തന്നെ തന്റെ നിരപരാധിത്വം തെളിഞ്ഞെന്നാണ് പിണറായിയുടെ വാദം. കേന്ദ്ര കഥാപാത്രം വനിത ആയതിനാൽ സോളർ കേസുമായി ഇതിനെ ബന്ധിപ്പിക്കാനുള്ള നീക്കവും അനുവദിക്കില്ല. സരിതാ കേസുമായി ഇതിന് ബന്ധമില്ലെന്ന് സ്ഥാപിക്കാൻ അതിവിശ്വസ്തരേയും രംഗത്തിറക്കും,

ശിവശങ്കറിനെ കൈ വിടാൻ സിപിഎം നേതൃത്വത്തോടു കൂടി ആലോചിച്ച ശേഷമാണു മുഖ്യമന്ത്രി തീരുമാനിച്ചത്. ഐടി വകുപ്പുമായി ബന്ധപ്പെട്ട് ഒന്നിനു പിറകെ മറ്റൊന്നായി ആക്ഷേപങ്ങൾ ഉയർന്നതും ഇതിന് കാരണമായി. തന്റെ ഓഫിസിൽ വഴിവിട്ട ഒരു നടപടിയും അനുവദിക്കില്ലെന്ന സന്ദേശം ഇതു വഴി നൽകാനാണ് പിണറായിയുടെ ശ്രമം. സ്വപ്‌ന മുഖ്യമന്ത്രിയുടെ ചെവിയിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇത് വ്യാജമാണെന്ന് വരുത്താനാണ് നീക്കം. ഇത് ഉയർത്തി എല്ലാ ആരോപണങ്ങളേയും പ്രതിരോധിക്കും. സ്വർണ്ണ കടത്തിലെ ആരോപണങ്ങൾ വഴി തിരിച്ചു വിട്ടു മുതലാളിമാരെ രക്ഷിക്കാനാണ് നീക്കമെന്നും വാദമെത്തും.

മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്കു തലേന്ന് നടത്തിയ പത്രസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞ ഒരു വാചകം - 'അവതാരങ്ങളെ കരുതിയിരിക്കണം' എന്നായിരുന്നു. സോളാർ കേസിൽ യുഡിഎഫിനെ മുന വച്ച് കടന്നാക്രമിക്കൽ. ഐ.ടി. സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ മാറ്റണമെന്ന ആവശ്യം സ്പ്രിംക്‌ളർ വിവാദമുയർന്നപ്പോൾ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിൽ ശക്തമായി ഉയർന്നിരുന്നു. നിയമവകുപ്പിനോടുപോലും ആലോചിക്കാതെ അന്താരാഷ്ട്ര കരാർ നൽകിയതായിരുന്നു ഇതിന് കാരണം. എന്നാൽ ആ അവതാരത്തെ മുഖ്യമന്ത്രി സംരക്ഷിച്ചു. ഇ-ബസ് വാങ്ങാനുള്ള കരാർ വിവാദമായപ്പോൾ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ മറുപടി പറയുന്നതിൽനിന്ന് വിലക്കിയിരുന്നു. പകരം മുഖ്യമന്ത്രി തന്നെയാണ് കാര്യങ്ങൾ വിശദീകരിച്ചത്. ഇ-ബസ് ആരോപണത്തിൽ ഉൾപ്പെട്ട പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനി വഴിയാണ് സ്വപ്ന ഐ.ടി. സ്പേസ് പാർക്കിലെത്തിയത്. ഇതും അവതാരത്തിന്റെ സ്വാധീനമാണ്.

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികൾ മാത്രമാണിതെന്നും സർക്കാരിനും പാർട്ടിക്കും ഇതിന്റെ ഉത്തരവാദിത്വമില്ലെന്നും സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ശ്രമിക്കുന്നത്. ആദ്യം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാത്രം മാറ്റിയ ശിവശങ്കറിനെ രണ്ടാമതൊരു ആലോചനയ്ക്കുശേഷമാണ് ഐ.ടി. സെക്രട്ടറിസ്ഥാനത്തുനിന്ന് പുറത്താക്കുന്നത്. അദ്ദേഹത്തെ ദീർഘാവധിയിൽ പ്രവേശിപ്പിച്ചതും പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ്. അതിനിടെ തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വപ്നാസുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യയെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവർക്ക് സ്വർണ്ണക്കടത്തിൽ പങ്കുള്ളതായിട്ടാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി നെടുമങ്ങാടുള്ള സന്ദീപിന്റെ വീട്ടിലെത്തിയാണ് ഇവരെ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്.

തിരുവനന്തപുരത്ത് ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. നെടുമങ്ങാട് സ്വദേശിയായ സന്ദീപ് ഒളിവിലാണ്. സ്വർണ്ണക്കടത്തിൽ സന്ദീപിനോ ഭാര്യയ്ക്കോ ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം വ്യക്തമാകുന്നതിനാണ് സന്ദീപ് നായരുടെ ഭാര്യയെ ചോദ്യം ചെയ്യുന്നത്. സന്ദീപ് നായർക്ക് സരിത്തും സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് കരുതുന്നത്. സന്ദീപും ഭാര്യയും സ്വർണ്ണക്കടത്തിൽ കാരിയറായിട്ടെങ്കിലും പ്രവർത്തിച്ചിരിക്കാമെന്നാണ് പ്രധാനമായും ഉയർന്നിരിക്കുന്ന സംശയം.

സന്ദീപും സരിത്തും സ്വപ്നയും ചേർന്നുള്ള ചില സംയുക്ത സംരംഭങ്ങളും സാമ്പത്തീക ഇടപാടുകളും ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. അടുത്തിടെ സന്ദീപിന്റെ നെടുമങ്ങാട്ട് തുടങ്ങിയ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തത് സ്പീക്കർ ശ്രീരാമകൃഷ്ണനായിരുന്നു. ഈ വർക്ക്ഷോപ്പ് സന്ദീപാണ് നോക്കി നടത്തുന്നതെങ്കിലും സ്വപ്നാ സുരേഷും സരിത്തും ഉൾപ്പെട്ട പങ്കാളിത്ത ബിസിനസായിരിക്കാം എന്നാണ് സംശയിക്കുന്നത്. ഇവർ മൂവരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ ഉണ്ടായിരുന്നതരായും കരുതുന്നു. സന്ദീപും ഇപ്പോൾ മുങ്ങിയിരിക്കുകയാണ്. രണ്ടു ദിവസമായി സന്ദീപ് നായർ വർക്ക്ഷോപ്പിൽ വരുന്നില്ല. സന്ദീപിലേക്ക് നീളുന്ന അന്വേഷണം വഴി സ്വപ്നയിലേക്ക് എത്തിച്ചേരാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം തന്നെ സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കൂ. കേസിലെ പ്രധാനപ്രതി സ്വപ്നയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സന്ദീപും സ്വപ്നയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സ്വപ്നയെക്കുറിച്ചുള്ള വിവരങ്ങൾ സന്ദീപിനറിയാം എന്നുമാണ് വിലയിരുത്തൽ. സന്ദീപിനൊപ്പമായിരിക്കും സ്വപ്ന ഒളിവിൽ പോയത് എന്ന സാധ്യതയും കണക്കിലെടുക്കുന്നുണ്ട്. ഈ സാധ്യതകൾ മുൻ നിർത്തിയാണ് ഭാര്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ രണ്ടാമത് കസ്റ്റഡിയിൽ എടുക്കുന്നയാളാണ് സന്ദീപിന്റെ ഭാര്യ. സ്വപ്നാ സുരേഷിനായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണ്. ഇവരുടെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP