Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ്പയേയും കോവിഡിനേയും മുന്നിൽ നിന്ന് പ്രതിരോധിച്ച ശൈലജ: മാപ്പു പറഞ്ഞ് ശബരിമലയിലെ ഭക്ത വികാരം തണുപ്പിച്ച കടകംപള്ളി; ലോഡ് ഷെഡിങ് ഇല്ലാതെ പ്രകാശം പരത്തിയ മണിയാശാൻ; ധനകാര്യത്തെ നോക്കാൻ ഐസക്കുമില്ല; പാലം പണിയാൻ സുധാകരനും; ക്യാപ്ടൻ പിണറായിയും കോടിയേരിയും ചേർന്ന് സിപിഎമ്മിലെ പുതിയ ടീമിനെ നിശ്ചയിക്കുമ്പോൾ

നിപ്പയേയും കോവിഡിനേയും മുന്നിൽ നിന്ന് പ്രതിരോധിച്ച ശൈലജ: മാപ്പു പറഞ്ഞ് ശബരിമലയിലെ ഭക്ത വികാരം തണുപ്പിച്ച കടകംപള്ളി; ലോഡ് ഷെഡിങ് ഇല്ലാതെ പ്രകാശം പരത്തിയ മണിയാശാൻ; ധനകാര്യത്തെ നോക്കാൻ ഐസക്കുമില്ല; പാലം പണിയാൻ സുധാകരനും; ക്യാപ്ടൻ പിണറായിയും കോടിയേരിയും ചേർന്ന് സിപിഎമ്മിലെ പുതിയ ടീമിനെ നിശ്ചയിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ആദ്യ എഡിഷനിൽ ഏറെ തിളങ്ങിയത് ആരോഗ്യവും പൊതുമരാമത്തും ആയിരുന്നു. പ്രളയത്തേയും കോവിഡിനേയും കിഫ്ബിയിലൂടെ നേരിട്ട ധനകാര്യവും ചർച്ചകളിൽ നിറഞ്ഞു. ലോഡ് ഷെഡിങ് ഇല്ലാതെ കേരളത്തെ നോക്കിയത് എംഎം മണിയായെന്ന വൈദ്യുതി മന്ത്രിയായിരുന്നു. ആരോഗ്യത്തെ നോക്കിയ ശൈലജ ടീച്ചറിനും പൊതുമാരമത്തിൽ ചടുലമായി ഇടപെട്ട കെസുധാകരനും ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനുമൊപ്പം മണിയാശാനും പുറത്ത്. ഐസക്കും സുധാകരനും സ്ഥാനാർത്ഥിയാകാതെ വെട്ടിനിരത്തപ്പെട്ടങ്കിൽ മന്ത്രി പദം നൽകാതെ ശൈലജയേയും ഒഴിവാക്കി. പിണറായി നേരിട്ട ഏറ്റവും വലിയ വെല്ലുവളി ശബരിമലയായിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയിൽ മാപ്പു പറഞ്ഞും ക്ഷേത്രത്തിൽ ദർശനം നടത്തിയും ഭക്തരെ വീണ്ടും ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത് കടകംപള്ളി സുരേന്ദ്രനായിരുന്നു. ഈ നയതന്ത്ര മികവും ഇനി പിണറായിക്കില്ല.

ആരോഗ്യവും ധനവുകുപ്പും ദേവസ്വവും ആരു ഭരിക്കുമെന്നതാണ് ഇനി അറിയേണ്ടത്. ധനവകുപ്പിലേക്ക് ബാലഗോപാലോ പി രാജീവോ എത്തുമെന്ന് കരുതുന്നവരുണ്ട്. ആരോഗ്യ വകുപ്പിനെ ജനങ്ങളോട് ചേർത്ത് നിർത്തിയ ശൈലജ ടീച്ചറിന്റെ പകരക്കാരിയേയോ പകരക്കാരനേയോ കരുതലോടെ കണ്ടെത്തേണ്ടതുണ്ട്. വീണാ ജോർജ് എന്ന വനിതയെ തന്നെ ഇതിന് നിയോഗിക്കുമോ എന്ന ചോദ്യവും സജീവം. വിദ്യാഭ്യാസത്തിന്റെ അമരത്ത് ആർ ബിന്ദു എത്തുമെന്ന് കരുതുന്നവരുമുണ്ട്. ദേവസ്വം ശിവൻകുട്ടിക്ക് നൽകുമെന്നും പൊതു വിലയിരുത്തലുണ്ട്. എന്നാൽ ഇതെല്ലാം തീരുമാനിക്കുക മുഖ്യമന്ത്രി പിണറായി വിജയനാകും. അല്ലാതെ മറ്റാർക്കും ഇതിലൊരു പങ്കുമില്ലെന്നതാണ് വസ്തുത. ശൈലജ ടീച്ചറിനെ വീണ്ടും മന്ത്രിയായി കാണാൻ പോളിറ്റ് ബ്യൂറോയ്ക്ക് ആഗ്രമുണ്ടായിരുന്നു. പക്ഷേ ടീം ക്യാപ്ടൻ വഴങ്ങിയില്ല.

സിപിഎം സെക്രട്ടറിയാണെങ്കിലും അവധിയിലാണ് കോടിയേരി ബാലകൃഷ്ണൻ. എന്നാലും കോടിയേരിയുമായി മാത്രമാണ് പിണറായിയുടെ ആശയ വിനിമയങ്ങൾ. ഘടകക്ഷികളുമായുള്ള ചർച്ചയ്ക്കും മുന്നിൽ നിന്നത് കോടിയേരിയായിരുന്നു. ശൈലജയെ മന്ത്രിയാക്കുന്നില്ലെന്ന തീരുമാനം പോലും ഇവർക്കിടയിൽ രഹസ്യമായിരുന്നു. പല സംസ്ഥാന സമിതി അംഗങ്ങളും ഞെട്ടലോടെയാണ് തീരുമാനം കേട്ടത്. 99 സീറ്റിന്റെ കരുത്തുമായി അധികാരത്തിൽ എത്തിയ പിണറായിയെ എതിർക്കാൻ പാർട്ടിയിൽ ആർക്കും കഴിയില്ല. അതുകൊണ്ട് തന്നെ പറയുന്നതെല്ലാം നിശബ്ദം അംഗീകരിക്കാനേ നേതാക്കൾക്കും കഴിയുന്നുള്ളൂ. ഐസക്കും സുധാകരനും ശൈലജയുമെല്ലാം ഈ വാക്കുകൾ കേട്ട് പ്രവർത്തിക്കേണ്ടി വരും.

പാർട്ടി സമ്മേളനങ്ങൾ ഇനി അടുത്തു വരും. ഇതിലും പിണറായിയുടെ ആധിപത്യമാകും. കണ്ണൂരിൽ പിജെ ആർമിയെ വെട്ടി നിരത്തും. എല്ലാ അർത്ഥത്തിലും പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കും. അടുത്ത തവണ പിണറായി മത്സരിക്കില്ല. പകരം കോടിയേരിയെ ഉയർത്തിക്കാട്ടാനാണ് താൽപ്പര്യം. അതുകൂടി മുന്നിൽ കണ്ടാണ് ശൈലജ ടീച്ചറിനെ മന്ത്രിപദത്തിൽ നിന്ന് പോലും മാറ്റുന്നത്. അടുത്ത തവണ ശൈലജയ്ക്ക് മത്സരിക്കാൻ സീറ്റ് പോലും കൊടുക്കേണ്ടതില്ല. കാരണം അവർ എംഎൽഎ എന്ന നിലയിൽ രണ്ട് ടേം പൂർത്തിയാക്കി കഴിയും അപ്പോൾ. അങ്ങനെ വളരെ ആലോചിച്ചുറപ്പിച്ചാണ് പിണറായിയുടെ ഓരോ നീക്കവും. ഷംസീറിനെ വെട്ടി മകളുടെ ഭർത്താവ് കൂടിയായ മുഹമ്മദ് റിയാസിന് അവസരം നൽകിയതും ഭാവിയിലെ സിപിഎം നേതാവ് ആരെന്ന പ്രഖ്യാപിക്കൽ കൂടിയാണ്.

മന്ത്രിസ്ഥാനത്തു നിന്ന് ശൈലജയെ മാറ്റുമ്പോൾ സ്പീക്കറെങ്കിലും ആക്കുമെന്ന് പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ ഒരു പദവിയും ശൈലജയ്ക്ക് കൊടുത്തില്ല. ഇതാണ് ഏവരേയും ഞെട്ടിക്കുന്നത്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ശൈലജയെ സ്പീക്കറായെങ്കിലും ആദരിക്കാമെന്ന് കരുതുന്നവരുണ്ട്. എംബി രാജേഷിനെ ഒഴിവാക്കി മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാൻ പിണറായി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് എംബി രാജേഷിന് സ്പീക്കർ പദം കൊടുത്തത്. ഇതോടെ ആർ ബിന്ദുവിനും മന്ത്രിപദത്തിൽ എത്താനായി. ഇതിന് വേണ്ടിയാണ് ശൈലജയെ പൂർണ്ണമായും ഒഴിവാക്കിയത്. ശൈലജയെ വെട്ടി നിരത്തുമെന്ന കണ്ണൂരിലെ ചില നേതാക്കളുടെ പ്രഖ്യാപനവും ഇതോടെ ശരിയായി. അതുകൊണ്ട് തന്നെ ആരോഗ്യത്തെ ഇനി കരുതലോടെ നോക്കേണ്ടതുമുണ്ട്.

ധനകാര്യവും പൊതുമരാമത്തും ഇതുപോലെ പ്രധാനമാണ്. വിദ്യാഭ്യാസം ബിന്ദുവിന് നൽകുമ്പോൾ പൊതുമരാമത്ത് കേരളാ കോൺഗ്രസിന് നൽകും. ദേവസ്വവും പ്രധാനമാണ്. ശബരിമലയിൽ അടക്കം സുപ്രീംകോടതിയിലെ നിയമ പോരാട്ടങ്ങൾ നടക്കുകയാണ്. ഇവിടെ ഭക്തരെ പിണക്കാൻ ഇനി സിപിഎം ശ്രമിക്കില്ലെന്നാണ് സൂചന. അതുകൊണ്ടു തന്നെ ഭക്തരുടെ ഭാഗത്ത് നിന്ന് കടകംപള്ളി നടത്തിയതു പോലുള്ള ഇടപെടലുകൾ അനിവാര്യമാണ്. ഈ വകുപ്പ് ശിവൻകുട്ടിയിൽ സുരക്ഷിതമാകുമെന്ന് കരുതുന്നവരുണ്ട്. ഇതിന് സമാനമാണ് ധനകാര്യവും. കിഫ്ബിയിലാണ് കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ പോക്ക്. തോമസ് ഐസക്കിന്റെ നിരീക്ഷണമായിരുന്നു ആപത്തില്ലാതെ കേരളത്തിന്റെ ധനസ്ഥിതിയെ മുമ്പോട്ട് കൊണ്ടു പോയത്. ദുരന്തങ്ങളുടെ കാലത്ത് ഇതും രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് വലിയ വെല്ലുവിളിയാണ്.

ശൈലജ പാർട്ടി വിപ്പായി പ്രവർത്തിക്കും. സിപിഎമ്മിന്റെ ആദ്യ മന്ത്രിസഭയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുന്നത്. തീരുമാനം ഐകകണ്ഠ്യേന ആയിരുന്നെന്ന് നേതാക്കൾ പറഞ്ഞു. പി.എ.മുഹമ്മദ് റിയാസും, വി.ശിവൻകുട്ടി, സജി ചെറിയാൻ, കെ.എൻ.ബാലഗോപാൽ, വി.അബ്ദുറഹ്മാൻ, കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, വീണാ ജോർജ്, വി.എൻ.വാസവൻ, പി.രാജീവ്, എം വിഗോവിന്ദൻ മന്ത്രിമാരാകും. കെ.രാധാകൃഷ്ണൻ മുൻപ് സ്പീക്കറും മന്ത്രിയുമായിരുന്നു. തിരഞ്ഞെടുപ്പിൽ പ്രമുഖരെ ഒഴിവാക്കിയതുപോലെ മന്ത്രിസഭയിലും പുതുമുഖങ്ങൾ മതിയെന്ന തീരുമാനത്തിലേക്കു പാർട്ടി എത്തി. പുതിയ നേതൃനിരയെ വളർത്തിയെടുക്കുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പുതിയ നേതൃനിരയെന്ന കാഴ്ചപ്പാട് ആദ്യം പിണറായി വിജയനാണ് പാർട്ടി വേദികളിൽ അവതരിപ്പിച്ചതെങ്കിലും കേന്ദ്രനേതൃത്വത്തിന്റെയും കേരളത്തിലെ മുതിർന്ന നേതാക്കളുടെയും പിന്തുണ ആർജിക്കാനായി. തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ ഒഴിവാക്കിയെങ്കിലും തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായത് ആത്മവിശ്വാസം വർധിപ്പിച്ചു. അതോടെ എം.എം.മണി, ടി.പി.രാമകൃഷ്ണൻ, എ.സി.മൊയ്തീൻ, കെ.കെ.ശൈലജ, കടകംപള്ളി എന്നിവർ ഒഴിവാക്കപ്പെട്ടു.

സിപിഎം മന്ത്രിമാരും ജില്ലയും:

തിരുവനന്തപുരം- മന്ത്രിസഭയിലേക്ക് തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായി വി.ശിവൻകുട്ടിയെയാണ് പാർട്ടി തിരഞ്ഞെടുത്തത്. നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. തിരുനന്തപുരം കോർപറേഷന്റെ മുൻ മേയറായിരുന്നു.

കൊല്ലം: കൊട്ടാരക്കര എംഎൽഎ കെ.എൻ.ബാലഗോപാൽ. മുൻപ് വി എസ്.മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. മുൻ രാജ്യസഭാ അംഗമാണ്.

പത്തനംതിട്ട: ആറന്മുള എംഎൽഎ വീണാ ജോർജ്. മുൻപ് മാധ്യമപ്രവർത്തകയായിരുന്നു.

കോട്ടയം: ഏറ്റുമാനൂർ എംഎൽഎ വി.എൻ.വാസവൻ. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു.

ആലപ്പുഴ: ചെങ്ങന്നൂർ എംഎൽഎയാണ് സജി ചെറിയാൻ. ചെങ്ങന്നൂർ സീറ്റ് ഉപതിരഞ്ഞെടുപ്പിലൂടെ തിരിച്ചു പിടിച്ചത് സജി ചെറിയാനാണ്. സംസ്ഥാന കമ്മിറ്റി അംഗം. മുൻ ജില്ലാ സെക്രട്ടറി.

എറണാകുളം: കളമശേരി എംഎൽഎയായ പി.രാജീവ് മുൻ രാജ്യസഭാംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.

തൃശൂർ: കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു ബിന്ദുവിന്റേത് ആദ്യ മത്സരമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയാണ്. കെ.രാധാകൃഷ്ണൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. മുൻ നിയമസഭാ സ്പീക്കറാണ്.

മലപ്പുറം: താനൂരിൽ എൽഡിഎഫ് സ്വതന്ത്രനായ വി.അബ്ദുറഹ്മാൻ രണ്ടാം തവണയാണ് എംഎൽഎയാകുന്നത്. മുൻപ് തിരൂർ നിയമസഭ വൈസ് ചെയർമാനായിരുന്നു.

കോഴിക്കോട്: മുഹമ്മദ് റിയാസ്- ബേപ്പൂർ എംഎൽഎ. ആദ്യജയം. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്. സിപിഎം സംസ്ഥാന സമിതി അംഗം.

കണ്ണൂർ: എം വിഗോവിന്ദൻ- മൂന്നാം ജയം. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. മുൻപ് കണ്ണൂർ, തൃശൂർ, എറണാകുളം ജില്ലാ സെക്രട്ടറിയായും ദേശാഭിമാനി പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

പാലക്കാട്: എം.ബി.രാജേഷ് (സ്പീക്കർ) തൃത്താല എംഎൽഎ. 2 തവണ പാലക്കാട് എംപിയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP