Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ വർഷം പതിനെട്ടും ഇക്കൊല്ലം കെഎസ് എഫ് ഇയിലടക്കം ഏഴും മിന്നൽപരിശോധനകൾ! രമൺ ശ്രീവാസ്തവയെ ചേർത്തും ഐസക്കിന് മറുപടി നൽകിയും കളം തിരിച്ചു പിടിച്ച് പിണറായി; ആഭ്യന്തര വകുപ്പിലെ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി നൽകുന്നത് വിമർശകർക്കുള്ള സന്ദേശം; തദ്ദേശ പോരിന് ശേഷം സിപിഎമ്മിൽ വീണ്ടും വെട്ടിനിരത്തലിന് സാധ്യത

കഴിഞ്ഞ വർഷം പതിനെട്ടും ഇക്കൊല്ലം കെഎസ് എഫ് ഇയിലടക്കം ഏഴും മിന്നൽപരിശോധനകൾ! രമൺ ശ്രീവാസ്തവയെ ചേർത്തും ഐസക്കിന് മറുപടി നൽകിയും കളം തിരിച്ചു പിടിച്ച് പിണറായി; ആഭ്യന്തര വകുപ്പിലെ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി നൽകുന്നത് വിമർശകർക്കുള്ള സന്ദേശം; തദ്ദേശ പോരിന് ശേഷം സിപിഎമ്മിൽ വീണ്ടും വെട്ടിനിരത്തലിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ആഭ്യന്തര വകുപ്പിൽ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറയാൻ എല്ലാം കുറ്റവും ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ ഭിന്നാഭിപ്രായക്കാരെ കൃത്യമായി തന്നെ കൈകാര്യം ചെയ്യുമെന്ന സൂചനകളാണ് സിപിഎമ്മിൽ പിണറായി പക്ഷം നൽകുന്നത്. കഷ്ടകാലത്ത് ഒറ്റാൻ നിൽക്കുന്നവർക്ക് തക്കതായ തിരിച്ചടി നൽകുമെന്നാണ് അവരുടെ പക്ഷം. തദ്ദേശത്തിൽ സിപിഎമ്മിന് വലിയ വിജയമുണ്ടാകുമെന്നും അതിന് കാരണം സംസ്ഥാന സർക്കാരിന്റെ ഭരണ മികവാണെന്നും ഇവർ വാദിക്കുന്നു. തിരിച്ചടി പ്രതീക്ഷിച്ച് പോരാട്ടത്തിന് ഇറങ്ങിയവർക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന സന്ദേശമാണ് അവർ നൽകുന്നത്. ഇതോടെ സിപിഎമ്മിലെ വിഭാഗീയതയിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാകും.

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായ വി എസ് അച്യൂതാനന്ദൻ ഇക്കാര്യങ്ങളിൽ പ്രതികരിച്ചിട്ടില്ല. അസുഖം കാരണം പൂർണ്ണ വിശ്രമത്തിലായ വി എസ് പല വിഷയങ്ങളിലും ഫെയ്‌സ് ബുക്കിലൂടെ പ്രതികരിക്കാറുണ്ട്. എന്നാൽ ഇതിൽ അഭിപ്രായം പറയാത്തത് പിണറായിക്ക് ആശ്വാസമാണ്. ഇതിനിടെയാണ് കെ എസ് എഫ് ഇയിൽ നിലപാട് വിശദീകരിച്ച് പിണറായി രംഗത്ത് വ്ന്നത്. പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ പൂർണ്ണമായും പിന്തുണച്ചു. കെ എസ് എഫ് ഇയിലെ വിജിലൻസ് ഇടപെടൽ തെറ്റല്ലെന്നും എല്ലാം എല്ലാവരും അറിഞ്ഞു കൊണ്ടു മാണെന്ന സൂചനകളും നൽകി. ഇതോടെ തന്നെ കടന്നാക്രമിക്കാൻ വരുന്നവരെ നേരിടാൻ തയ്യാറാണെന്ന സന്ദേശം നൽകുകയാണ് പിണറായി.

കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയതു റെയഡ്ല്ല, പ്രാഥമിക പരിശോധന മാത്രമെന്നു മുഖ്യമന്ത്രി പറയുന്നു. കെ.എസ്.എഫ്.ഇയിലെ തന്നെ ചില ഉദ്യോഗസ്ഥർ പോരായ്മകൾ കണ്ടെത്തിയതിന്റെ തുടർച്ചയായാണു വിജിലൻസ് പരിശോധന നടത്തിയത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ വിജിലൻസിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലത്തിൽ വിജിലൻസിനെ പൂർണ്ണമായും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ഇതിനൊപ്പം വിജിലൻസ് റെയ്ഡ് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവ അറിഞ്ഞിരുന്നുവെന്ന വാർത്തയെ അദ്ദേഹം നിഷേധിച്ചതിലും രാഷ്ട്രീയമുണ്ട്.

ശ്രീവാസ്തവയ്‌ക്കെതിരേയും സിപിഎം. നേതാക്കളിൽ എതിർപ്പ് ഏറെയുണ്ട്. പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നു. പാർട്ടിക്കുള്ളിലെ പടയൊരുക്കത്തിന് തടയിടുകയെന്നതും മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നിലുണ്ട്. കെ.എസ്.എഫ്.ഇയുടെ 40 ശാഖകളിൽ മിന്നൽ പരിശോധന നടത്തിയ വിജിലൻസിനെതിരേ ധനമന്ത്രി തോമസ് ഐസക്കും സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രംഗത്തുവന്നിരുന്നു. ഇതെല്ലാം ലഘൂകരിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം എത്തുമ്പോൾ ഇനി നേതാക്കൾ പരസ്യ വിർശനവും നിർത്തും. തള്ളി പറയുന്നവരെ വെട്ടി നിരത്തി പാർട്ടിയുടെ ചുക്കാൻ തന്റെ കൈയിൽ തന്നെ നിർത്താനാണ് പിണറായിയുടെ നീക്കം.

വിജിലൻസിന്റെ സാധാരണയായുള്ള മിന്നൽ പരിശോധനാ നടപടിക്രമങ്ങൾ വിവരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ വർഷം പതിനെട്ടും ഇക്കൊല്ലം കെ.എസ്.എഫ്.ഇയിലടക്കം ഏഴും മിന്നൽപരിശോധനകൾ നടത്തി. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേടുകളുണ്ടോയെന്നു കണ്ടെത്താൻ വേണ്ടിയാണിത്. പൊലീസ് സ്റ്റേഷനുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാപനത്തിൽ ക്രമക്കേട് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചാൽ വിജിലൻസിന്റെ ഇന്റലിജന്റ്സ് വിഭാഗം രഹസ്യാന്വേഷണം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ റെയ്ഡ് വിവാദമാക്കാത്തവർ എന്തിന് ഇപ്പോൾ ഇത് ചർച്ചയാക്കിയെന്ന ചോദ്യമാണ് പിണറായി ഉന്നയിച്ചത്. ഇതോടെ കെ എസ് എഫ് ഇയിലെ റെയ്ഡ് പാർട്ടി ചർച്ചയാക്കിയാലും കൃത്യമായ മറുപടി നൽകുമെന്ന് വ്യക്തമാക്കുകയാണ് പിണറായി.

കെ.എസ്.എഫ്.ഇയുടെ കാര്യത്തിൽ അവരുടെ ഉദ്യോഗസ്ഥർ തന്നെ ചില പോരായ്മകൾ കണ്ടെത്തിയതാണ്. അതു സ്ഥാപനത്തിന്റെ സാമ്പത്തികനിലയെ ബാധിക്കുമെന്ന ശങ്ക അവർക്കുണ്ടായി. കഴിഞ്ഞ ഒക്േടാബർ 19-ന് വിജിലൻസിന്റെ മലപ്പുറം ഡിവൈ.എസ്‌പി. ഇക്കാര്യം റിപ്പോർട്ട് ചെയ്തു. 27-നു സോഴ്സ് റിപ്പോർട്ട് പരിശോധിച്ച് സംസ്ഥാനതല മിന്നൽ പരിശോധനയ്ക്ക് വടക്കൻ മേഖലാ സൂപ്രണ്ട് ശിപാർശ ചെയ്തു. വിജിലൻസ് ആസ്ഥാനത്തെ രഹസ്യാന്വേഷണവിഭാഗം ഇത് വെരിഫൈ ചെയ്തശേഷം നവംബർ പത്തിനു വിജിലൻസ് ഡയറക്ടറാണു പരിശോധനയ്ക്ക് ഉത്തരവിട്ടത്. 40 ശാഖകൾ തെരഞ്ഞെടുത്ത് 27-നു മിന്നൽ പരിശോധന നടത്തി.

റിപ്പോർട്ടുകൾ ലഭ്യമാകുന്ന മുറയ്ക്ക് അതു പരിശോധിച്ച് വിജിലൻസ് വിശദമായ റിപ്പോർട്ടയയ്ക്കും. തുടർന്നു സർക്കാരാണു തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ.യിലെ വിജിലൻസ് പരിശോധനയിൽ ഗൂഢാലോചനയും ആസൂത്രണത്തിലെ 'വട്ടും' തുറന്നുപറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കാണ്. ഇതിനെ പിന്തുണച്ചത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനുമാണ്. ഇവരുമായി ഭിന്നതയുണ്ടെന്നത് മനസ്സിൽവച്ചാൽമതിയെന്ന് മാധ്യമങ്ങളോട് ഉന്നയിക്കുമ്പോഴും ഇവർക്കുള്ള ഉത്തരമാണ് മുഖ്യമന്ത്രി നൽകിയത്.

പരിശോധന സ്വാഭാവികമായ ഒന്നായാണ് തുടക്കത്തിൽ മാധ്യമങ്ങളും കണ്ടത്. നിയമം വ്യാഖ്യാനിക്കാൻ നിയമവകുപ്പിന്റെ പണിയല്ല വിജിലൻസിന്റേതെന്നും നിയമംപോലും വ്യവസ്ഥചെയ്യാത്ത കാര്യമാണ് വിജിലൻസ് കെ.എസ്.എഫ്.ഇ.യുടെ കാര്യത്തിൽ 'കണ്ടെത്തി'യിട്ടുള്ളതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ സർക്കാരിനെ വളഞ്ഞിട്ട് പിടിക്കാൻ നോക്കുന്ന ഘട്ടത്തിൽ കെ.എസ്.എഫ്.ഇ. ചിട്ടികളിൽ കള്ളപ്പണ ഇടപാട് ആരോപിച്ചതോടെയാണ് ആനത്തലവട്ടം പരസ്യനിലപാട് എടുത്തത്. റെയ്ഡിന്റെ പിന്നണിയിലെ വസ്തുതകൾ വിശദീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് ഐസക് ഉയർത്തിയ ഗൂഢാലോചനവാദം മുഖവിലയ്‌ക്കെടുത്താണ്. രണ്ടുവർഷത്തെ വിജിലൻസ് പരിശോധനയുടെ എണ്ണവും സ്വഭാവവും വിശദീകരിച്ചാണ് മുഖ്യമന്ത്രി ഇതിന് മറുപടിനൽകുന്നത്.

എന്നാൽ, 30 ലക്ഷം ഇടപാടുകാരുള്ള ഒരുധനകാര്യ സ്ഥാപനത്തിലെ റെയ്ഡ്, നികുതിവെട്ടിപ്പും ഹൈവേ പൊലീസിന്റെ കൈക്കൂലിയും പരിശോധിക്കുന്നതുമായി മുഖ്യമന്ത്രി സമാന്യവത്കരിച്ചതിൽ ധനവകുപ്പിന് അതൃപ്തിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP