Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുസ്ലിംലീഗ് വർഗീയ കക്ഷിയെന്ന വിലയിരുത്തൽ സിപിഎമ്മിനില്ല; യുഡിഎഫിൽ നിൽക്കുന്നതിനാൽ ഇടതു സമീപനം ആലോചിക്കേണ്ടെന്ന് പിണറായി: ബിജെപി മുഖ്യശത്രുവാകുമ്പോൾ കേരളത്തിൽ മുന്നണി സംവിധാനങ്ങൾ മാറിമറിയുമോ? തദ്ദേശ നീക്കുപോക്കുകളെ ഭയന്ന് കോൺഗ്രസ്

മുസ്ലിംലീഗ് വർഗീയ കക്ഷിയെന്ന വിലയിരുത്തൽ സിപിഎമ്മിനില്ല; യുഡിഎഫിൽ നിൽക്കുന്നതിനാൽ ഇടതു സമീപനം ആലോചിക്കേണ്ടെന്ന് പിണറായി: ബിജെപി മുഖ്യശത്രുവാകുമ്പോൾ കേരളത്തിൽ മുന്നണി സംവിധാനങ്ങൾ മാറിമറിയുമോ? തദ്ദേശ നീക്കുപോക്കുകളെ ഭയന്ന് കോൺഗ്രസ്

ബി രഘുരാജ്

കണ്ണൂർ: മലപ്പുറം ജില്ലയിൽ യുഡിഎഫ് സംവിധാനത്തിൽ അപ്രമാദത്തം മുസ്ലിംലീഗിനാണ് എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ മലബാർ മേഖലയിൽ പല തവണ സിപിഐ(എം)- മുസ്ലിംലീഗ് കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. ഇത്തവ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും ഭീതിപ്പെടുത്തുന്ന വിധത്തിൽ ബിജെപി വളരുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. എന്നാൽ, മലബാറിലെ ചിലയിടങ്ങളിൽ കോൺഗ്രസിൽ നിന്നും പുറത്തുചാടി ലീഗ് കൂട്ടുകൂടുന്നത് സിപിഎമ്മിനോടാണ്. ഇങ്ങനെയുള്ള തദ്ദേശ നീക്കുപോക്കുകൾ ക്ഷീണം ചെയ്യുക കോൺഗ്രസിന് ആണെന്ന കാര്യം ഉറപ്പാണ്. ഈ ആശങ്കയെ ബലപ്പെടുത്തുന്ന പ്രസ്താവനയുമായി സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി.

മുസ്ലിംലീഗ് വർഗീയ കക്ഷിയാണെന്ന അഭിപ്രായം ഇല്ലെന്നാണ് പിണറായി വിജയൻ പറഞ്ഞിരിക്കുന്നത്. അവർ യുഡിഎഫിനുള്ളിൽ നിൽക്കുകയാണെന്നും ഇപ്പോൾ ഇടതുപക്ഷത്തിന്റെ സമീപനം ആലോചിക്കേണ്ട ആവശ്യമില്ലെന്നും പിണറായി പറഞ്ഞു. എംവി രാഘവനെ പുറത്താക്കിയ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്. 1986ലെ ദേശീയ സംസ്ഥാന സാഹചര്യത്തിൽ അങ്ങനെയൊരു തീരുമാനമെടുക്കുകയായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. ഇപ്പോൾ കിട്ടാവുന്ന എല്ലാവരുമായും സഹകരിക്കുക എന്നാണ് നയം. മുസ്ലിം ലീഗുമായും കൂട്ടുകെട്ട് സ്വീകാര്യമാണെന്ന് പിണറായി പറഞ്ഞു. ലീഗ് മുസ്ലിം വർഗീയതയെ പ്രതിനിധാനം ചെയ്യുന്നു എന്ന വിലയിരുത്തലില്ലെന്നും പിണറായി വ്യക്കമാക്കി.

പാർട്ടി കോൺഗ്രസിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും സ്വീകരിച്ച നിലപാടാണ് പിണറായി വെളിപ്പെടുത്തിയതെന്ന് മുസ്ലിം ലീഗ് എംഎൽഎ കെഎൻഎ ഖാദർ പ്രസ്താവനയോട് പ്രതികരിച്ചു. യഥാർത്ഥ എതിരാളി ആരാണെന്ന് തിരിച്ചറിയാത്തതാണ് സിപിഐഎമ്മിന്റെ പരാജയം. സംഘപരിവാറിനെതിരെ വിശാലമായ ഒരു ഐക്യം രാജ്യത്തിന് ആവശ്യമാണെന്നും കെഎൻഎ ഖാദർ പറഞ്ഞു. കോൺഗ്രസല്ല, ബിജെപിയും സംഘപരിവാറുമാണ് മുഖ്യശത്രുക്കളെന്ന് സിപിഐഎം തിരിച്ചറിഞ്ഞെങ്കിൽ അത് സ്വാഗതം ചെയ്യുന്നതായും കെഎൻഎ ഖാദർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർക്ക് ലീഗുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. ഇതിനിടെയാണ് ലീഗുമായിയുള്ള സഖ്യസാധ്യതകളെ തള്ളാതെ പിണറായി വിജയൻ രംഗത്തെത്തിയത്. എസ്എൻഡിപി ബിജെപിയുമായി സഹകരിച്ചു നീങ്ങുമെന്ന വിധത്തിലേക്ക് കേരള രാഷ്ട്രീയം മാറിമറിയുമ്പോഴാണ് ലീഗുമായുള്ള സഖ്യസാധ്യതകൾ തള്ളാതെ സിപിഐ(എം) രംഗത്തെത്തിയത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ അടക്കം കോൺഗ്രസ്-ലീഗ് സഖ്യം ത്രിശങ്കുവിലാണ്. പലയിടുത്തും നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനാൽ സഖ്യത്തിന് പുറത്താണ് മത്സരം. ലീഗാകട്ടെ ഇവിടങ്ങളിൽ സിപിഎമ്മുമായി സഹകരിച്ചാണ് പ്രവർത്തനവും. പിണറായിയുടെ പ്രസ്താവന തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ്-സിപിഐ(എം) നീക്കുപോക്കുകൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന കാര്യം ഉറപ്പാണ്.

നിരവിലെ സാമുദായിക വോട്ടുകളുടെ ക്രമം അനുസരിച്ച് മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ യുഡിഎഫിന് ലഭിക്കുന്നുണ്ട്. യുഡിഎഫിന്റെ രൂപീകരണം തന്നെ ഇങ്ങനെ സമുദായ ശക്തികളുടെ കൂട്ടുകെട്ടലിന്റെ അടിസ്ഥാനത്തിലാണ്. എങ്കിലും വെള്ളാപ്പള്ളി തുറന്ന പിന്തുണ ബിജെപിക്ക് ലഭിച്ചതോടെ വെള്ളാപ്പള്ളിയെ എതിർക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി നേടാൻ സാധിക്കുമെന്ന് സിപിഐ(എം) കണക്കുകൂട്ടുന്നുണ്ട്. ബിജെപിയുടെ വളർച്ചയെ തടയിടാൻ സിപിഐ(എം) രംഗത്തിറങ്ങുമ്പോൾ അതിന് ലീഗുമായുള്ള കൂട്ടുകെട്ടും സഹായകമാകുമെന്നാണ് പിണറായി വിജയൻ അടക്കമുള്ള നേതാക്കളുടെ വിലയിരുത്തൽ.

ബിജെപി മുന്നേറ്റത്തിന് തടയിടാൻ ന്യൂനപക്ഷ വോട്ടുകൾ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസിന് കേരളത്തിൽ മികച്ച നേട്ടം കൊയ്യാൻ സാധിച്ചതും. ഇപ്പോൾ കേരളത്തിൽ ബിജെപി അതിവേഗം വളരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സിപിഎമ്മിന് ബംഗാളിലെ പാർട്ടിയുടെ ഗതി വരരുതെന്ന് ആഗ്രഹിക്കുന്നവരിൽ നല്ലൊരു ശതമാനം മുസ്ലിം വിഭാഗക്കാരുണ്ട്. പുരോഗമന പ്രസഥാനമായ സിപിഎമ്മിന്റെ തകർച്ച കേരളത്തിലെ സാമുദായിക അന്തരീക്ഷത്തെ കലുഷിതമാക്കുമെന്നാണ് പൊതു വിലയിരുത്തൽ. അതുകൊണ്ട് സിപിഎമ്മുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് മുസ്ലിംലീഗിലെ ഒരു വിഭാഗവും വിലയിരുത്തുന്നു. ഇപ്പോഴത്തെ സിപിഐ(എം) ലീഗുമായി അടുക്കുന്നതിൽ ഏറ്റവും ആശങ്ക കോൺഗ്രസിന് ആകുമെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും മുന്നണിയിലെ ഏറ്റവും വിശ്വസനീയതയുള്ള പാർട്ടിയാണ് ലീഗ് എന്ന് തന്നെ കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ തദ്ദേശത്തിലെ നീക്കുപോക്കുകൾ നിയമസഭയിലേക്ക് നീങ്ങില്ലെന്നും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP