Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യുനപക്ഷ വോട്ടുകൾ കൂട്ടമായി ഒഴുകിയെത്തിയ 2004 ലെ തിരഞ്ഞെടുപ്പ് വിജയം സ്വപ്‌നം കണ്ട് കോടിയേരി; 1989 ലെ തിരഞ്ഞെടുപ്പും 2019 ലെ തിരഞ്ഞെടുപ്പും ഇരട്ട പെറ്റ സഹോദരങ്ങളായി മാറുമോ എന്ന് ഭയന്ന് പ്രവർത്തകർ; ശബരിമല തിയറി കൂട്ട് പിടിച്ചത് ബിജെപിയിലേക്ക് വോട്ട് ഒഴുക്കി കോൺഗ്രസിനെ തറപറ്റിക്കാൻ; ചതിച്ചത് രാഹുൽ തരംഗം; മുന്നിലുള്ളത് നായനാർ ഭരണകാലത്തെ മൂന്ന് സീറ്റിലൊതുങ്ങിയ തോൽവിയും; പിണറായിയെ കാത്തിരിക്കുന്ന ജനവിധി എന്ത്?

ന്യുനപക്ഷ വോട്ടുകൾ കൂട്ടമായി ഒഴുകിയെത്തിയ 2004 ലെ തിരഞ്ഞെടുപ്പ് വിജയം സ്വപ്‌നം കണ്ട് കോടിയേരി; 1989 ലെ തിരഞ്ഞെടുപ്പും 2019 ലെ തിരഞ്ഞെടുപ്പും ഇരട്ട പെറ്റ സഹോദരങ്ങളായി മാറുമോ എന്ന് ഭയന്ന് പ്രവർത്തകർ; ശബരിമല തിയറി കൂട്ട് പിടിച്ചത് ബിജെപിയിലേക്ക് വോട്ട് ഒഴുക്കി കോൺഗ്രസിനെ തറപറ്റിക്കാൻ; ചതിച്ചത് രാഹുൽ തരംഗം; മുന്നിലുള്ളത് നായനാർ ഭരണകാലത്തെ മൂന്ന് സീറ്റിലൊതുങ്ങിയ തോൽവിയും; പിണറായിയെ കാത്തിരിക്കുന്ന ജനവിധി എന്ത്?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ:  തിരഞ്ഞെടുപ്പ് തിയറിയിലെ ഏറ്റവും പഴക്കം ചെന്നതും എന്നാൽ കാര്യമായ യാതൊരു ആധികാരികത ഇല്ലാത്തതുമായ കണ്ടെത്തലാണ് പോളിങ് ശതമാനം കൂടിയാൽ കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം ഉണ്ടാകുമെന്നത്. എന്നാൽ ഇതിനു കടക വിരുദ്ധമായ തരത്തിലും കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണത്തെ പോളിങ് ഉയർച്ചയിൽ സിപിഎം വിരണ്ടിരിക്കുന്നു എന്നത് നഗ്നമായ സത്യമാണ്. ഇതിന്റെ പിന്തുടർച്ചയാണ് മണിക്കൂറുകൾക്കു മുൻപ് നടന്ന സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തൽ ആയി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വാദമുഖങ്ങൾ. എന്നാൽ ചരിത്രം പിന്നിലുണ്ട് എന്ന് മറന്നാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത് എന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്ന വസ്തുത. കോടിയേരി ഉയർത്തുന്ന വാദമുഖങ്ങൾ അംഗീകരിച്ചാൽ തന്നെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും രാഷ്ട്രീയം മറന്നു ജാതി പറഞ്ഞു വോട്ടു ചെയ്യാൻ പഠിക്കുകയാണ് എന്നും വ്യക്തമാകുന്നു.

ന്യുനപക്ഷ വോട്ടുകൾ കൂട്ടമായി ഒഴുകിയെത്തിയ 2004 ലെ തിരഞ്ഞെടുപ്പ് വിജയമാണ് ഇപ്പോൾ കോടിയേരി കേരളീയരെ ഓർമ്മിപ്പിക്കുന്നത്. ഇടതു പക്ഷത്തിനു എക്കാലത്തെയും മധുരമുള്ള വിജയമാണ് അന്നത്തെ തിരഞ്ഞെടുപ്പ് നൽകിയത്. യുഡിഎഫിന് മേനി പറയാൻ അന്നത്തെ പൊന്നാനിയിലെ ഇ അഹമ്മദിന്റെ വിജയം മാത്രമാണ് കൂടെ നിന്നത്. മഞ്ചേരിയിൽ പോലും അന്ന് ടി കെ ഹംസ ലീഗ് സ്ഥാനാർത്ഥി കെ പി എ മജീദിനെ അരലക്ഷത്തോളം വോട്ടിനു തോൽപ്പിക്കുക ആയിരുന്നു. കാക്കക്കൂട്ടിൽ കുയിലിന്റെ മുട്ട എന്നാണ് അന്ന് ഇടതുപക്ഷ പ്രവർത്തകർ വിജയാഘോഷ റാലിയിൽ മുദ്രാവാക്യം വിളിച്ചത് പോലും. മുസ്ലിം, ക്രിസ്ത്യൻ ന്യുനപക്ഷ വോട്ടുകൾ പെട്ടിയിൽ എത്തിക്കാൻ സിപിഎം നടത്തിയ തന്ത്രങ്ങളും കോൺഗ്രസിൽ ആന്റണിയും ഉമ്മൻ ചാണ്ടിയും തമ്മിൽ നടന്ന ഗ്രൂപ്പ് ബലാബലങ്ങളും ചേർന്നപ്പോൾ നിരാശരായ കോൺഗ്രസ് പ്രവർത്തകർ പോളിങ് ബൂത്തിൽ നിന്ന് വിട്ടു നിന്നുമാണ് അന്നത്തെ അപ്രതീക്ഷിത വിജയം സിപിഎമ്മിന് സമ്മാനിച്ചത്. പച്ച തൊടാൻ പോലും ഒരു കോൺഗ്രസ് എംപിയെ അന്ന് കേരളത്തിന് സമ്മാനിക്കയില്ല. ഒടുവിൽ മന്മോഹൻ മന്ത്രിസഭയിൽ കേരളത്തിനായി ഇ അഹമ്മദ് മന്ത്രിയാകുകയും ചെയ്തു. ഈ രാഷ്ട്രീയ വിജയമാണ് ഇപ്പോൾ കോടിയേരി ഓർമ്മപ്പെടുത്തുന്നത്. ഇടതുപക്ഷം അന്ന് കേരളത്തിൽ നേട്ടമുണ്ടാക്കിയെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലിന് അന്ന് സാധിച്ചില്ല എന്നതുമാണ് സത്യം.

എന്നാൽ കോടിയേരി മറന്നു പോകുന്നത് ഇത്തവണ ഉണ്ടായ റെക്കോർഡ് പോളിങ് ആണ്. മൂന്നു പതിറ്റാണ്ടിനിടയിൽ ഏറ്റവും വലിയ പോളിങ് ആണ് ഇത്തവണ കേരളം വിധി എഴുതിയത്. അതിനർത്ഥം ബൂത്തിൽ എത്താൻ കഴിയുന്നതിൽ നല്ല പങ്കു ജനങ്ങളും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി എന്ന് തന്നെയാണ്. ഇത്തവണത്തെ പോളിങ് കണക്കിൽ സംസ്ഥാന ശരാശരി 77.68 ശതമാനമായി ഉയർന്നതിന്റെ നേട്ടം സ്വന്തം പോക്കറ്റിൽ ഒതുക്കാനാണ് എല്ലാ പാർട്ടികളൂം മുന്നണിയും കിണഞ്ഞു ശ്രമിക്കുന്നതും. കേരളത്തിൽ ഭരണ വിരുദ്ധ വികാരം ശക്തമാകുന്ന സമയത്താണ് പോളിങ് ഉയരുന്നത് എന്ന് ശ്രദ്ധിച്ചാൽ ഇത്തവണത്തെ വോട്ടിങ് സംസ്ഥാന ഭരണകക്ഷിയായ സിപിഎംന് കയ്പുനീർ നൽകുന്നതായിരിക്കും എന്ന വിലയിരുത്തലാണ് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്. ഭരണ രംഗത്ത് പിണറായി സർക്കാർ മെച്ചപ്പെട്ട നിലയിൽ കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ രാഷ്ട്രീയ നേട്ടമെടുക്കാൻ ചെയ്ത ഭരണപരമായ തീരുമാനങ്ങളാണ് തിരിച്ചടി സമ്മാനിക്കുന്നത് എന്നതാണ് വിചിത്രം.

ഇതിൽ ഏറ്റവും ശക്തമായ ഫാക്ടർ ആയി നിലകൊള്ളുന്നത് ശബരിമല തന്നെയാണ്. ഹിന്ദു ഭൂരിപക്ഷ വികാരം ബിജെപിക്ക് ഗുണമായാൽ കോൺഗ്രസ് പക്ഷ വോട്ടുകൾ നഷ്ടമാകുമെന്നും ആ ഗ്യാപ്പിൽ ഗോൾ അടിക്കാം എന്ന ചിന്തയുമാണ് പിണറായിയെ ശബരിമല വിഷയം ഹിന്ദു വിരുദ്ധതയുടെ ലേബൽ ഒട്ടിച്ചു കൈകാര്യം ചെയ്യാൻ പ്രേരിപ്പിച്ചത്. എന്നാൽ സിപിഎം കരുതാത്ത വിധം വലിയ തോതിൽ ഹൈന്ദവ വികാരം ഉണർന്നതോടെ തങ്ങളും വിശ്വാസികളാണ് എന്നൊക്കെ പറഞ്ഞുള്ള തടിയൂരാൽ ശ്രമം നടത്തിയെങ്കിലും അതൊന്നും വേണ്ട വിധം വിജയമായില്ല എന്നതാണ് ഹൈന്ദവ ഭൂരിഭാഗം ഉള്ള നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചു ഉണ്ടായ വർധിച്ച പോളിങ് ആണ് ഇപ്പോൾ സിപിഎം കേന്ദ്രങ്ങളുടെ ഉറക്കം കെടുത്താൻ കാരണമായിരിക്കുന്നത്. സിപിഎം സെക്രട്ടറിയേറ്റ് പോലും വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതും ഇതിനൊപ്പം കൂട്ടിവായിക്കാവുന്നതാണ്. അതായതു ബിജെപി നേടിയ വോട്ടുകളിൽ തങ്ങളുടെ വോട്ടുകളും ചോർന്നിരിക്കാം എന്നാണ് സിപിഎം കണ്ടെത്തുന്നത്. ഇതിനു തടയിടാൻ പൊതുജന സമക്ഷം അഞ്ചു സീറ്റുകളിൽ കോൺഗ്രസും ബിജെപിയും സീറ്റ് കച്ചവടം നടന്നു എന്ന മുൻകൂർ ജാമ്യമെടുക്കലാണ് സിപിഎം ചെയ്തിരിക്കുന്നത്.

ഇതിനു മുൻപ് കേരളം കണ്ട ഏറ്റവും ഉയർന്ന പോളിങ് 1989 ലെതാണ്. അന്ന് നായനാർ സർക്കാരിന്റെ ജനദ്രോഹ നയങ്ങളാണ് ജനങ്ങളെ കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷം നൽകാൻ പ്രേരിപ്പിച്ചത്. നായനാർ ഭരണകാലത്തെ പൊലീസ് നടപടികളിൽ സംസ്ഥാനം ഒട്ടാകെയായി ജനവികാരം രൂപപ്പെട്ട സമയത്താണ് ലോക് സഭ ഇലക്ഷൻ കടന്നു വന്നത്. അതേ സമയം ഇന്ത്യയിൽ ഇടതു പാർട്ടികൾ ഏറ്റവും ശക്തമായ പ്രകടനം കാഴ്ച വച്ച അത്തവണ ഇടതു പ്രസ്ഥാനങ്ങൾക്ക് ഏറ്റവും ശക്തമായ വേരോട്ടം ഉള്ള കേരളത്തിൽ ഉണ്ടായ തിരിച്ചടി ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയും ചെയ്തു. അന്ന് സംസ്ഥാന ശരാശരിയിൽ 79. 3 ശതമാനം പേരാണ് വോട്ടു ചെയ്തത്. അതായതു ഇത്തവണ ഉണ്ടായതിനേക്കാൾ അധികം പേര് ബൂത്തിലെത്തി. ആ തിരഞ്ഞെടുപ്പിൽ കാസർഗോഡും വാടകരും പാലക്കാടും മാത്രമാണ് ഇടതു പക്ഷത്തു നിന്നത്. ഒറ്റപ്പാലം മുതൽ തിരുവനന്തപുരം വരെ ഒരൊറ്റ മണ്ഡലങ്ങളിൽ പോലും ചെങ്കൊടി ഉയർന്നില്ല എന്നത് ഇന്നും സിപിഎം ഉൾക്കിടിലത്തോടെയാണ് ഓർക്കുന്നത്. ഇടതുപാർട്ടികൾ നിർണായക ശക്തികൾ ആണെന്ന് ഇന്ത്യൻ രാഷ്ട്രീയം സമ്മതിക്കാൻ തയ്യാറായപ്പോളാണ് പർട്ടിക്കു കേരളത്തിൽ കാലിടറിയത്.

മൂന്നാം മുന്നണി കരുത്തുകാട്ടിയ ആ തിരഞ്ഞെടുപ്പിനെ കുറിച്ച് ഡൽഹിയിൽ അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ ആയിരുന്ന വാൾട്ടർ കെ ആൻഡേഴ്സൺ നടത്തിയ നിരീക്ഷണങ്ങൾ പിന്നീട് കാലിഫോർണിയ സർവകലാശാല പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്ന് കേരളത്തിൽ സിപിഎം നേരിട്ട പരാജയവും ആൻഡേഴ്സന്റെ പഠനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ആർക്കും ഭൂരിപക്ഷം നൽകാത്ത തൂക്കു പാർലിമെന്റ് സമ്മാനിച്ച ആ വർഷത്തെ തിരഞ്ഞെടുപ്പുൽ സിപിഎം ഉൾപ്പെട്ട ഇടതു പാർട്ടികളുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി നേടിയ സീറ്റുകൾ ഏറെ പ്രധാനമായിരുന്നു. രാജീവ് ഗാന്ധി ഭരണ തുടർച്ച നേടിയപ്പോൾ കേരളം ഒപ്പം നിന്നെങ്കിലും വടക്കൻ സംസ്ഥാങ്ങളിൽ കോൺഗ്രസിന് അടിതെറ്റി. അന്ന് ദേശീയ കണക്കിൽ ഒൻപതാം ലോക്സഭയിൽ 196 സീറ്റ് കോൺഗ്രസിന് നൽകിയതിൽ കേരളത്തിന്റെ സംഭാവന വലുതാണ്. അതേ കണക്കുകൾ ഇത്തവണ ഉയർന്ന പോളിങ്ങിന്റെ ബലത്തിൽ നൽകാൻ കഴിയുമെന്നാണ് കേരളത്തിലെ കോൺഗ്രസ് വിശ്വസിക്കുന്നതും. എന്നാൽ ആ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തു ഇരിക്കാൻ ആയിരുന്നു കോൺഗ്രസിന്റെ നിയോഗം.

അന്ന്, 1989 ൽ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സിപിഎം മായി അടുക്കാൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രമിച്ചെങ്കിലും സിപിഎം അകന്നു മാറുക ആയിരുന്നു. പശ്ചിമ ബംഗാളിൽ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഹാൽദിയ പെട്രോ കെമിക്കൽ പ്രോജക്ടിന് തറക്കല്ലിട്ടു ശേഷം തിരുവനന്തപുരത്തു യൂത്ത് കോൺഗ്രസ് റാലിയിലും പങ്കെടുത്ത ശേഷമാണ് രാജീവ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. അന്ന് സിപിഎം നിർണായക ശക്തികൾ ആയിരുന്ന സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും കേരളവും. ഇന്ന് തമിഴ്‌നാട്ടിൽ അടക്കം കോൺഗ്രെസും സിപിഎമ്മും കൈകോർത്തു മത്സരിക്കുന്നത് കാലത്തിന്റെ മറ്റൊരു കാവ്യനീതിയായി മാറുകയാണ്. ഇപ്പോൾ വയനാട്ടിൽ പ്രസംഗിക്കാൻ എത്തിയ രാഹുലിന്റെ വാക്കുകളോട് ഏറെ സാദൃശ്യം പുലർത്തിയാണ് രാജീവ് അന്ന് തിരുവനന്തപുരത്തു പ്രസംഗിച്ചതും. സിപിഎംനെ അടച്ചാക്ഷേപിക്കാൻ ഇല്ലെന്ന രാഹുലിന്റെ വാക്കുകൾ അന്ന് രാജീവിന്റെ പ്രസംഗത്തിലും നിഴലിട്ടിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം വേണ്ടി വന്നേക്കാവുന്ന ഒരു സൗഹൃദ സാഹചര്യമായിരുന്നു അന്ന് രാജീവിന്റെ മനസിലും. അന്ന് ബംഗാളിലെ 42 സീറ്റിലും വിജയിക്കാൻ ശേഷി ഉണ്ടെന്നു അവകാശപ്പെട്ടു പുതുമുഖങ്ങളെയും ഇപ്പോൾ കേരളത്തിൽ അണിനിരത്തിയപോലെ മൂന്നു എംഎൽഎമാരെയും രംഗത്തിറക്കിയാണ് സിപിഎം ഭൂരിഭാഗം സീറ്റുകളിലും വിജയം ഉറപ്പിച്ചെടുത്തത്. പിന്നീട് ദേശീയ തലത്തിൽ തന്നെ സിപിഎം ഗ്രാഫ് താഴേക്കിറങ്ങുന്ന കാഴ്ചയാണ് ഇന്ത്യൻ ജനാധിപത്യം സമ്മാനിച്ചത് എന്നതും മറക്കാനാകില്ല, കോടിയേരി മറന്നാൽ പോലും.

ഈ സാഹചര്യത്തിലാണ് 1989 ലെ തിരഞ്ഞെടുപ്പും 2019 ലെ തിരഞ്ഞെടുപ്പും ഇരട്ട പെറ്റ സഹോദരങ്ങളായി മാറുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നത്. ഉയർന്ന പോളിങ്ങും സംസ്ഥാന ഭരണവും ദേശീയ രാഷ്ട്രീയവും എല്ലാം ചേർന്നാണ് വിജയികളെ തീരുമാനിക്കുന്നത് എന്ന് കൂടിയാണ് ചരിത്രം ഓർമ്മിപ്പിക്കുന്നത്. ഈ കണക്കുകളിൽ കൂടി നീങ്ങുമ്പോൾ ഇത്തവണത്തെ ഉയർന്ന പോളിങ് സിപിഎം നേക്കാൾ കോൺഗ്രസിന് തന്നെയാണ് അവകാശവാദം ഉന്നയിക്കാൻ അവസരം നൽകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP